സ്വാതന്ത്ര്യ നിഷേധത്തിന്റെ തീരാവേദന
1956ൽ സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം നേടിയ സ്പാനിഷ് കവി ഹുവാൻ റാമോൺ ജിമിനെസിന്‍റെ ‘പ്ലാറ്റെറോ ആൻഡ് ഐ’ (‘Platero and I’) എന്ന നോവൽ വായിക്കുന്നു.1956ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നൽകി സ്വീഡിഷ് അക്കാദമി ആദരിച്ച പ്രതിഭാശാലിയായ സ്പാനിഷ് കവി ഹുവാൻ റാമോൺ ജിമിനെസ് (Juan Ramon Jimenez) സാഹിത്യലോകം കണ്ട ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ്. 1881ൽ ആൻഡലൂഷ്യൻ ഗ്രാമമായ മോഗുവറിൽ ജനിച്ച അദ്ദേഹം 25 കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിരുന്നു. തന്റെ കലയോട് അത്രമാത്രം സമഗ്രമായ ഒരു സമർപ്പണമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. 1920ൽ ലാറ്റിനമേരിക്കൻ (നികരാഗ്വ) കവി റൂബൻ ദാരിയോ മഡ്രിഡ് സന്ദർശിച്ചപ്പോൾ ജിമിനെസ് അദ്ദേഹത്തെ നേരിൽ കണ്ട് ആദരവ്...
1956ൽ സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം നേടിയ സ്പാനിഷ് കവി ഹുവാൻ റാമോൺ ജിമിനെസിന്‍റെ ‘പ്ലാറ്റെറോ ആൻഡ് ഐ’ (‘Platero and I’) എന്ന നോവൽ വായിക്കുന്നു.
1956ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നൽകി സ്വീഡിഷ് അക്കാദമി ആദരിച്ച പ്രതിഭാശാലിയായ സ്പാനിഷ് കവി ഹുവാൻ റാമോൺ ജിമിനെസ് (Juan Ramon Jimenez) സാഹിത്യലോകം കണ്ട ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ്. 1881ൽ ആൻഡലൂഷ്യൻ ഗ്രാമമായ മോഗുവറിൽ ജനിച്ച അദ്ദേഹം 25 കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിരുന്നു. തന്റെ കലയോട് അത്രമാത്രം സമഗ്രമായ ഒരു സമർപ്പണമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. 1920ൽ ലാറ്റിനമേരിക്കൻ (നികരാഗ്വ) കവി റൂബൻ ദാരിയോ മഡ്രിഡ് സന്ദർശിച്ചപ്പോൾ ജിമിനെസ് അദ്ദേഹത്തെ നേരിൽ കണ്ട് ആദരവ് അർപ്പിച്ചു. സ്പാനിഷ് സംസാരിക്കുന്ന ഇടങ്ങളിൽ ഇരുവരും അവരുടേതായ മികച്ച സാന്നിധ്യം നിലനിർത്തുകയും ചെയ്തു.
നിരവധി വർഷക്കാലം ജിമിനെസ് മഡ്രിഡിൽ ഭാര്യ സിനോബിയക്കൊപ്പം താമസിച്ചിരുന്നു. അവരോടൊപ്പം ചേർന്ന് അദ്ദേഹം ഹംഗോറിന്റെ രചനകൾ സ്പാനിഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. പിന്നീട് സ്പാനിഷ് അഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സ്വന്തം ഭൂമിക വിടാൻ നിർബന്ധിതനായി. പ്യൂട്ടോ റീകോയിൽ അഭയം കണ്ടെത്തി. ശേഷിച്ച ജീവിതകാലം മുഴുവൻ അവിടെയാണദ്ദേഹം ജീവിച്ചത്. 1956ൽ നൊബേൽ സമ്മാനം ലഭിച്ചത്, ഭാര്യ സിനോബിയയുടെ മരണത്തിന് ദിവസങ്ങൾക്കുമുമ്പാണ്. അവരുടെ വിയോഗം ഏൽപിച്ച ആഘാതം താങ്ങാനാവാതെ രണ്ടു വർഷം കഴിഞ്ഞ് 1958ൽ കവിയും മരണത്തിൽ അഭയം കണ്ടെത്തി.
