കുഴിയിൽ വീണവന്റെ കുഴിഞ്ഞ കണ്ണുകളും,
അഴലിൻ എരിവിനാൽ തപ്തമായ് മിഴിനീരും,
ഭൂതകാലങ്ങൾ പെറ്റ നഷ്ടബോധങ്ങൾ, നഗ്ന
ചിത്രങ്ങൾ തെളിക്കുന്നൂ കണ്ണുകൾ കണ്ണാടികൾ.
അലിവിൻ മിഴിവെട്ടം വീഴുമ്പോൾ ഉയിരോലും
ആത്മാവിൻ ദളങ്ങളാം അക്ഷികൾ വാഴ്ക വാഴ്ക!
ഉയിരാർന്നുയിർത്തോന്റെ അക്ഷികൾ നക്ഷത്രങ്ങൾ,
മിഴി വാർന്നുതിരുന്നു അശ്രുക്കൾ ഹർഷലോലം.
അക്ഷികൾ അക്ഷര വായനക്കാരിക,ളൊപ്പം
ആത്മാവിന്നിരുദിശാ സന്ദേശ വാഹിനികൾ.
നേത്രങ്ങൾ പരത്തുന്നു വെളിച്ചം, വിശ്വസ്മേര-
ചിത്രങ്ങൾ പകർത്തുന്നു, മനസ്സിലാക്കീടുന്നു.
ഒറ്റ നോട്ടംകൊണ്ടൊരു തപസ്സു തകർന്നു പോയ്,
മറ്റൊരു കണ്ണിന്ദ്രിയ മോഹത്തെ ജ്വലിപ്പിച്ചു.
നോട്ടത്താൽ പിറന്നവർ ശിഷ്യരായ് കാമുകരായ്
ദർശനം സിദ്ധിച്ചതാൽ ജീവിതം കാണിക്കയായ്.
കനവായ് കടാക്ഷമായ്, നിറമായ് വെളിച്ചമായ്
കനലിൽ വെന്തു, ഖഡ്ഗ മുനയിൽ മുറിഞ്ഞു ഹാ,
അഴലിന്നശ്രുക്കളാൽ കുളിരു കോരുമിന്ദീ-
വരത്തിൻ ഇന്ദ്രജാലം പാതിജീവിതം പാരിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.