ഉലകനായകന്റെ രാഷ്ട്രീയവീഴ്ചകൾ

ഗ്രാഫിക്സ് വിദ്യകൾ പ്രചാരത്തിലില്ലായിരുന്ന കാലത്ത് സ്വന്തം ദേഹത്തിന്റെ അസ്ഥിഘടനയെ വെല്ലുംവിധം ഹോളിവുഡ് മേക്ക്അപ് സംവിധാനങ്ങളും സാങ്കേതികതയും ഉപയോഗിച്ച് നായകശരീരങ്ങളിലേക്ക് കൂടുമാറ്റം നടത്തിയ വിഖ്യാത അഭിനേതാവാണ് കമൽ ഹാസൻ. 2016ൽ ജയലളിത മരിച്ചതോടെ എ.ഐ.എ.ഡി.എം.കെയിലും തമിഴ് രാഷ്ട്രീയത്തിലും ഉണ്ടായ നേതൃത്വ-ഭരണ പ്രതിസന്ധി ഘട്ടത്തിൽ, സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് കമൽ തുറന്ന രാഷ്ട്രീയ വിമർശനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് സ്വന്തമായി രാഷ്ട്രീയ പാർട്ടിയും രൂപവത്കരിച്ചു. എന്നാൽ, പാർട്ടിയിലും ജീവിതത്തിലും ഉണ്ടായത് അത്ര ശുഭകരമായ സംഗതികളായിരുന്നില്ല. മെലോഡ്രാമയിൽനിന്ന് യഥാർഥ...

ഗ്രാഫിക്സ് വിദ്യകൾ പ്രചാരത്തിലില്ലായിരുന്ന കാലത്ത് സ്വന്തം ദേഹത്തിന്റെ അസ്ഥിഘടനയെ വെല്ലുംവിധം ഹോളിവുഡ് മേക്ക്അപ് സംവിധാനങ്ങളും സാങ്കേതികതയും ഉപയോഗിച്ച് നായകശരീരങ്ങളിലേക്ക് കൂടുമാറ്റം നടത്തിയ വിഖ്യാത അഭിനേതാവാണ് കമൽ ഹാസൻ. 2016ൽ ജയലളിത മരിച്ചതോടെ എ.ഐ.എ.ഡി.എം.കെയിലും തമിഴ് രാഷ്ട്രീയത്തിലും ഉണ്ടായ നേതൃത്വ-ഭരണ പ്രതിസന്ധി ഘട്ടത്തിൽ, സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് കമൽ തുറന്ന രാഷ്ട്രീയ വിമർശനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് സ്വന്തമായി രാഷ്ട്രീയ പാർട്ടിയും രൂപവത്കരിച്ചു. എന്നാൽ, പാർട്ടിയിലും ജീവിതത്തിലും ഉണ്ടായത് അത്ര ശുഭകരമായ സംഗതികളായിരുന്നില്ല.

മെലോഡ്രാമയിൽനിന്ന് യഥാർഥ ജീവിതത്തിന്റെ, ഉൾക്കരുത്തുള്ള ദൃശ്യാവിഷ്കാരമായി തമിഴ് സിനിമ പരിണമിക്കുന്ന കാലഘട്ടത്തിന്റെ നായകമുഖമായിരുന്നു കമൽഹാസൻ. തമിഴിലെ സമകാലികരായ അഭിനേതാക്കളെ അപേക്ഷിച്ച്, വേറിട്ടുനിൽക്കുകയും സ്വയം കഥാപാത്രമായി പരിണമിക്കുകയും അതിനായി ശരീരത്തെ അസാധാരണമാംവിധം ഒരു അഭിനയോപകരണമാക്കുകയും ചെയ്താണ് കമൽഹാസന്റെ താരവ്യക്തിത്വം രൂപപ്പെടുന്നത്. ഗ്രാഫിക്സ് വിദ്യകൾ പ്രചാരത്തിലില്ലായിരുന്ന കാലത്ത് സ്വന്തം ദേഹത്തിന്റെ അസ്ഥിഘടനയെ വെല്ലുംവിധം ഹോളിവുഡ് മേക്ക്അപ് സംവിധാനങ്ങളും സാങ്കേതികതയും ഉപയോഗിച്ച് നായകശരീരങ്ങളിലേക്ക് അദ്ദേഹം കൂടുമാറ്റം നടത്തി. ദൃശ്യപരമായ ചെപ്പടിവിദ്യകളിൽ ഒതുങ്ങാതെ, കഥാപാത്രങ്ങളുടെ ആന്തരിക സവിശേഷതകളെയും ഉത്കണ്ഠകളെയും അതിന്റെ കൃത്യമായ ഗ്രാവിറ്റിയിലും നിറവിലും അവതരിപ്പിച്ചാണ് കമൽ അത് സാധ്യമാക്കിയത്.

