ജീവിതത്തിലേക്കോ
മരണത്തിലേക്കോ
എന്ന് നിശ്ചയമില്ലാതെ
നിലവിളിച്ചോടുന്ന ആംബുലൻസിൽ
ജീവിതത്തിനും മരണത്തിനുമിടക്ക്
കുടുങ്ങിപ്പോയ ഒരാളുടെ
മനസ്സ് കണ്ടിട്ടുണ്ടോ ?
അന്നോളം ജീവിച്ചു തീർത്ത ജീവിതവും
അനുഭവിച്ചറിഞ്ഞ ആനന്ദങ്ങളും
കുടിച്ചുവറ്റിച്ച കയ്പുകളും
അസാധുവാകുന്ന വേളയിൽ
തന്റെ പേർ
അയാൾ ഓർക്കുന്നുണ്ടാകുമോ?
കിട്ടിയതിന്റെ മുതുകുഭാരമില്ലാതെ
കിട്ടാത്തതിന്റെ ആധിയില്ലാതെ
പതിയെ, ആ മുഖത്ത്
ശാന്തത പടരുന്നത് കണ്ടിട്ടുണ്ടോ?
എന്തിനായിരുന്നു ഇതെല്ലാം
എന്ന ചിറികോട്ടലോടെ
അയാൾ മറ്റൊരു ലോകത്തെ
തുറിച്ചു നോക്കുമ്പോൾ
ഒരു ജീവൻ
നഷ്ടപ്പെടുകയായിരുന്നോ
സ്വാതന്ത്രമാകുകയായിരുന്നോ
എന്ന് നിശ്ചയമില്ലാതെ
മടങ്ങുന്ന ആംബുലൻസിനെ കണ്ടിട്ടുണ്ടോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.