നീയെനിക്കൊരു മുഴുവൻ രാജ്യമായിത്തീർന്നു

എന്നെ വലയംചെയ്തിരുന്ന ചുഴലിക്കാറ്റ് നിന്റെയടുത്തെത്തിക്കാണുമോയെന്ന് ഞാൻ ഭയന്നു പറഞ്ഞറിയിക്കാനാവാത്ത സങ്കടം എന്നിലുദിച്ചു നിന്നെയും എന്നെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം വേണ്ടവിധം ബന്ധിപ്പിച്ചില്ലെന്നതാണ് ശരി വളരെ നാളായി ആഗ്രഹിച്ച ജീവിതത്തിന്റെ ഒരു പ്രതീതി മാത്രം അതും നൽകി എന്റെ ഓർമകളുടെ ശേഖരത്തിലേക്ക് നിന്റെ ചിത്രങ്ങളിലേക്ക് ഞാൻ മടങ്ങുന്നു മരുന്നുകൊണ്ട് മനസ്സും കുഴഞ്ഞു മറിയാവുന്നതാണ് ആരെയാണ് ചികിത്സിക്കേണ്ടിയിരുന്നത്? എന്തിനു വേണ്ടി? പരാദങ്ങൾ ജീവിതത്തിന്റെ അവസാന തുള്ളിയും കുടിച്ചു വറ്റിക്കുന്നു അവർ നിന്നെ സുഖം പ്രാപിക്കാൻ അനുവദിക്കില്ല വിശന്നു വലയുന്ന...

എന്നെ വലയംചെയ്തിരുന്ന ചുഴലിക്കാറ്റ്

നിന്റെയടുത്തെത്തിക്കാണുമോയെന്ന് ഞാൻ ഭയന്നു

പറഞ്ഞറിയിക്കാനാവാത്ത സങ്കടം എന്നിലുദിച്ചു

നിന്നെയും എന്നെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം

വേണ്ടവിധം ബന്ധിപ്പിച്ചില്ലെന്നതാണ് ശരി

വളരെ നാളായി ആഗ്രഹിച്ച ജീവിതത്തിന്റെ

ഒരു പ്രതീതി മാത്രം അതും നൽകി

എന്റെ ഓർമകളുടെ ശേഖരത്തിലേക്ക്

നിന്റെ ചിത്രങ്ങളിലേക്ക് ഞാൻ മടങ്ങുന്നു

മരുന്നുകൊണ്ട് മനസ്സും കുഴഞ്ഞു മറിയാവുന്നതാണ്

ആരെയാണ് ചികിത്സിക്കേണ്ടിയിരുന്നത്?

എന്തിനു വേണ്ടി?

പരാദങ്ങൾ ജീവിതത്തിന്റെ അവസാന തുള്ളിയും

കുടിച്ചു വറ്റിക്കുന്നു

അവർ നിന്നെ സുഖം പ്രാപിക്കാൻ അനുവദിക്കില്ല

വിശന്നു വലയുന്ന മതങ്ങളുടെയീ യുദ്ധത്തിൽ

നീയവർക്ക് മറ്റൊരു ഗിനിപ്പന്നി കൂടി

യുദ്ധഭൂമിയിൽനിന്ന് തെറിച്ചുവീണ

ചോര പുരണ്ട പാവക്കുട്ടി രണ്ടു ഭൂഖണ്ഡങ്ങൾക്ക്

കുറുകെ വീഴുന്നു

മധ്യധരണ്യാഴി

നീപർ

ലിറ്റാനി നദികൾ

എല്ലാം കൂടിച്ചേർന്നൊഴുകുന്നു

കാലം

കാറ്റിലാടുന്ന ബോധിയില

എന്റെ മനസ്സിലുള്ള ചിത്രം

വളരെ ആഴത്തിൽ കോറിയിട്ടിരിക്കുന്നു

നിന്റെ വിളർത്ത കാലുകളുടെ ഒരു നിമിഷത്തെ കാഴ്ച

മൃദുവായ മുടിനാരുകൾ

നിന്റെ തോളിൽ വിശ്രമിക്കുന്ന പക്ഷികളുടെ

തൂവൽപോലെ

നീയെനിക്ക് ഒരു മുഴുവൻ രാജ്യമായിത്തീർന്നു

നിന്റെ കണ്ണുകളുതിർക്കുന്ന സ്ഫുരണങ്ങൾ

അന്ധകാരത്തിലൂടെ നീങ്ങുന്ന

സഞ്ചാരിക്കതെത്ര വേണ്ടതാണ്

എന്റെ ആത്മാവിപ്പോൾ ആ ശരീരത്തിലാണ്

വിശ്രമിക്കുന്നത്

ഈ രാത്രി എനിക്ക് മരണമെങ്കിൽ അറിയുക

ഞാൻ നിന്നിലേക്ക് സഞ്ചരിച്ചുവെന്ന്.


Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.