1989ൽ ഇറങ്ങിയ, ‘അപൂർവ സഹോദരർകൾ’ എന്ന ചിത്രത്തിലെ അപ്പു എന്ന കുറിയ ശരീരപ്രകൃതിയുള്ള കഥാപാത്രം ഉൾപ്പെടെയുള്ള മൂന്ന് വേഷങ്ങൾ മികച്ച ഉദാഹരണങ്ങളാണ്. ‘ഇന്ത്യൻ’ (1996), ‘നായകൻ’ (1987) തുടങ്ങിയ ചിത്രങ്ങളിൽ വൃദ്ധനായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ കാണിക്കുന്ന ക്ലാസിക് സ്വഭാവം ശ്രദ്ധിക്കൂ. ശരീരത്തിന്റെ വാർധക്യസഹജമായ ചുളിവുകളെയല്ല, ശ്വസനരീതിയിൽ കൈകളിലെ വിറയലുകളിൽ കഥാപാത്രത്തിന്റെ മാനസിക നിലയെ പ്രതിഫലിപ്പിക്കുന്ന ശബ്ദക്രമീകരണത്തിൽ താടിയെല്ലുകളുടെ ചലനങ്ങളിൽ ഒക്കെ കമൽ പുലർത്തുന്ന മികവ് ലോകോത്തരമാണെന്നു പറയാം. ഇന്ത്യൻ സിനിമകൾ പൊതുവെ പ്രാദേശിക സ്വത്വങ്ങളിലേക്ക് വേരുകളാഴ്ത്തിക്കൊണ്ടിരുന്ന കാലത്ത് സംസ്കാരത്തിന്റെയും ഭാഷയുടെയും ഉച്ചാരണഭേദങ്ങളിലൂടെയുള്ള പ്രകാശനംകൊണ്ട് സവിശേഷപ്പെട്ടു നിന്നു, കമലിന്റെ അഭിനയശൈലി.

തുറന്ന വൈകാരിക സന്ദർഭങ്ങളിൽപോലും അക്കാലത്തെ മുഖ്യധാര നായകർ ഹീറോയിസത്തിന്റെ ഭാഗമായ പ്രകടനങ്ങളിൽനിന്നു മാറിനിൽക്കാൻ തയാറല്ലായിരുന്നു. എന്നാൽ, ‘നായകത്വവിരുദ്ധ’മായി കരുതപ്പെടുന്ന അതിസാധാരണ വികാരങ്ങളെ പ്രകടിപ്പിക്കുന്നതിൽ കമൽ മടി കാണിച്ചില്ല. അതിന് ഉദാഹരണമാണ് ‘മൂന്റ്രാം പിറൈ’ (1982) എന്ന സിനിമയുടെ ക്ലൈമാക്സിലുള്ള റെയിൽവേ സ്റ്റേഷൻ രംഗം. ശാരീരിക പരിമിതിയുള്ള ചപ്പാണിയായി അഭിനയിച്ച ‘16 വയതിനിലേ’ എന്ന ചിത്രവും ഈ ഗണത്തിൽപെടുന്നു. വിവേകിയായ നായകനും സ്കീസോഫ്രീനിയ ബാധിച്ച പ്രതിനായകനും ഒരേ ഫ്രെയ്മിൽ വേറിട്ട് തിരിച്ചറിയും വിധം ശരീരഭാഷയിൽ കൈക്കൊണ്ട രൂപാന്തരീകരണംകൊണ്ട് ‘ആളവന്താ’നും പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

ദക്ഷിണേന്ത്യൻ സിനിമകളിലെ ‘ലവർ ബോയ്’