ജിമിനെസിന്റെ പുസ്തകരൂപത്തിലുള്ള ഒരു സമാഹാരം ‘കവിയും സമുദ്രവും’ (The Poet and the Sea) അടുത്ത കാലത്താണ് വായിക്കാൻ കഴിഞ്ഞത്. അത് ഈ ലേഖകനെ വല്ലാത്ത ആസ്വാദന ലഹരിയിലേക്ക് കൊണ്ടുപോയി. ഈ കവിതാസമാഹാരത്തിന്റെ ആമുഖത്തിൽ ജിമിനെസിന്റെ ഒരു നോവലിനെക്കുറിച്ച സൂചന ലഭിച്ചു. ‘പ്ലാറ്റെറോയും ഞാനും’ (Platero and I) ശരിക്കും ഗദ്യ കവിതാസ്പർശമുള്ള ഒരു മഹദ് രചനയാണെന്ന് തിരിച്ചറിയാനും കഴിഞ്ഞു. നൊബേൽ പുരസ്കാര സമിതിയും ഈയൊരു രചനയെ ആത്യാദരപൂർവമാണ് പരാമർശിക്കുകയും വിലയിരുത്തുകയും ചെയ്തത്.
പ്ലാറ്റെറോ എന്ന കവിതയും കവിയുടെ പ്രതീകമായി വരുന്ന ഒരു ആത്മബന്ധത്തിന്‍റെ കഥയാണീ നോവൽ. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷകൻ ആന്റോണിയോ ടി.ഡി നിക്കോളാസ് തന്നെ പ്രസിദ്ധ കവിയും തത്ത്വചിന്തകനുമായിരുന്നു. ബാല്യകാലത്ത് അദ്ദേഹം ജീവിച്ചിരുന്നത് കാസ്റ്റിലിയൻ സ്പാനിഷ് പശ്ചാത്തലത്തിലായിരുന്നു. റാമോൺ ജിമിനെസിന്‍റെ ഈ നോവലിന്റെ പശ്ചാത്തലവും അവിടംതന്നെ.
നിക്കോളാസിനെപ്പോലെ ജിമിനെസും കവിത കേൾക്കുന്നത് ഏകാന്തതയിലും നിശ്ശബ്ദതയിലുമാവണമെന്ന് വിശ്വസിച്ചവരാണ്. കാടുകൾ നിറഞ്ഞ കാസ്റ്റിലിയൻ പശ്ചാത്തലം ജിമിനെസ് തിരഞ്ഞെടുത്തത് തന്റെ കഥക്ക് ഏറ്റവും അനുയോജ്യ ഭൂമികയെന്ന നിലയിലാണ്. ചിത്രശലഭങ്ങളുടെ ഏറ്റവും അസാധാരണമായ ഒരു അന്തരീക്ഷം കൂടിയായി നോവൽ ചിത്രീകരിച്ചത് ജിമിനെസിന്‍റെ ഭാവനക്കൊപ്പം നിലനിൽക്കുന്ന ഒരു സുന്ദര പശ്ചാത്തലത്തെയാണ്. പുസ്തകത്തിന്‍റെ ആമുഖത്തിൽ കവിതന്നെ പങ്കുവെക്കുന്ന ചില സൂചനകളിലേക്ക് കടന്നുചെല്ലാമെന്നു തോന്നുന്നു. ചിലയാളുകൾ വിശ്വസിക്കുന്നത് ‘പ്ലാറ്റെറോയും ഞാനും’ കുട്ടികൾക്കു വേണ്ടിയുള്ളതാണെന്നാണ്.
