ഇലകൾ നീലയാണെന്നും ആകാശം അതിന്റെ കണ്ണാടിയാണെന്നും അടക്കം പറഞ്ഞില്ല. പകരം മേഘങ്ങൾക്കിടയിലെയൂഞ്ഞാലകളിൽ നമ്മൾ ചില്ലാട്ടം പറന്നു. നിറങ്ങളെക്കുറിച്ച് തർക്കിച്ചതേയില്ല എന്നാൽ മഴവില്ലിനെ നിവർത്തുന്ന സൂത്രപ്പണിയിലെന്നെയും കൂട്ടി. വീട്ടിലേക്കുള്ള വഴിപറഞ്ഞില്ല, പുരികങ്ങൾക്കിടയിലെ യാത്രകളോർമിപ്പിച്ചു. പിണക്കങ്ങളിൽ മെഴുക്കുപുരട്ടുന്ന ജാലവിദ്യയിലസൂയപ്പെട്ടപ്പോൾ കാട്ടുനെല്ലികളുടെ കട്ടിലിൽ നീയെന്നെ മധുരിപ്പിച്ചു കിടത്തി ആറ്റിനുള്ളിലും കടലിരമ്പുമെന്ന നോട്ടത്തിൽ നാവിലുമിനീർത്തിടുക്കം വള്ളമിറക്കുമ്പോളുലയും...
ഇലകൾ നീലയാണെന്നും
ആകാശം
അതിന്റെ കണ്ണാടിയാണെന്നും
അടക്കം പറഞ്ഞില്ല.
പകരം
മേഘങ്ങൾക്കിടയിലെയൂഞ്ഞാലകളിൽ
നമ്മൾ ചില്ലാട്ടം പറന്നു.
നിറങ്ങളെക്കുറിച്ച്
തർക്കിച്ചതേയില്ല
എന്നാൽ
മഴവില്ലിനെ നിവർത്തുന്ന
സൂത്രപ്പണിയിലെന്നെയും കൂട്ടി.
വീട്ടിലേക്കുള്ള വഴിപറഞ്ഞില്ല,
പുരികങ്ങൾക്കിടയിലെ
യാത്രകളോർമിപ്പിച്ചു.
പിണക്കങ്ങളിൽ മെഴുക്കുപുരട്ടുന്ന
ജാലവിദ്യയിലസൂയപ്പെട്ടപ്പോൾ
കാട്ടുനെല്ലികളുടെ കട്ടിലിൽ
നീയെന്നെ മധുരിപ്പിച്ചു കിടത്തി
ആറ്റിനുള്ളിലും
കടലിരമ്പുമെന്ന നോട്ടത്തിൽ
നാവിലുമിനീർത്തിടുക്കം
വള്ളമിറക്കുമ്പോളുലയും
ചുറ്റുവെള്ളത്തിൽ
നോക്കൂ,
നമ്മളിണങ്ങുന്നു.
ഒറ്റവാക്കിലൊറ്റവാക്കിലുടക്കി-
ത്തുന്നലാറിയ കുഞ്ഞുടുപ്പുകൾ,
നിന്നനിൽപ്പിലന്നുതൊട്ടേ-
യുറഞ്ഞ പാൽച്ചിണുക്കങ്ങൾ
ചായ്ച്ചുകെട്ടിയ തൊട്ടിലിൽ
നമ്മൾ
ഒന്നിച്ചൂതിക്കളഞ്ഞ മഞ്ഞുകാലുകൾ
വെയിലുകാഞ്ഞ്
വെളിയിലേക്കാഞ്ഞുകിടക്കുന്ന
തോന്നൽ!
തോന്നലിന്റെ സത്യത്തോളം നിവരാനാവാതെ
കഴുത്തുവെട്ടിക്കളഞ്ഞ
അനേകസത്യങ്ങൾ
സ്വാതന്ത്ര്യദിനറാലി പോലെ
ഒട്ടുമേ സ്വതന്ത്രമാവാതെ.
സ്വപ്നമെത്ര കിന്നാരത്തിലരിഞ്ഞിട്ടും
ചിക്കുപായയിൽക്കിടന്നുണങ്ങുന്നില്ലല്ലോ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.