കമലിന്റെ ആദ്യകാല കഥാപാത്രങ്ങൾ പലപ്പോഴും ദുർബലരും പിഴവുകൾ സംഭവിക്കുന്നവരും വൈകാരികമായി അസംസ്കൃതരുമായിരുന്നു. സ്‌ക്രീൻ പ്രണയത്തിന് സ്വാഭാവികവും ആപേക്ഷികവുമായ ഒരു ആകർഷണം കൊണ്ടുവരാൻ കമലിന് പിൽക്കാലത്ത് സാധിച്ചു. ദക്ഷിണേന്ത്യൻ സിനിമകളിൽ അക്കാലത്തെ ‘ലവർ ബോയ്’ ഇമേജ് അദ്ദേഹത്തിന് സ്വന്തമായിരുന്നു. വ്യവസ്ഥക്കെതിരെയുള്ള പോരാട്ടങ്ങൾ പ്രമേയമാക്കിയ പിൽക്കാല ചിത്രങ്ങൾ ആക്ഷൻ ഹീറോവാക്കി അദ്ദേഹത്തെ മാറ്റി. എന്നാൽ, അത്തരം ഇമേജുകളിൽ കുടുങ്ങിപ്പോകാതിരിക്കാനും അഭിനയത്തിന്റെ വൈവിധ്യമാർന്ന സാധ്യതകൾ തുറന്നിടാനുമാണ് അദ്ദേഹം ശ്രമിച്ചത്.

സാമൂഹിക-വ്യക്തി ജീവിതത്തിലെ വൈചിത്ര്യമാർന്ന മുഖങ്ങളെയും (ഹേ റാം, മഹാനദി, ഗുണ തുടങ്ങിയവ) ഹാസ്യത്തിന്റെ വകഭേദങ്ങളെയും (അവ്വൈ ഷണ്മുഖി, പഞ്ചതന്ത്രം, ഉത്തമ വില്ലൻ, തെനാലി, കാതലാ കാതലാ, സതി ലീലാവതി എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ) വ്യത്യസ്ത അഭിനയശൈലിയിലൂടെ അദ്ദേഹം തുറന്നുവിട്ടു. സാങ്കേതികതയും പെർഫോമൻസും വിച്ഛേദിക്കാനാവാത്തവിധം അഭിന്നമാണ് കമലിന്റെ കാര്യത്തിൽ.

പ്രേക്ഷകർക്കായി മാത്രമല്ല, കാമറക്ക് വേണ്ടിക്കൂടിയാണ് കമൽ അഭിനയിക്കുന്നത്. ക്ലാസിക് നൃത്തത്തിലെ കമലിന്റെ നൈപുണ്യം സിനിമാരംഗങ്ങളിലെ ആക്ഷൻ സീക്വൻസിനെ അനായാസവും മനോഹരവുമാക്കി. ലോകനിലവാരത്തിലുള്ള അഭിനയവൈദഗ്ധ്യവും ആറ് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനകളും മുൻനിർത്തി സംവിധായകൻ കെ.എസ്. രവികുമാർ നൽകിയ ‘ഉലകനായകൻ’ എന്ന വിശേഷണം സിനിമ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു.

അതേസമയം, ശിവാജി ഗണേശനെപ്പോലുള്ള മുൻകാല നായകർ പിന്തുടർന്ന അതിവൈകാരിക പ്രകടനപരതയിൽനിന്നും പൂർണമായും മുക്തമാകാൻ കമൽഹാസന് സാധിച്ചിട്ടില്ല. പിൽക്കാല സിനിമയായ ‘ദശാവതാര’ത്തിൽപോലും കഥാപാത്രങ്ങളെ അതിഭാവുകപരതയുടെ നിഴലിൽ നിർത്തുന്ന പ്രവണത കാണാം. കമൽഹാസൻ എക്സ്പ്രഷനിസ്റ്റ് അഭിനയരീതി കൈക്കൊള്ളുന്ന ആളാണെന്നും മാധ്യമത്തിന്റെ അതിരുകളെ വെല്ലുവിളിക്കാൻ വികാരങ്ങളെ വർധിതമായി പ്രകടിപ്പിക്കുകയും ‘മിനിമലിസത്തിൽ’നിന്ന് മാറി കൂടുതൽ അനുരോധപൂർവമായി കഥപറയാനുമാണ് അദ്ദേഹത്തിന് താൽപര്യമെന്നും കമലിനെ പിന്തുണക്കുന്നവർ വാദിക്കുന്നു. മെത്തേഡ് അഭിനയശൈലിയുടെ പാഠപുസ്തകങ്ങളാണ് കമലിന്റെ കഥാപാത്രങ്ങൾ.