1913ൽ ഇത് എഴുതിക്കൊണ്ടിരുന്നതിനെക്കുറിച്ച് അറിയാമായിരുന്ന ‘ലാ ലെക്ടുറ’യുടെ (La Lectura) എഡിറ്റർ അവരുടെ പ്രസിദ്ധീകരണത്തിനുവേണ്ടി ഇതിന്‍റെ ഏറ്റവും ഗ്രാമീണതയുടെ സ്പർശമുള്ള പേജുകൾ കൊടുക്കുമോ എന്നു ചോദിച്ചു. പെെട്ടന്ന് ഞാൻ അതുവരെയുള്ള വഴിവിട്ട് ഇങ്ങനെയൊരു ആമുഖമെഴുതാൻ തയാറായി. മുതിർന്നവർക്കായുള്ള ഒരു കുറിപ്പാണിത്. പുസ്തകം വായിച്ചുകൊടുക്കാൻ തയാറായിട്ടുള്ളവർ. ഈ ചെറിയ പുസ്തകത്തിൽ ആഹ്ലാദവും ദുഃഖവും ശരിക്കും ഇരട്ടകളാണ്. പ്ലാെറ്ററോ എഴുതി തുടങ്ങിയതും ഇങ്ങനെയുള്ള ഒരു ലക്ഷ്യത്തോടെയാണ്. പ്രത്യേകിച്ച് ആരുടെയും മുഖവും മുന്നിലുണ്ടായിരുന്നില്ല.
നൊവാലിസ് പറയുന്നതുപോലെ കുട്ടികൾ എവിടെയൊക്കെയുണ്ടോ അവിടെ ഒരു സുവർണകാലമുണ്ടായിരിക്കും. ഇവിടെയും ആകാശത്തിൽനിന്നും വീണുകിട്ടിയതുപോലെ അതുതന്നെ സംഭവിച്ചു. ആധ്യാത്മികമായ ഒരു ദ്വീപിന്‍റെ രൂപത്തിലാണത് സംഭവിച്ചത്.
കവിയുടെ ഹൃദയം അതിലൂടെയാണ് യാത്രചെയ്തിരുന്നത്. അവിടെ കണ്ടെത്തിയ ചില ഇടങ്ങൾ വിട്ട് അദ്ദേഹത്തിന് പോകുവാനേ തോന്നിയില്ല. അത് ശരിക്കും മഹിമയുടെ ദ്വീപായിരുന്നു, നവത്വത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും ദ്വീപായിരുന്നു. കുട്ടികളുടേതായ സുവർണകാലം. ‘ജീവിതത്തിൽ നിങ്ങളെ എപ്പോഴുമെനിക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നു. വിലാപത്തിന്‍റെതായ ഒരു കടൽ, അവിടെ നിന്‍റേതായ ഇളംകാറ്റ് എന്നെ തലോടി പ്രഭാതരശ്മികൾക്കൊപ്പം കടന്നുപോകട്ടെ.
കുട്ടികൾക്കുവേണ്ടി ഒന്നുംതന്നെ ഞാൻ രചിച്ചിട്ടില്ല. അങ്ങനെയൊന്നുണ്ടാകുമെന്ന് താൻ വിചാരിക്കുന്നുമില്ല. അതിനുവേണ്ടതായ കാരണവും എനിക്കറിയാം. വലിയവർ വായിക്കുന്ന പുസ്തകങ്ങൾ കുട്ടികൾക്കും വായിക്കാൻ കഴിയും. ഇതിന് ചേരാതെ വരുന്നത് വളരെ കുറച്ചേ നിലവിലുണ്ടാകൂ. എന്തിന് പുരുഷൻമാർക്കും സ്ത്രീകൾക്കും സംഭവിക്കുന്ന അപൂർവമായ വിലങ്ങ് ഇവിടെയും എടുത്തുകാണിക്കാൻ കഴിയും. തികച്ചും ഗൗരവമായ ഒരു കാഴ്ചപ്പാടോടെയാണ് താനിത് രചിച്ചതെന്ന് ഇവിടെ ജിമിനെസ് സമർഥിക്കുന്നുണ്ട്. ഇതിന്റെ ശരിക്കും കാവ്യാത്മകമായ ഗദ്യത്തെയാണ് പ്രത്യേകിച്ചും നിരൂപകർ എടുത്തുകാണിക്കുന്നത്.
