കെ.പി. സജിയുടെ കവിത കോപ്പിയടിക്കുമ്പോൾ

രണ്ടാമത്തെ നിലയിലെ ജനലിലൂടെ കണ്ട കാഴ്ചയെ കാവ്യമാക്കി ഇങ്ങനെ ചെവിയിൽ ചുണ്ടുകൊണ്ടെഴുതി കളക്ഷൻ ഏജന്റ് കെ.പി. സജി ‘‘ആ പൂച്ചയെ കണ്ടോ ചിമ്മിനിയിൽനിന്ന് താഴെ ആസ്ബസ്റ്റോസിലേക്ക് ഇപ്പം ചാടും അവിടെനിന്ന് അടുത്ത ഭിത്തിയിലേക്ക് വായുവിൽ പറക്കാൻ അവന് ഒരു ഇൻഷൂറൻസുമില്ല’’ കളക്ഷൻ ഏജന്റ് പറഞ്ഞ കവിത ബാങ്കിലെ അറ്റൻഡർ കവി കോപ്പിയടിക്കുന്നതിനെ ആവിഷ്കാര സ്വതന്ത്ര്യമെന്ന് പത്രഭാഷ. കവിതയെന്നറിഞ്ഞിട്ടും നിരീക്ഷണമുണ്ടെന്ന് കണ്ടിട്ടും പൂച്ചയും ആസ്ബസ്റ്റോസും അടയാളപ്പെടുമെന്നറിഞ്ഞിട്ടും ഇത് തന്റെ പണിയല്ലെന്ന് കളക്ഷൻ പണമെണ്ണുന്ന ഏജന്റാണ് ജനത്തോട്...

രണ്ടാമത്തെ നിലയിലെ

ജനലിലൂടെ കണ്ട കാഴ്ചയെ

കാവ്യമാക്കി

ഇങ്ങനെ ചെവിയിൽ

ചുണ്ടുകൊണ്ടെഴുതി

കളക്ഷൻ ഏജന്റ് കെ.പി. സജി

‘‘ആ പൂച്ചയെ കണ്ടോ

ചിമ്മിനിയിൽനിന്ന്

താഴെ ആസ്ബസ്റ്റോസിലേക്ക്

ഇപ്പം ചാടും

അവിടെനിന്ന് അടുത്ത ഭിത്തിയിലേക്ക്

വായുവിൽ പറക്കാൻ

അവന് ഒരു ഇൻഷൂറൻസുമില്ല’’

കളക്ഷൻ ഏജന്റ് പറഞ്ഞ കവിത

ബാങ്കിലെ അറ്റൻഡർ കവി

കോപ്പിയടിക്കുന്നതിനെ

ആവിഷ്കാര സ്വതന്ത്ര്യമെന്ന്

പത്രഭാഷ.

കവിതയെന്നറിഞ്ഞിട്ടും

നിരീക്ഷണമുണ്ടെന്ന് കണ്ടിട്ടും

പൂച്ചയും ആസ്ബസ്റ്റോസും

അടയാളപ്പെടുമെന്നറിഞ്ഞിട്ടും

ഇത് തന്റെ പണിയല്ലെന്ന്

കളക്ഷൻ പണമെണ്ണുന്ന

ഏജന്റാണ് ജനത്തോട് സംസാരിക്കാനുള്ള

തന്റെ മണത്തെ

മറ്റൊരാൾക്കെറിഞ്ഞിട്ട്

മമ്മൂട്ടിയുടെ ടർബോ സിനിമയും കണ്ട്

കയ്യടിക്കുന്നത്.

അതേ കെ.പി. സജി

ദാ വരുന്നു ബൈക്കിൽ

നനഞ്ഞ തുണിസഞ്ചിയിൽ

മിൽമയുടെ പാക്കറ്റ് പാലും

മോഡേൺ ബ്രഡ്ഡും

മസാല പാക്കറ്റും

മുട്ടയും പച്ചക്കറിയും ഉണക്കമീനുമായി

അന്നേരം എതിരേ വരുന്നു

10 ലക്ഷത്തിൻ 10 ചിട്ടിയുള്ള കസ്റ്റമർ

കാറിനകത്തൊരു പാത്രത്തിൽ

പാലും,

പച്ചമീൻ മറ്റൊരു പാത്രത്തിലും;

ചവിട്ടി നിർത്തിയദ്ദേഹം

പ്രകൃതിസ്നേഹിയായി

വർത്തമാനം പറയുമ്പോൾ

കാറിലെ തിരുദേഹമായി നനയാതിരിക്കും.

പ്ലാസ്റ്റിക് കവറിൽ

ഭാഷ കൈവിട്ടു പോകാതെ

തെറിക്കാതെ

അതിരിൽ വഴുതാതെ

സൈഡിലെ സഞ്ചി

നെഞ്ചത്തൊതുക്കി

ചിരിക്കുന്നു, തണുക്കുന്നു

കെ.പി. സജിയപ്പോൾ.

അടുപ്പിൽ ഭാഷയൂതി

കലത്തിൽ അരി വീഴ്ത്തുമ്പോൾ

കെ.പി. സജിയിൽനിന്ന്

കോപ്പിയടിച്ചു പോകുന്നു നാട്.


Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.