 

രജനികാന്തിനൊപ്പം,ജയലളിതക്കൊപ്പം

അനാഥബാലനായി സിനിമയിൽ തുടക്കം

1969ൽ പുറത്തുവന്ന ‘കളത്തൂർ കണ്ണമ്മ’യിൽ സെൽവം എന്ന അനാഥ ബാലന്റെ വേഷത്തിലൂടെ ആറാം വയസ്സിലാണ് കമൽഹാസൻ സിനിമയിലെത്തുന്നത്. പരമകുടിയിലെ തമിഴ് അയ്യങ്കാർ കുടുംബത്തിൽ നാല് സഹോദരന്മാരിൽ ഇളയവനാണ് പാർഥസാരഥി. ഏറ്റവും അടുപ്പമുള്ള ഒരു മുസ്​ലിം സുഹൃത്തിനോടുള്ള ആദരവ് നിമിത്തമാണ് അഭിഭാഷകനും സ്വാതന്ത്ര്യസമര സേനാനിയുമായ പിതാവ് ഡി. ശ്രീനിവാസൻ പാർഥസാരഥിയുടെ പേര് കമൽഹാസൻ എന്നു മാറ്റുന്നത്. എ.വി.എം മെയ്യപ്പൻ എന്ന പ്രശസ്ത നിർമാതാവ് അക്കാലത്ത് പുതിയ ഒരു ചിത്രം നിർമിക്കുന്നു എന്നറിഞ്ഞപ്പോൾ ഡോക്ടറായ ഒരു കുടുംബസുഹൃത്താണ് കമലിനെയും കൂട്ടി അദ്ദേഹത്തെ പോയി കാണുന്നത്. അക്കാലത്തെ പ്രശസ്ത ബാലതാരം ഡെയ്സി ഇറാനിയായിരുന്നു മെയ്യപ്പന്റെ മനസ്സിൽ. എന്നാൽ, കമലിനെ കണ്ടപ്പോൾ, ആ ബാലന്റെ നടപ്പിലും പെരുമാറ്റരീതികളിലും ആകൃഷ്ടനായ മെയ്യപ്പൻ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല.

ആദ്യചിത്രത്തിലെ വേഷം അതിമനോഹരമാക്കിയ കമൽഹാസൻ ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ സ്വന്തമാക്കി. തുടർന്ന് ‘കണ്ണും കരളും’ എന്ന മലയാള ചിത്രം ഉൾപ്പെടെ അഞ്ചോളം സിനിമകളിൽ ബാലനടനായി അഭിനയിച്ചു. ശേഷം വിദ്യാഭ്യാസത്തിൽ ശ്രദ്ധചെലുത്താനായി സിനിമയിൽനിന്നു മാറിനിന്നു. ഒമ്പതാം ക്ലാസ് കഴിഞ്ഞതോടെ പഠിത്തം അവസാനിപ്പിച്ച് 1970ൽ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.

എന്നാൽ, ഇത്തവണ ഒരു നടനായല്ല, ഒരു ഡാൻസ് അസിസ്റ്റന്റ് ആയാണ് കമൽ വരവറിയിക്കുന്നത്. കൊറിയോഗ്രാഫർ തങ്കപ്പന്റെ അസിസ്റ്റന്റായി തുടങ്ങിയ കമൽ 1971ലെ ‘അണ്ണൈ വേളാങ്കണ്ണി’ യിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു. സിനിമയിൽ സാങ്കേതിക വിദഗ്ധൻ ആകാനാണ് ആഗ്രഹിച്ചതെന്നും എന്നാൽ, ജീവിതോപാധിക്ക് അത് മതിയാകില്ലെന്ന സംവിധായകനും മെന്ററുമായ കെ. ബാലചന്ദറിന്റെ ഉപദേശത്തെ തുടർന്നാണ് കാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ താൽപര്യപ്പെട്ടതെന്നും കമൽ തുറന്നുപറഞ്ഞിട്ടുണ്ട്. 1973ൽ പരമ്പരാഗത ബ്രാഹ്മണിക് മൂല്യങ്ങളെ വെല്ലുവിളിച്ച് വിവാദം സൃഷ്ടിച്ച കെ. ബാലചന്ദറിന്റെ ‘അരങ്ങേറ്റം’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്കുള്ള കമലിന്റെ പുനഃപ്രവേശം.