മഹാപ്രതിഭയായ കവി ഒരു നോവലെഴുതുമ്പോൾ അതിന് സ്വാഭാവികമായുണ്ടാകുന്ന ഒരു കാര്യം തന്നെയാണിത്. അലഞ്ഞുതിരിയുന്ന ഒരു കവിയും അയാളുടെ അരുമയായ ചാരനിറത്തിലുള്ള കഴുതയും തമ്മിലുള്ള ബന്ധത്തിന്‍റെ തീവ്രതയാണിതിൽ ആഖ്യാനത്തിലൂടെ എടുത്തുകാണിക്കുന്നത്. അവരൊത്തുചേർന്നുകൊണ്ട് മോഗുവർ എന്ന ഗ്രാമത്തിലൂടെ അന്വേഷണം തുടരുകയാണ്. കവിയുടെ ആഖ്യാനത്തിന്റെ സൗന്ദര്യാത്മകതയുടെ വിഷാദം കലർന്ന ഒരു ശബ്ദവിന്യാസത്തിലൂടെയാണ് ഇവിടെ ഈ ചെറിയ നോവൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ നോവലിനെ ഒരു ആൻഡലൂഷ്യൻ വിലാപകാവ്യമായിട്ടാണ് തരംതിരിക്കപ്പെട്ടത്. അല്ലാതെ പരമ്പരാഗതമായ ഒരാഖ്യാനത്തിന്‍റെ ചേരുവ ഇതിൽ എടുത്തുകാണിക്കാനും കഴിയില്ല. ഗദ്യത്തിന്‍റെ കാവ്യാത്മകമായ ഒരവതരണ രീതി ഇതിന് അവകാശപ്പെടാൻ കഴിയും.
കുട്ടികൾക്കിതിലെ മൃദുരോമങ്ങൾ നിറഞ്ഞ കഴുതയെ ശരിക്കും പ്രിയപ്പെട്ടതായി അനുഭവപ്പെടും. അതേസമയം പ്രായമായ ആസ്വാദകർക്ക് ഇതിലെ ഏറെ ധന്യമായ പ്രതീകാത്മകതയാണ് ഇഷ്ടപ്പെടാൻ സാധ്യത. ധാർമികതയുടെ ഇരുണ്ടതും പരുക്കനുമായ യാഥാർഥ്യങ്ങളിലേക്കിത് സൂക്ഷ്മമായി സമന്വയിക്കാൻ ശ്രമിക്കുന്നുണ്ട്. മോഗുവർ എന്ന ഗ്രാമം ജിമിനെസിന് ഏറെ പ്രിയപ്പെട്ട ഒാർമകളുണർത്തുന്ന ഒന്നാണ്. കവിയുടെ ബാല്യകാലം ചെലവിട്ട മോഗുവരിലെ ഒാർമ അദ്ദേഹത്തിന്‍റെ ജീവിതകാലം മുഴുവൻ ഒപ്പം ചേരുകയും ചെയ്യുന്നുണ്ട്. ഇടക്കെപ്പൊഴോ ചെറിയ രാജകുമാരൻ (The Little Prince) എന്ന കൃതിയെ ഇത് ഓർമപ്പെടുത്തുന്നു. ഗ്രാമത്തിലെ പരുക്കൻ ജീവിതയാഥാർഥ്യങ്ങളെ അവതരിപ്പിക്കുമ്പോൾ കവിയായ ജിമിനെസിന്റെ കൂടുതൽ നിരീക്ഷണ പാടവം എടുത്തുകാണിക്കുന്നുണ്ട്.
പ്ലാറ്റെറോ എന്ന കഴുതയെ ഇവിടെ വെറുമൊരു പ്രിയപ്പെട്ട വളർത്തുമൃഗമായി മാത്രം എടുത്തുകാണിക്കാനുമാകില്ല. അതേസമയം, വിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും പ്രതീകമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതി മനുഷ്യജീവിതത്തിലെ ദുരന്തങ്ങൾക്കിടയിലേക്ക് സങ്കീർണമായിത്തന്നെ അവതരിപ്പിക്കുന്ന കഥാപാത്രമായിട്ടേ പ്ലാറ്റെറോയെ കാണാൻ കഴിയൂ.
