ഇരുട്ടിലാണവനാദ്യം പാടുവാനിരുന്നത് പ്ലാവുമാ, പുളി, പുന്ന, പൂവരശ്ശും കൂടിയാണതിൻ ചുമരുകൾ (ചേരൊരെണ്ണം പൊങ്ങി വീടിൻ ഭീമവും കവർന്നതാ പേനയിൽനിന്നും ചാറി പേപ്പറിൽ നിറഞ്ഞത് വായിച്ചെടുക്കുന്നേരം അമ്പരക്കുവോരുണ്ട്) പാടുവാനിരുന്നപ്പോൾ മൂക്കിന്റെ കരകളിൽ വേപഥു പതുങ്ങിയതാരുമേ കണ്ടതില്ല കണ്ണിലെ കലക്കം കൃഷ്ണമണിയിൽ തഴുകിയാ പാടനെല്ലുകൾക്കൊപ്പം കാക്കയായ് പറന്നതും കണ്ടവനിരിക്കുമ്പോൾ കൂട്ടുകാർ ബീഡി, പൊറോട്ട, പോസ്റ്റർ നിറംചേർക്കുവാൻ ബക്കറ്റുമായ് ചേപ്പയും കൂട്ടുന്നുണ്ട് പഹാഡിയിളകുന്ന ദൂരദിക്കുകൾ പാട്ടാൽ പുതിയ കാലങ്ങൾ തീർക്കും മുഡ്ഗിൽ, കൈലാഷ് ഖേർ,...
ഇരുട്ടിലാണവനാദ്യം
പാടുവാനിരുന്നത്
പ്ലാവുമാ, പുളി, പുന്ന,
പൂവരശ്ശും കൂടിയാണതിൻ
ചുമരുകൾ
(ചേരൊരെണ്ണം പൊങ്ങി
വീടിൻ ഭീമവും കവർന്നതാ
പേനയിൽനിന്നും ചാറി
പേപ്പറിൽ നിറഞ്ഞത്
വായിച്ചെടുക്കുന്നേരം
അമ്പരക്കുവോരുണ്ട്)
പാടുവാനിരുന്നപ്പോൾ
മൂക്കിന്റെ കരകളിൽ
വേപഥു പതുങ്ങിയതാരുമേ കണ്ടതില്ല
കണ്ണിലെ കലക്കം
കൃഷ്ണമണിയിൽ തഴുകിയാ
പാടനെല്ലുകൾക്കൊപ്പം
കാക്കയായ് പറന്നതും
കണ്ടവനിരിക്കുമ്പോൾ
കൂട്ടുകാർ ബീഡി, പൊറോട്ട, പോസ്റ്റർ
നിറംചേർക്കുവാൻ ബക്കറ്റുമായ്
ചേപ്പയും കൂട്ടുന്നുണ്ട്
പഹാഡിയിളകുന്ന
ദൂരദിക്കുകൾ പാട്ടാൽ
പുതിയ കാലങ്ങൾ തീർക്കും
മുഡ്ഗിൽ, കൈലാഷ് ഖേർ,
ബോംബെ ജയശ്രീയും
ചേർന്നുരുക്കിച്ചേർക്കുന്നുണ്ടവന്റെ ചിറകുകൾ
അവിടെയൊന്നും ഞാനില്ലല്ലൊ
അമ്മയ്ക്കൊപ്പം വിലാസമില്ലാതെത്തും
അനാഥ വെയിലിനെ മൂവന്തി കടത്തുന്നു
ഞാനെന്റെ നീതിത്തോറ്റം
വാർത്തയിൽ വടുക്കളിൽ
തോറ്റുപോകുമെൻ
പ്രേമജനതയിൽ
തെരുവോരം
ഇരമ്പും ജാഥപ്പോരിൽ
ഗോഷ്ഠികൾ പ്രക്ഷേപിച്ചു
പേശികൾ മുറുക്കിച്ചേർന്നൂറ്റമായ്
മാറും ക്ഷോഭസോദരർ
മുഴക്കുന്നു വാക്കിന്
കാറ്റിൻ ജ്വരം
രണ്ടു ദിക്കുകൾ തോറും
കരച്ചിൽ ഭാഷണങ്ങൾ
മഴയിൽ കേൾക്കുന്നുണ്ട്
മരങ്ങൾ വൃശ്ചികത്തിൻ
വായ്ത്താരിയൊരുക്കുമ്പോൾ
അതിലായ് തുന്നുന്നുണ്ട്
ജലത്തിൽ ഓരം തട്ടി
സമയം പോറുന്നതാം
തോണിയിൽ ചേരുന്നുണ്ട്
ഭേരി തീർക്കുന്നു കടൽ
ചോരയ്ക്ക് മറു ചോദ്യം
വേനലിൽ, കമ്പം, വാൻഗോഗ്
പാടങ്ങൾ വാനം മുട്ടും
പാറയിൽ ചെന്നു
തല്ലിച്ചോദിപ്പൂ വള്ളക്കഥ
ശ്രമണർ മന്ത്രം മൂളും
വിജനപർവതച്ചോദ്യം
ആറ്റുമാലിക്കടവിലലയാൻ
പോയൊരാ ബാംസുരി
പെയ്യാതെന്തേ
ഞാനൊരാൾ താളം നിന്ന
നാലുചാടിനാൽ തീർത്ത
ജീപ്പിലീ കുന്നിന്നൊത്ത
മധ്യത്തിലനങ്ങുന്നു
മിണ്ടുകില്ലീ നീലകൾ
പച്ചയിലിരുൾക്കാതൽ
നൂറ്റ മന്നവന്നൂർക്കാർ
ദൂരത്തായ് മിനുങ്ങുന്നു
കോവിലിൻ മണിയടി
റോന്തുചുറ്റുന്നു ദൂരം
ഞാനിരിക്കുന്നു ജീപ്പിൽ
നാടു ഞാനുപേക്ഷിച്ചു
കണ്ണാടി നോക്കുമ്പോലെ
തൻമുഖം ചിറികോട്ടി
തല്ലുവാനടുക്കുമ്പോൾ
ദുഃസ്വപ്നമുപേക്ഷിക്കാൻ
ബുദ്ധിയിലുറക്കത്തിൽ
കൽപ്പനയുരുവാക്കും
ദേവതയിരിക്കുന്ന
കല്ലിന്റെ ചോട്ടിൽച്ചെന്നു
വിളക്കു തെളിയിക്കാൻ
രാക്കാച്ചിയമ്മൻ കോവിൽ
പോറ്റുമാ പൊന്തക്കൂട്ടം
സൂര്യകാന്തി തൻ
മുഖപന്തിയാം താഴ്വാരത്തിൽ
സഹ്യന്റെ നിലം ചേർന്ന്
വിളക്കു തെളിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.