ചുവപ്പ് കലർന്ന നീല വെളിച്ചത്തിൽ കുറുകിക്കൂടി നിന്ന നിശ്ശബ്ദതയിലാണ്ട് പോയ, പൊളിഞ്ഞു തുടങ്ങിയ ആ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലേക്കാണ് ഒരിക്കൽ അയാളെ കൊണ്ടുവന്നത്. കാണാനില്ല എന്ന പത്രവാർത്തയിൽ കുരുങ്ങിയ രണ്ട് പകലുകൾ തീർന്നുകഴിഞ്ഞിരുന്നു. ബൂട്ടുകളുടെ കനത്ത ഒച്ചപ്പാടിലും ഒറ്റ മനുഷ്യന്റെ ചെറുത്തുനിൽപ്പിനുമിടയിൽ പായൽ പൂപ്പുള്ള മഞ്ഞനിറമുള്ള ആ കെട്ടിടം വീഴാതെ പിടിച്ചുനിന്നു. അലമുറകൾ വലിച്ചെടുത്തു തുരുമ്പിച്ചു പോയ ഇരുമ്പ് സെല്ലുകൾ! അയാളെ കൊണ്ടുവന്ന നിമിഷം വാ മൂടിയിരുന്നു. മേശമേൽ മലർത്തി കിടത്തിയ നിലയിൽ അരയിൽ അൽപ്പം തുണി മാത്രം. ഇരുട്ട് കനച്ചു കനച്ചു വന്നു. വീഴാനൊരുങ്ങി...
ചുവപ്പ് കലർന്ന നീല വെളിച്ചത്തിൽ
കുറുകിക്കൂടി നിന്ന
നിശ്ശബ്ദതയിലാണ്ട് പോയ,
പൊളിഞ്ഞു തുടങ്ങിയ
ആ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലേക്കാണ്
ഒരിക്കൽ അയാളെ കൊണ്ടുവന്നത്.
കാണാനില്ല എന്ന പത്രവാർത്തയിൽ
കുരുങ്ങിയ രണ്ട് പകലുകൾ
തീർന്നുകഴിഞ്ഞിരുന്നു.
ബൂട്ടുകളുടെ കനത്ത ഒച്ചപ്പാടിലും
ഒറ്റ മനുഷ്യന്റെ ചെറുത്തുനിൽപ്പിനുമിടയിൽ
പായൽ പൂപ്പുള്ള മഞ്ഞനിറമുള്ള
ആ കെട്ടിടം വീഴാതെ പിടിച്ചുനിന്നു.
അലമുറകൾ വലിച്ചെടുത്തു തുരുമ്പിച്ചു പോയ
ഇരുമ്പ് സെല്ലുകൾ!
അയാളെ കൊണ്ടുവന്ന നിമിഷം
വാ മൂടിയിരുന്നു.
മേശമേൽ മലർത്തി കിടത്തിയ നിലയിൽ
അരയിൽ അൽപ്പം തുണി മാത്രം.
ഇരുട്ട് കനച്ചു കനച്ചു വന്നു.
വീഴാനൊരുങ്ങി
നിന്ന കഴുക്കോലൊരെണ്ണം
പറന്നുപോയി.
ഇരുട്ടിന്റെ നൂലറ്റങ്ങളിൽ പറ്റിയ
ചോരത്തുള്ളികൾ
പഴകിപ്പിഞ്ചിയ ഒരു
വാൾപെയിന്റിങ് പോലെ തോന്നിച്ചു.
സഹ കഥാപാത്രങ്ങൾ ഓരോന്നായി എത്തി
നാടകാന്തം ഉരുട്ടിയെടുത്ത പിഞ്ഞിയ ബോഡി
അവിടെതന്നെ മറവു ചെയ്തു.
ഇതേ സമയം മറ്റൊരിടത്ത്
ഒരമ്മ ആവലാതിയാൽ പാത്രം മോറി.
ഒരു കാമുകി
ഒളിച്ചു പോയ ഒരുവന്റെ
വാർത്തയറിയാത്ത വേദനയാൽ
ഇടതടവില്ലാതെ കുപ്പായം തുന്നി.
ഒരച്ഛൻ മകനെ തെരഞ്ഞു നടന്നു.
കാലം പതിവില്ലാതെ തെറ്റി ഒരു മഴ പെയ്തു.
മൂന്ന് പേരും ഒരേപോലെ നനഞ്ഞു.
പച്ച കട്ടയിൽ പണി തീർത്ത
ആ പഴഞ്ചൻ കെട്ടിടത്തിന്റെ
അടിത്തറ ഇളക്കും വിധം
ഒരു നിലവിളി പൊങ്ങിയമർന്നു.
ക്രൈം നമ്പർ 76/121
ചിതലരിച്ചു പോയ ഒരു ഫയൽ
ഇരുമ്പറക്കുള്ളിൽ മറഞ്ഞിരുന്നു.
പിന്നൊരു നാളിൽ
പുഴ നിലതെറ്റി ലക്കില്ലാതെ ഒഴുകി
അവശേഷിച്ച ഓർമകളെക്കൂടി
കഴുകി കളഞ്ഞു.
പഴകി പൊളിഞ്ഞ ആ പൊലീസ് സ്റ്റേഷൻ
മഞ്ഞു മൂടിയ ഒരു മലമുകളിലെ
ആളൊഴിഞ്ഞ അവസാനത്തെ
കോൺസെൻട്രേഷൻ ക്യാമ്പ് പോലെ
ഒരു പുരാതന സ്മാരകം ആയി തീർന്നു.
അയാളിപ്പോഴും അവിടുണ്ടെന്നു കേട്ടു.
നിലാവ് കനച്ചു വരുമ്പോൾ അയാളും
ആ പൊലീസ് സ്റ്റേഷനും ഒരുമിച്ച്
നിലവിളിക്കും.
അജ്ഞാതരുടെ നിലവിളികൾ
ഭരണകൂടത്തിനു
ഹരം പിടിപ്പിക്കുന്നപോലൊന്നും
ഈ കാലമത്രയും വേറെയുണ്ടാകുന്നില്ല.
ഉണ്ടായിട്ടുമില്ല.
പിന്നെ
കാലം... ഓ അതെന്താണ്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.