പ്ലാറ്റെറോയുടെ മൃദുലമായ ശാരീരിക വിതാനം കാണുമ്പോൾ അതിനെ പൂർണമായും പഞ്ഞിയാൽ മൂടിവെച്ചിരിക്കുന്നതായിട്ടേ തോന്നൂ. അതിന്‍റെ ശരീരത്തിൽ എല്ലുകൾ ഉള്ളതായിപ്പോലും തോന്നുകയില്ല. കറുത്തിരുണ്ട രണ്ട് മിഴികളിൽ അത് ഒളിച്ചുവെച്ചിരിക്കുന്ന രത്നങ്ങളുടെ തിളക്കം ആദ്യ കാഴ്ചയിൽതന്നെ നമുക്കനുഭവപ്പെടും. അതിന്റെ ഓരോ ചലനവും കാവ്യാത്മകമായിട്ടണിതിൽ ചിത്രീകരിച്ചിരിക്കുന്നത്. അവനെ കാണുമ്പോൾ ഉരുക്കിന്റെ ഒരു രൂപം ഒളിപ്പിച്ചതായേ തോന്നൂ. അതേ ഉരുക്കും നിലാവെളിച്ചവും ഒരുമിച്ച് വന്നതുപോലെ. നിറയെ കറുപ്പും വെളുപ്പും ചിത്രങ്ങൾ വരച്ചുചേർത്തിരിക്കുന്നു.
റൂബൻ ദാരിയോ,ഹുവാൻ റാമോൺ ജിമിനെസും ഭാര്യയും
ഇത് ഉച്ചത്തിൽ മറ്റുള്ളവർക്ക് വായിച്ചുകൊടുക്കണമെന്ന് കവി ആഗ്രഹിക്കുന്നുണ്ട്. നോവലിലെ കഴുതയുടെ കഥാപാത്രം ശരിക്കും കുട്ടിക്കാലത്തെ ജിമിനെസ് തന്നെയാണ്. ആൻഡലൂഷ്യൻ ഗ്രാമമായ മോഗുവറിലെ അവരുടെ സഞ്ചാരങ്ങൾ വായനക്കാർക്ക് പകർന്നുകൊടുക്കുന്നത് ജീവിതാനുഭവങ്ങളുടെ സങ്കീർണമായ പാഠങ്ങളാണ്. ഇതിലെ ഓരോ ഹ്രസ്വമായ അധ്യായവും (ഇതിനാകെ ഗദ്യകവിതയുടെ ഒരു സ്പർശം അനുഭവിപ്പിക്കാൻ കഴിയും) ഗ്രാമത്തിലെ വന്നുപോകുന്ന ഋതുക്കളുടെ വേറിട്ട ഒരു ഛായാചിത്രംതന്നെയായി നമുക്കനുഭവപ്പെടും.
അവർ യാത്രകൾക്കിടയിൽ ജിപ്സികളുമായും ഗ്രാമത്തിലെ മറ്റ് കുട്ടികളുമായും അടുത്തിടപഴകുന്നുണ്ട്. നോവലിന്റെ അവസാനം പ്ലാറ്റെറോയുടെ മരണം സംഭവിക്കുന്നതുവരെ ഇത് തുടർന്നു കൊണ്ടുപോകുന്നുണ്ട്. മൊത്തത്തിൽ 138 ഭാഗങ്ങളായിട്ടാണിതിനെ തിരിച്ചിരിക്കുന്നത്. ഈ നോവലിന്‍റെ ഗീതകസ്വഭാവത്തിന് സംഗീതജ്ഞർ അവരുടേതായ ആവിഷ്കാരത്തിലൂടെ പുതിയൊരു രൂപം പകർന്നുകൊടുക്കുന്നുണ്ട്.
ജിമിനെസ് തന്റെ കവിയെന്നനിലയിലുള്ള ജീവിതകാലത്ത് 250ഒാളം ഗദ്യകവിതകൾ സ്പാനിഷ് ഭാഷയുടെ മൗലികമായ ഒരു താളം ജിമിനെസ് തന്റെ രചനയിൽ വളരെ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. വിഷാദാത്മകതയുടെ ചേരുവകൾ വരുമ്പോൾ ഇതിനൊന്നുകൂടി ഭംഗി വന്നിരിക്കും.
