കടല് കേറി
വീടുപേക്ഷിച്ചു പോയവർ
എവിടെ പാർപ്പുണ്ടാകും?
അവരുടെ കണ്ണിലെ നനവ്
മറ്റൊരു കടലായി ഇരമ്പുമ്പോഴും
ഈ ഭൂമിയിൽ
ഒരു തുണ്ട് മണ്ണില്ലെന്ന ദുഃഖത്തിൽ
അവരെവിടെ ഇരിപ്പുണ്ടാകും?
അവരുപേക്ഷിച്ചുപോയ വള്ളം
അവരെ കാണാതെ ഒഴുകിപ്പോയിട്ടുണ്ടാകുമോ?
അവരുണക്കാനിട്ട വലകൾ
സൂര്യതാപത്താൽ പൊള്ളിയിട്ടുണ്ടാകുമോ?
ഒന്നും രണ്ടും കൂട്ടി കൂട്ടി വെച്ച്
കെട്ടിയ വീടുകൾ
രാത്രികൾ പകലുകൾ മാഞ്ഞുപോകെ,
മുറിവേറ്റ ശരീരത്താൽ
അവരെ ഓർക്കുന്നുണ്ടാകുമോ?
ചൊരിമണലിൽ
ഈരക്കരിമണൽ ചാലിച്ച്
അവർ വരച്ചരൂപങ്ങൾ
തിരക്കുന്നുണ്ടാകുമോ അവരെ?
ഊട്ടിയും സ്രാവും
പെരമ്പ് കളിയും
അവർ പോയപ്പോഴേ
വിട്ടൊഴിഞ്ഞിട്ടുണ്ടാകുമോ അവിടം?
തിരിച്ചു വരും തിരിച്ചും വരും എന്നു കരുതി
തിരകൾപോലും പിൻവാങ്ങവേ,
തിരിച്ചുവരാത്ത അവരെ
കാറ്റെവിടെ തിരയും?
ചിലയാളുകൾ
ഇവിടെനിന്ന് മാഞ്ഞുപോകുന്നത്
ആരാരുമറിയാത്തത്ര എളുപ്പമാണെന്ന്
നമ്മളാരെങ്കിലുമറിഞ്ഞിട്ടുണ്ടോ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.