കുന്നിൻപുറത്തെ വീട്ടിൽ ചില രാത്രികളിലൊറ്റയ്ക്കിരിക്കുമ്പോൾ അങ്ങേ കുന്നിൽനിന്നും ഒരു കൂക്കിയുടെ ചിറകടി പല ജാതിമരത്തലപ്പുകളെ ഇടം വലം ചുറ്റി ഇങ്ങേ കുന്നിലെത്തി കിതയ്ക്കും. രാത്രിയിലെന്നും വൈകിയെത്തും ഉപ്പയെ ഓർക്കും ഞാനപ്പോൾ... മഞ്ഞ് വീണ ഇടവഴി താണ്ടി കരിയിലകളെ ചവിട്ടിമെതിച്ച് പുലരും മുമ്പ് ഇറങ്ങിപ്പോവുന്ന ഉപ്പയെ നോക്കി ഉമ്മറക്കോലായയിലിരുന്ന് നിറഞ്ഞുതൂവിയ കണ്ണുകൾ. ഇനിയെന്നാവും പച്ച അരപ്പട്ടയിൽ അത്തറ് കുപ്പികളുമായി ഉപ്പ തിരിച്ചുവരികയെന്നാധിപൂണ്ട് മുറ്റത്ത് നിന്ന് തിളച്ചുതൂവുംപാല് പോലെ ഒച്ചയില്ലാതെ കരയും. വിശപ്പ് മാന്തി പൊട്ടിച്ച അരയിൽ കെട്ടിയ ചരട് കാലിലേക്ക്...
കുന്നിൻപുറത്തെ വീട്ടിൽ
ചില രാത്രികളിലൊറ്റയ്ക്കിരിക്കുമ്പോൾ
അങ്ങേ കുന്നിൽനിന്നും
ഒരു കൂക്കിയുടെ ചിറകടി
പല ജാതിമരത്തലപ്പുകളെ
ഇടം വലം ചുറ്റി
ഇങ്ങേ കുന്നിലെത്തി കിതയ്ക്കും.
രാത്രിയിലെന്നും
വൈകിയെത്തും ഉപ്പയെ
ഓർക്കും ഞാനപ്പോൾ...
മഞ്ഞ് വീണ ഇടവഴി താണ്ടി
കരിയിലകളെ ചവിട്ടിമെതിച്ച്
പുലരും മുമ്പ്
ഇറങ്ങിപ്പോവുന്ന ഉപ്പയെ നോക്കി
ഉമ്മറക്കോലായയിലിരുന്ന്
നിറഞ്ഞുതൂവിയ കണ്ണുകൾ.
ഇനിയെന്നാവും
പച്ച അരപ്പട്ടയിൽ
അത്തറ് കുപ്പികളുമായി
ഉപ്പ തിരിച്ചുവരികയെന്നാധിപൂണ്ട്
മുറ്റത്ത് നിന്ന്
തിളച്ചുതൂവുംപാല് പോലെ
ഒച്ചയില്ലാതെ കരയും.
വിശപ്പ് മാന്തി പൊട്ടിച്ച
അരയിൽ കെട്ടിയ ചരട്
കാലിലേക്ക് ഊർന്നുവീഴും.
ഉപ്പ മരിച്ചന്ന്
പെയ്ത മഴയിലും കാറ്റിലും
ഒറ്റ ജാലകവീട് ആർത്തു കരഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച
ജുമുഅ കഴിഞ്ഞ്
മരിച്ചവരുടെ ഖബർ സന്ദർശിച്ച്
ഉസ്താദിനോടൊപ്പം ദുആ ചെയ്ത്
പള്ളിക്കാട്ടിൽനിന്നും തിരിച്ചിറങ്ങുമ്പോൾ
ആരോ ചുമലിൽ തൊട്ടു.
തിരിഞ്ഞു നോക്കുമ്പോൾ
ഖബർപ്പുറത്ത് തല നീട്ടിയ
മുള്ളുവേങ്ങയുടെ കൂർത്ത മുള്ള്
അലക്കി തേച്ച വെള്ളയുടുപ്പിൽ
തറഞ്ഞു നിൽക്കുന്നു.
അപ്പോൾ,
എവിടെനിന്നോ ഒരു കൂക്കി
എന്നെ നിശ്ശബ്ദനാക്കി
ഖിബ് ലയ്ക്കു നേരെ പാഞ്ഞുപോയി.
മുസല്ലയുമെടുത്ത്
ഞാൻ വേഗത്തിൽ
കുന്നിൻപുറത്തെ വീട്ടിലേക്ക് പാഞ്ഞു.
അതാ നിൽക്കുന്നു മുറ്റത്ത്
നിറയെ പൂത്ത ഒരു ആപ്പിൾമരമായി ഉപ്പ
കാറ്റിൽ അത്തറിന്റെ മണം!
*************
ജുമുഅ: വെള്ളിയാഴ്ച പ്രാർഥന
ഖിബ് ല: നിസ്കാര ദിക്ക്
മുസല്ല: നിസ്കാര വിരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.