സ്വന്തം പിതാവിന്റെ മരണം കവിയെ മരണത്തോടടുത്ത വൈകാരികമായ ഒരു ഭയം ഈ രചനയുടെ കാലത്ത് വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.പ്ലാറ്റെറോയുടെ ജീവിതകാലവും മരണവും ശരിക്കും പുനർജന്മത്തിന്റെയും മരണത്തിന്റെയും പ്രമേയ സാധ്യതഇതിലൂടെ തുറന്നുതരുന്നുമുണ്ട്. മനുഷ്യരും മൃഗങ്ങളും അവർക്കു ചുറ്റുമുള്ള ഒരു ലോകവും എത്ര തീവ്രമായിട്ടാണ് കവിയായ ജിമിനെസ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.
സ്പാനിഷ് സാഹിത്യത്തിൽ ദാർശനികമായ ഒരു ഉൾക്കാഴ്ചക്ക് വഴിതുറന്ന്, യാതനകളുടെയും ദുഃഖങ്ങളുടെയും ഒരു സാന്ത്വന ശബ്ദവിന്യാസമുള്ള വഴി പകർന്നുകൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കവിയായ ജിമിനെസ് ഗദ്യകവിത പോലുള്ള ഒരു രചനയിൽ മുഴുകുമ്പോൾ അനുപ്രാസങ്ങൾ ഒഴിവാക്കി (Rhyme) തുടരുന്ന അവസ്ഥയിൽ അത് ശരിക്കും കവിതയായി രൂപാന്തരപ്പെടുന്നു. അന്ധനായ ഒരു മനുഷ്യന് കവിത ചൊല്ലി കൊടുക്കുന്ന പ്രതീതിയാണിവിടെ ഉണ്ടാകുന്നത്. കേൾക്കുന്നവർക്ക് കവിതയും ഗദ്യവും തമ്മിൽ തിരിച്ചറിയാൻ കഴിയാതെ വരും.
‘പ്ലാറ്റെറോയും ഞാനും’ എന്ന രചനയുടെ കാവ്യാത്മകമായ തലങ്ങൾ എടുത്തുകാണിക്കുന്നത് ജിമിനെസിന്റെ ഭാഷാപരമായ സമ്പന്നതയുടെ സാന്നിധ്യമാണ്. എത്ര വിദഗ്ധമായിട്ടാണ് അദ്ദേഹം ഇത് ഉപയോഗിച്ചിരിക്കുന്നതെന്ന് നമുക്ക് തിരിച്ചറിയാനും കഴിയും. ഭാഷയുടെ മൗലികമായ താളത്തിനൊപ്പം സഞ്ചരിക്കുമ്പോഴുണ്ടാകുന്ന സർഗാത്മകതയുടെ ഉദാത്തമായ തലങ്ങളെയാണ് നാമിവിടെ കണ്ടെത്തുന്നത്. വാക്കുകൾകൊണ്ടുള്ള മാന്ത്രികമായ സഞ്ചാരംതന്നെയാണിത്.
ഈ രചനയുടെ സംഭവങ്ങളുടെ കാലം ഒരു വർഷമാണ്. ഒരു വസന്തകാലത്താരംഭിച്ച് അടുത്ത വസന്തത്തിൽ അവസാനിക്കുന്ന ഒരു കാലം. പ്ലാറ്റെറോയുടെ ജീവിതം എടുത്തുകാണിക്കുന്ന പ്രതീകാത്മകത ജിമിനെസിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. അത് ശരിക്കും ജന്മത്തിന്റെയും പുനർജന്മത്തിന്റെയും മൗലികമായ ഒരു കാലചക്രത്തെ എടുത്തുകാണിക്കുന്നു. ഇതിനനുസരിച്ച് ഒരു ചിത്രശലഭത്തിന്റെ ജീവിതചക്രത്തെ അദ്ദേഹം ചിത്രീകരിക്കുന്നുണ്ട്. ജീവപരിണാമങ്ങളുടെ ഒരു ചരിത്രമായിത് നോവലിൽ അലിഞ്ഞുചേർന്നു നിൽക്കുന്നു.
