തിളക്കം

നേരത്തേ ഉറങ്ങിയ രാത്രിയിൽ

ഉറങ്ങാതിരിക്കുന്നു,

അനേകമനേകം വടുക്കൾകൊണ്ട്

മനം തുന്നുന്ന പണിയാൾ.

രാത്രി, അയാൾക്ക് ഒരു കൊട്ട ഇരുട്ട്,

അലമുറയിടുന്ന ചീവീടൊച്ചകൾക്കു നടുവിൽ

ചിറകുകൾ ഇതൾപോലെ,

ഉറുമ്പുകൾക്ക് പൊഴിച്ചു

കൊടുത്ത പക്ഷിയുടെ ഞരക്കം.

അയാളുടെ കൈത്തഴമ്പിൽ

പണിക്കുറയറ്റ ചിത്രങ്ങളെ നീ തീയിട്ടു,

ചരിത്രത്തിന്റെ വിദൂര പരിസരങ്ങളിൽനിന്നും

അതിന്റെ ചാരത്തെ,

ചുഴലിയായി പറത്തി കളഞ്ഞു,

വേദനകളിൽ പടുത്ത ജീവിതത്തെ

വിരൽ ഞൊടിച്ച് ഞെരിച്ചു കളഞ്ഞു,

ഒന്നും അവസാനിച്ചില്ല,

ദിനങ്ങൾക്കപ്പുറം

ഇരുട്ടിന്റെ അരിപ്പയിലൂടെ

നിലാവ് ചോരുന്നത്

അയാൾക്ക് ദീർഘദർശനം ചെയ്യാനാവും,

അപ്പോഴേക്കും പണി പൂർത്തിയാകും.

വടുക്കളുടെ അലങ്കാരം,

കനമേറിയ തുന്നൽപ്പണി,

ആർക്കും കീറിയെടുക്കാൻ ആവാത്ത ഉറപ്പ്.

നോക്കൂ, നീ കോറിയ ഓരോ മുറിവിലും

തീയിന്റെ തിളക്കം!


Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.