 

കരുണാനിധിക്കൊപ്പം

‘കന്യാകുമാരി’യിലൂടെ മലയാളത്തിൽ

74ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘കന്യാകുമാരി’ എന്ന മലയാളം സിനിമയോടെയാണ് കമൽ എന്ന നായകൻ ഉദയംകൊള്ളുന്നത്. ശങ്കരൻ എന്ന ശിൽപിയായി അഭിനയിച്ച കമലിന്റെ ആദ്യ നായകവേഷം ശ്രദ്ധിക്കപ്പെട്ടു. ചിത്രവും വിജയമായിരുന്നു. തന്നെക്കാൾ പ്രായമുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാകുന്ന, കലഹിയായ യുവാവായി അഭിനയിച്ച, കെ. ബാലചന്ദറിന്റെ ‘അപൂർവ രാഗങ്ങൾ’ കമലിന്റെ കരിയർ ഗ്രാഫ് ഉയർത്തി. കമൽ എന്ന നായക നടനെ രൂപപ്പെടുത്തുന്നതിൽ ബാലചന്ദറിന്റെ സിനിമകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

സാങ്കേതിക തികവാർന്ന നടനായി കമലിനെയും സ്റ്റൈലിസ്റ്റ് സൂപ്പർസ്റ്റാർ ആയി രജനിയെയും വളർത്തിക്കൊണ്ടു വന്ന് ആ കാലഘട്ടത്തിലെ തമിഴ് സിനിമയുടെ കലാ-വാണിജ്യ മൂല്യത്തെ ബാലചന്ദർ ഉദ്ദീപിപ്പിച്ചു നിർത്തി. ‘പതിനാറു വയതിനിലെ’, ‘സാഗർ’, ‘വാഴ്വേ മായം’, ‘പുന്നഗൈ മന്നൻ’ തുടങ്ങിയ റൊമാന്റിക് ചിത്രങ്ങളിലൂടെയും ‘ആട് പുലിയാട്ടം’, ‘സിവപ്പ് റോജാക്കൾ’, ‘സർവകലാവല്ലഭൻ’, ‘കാക്കി സട്ടൈ’, ‘വിക്രം’, ‘സത്യാ’, ‘വെട്രിവിഴാ’ പോലുള്ള ആക്ഷൻ സിനിമകളിലൂടെയും തമിഴ് ചലച്ചിത്രാസ്വാദകരുടെ അവിഭാജ്യ നായകനായി കമൽ വളർന്നു. ‘മാരോ ചരിത’പോലുള്ള തെലുഗു സിനിമകളിലും ‘ഏക് ദൂജേ കേലിയെ’പോലുള്ള ഹിന്ദി സിനിമകളിലും മിശ്ര സംസ്കാരത്തിന്റെ തമിഴ് പ്രാതിനിധ്യമുള്ള നായകനായി. ‘വയനാടൻ തമ്പാൻ’, ‘മദനോത്സവം’, ‘പ്രേമാഭിഷേകം’, ‘വേട്ട’, ‘വൃത്തം’, ‘ഡെയ്സി’, ‘ചാണക്യൻ’ തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളത്തിലും നായകവേഷമണിഞ്ഞു.

 

എം.കെ. സ്റ്റാലിൻ

പരീക്ഷണ കുതുകിയായ അഭിനേതാവ്

ഭരതനാട്യ നർത്തകൻ, ഗായകൻ, തിരക്കഥാകൃത്ത്, സിനിമയിലെ വിവിധ സങ്കേതങ്ങളിൽ ജ്ഞാനമുള്ള ടെക്‌നീഷ്യൻ എന്നീ സവിശേഷതകളും സിനിമയിൽ അനിതര സാധാരണമായ ഇടംനേടാൻ കമലിനെ സഹായിച്ചു. ‘സാഗരസംഗമം’ എന്ന സിനിമയിലൂടെ വിരക്തനായ ഒരു കലാകാരന്റെ വൈകാരികഭാവങ്ങൾ തകർത്തഭിനയിച്ചു വിജയിപ്പിക്കാൻ സാധിച്ചത് ഭാരതനാട്യത്തിലുള്ള വൈദഗ്ധ്യം മൂലമാണ്. കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കുറക്കാനോ വർധിപ്പിക്കാനോ, ആയോധന കലകൾ പരിശീലിക്കാനോ, സ്റ്റണ്ട് രംഗങ്ങളിൽ ഡ്യൂപ്പുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനോ ഒന്നും അദ്ദേഹം മടികാണിച്ചില്ല. പാൻ ഇന്ത്യൻ സവിശേഷതകളും പാശ്ചാത്യ ശൈലിയും അഭിനയത്തിൽ അദ്ദേഹം സ്വീകരിച്ചു.