നോവലിന്റെ അവസാന ഭാഗത്ത് അവിടത്തെ കുട്ടികൾക്കൊപ്പം ജിമിനെസ് പ്ലാറ്റെറോയുടെ കുഴിമാടം സന്ദർശിക്കുന്നുണ്ട്. കവിയുടെ ചോദ്യത്തിനുത്തരം പോലെ ‘‘നിങ്ങളിപ്പോഴും എന്നെ ഒർക്കുന്നുണ്ടോ’’ എന്ന ചോദ്യവുമായി ഒരു ചിത്രശലഭം അവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിന്റെ ദർശനം ലില്ലിപ്പൂവിൽനിന്നും മറ്റൊരു ലില്ലിപ്പൂവിലേക്ക് വരുന്ന ഒരാത്മാവിന്‍റേതു പോലെയുണ്ടായിരുന്നു. ഈ പ്രതീകങ്ങൾ കവിയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ തുടക്കമായിരുന്നു.
കുറച്ചുകാലം മുമ്പുവരെ അയാൾ മരണത്തെ വല്ലാതെ ഭയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ അവസാനകാലത്ത് ഒരു ഡോക്ടറെ അദ്ദേഹം ഒപ്പം ചേർക്കുകയും ചെയ്തിരുന്നു. മൃഗങ്ങൾ നേരിടേണ്ടിവരുന്ന ക്രൂരതകളും ഈ രചനയിൽ കടന്നുവരുന്നുണ്ട്. 27ാം ഭാഗത്ത് ഒരു വൈൻ യാർഡിന്‍റെ സംരക്ഷകൻ ഒരു നായെ വെടിവെച്ചു കൊല്ലുന്നുണ്ട്. അതിന്‍റെ കാരണമായി അയാൾ എടുത്തുകാണിക്കുന്നത് നായ്ക്കളുടെ വൈരുധ്യസ്വഭാവമാണ്.
‘പ്ലാറ്റെറോയും ഞാനും’ എന്ന നോവൽ വെറുമൊരു സാധാരണ രചനയല്ല. അനുകമ്പയുടെ പ്രതീകമായ പ്ലാറ്റെറോ എന്ന കഴുതയുടെയും കവിയുടെ പ്രതീകമായ ബാലന്‍റെയും ജീവിത കഥയാണിത്. വീണ്ടും വീണ്ടും വായിക്കുമ്പോൾ ഇത് പുതിയ അനുഭവങ്ങൾ പങ്കുവെച്ചു തരും.
ഇരുപതാം നൂറ്റാണ്ട് മഹായുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും കാലമാണ്. യാതൊരു കാരണവുമില്ലാതെ മർത്യർ കൊലചെയ്യപ്പെട്ടു. കൂട്ടിലടച്ചു വളർത്തിയ ഒരു കിളി പുറത്തുപോകാനിടവരുമ്പോൾ പകൽ പോയി വൈകീട്ട് ഒന്നും നേടാനാവാതെ അതേ കൂട്ടിലേക്ക് മടങ്ങിയെത്തുന്ന അവസ്ഥ. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന ചോദ്യം ജിമിനെസിന്റെ രചനയിലുമുണ്ട്. സ്വാതന്ത്ര്യം മനുഷ്യർക്കു മാത്രമല്ല, നിഷേധിക്കുമ്പോൾ പക്ഷിമൃഗാദികൾക്കും അതൊരു തീരാവേദനയായി മാറുന്നു. പ്ലാറ്റെറോ എല്ലാത്തിനും സാക്ഷിയായി ദൂരത്ത് ജീവിക്കുന്നു. അത് എല്ലാം പങ്കുവെക്കുകയും ചെയ്യുന്നു.
ഈ പുസ്തകം ഇന്നും ഒരു മഹാരചനയായി നിൽക്കുന്നത് ജിമിനെസിന്റെ മഹാപ്രതിഭയുടെ പ്രതീകമാകുന്നതുകൊണ്ടാണ്. ഈ പുസ്തകം വായിക്കാൻ തന്ന മികച്ച വായനക്കാരനും പുസ്തകപ്രേമിയുമായ വിനോദിന്റെ (മലപ്പുറം) സഹകരണം പ്രത്യേകം ഓർത്തുപോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.