ഈ പ്രവണത ശരിയല്ല എന്ന്
കാലത്തുതന്നെ
ഭാര്യയോട് കയർക്കുകയാണ്
പ്രവണത എന്ന വാക്ക്
സ്ഥാനത്തും അസ്ഥാനത്തും
നിർലോപം ഉപയോഗിക്കുന്ന കണാരേട്ടൻ–
ചായക്ക് മധുരമേറിപ്പോയതായിരുന്നു വിഷയം.
മനുഷ്യരിൽ കുറഞ്ഞുവരുന്ന ത്യാഗസന്നദ്ധത,
സ്നേഹരാഹിത്യം, വിലക്കയറ്റം
മരണവീട്ടിലെ മദ്യസൽക്കാരം
ഉത്തരാധുനിക കവിതയിലെ ദുർഗ്രഹത
ഇതൊന്നും
ശരിയായ പ്രവണതയല്ല എന്ന്
കണാരേട്ടൻ അരിശംകൊള്ളും.
പ്രാദേശിക നേതാവിന്റെ പേരിൽ
അഴിമതിയാരോപണമുയർന്നപ്പോൾ
ചായക്കടയിലും വായനശാലയിലും
നിശ്ശബ്ദനായിപ്പോയ കണാരേട്ടൻ
പാർട്ടിയോഗത്തിൽ പൊട്ടിത്തെറിച്ചു–
ബൂർഷ്വാ പെറ്റിബൂർഷ്വാ പ്രവണതയാണിത്
വെച്ചുപൊറുപ്പിക്കാനാവില്ല.
സ്വാർഥമോഹികളുടെ നുഴഞ്ഞുകയറ്റം
അധികാരത്തിന്റെ ഉന്മത്തത
ലഹരിയിലാണ്ടു കിടക്കുന്ന യുവത്വം
ഉച്ചനീചത്വങ്ങളുടെ പുത്തൻ പതിപ്പുകൾ
പൊരുത്തപ്പെടാനാവാത്ത പ്രവണതകൾ
ഏറിവന്നപ്പോൾ
കണാരേട്ടൻ പതിയെപ്പതിയെ
അവനവനകങ്ങളിലേക്ക്
ഉൾവലിഞ്ഞു.
പുതിയ രുചികളാണെങ്ങും
പുതിയ രീതികളാണെങ്ങും
പുതിയ ആചാരങ്ങളാണെങ്ങും
സ്വന്തം ബോധ്യങ്ങളിലെ ഇടർച്ചകളോട്
ഇച്ഛക്കൊപ്പം സഞ്ചരിക്കാത്ത ദേഹത്തോട്
കണാരേട്ടനിപ്പോഴും കലഹിക്കുന്നു,
എണ്ണമറ്റ ദുഷ്പ്രവണതകളോട്.
മാത്രവുമല്ല
പ്രവണത എന്ന വാക്കിന്റെ സാംഗത്യത്തിലും
കണാരേട്ടനിപ്പോൾ
സംശയാലുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.