രണ്ട് കവിതകൾ

1. ഉപേക്ഷിക്കപ്പെടുന്ന ഒരുവളുടെ സുവിശേഷംഉപേക്ഷിക്കപ്പെടുന്ന ഒരുവളുടെ സുവിശേഷം വായനക്കും അതീതമാണത്രെ... അവളുടെ കാല്‍ കൊലുസ്സുകള്‍ക്ക് ചിലങ്കയേക്കാൾ ശബ്ദമാണത്രെ... അവള്‍ ഒരിക്കലും കരയാറില്ല... വറ്റിവരണ്ട നദിയിലെ അവസാനത്തെ മീന്‍ കുഞ്ഞിനെപോലെ... വീണ്ടും പുഴ നിറയാന്‍ അവള്‍ കാത്തുകാത്ത് ഇരിക്കുന്നു... വല്ലാതെ വൈകിയിട്ടും വിട്ടുപോയ അവസാന വണ്ടിയുടെ ചൂളംവിളി വീണ്ടും കേള്‍ക്കുമെന്ന് നിനയ്ക്കുന്നു... ഉപേക്ഷിക്കപ്പെടുന്ന ഒരു പെണ്ണിന്റെ പുഞ്ചിരിക്ക് കാരിരുമ്പിന്റെ കരുത്താണത്രെ... അവളിലേക്ക് പെയ്ത് തീരാന്‍ കരുത്തുള്ള ഒരു പുരുഷനും ഇന്നേവരെ ഭൂമിയില്‍ പിറന്നിട്ടില്ലെന്ന്, അവളെ ഉണര്‍ത്താവുന്ന...

1. ഉപേക്ഷിക്കപ്പെടുന്ന ഒരുവളുടെ സുവിശേഷം

ഉപേക്ഷിക്കപ്പെടുന്ന ഒരുവളുടെ

സുവിശേഷം വായനക്കും

അതീതമാണത്രെ...

അവളുടെ കാല്‍ കൊലുസ്സുകള്‍ക്ക്

ചിലങ്കയേക്കാൾ ശബ്ദമാണത്രെ...

അവള്‍ ഒരിക്കലും കരയാറില്ല...

വറ്റിവരണ്ട നദിയിലെ

അവസാനത്തെ മീന്‍

കുഞ്ഞിനെപോലെ...

വീണ്ടും പുഴ നിറയാന്‍

അവള്‍ കാത്തുകാത്ത്

ഇരിക്കുന്നു...

വല്ലാതെ വൈകിയിട്ടും

വിട്ടുപോയ അവസാന

വണ്ടിയുടെ ചൂളംവിളി

വീണ്ടും കേള്‍ക്കുമെന്ന്

നിനയ്ക്കുന്നു...

ഉപേക്ഷിക്കപ്പെടുന്ന ഒരു

പെണ്ണിന്റെ പുഞ്ചിരിക്ക്

കാരിരുമ്പിന്റെ കരുത്താണത്രെ...

അവളിലേക്ക് പെയ്ത്

തീരാന്‍ കരുത്തുള്ള

ഒരു പുരുഷനും

ഇന്നേവരെ ഭൂമിയില്‍

പിറന്നിട്ടില്ലെന്ന്,

അവളെ ഉണര്‍ത്താവുന്ന

ഒരു സ്വപ്നവും

അവന്‍ നെയ്യുന്നില്ലെന്ന്

അവള്‍ ആവര്‍ത്തിച്ചു

മന്ത്രിച്ചുകൊണ്ടേ ഇരിക്കുന്നു...

അതെ...

ഉപേക്ഷിക്കപ്പെട്ട ഒരുത്തിയുടെ

സുവിശേഷം അക്ഷരങ്ങളാലല്ല...

അവളുടെ കത്തുന്ന രോഷത്താല്‍

കുറിച്ചുവെക്കപ്പെടുന്നു

എന്നതാണ് സത്യം...

2. നുണയുമ്മകള്‍...

ഞാന്‍ കേട്ടിട്ടുള്ളതില്‍

വെച്ചേറ്റവും വലിയ നുണകള്‍

നീയെന്നോട് പറഞ്ഞ

പ്രണയസത്യങ്ങളാണ്...

എന്റെ കണ്ണുകളില്‍

ആകാശവും

ഭൂമിയും ഉണ്ടെന്ന്,

എന്റെ കൈകളില്‍

സ്വര്‍ഗത്തിന്റെ

താക്കോലുണ്ടെന്ന്...

എന്റെ കാല്‍പ്പാദങ്ങളില്‍

ഉമ്മവെക്കുമ്പോളെല്ലാം

കാട്ടുതേനിന്റെ

മധുരമറിയുന്നെന്ന്...

ഞാനെന്റെ ഇടുപ്പുകളില്‍

ആലിലയനക്കങ്ങള്‍

സൂക്ഷിച്ചിട്ടുണ്ടെന്ന്...

നാം തമ്മിലുമ്മ-

വെക്കുമ്പോള്‍

നിന്റെ കണ്ണുകളില്‍ വിരിയുന്ന

കരിനീല പൂക്കളിതാ

നമ്മുടെ നുണയുമ്മകളെ

നോക്കിച്ചിരിക്കുന്നു...

ഒന്നിച്ചിരുന്നപ്പോള്‍

നീ പറഞ്ഞ സത്യങ്ങള്‍

ഒറ്റയായിരിക്കുമ്പോള്‍

എന്ത് പച്ചക്കള്ളങ്ങളാണ്...



Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.