മരിച്ചവരുടെ തീവണ്ടി

മരിച്ചവരുടെ തീവണ്ടി ആദ്യം പുറപ്പെട്ടത് തളിരിട്ടു തളിരിട്ടു ഇളം പച്ചയിൽ കുളിച്ചു നിൽക്കുന്ന പുളിഞ്ചോടി​ന്റെ ഇറയത്തുനിന്നാണ്. അവിടെനിന്നാണവൾ അവനാൽ ഹൃദയം മുറിഞ്ഞ് അതിലേക്ക് ഓടിക്കയറിയത്! ശബ്ദങ്ങളുടെ നേർത്ത അകമ്പടിയിൽ തീവണ്ടിയാണെന്നൊട്ടും തോന്നിക്കാത്ത രീതിയിൽ വളരെ പതുക്കെപ്പതുക്കെ നിർത്തിയപ്പോഴാണ് സ്വന്തം ക്യാമറ നെഞ്ചത്തടുക്കിപ്പിടിച്ചൊരാൾ പത്രമാപ്പീസിൽനിന്ന് അതിലേക്ക് പാഞ്ഞെത്തിയത്! എല്ലാ തിരക്കുകളും കഴിഞ്ഞ് സംസാരിക്കാമെന്നേറ്റ് കാത്തു കാത്തിരുന്നിട്ടും പറയാനുള്ളതു മുഴുവൻ തൊണ്ടയിൽ കുരുങ്ങി ചത്തുപോയതിൽ മനംനൊന്ത് കനൽച്ചീള് കരിക്കട്ടയാവുന്ന...

മരിച്ചവരുടെ തീവണ്ടി ആദ്യം പുറപ്പെട്ടത്

തളിരിട്ടു തളിരിട്ടു ഇളം പച്ചയിൽ കുളിച്ചു നിൽക്കുന്ന

പുളിഞ്ചോടി​ന്റെ ഇറയത്തുനിന്നാണ്.

അവിടെനിന്നാണവൾ അവനാൽ

ഹൃദയം മുറിഞ്ഞ് അതിലേക്ക് ഓടിക്കയറിയത്!

ശബ്ദങ്ങളുടെ നേർത്ത അകമ്പടിയിൽ

തീവണ്ടിയാണെന്നൊട്ടും തോന്നിക്കാത്ത രീതിയിൽ

വളരെ പതുക്കെപ്പതുക്കെ നിർത്തിയപ്പോഴാണ്

സ്വന്തം ക്യാമറ നെഞ്ചത്തടുക്കിപ്പിടിച്ചൊരാൾ

പത്രമാപ്പീസിൽനിന്ന് അതിലേക്ക് പാഞ്ഞെത്തിയത്!

എല്ലാ തിരക്കുകളും കഴിഞ്ഞ് സംസാരിക്കാമെന്നേറ്റ്

കാത്തു കാത്തിരുന്നിട്ടും പറയാനുള്ളതു മുഴുവൻ

തൊണ്ടയിൽ കുരുങ്ങി ചത്തുപോയതിൽ മനംനൊന്ത്

കനൽച്ചീള് കരിക്കട്ടയാവുന്ന വേദനയടുക്കിപ്പിടിച്ചാണ്

ഒരേകാകി ധൃതിവച്ചതിൽ ചാടിക്കയറിയത്!

പറഞ്ഞിട്ടും പറഞ്ഞിട്ടും പടികയറാത്ത ആദർശത്തെ

നാലാക്കി മടക്കിക്കീറി കാറ്റിൽ പറത്തി

കഞ്ചാവു കാട്ടിലേക്കോടിപ്പോയ കുട്ടിയെ

തേടിപ്പിടിച്ചൊരമ്മയും കുട്ടിയും നാലു കണ്ണുകളും

ആകാശത്തേക്ക് കയറ്റിപ്പിടിച്ചിരിക്കുന്നതിനാൽ

അവരെ ഇറക്കുംവരെ അടുത്ത സ്റ്റേഷനിൽ

വൈകിയേ എത്തൂ എന്ന് തീവണ്ടിക്ക്

നീട്ടി കൂകേണ്ടിവന്നു!

കാറ്റു പാറ്റി വിട്ടവയെല്ലാം മുറുകി മുളച്ച്

വിത്തായി കയറേണ്ട അറകളിൽ കയറാതിരുന്നതിൽ

വിഷണ്ണനായി പ്രതിഷേധിച്ചവ​ന്റെ നെഞ്ചത്താരോ

വണ്ടി കേറ്റി കൊന്നെന്നറിയിപ്പു കേട്ടിടത്തേക്ക്

തീവണ്ടി വേഗത്തിൽ പാഞ്ഞു!

ഒാരോ സ്റ്റേഷനിലും മരിച്ചവരൊക്കെ

പല്ലാണ്ടു വാഴ്ക*

നൂറുകൊല്ലം ജീവിക്കട്ടെ

Long live for Hundred Years!

നൂറു വർഷങ്കളുജീവിസി! *

സൗ സാൽ ജിയൊ! *

എന്ന പ്ലക്കാർഡും പിടിച്ച് എതിരേൽക്കുന്ന

പാവം സ്കൂൾ കുട്ടികളോട്

ലോകത്തി​ന്റെ മറ്റൊരിരുട്ടിനെ പറ്റി

എങ്ങനെ ഈ തീവണ്ടിക്ക് പറയാനാകും?

===========

നൂറുവർഷം ജീവിക്കട്ടെ എന്ന് പല ഭാഷകളിൽ

*പല്ലാണ്ടു വാഴ്ക –തമിഴ്

*നൂറുവർഷങ്കളു ജീവിസി! –കന്നട

* സൗ സാൽ ജിയൊ –ഹിന്ദി

Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.