കരിയിലയനക്കമിഴയും ചെളിവെള്ളത്തി നൊഴുക്കിൽ കാൽപാടുകളൂന്നി നടപ്പതാർ? നീയോ? ഞാനോ? മുറിവേറ്റതാരുടെ വിരൽ? വഴുക്കല്ലേ, വെള്ളത്തിനടിയിലാണു സ്വർഗനരകത്തിലേയ്ക്കുള്ള നൂൽപ്പാലം പരൽമീൻ കടിച്ചല്ലോ, ദേഹാർത്തിയായി തിളങ്ങും പരദാഹമേ വിശന്നോ, കടിക്കായ്ക ഉമ്മവെയ്ക്കുക യെന്നേ തോന്നൂ, ഇക്കിളിക്കൂട്ടുന്നീ പെരുവിരൽ ഏതു മരണത്തിലും ജ്വലിക്കും തീനാളമോ ജീവൻ? രണ്ടു തവളകളിണചേരുന്നു കരിഞ്ഞപായൽപ്പരപ്പിൽ ഓളങ്ങളിളകും തീരത്തിനക്കരെ തിരണ്ടു വാൽനക്ഷത്രം ഭയമോ? വീണുപോകട്ടെ ജീവന്റെ ആഴക്കയങ്ങളിൽ ആയിരം കൈകളാൽ വാരിയെടുക്കില്ലേ പ്രാണന്റെ നീരാളി, ശ്വാസം മുട്ടും മട്ടിൽ ചുംബിക്കില്ലേ അടിത്തട്ടിലെ...
കരിയിലയനക്കമിഴയും ചെളിവെള്ളത്തി
നൊഴുക്കിൽ കാൽപാടുകളൂന്നി നടപ്പതാർ?
നീയോ? ഞാനോ? മുറിവേറ്റതാരുടെ വിരൽ?
വഴുക്കല്ലേ, വെള്ളത്തിനടിയിലാണു
സ്വർഗനരകത്തിലേയ്ക്കുള്ള നൂൽപ്പാലം
പരൽമീൻ കടിച്ചല്ലോ, ദേഹാർത്തിയായി തിളങ്ങും
പരദാഹമേ വിശന്നോ, കടിക്കായ്ക ഉമ്മവെയ്ക്കുക
യെന്നേ തോന്നൂ, ഇക്കിളിക്കൂട്ടുന്നീ പെരുവിരൽ
ഏതു മരണത്തിലും ജ്വലിക്കും തീനാളമോ ജീവൻ?
രണ്ടു തവളകളിണചേരുന്നു കരിഞ്ഞപായൽപ്പരപ്പിൽ
ഓളങ്ങളിളകും തീരത്തിനക്കരെ തിരണ്ടു വാൽനക്ഷത്രം
ഭയമോ? വീണുപോകട്ടെ ജീവന്റെ ആഴക്കയങ്ങളിൽ
ആയിരം കൈകളാൽ വാരിയെടുക്കില്ലേ പ്രാണന്റെ നീരാളി,
ശ്വാസം മുട്ടും മട്ടിൽ ചുംബിക്കില്ലേ അടിത്തട്ടിലെ ചേറുമീൻ
പാലം കടന്നു നീയെത്തിയക്കരെ, ഏതു ഭൂമിയിൽ ചുറ്റി
ത്തിരിഞ്ഞാലും ഒടുവിലെത്തും ത്രിശ്ശങ്കുസ്വർഗത്തിൽ
നിലത്തടിയും കരിയിലകളേ കലമ്പൂ,
പച്ചിലയെത്തില്ലല്ലോ പരാതി പറയുവാൻ,
ഏതു കണക്കെടുപ്പിലും വിട്ടുപോകുമിയസംഖ്യങ്ങൾ
വിരൽത്തുമ്പിൽ തൊട്ടതാർ? കണ്ണേ നീയോ,
കരിമഷി പുരണ്ടല്ലോ കവിളിൽ
ആരോ മാടിവിളിക്കുന്നതപ്പുറം,
വിറയ്ക്കും പെരുവിരൽ പതിക്കായ്കീ വെളുപ്പിൽ
എത്ര കൈരേഖകൾ കൂട്ടിത്തൊടുത്താലുമള-
ക്കാനാവില്ലയീ നീളവും വീതിയുമുയരവും.
അറ്റമഴാത്തയാഴത്തിലേയ്ക്കറ്റു പെരുവിരൽ,
തൊടുക്കാനാവില്ലല്ലോ ഇനിയീമഴവിൽ
ഏഴഴകിന്റെ പൂവമ്പില്ലല്ലോ മുഖത്തെഴുത്തിനു ചുട്ടിക്കുത്തുവാൻ
നാളെയാണ് തിരുവേളിക്കാവിലെ കളിയരങ്ങ്, നളചരിതം,
അന്ത്യയാമത്തിൽ നാമെത്തേണ്ട, കൈകോർക്കേണ്ട ചൊരിമണൽ.
--------------
അടുത്തിടെ അന്തരിച്ച ഷിബു ഷൺമുഖത്തിന്റെ അപ്രകാശിത രചനകളിലൊന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.