ചെറിയ പക്ഷികള്‍ വലിയ ദൂരങ്ങള്‍ താണ്ടുന്നു

അഭികാമ്യമായ ചില്ലകളിലേക്ക് പോവുന്ന

കുരങ്ങുകളുടെ കൊമ്പുലച്ചുള്ള മുന്നേറലില്‍

സ്ഥിരതയ്ക്കു വേണ്ടിയുള്ള പരക്കം പാച്ചിലില്‍

ഞാന്‍ കൈവിട്ടു താഴേക്ക് പോയേക്കാം.

എത്രയോ കാടുകള്‍ പിന്നിട്ടിട്ടും

എന്നെ കണ്ടെത്താന്‍ കഴിയാതെ

ഞാനുപേക്ഷിച്ച പാതി തിന്ന പഴത്തില്‍ പതിഞ്ഞ

എന്‍റെ പല്ലടയാളത്തില്‍ സ്വന്തം പല്ലുകളമര്‍ത്തി

പേ പിടിച്ച മട്ടില്‍ താഴെ കീഴ്കാട്ടില്‍

മനുഷ്യര്‍ തിരച്ചിലിലേര്‍പ്പെടുന്നു.

എന്‍റെ മൃഗം ചിരിച്ചു കാണിക്കാന്‍ വേണ്ടി മാത്രം

ചില ഉച്ചകളില്‍ അടിക്കാടുകള്‍ താണ്ടി

മനുഷ്യരെ കണ്ടെത്തുന്നു. അവരുറങ്ങുമ്പോള്‍

എന്‍റെ പല്ലുകളുടെ തിളക്കം ചന്ദ്രശില പോലെ

അവര്‍ക്കുമേല്‍ പതിക്കുന്നു. അവര്‍ അതറിയുന്നില്ല.

ഞാന്‍ പിന്‍വാങ്ങുന്നു. ഇന്നത്തെ ദിവസം

മരങ്ങളില്‍ കുരങ്ങുകളുണ്ടാവുന്നില്ല.

വേപ്പിലകളുടെ നേരിയ നിഴല്‍

പതുങ്ങുന്ന അറ എന്‍റെ താവളം.

കുരങ്ങുകള്‍ ഇന്നലെ അവിടെയുണ്ടായിരുന്നു.

ഇന്നവിടെ ഒഴിഞ്ഞ പ്രദേശം,

തല്ലിക്കൊഴിച്ച വേപ്പിന്‍കായകളില്‍

മാനുകളോ കുരങ്ങുകളോ ഇല്ലാത്ത പകല്‍ വെറും

അമ്പൊഴിഞ്ഞ ലോകം, ശിശിരകാലനിദ്ര

വിട്ടെഴുന്നേല്‍ക്കുമ്പോള്‍ ഒരു തടാകം

മുതുകില്‍നിന്നും അണ്ണാന്‍കുഞ്ഞുങ്ങളുടെ വര

ഇളക്കിയെടുത്ത് ഓളങ്ങളുണ്ടാക്കുന്നു.

ചെവിയില്‍ മുഴങ്ങുന്ന നാലു സീസണുകളും

ഞാന്‍ തടാകത്തിനു കുറുകെ

ഊഞ്ഞാലിലെടുക്കുന്നു.

വേനലിലെത്തുമ്പോള്‍ കാറ്റും മഴയും

തടാകത്തെ മൂടുന്നു. ഞാനെന്‍റെ ഊഞ്ഞാലാട്ടം

കമഴ്ന്നുകിടന്നുകൊണ്ടു കാണുന്നു

ഊഞ്ഞാലാട്ടം നിലയ്ക്കുമ്പോള്‍ അനക്കമറ്റ

ഇലകളില്‍ ഞാന്‍ ചെറുതായി പോവുന്നു

ആടുമ്പോള്‍ മാത്രം ഞാന്‍ വലുതായി വരുന്നു

ചെറിയ പക്ഷികള്‍ വലിയ ദൂരങ്ങള്‍ പറക്കുന്നു.

എനിക്ക് ചെറുതായി സ്നേഹിക്കാന്‍ കഴിഞ്ഞില്ല

ഞാന്‍ വലുതായി സ്നേഹിച്ചു, ഞാന്‍ സ്നേഹിച്ചു

പുരുഷന്മാര്‍ അതിനെനിക്ക് മാപ്പ് തന്നില്ല,

തടാകത്തില്‍ പെയ്ത മഴയില്‍ ഊഞ്ഞാല്‍

നിലയ്ക്കുമ്പോള്‍ കയറിലൂടൂര്‍ന്നിറങ്ങി

ചുമരിലൂടെ നടന്നുവരുന്ന ആള്‍ക്കൂട്ടത്തിന്‍റെ

ഉറുമ്പുകളില്‍ ഞാനരിക്കുന്നു.

ആരും അതറിയുന്നില്ല. ഞാന്‍ പിന്‍വാങ്ങുന്നു.

പക്ഷികള്‍ പലതും അറിയിക്കുന്നില്ല

ആരുമറിയാതെയും സ്നേഹം

അനവധി ആകാശങ്ങള്‍ അറിഞ്ഞു താണ്ടുന്നു.


Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.