സിനിമ നിർമാണത്തിൽ ലോകോത്തര ഗുണമേന്മക്ക് വേണ്ടിയുള്ള കമലിന്റെ അഭിവാഞ്ഛ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെല്ലാം കാണാം. സാങ്കേതിക കല എന്ന നിലയിൽ, പുതിയ സൗണ്ട് ടെക്നോളജി, ഡിജിറ്റൽ സിനിമാ നിർമാണം, മേക്ക്അപ് പരീക്ഷണങ്ങൾ എന്നിങ്ങനെ എന്തെങ്കിലും തരത്തിലുള്ള വ്യത്യസ്‌തതകൾ തന്റെ ചിത്രങ്ങളിൽ ഉണ്ടാകണമെന്ന നിർബന്ധം കമലിനുണ്ടായിരുന്നു.

1995ൽ ഇറങ്ങിയ ‘കുരുതിപ്പുന’ലിൽ ഡോൾബി സ്റ്റീരിയോ എസ് ആറും 2013 ലെ വിശ്വരൂപത്തിൽ ആറോ ത്രീഡി ശബ്ദ സാങ്കേതികവിദ്യയും തമിഴിൽ ആദ്യമായി അദ്ദേഹം പരിചയപ്പെടുത്തി. ആവിഡ് എഡിറ്റിങ് സോഫ്റ്റ് വെയർ ഉപയോഗിച്ച ആദ്യ ഇന്ത്യൻ സിനിമ 1999ലെ കമൽ ചിത്രമായ ‘മഹാനദി’യായിരുന്നു. 2005ൽ ഇറങ്ങിയ ‘മുംബൈ എക്സ്പ്രസ്’ പൂർണമായും ഡിജിറ്റൽ ഫോർമാറ്റിൽ ഷൂട്ട്ചെയ്ത ആദ്യ ഇന്ത്യൻ ചിത്രവും. തമിഴിൽ ആദ്യമായി കമ്പ്യൂട്ടറൈസ്ഡ് സൗണ്ട് റെക്കോഡിങ് നിർവഹിച്ച ചിത്രം 1986ലെ ‘വിക്രം’ ആയിരുന്നു. സിങ്ക് സൗണ്ട് ഉപയോഗിച്ച് നിർമിച്ച ‘വിശ്വരൂപം’, ആനിമേറ്റഡ് പ്രോജക്ട് ഉപയോഗിച്ച ‘മരുതനായകം’, വിഷ്വൽ എഫക്ട് സാധ്യതകൾ ഗംഭീരമായി ​പ്രയോജനപ്പെടുത്തിയ ‘ദശാവതാരം’ ഒക്കെ മറ്റ് ഉദാഹരണങ്ങളാണ്.

ഒരു തത്ത്വചിന്തകനോളം മാനസികപക്വത വന്ന, വികൃതമാക്കപ്പെട്ട മുഖരൂപമുള്ള നായകനായെത്തുന്ന ‘അൻപേ ശിവം’ പോലുള്ള വേറിട്ട ചിത്രങ്ങളും അദ്ദേഹം കൂടെ ചേർത്തു. ഈ സിനിമ ബോക്സ് ഓഫിസിൽ പരാജയമായിരുന്നാലും അതിലെ സംസ്‌കാരിക- രാഷ്ട്രീയ ധ്വനി ശ്രദ്ധിക്കപ്പെട്ടു. ആക്ഷൻ സിനിമകളിലുള്ള തന്റെ വേരുകൾ തിരിച്ചുപിടിക്കും രീതിയിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത, 2022ൽ ഇറങ്ങിയ ‘വിക്രം’പോലുള്ള സിനിമകളും ചെറിയ ഇടവേളകളിൽ അദ്ദേഹം നിർവഹിച്ചുവന്നു.

 

രാഷ്ട്രീയ പൊതുപരിപാടിക്കിടെ തുറന്നവാഹനത്തിൽ ജനങ്ങളെ അഭിവാദ്യംചെയ്യുന്നു

രാഷ്ട്രീയത്തിലേക്ക്

2016 ഡിസംബർ അഞ്ചിന് ജയലളിത മരിച്ചതോടെ എ.ഐ.എ.ഡി.എം.കെയിലും തമിഴ് രാഷ്ട്രീയത്തിൽ പൊതുവെയും രൂപപ്പെട്ട നേതൃത്വ-ഭരണ പ്രതിസന്ധി ഘട്ടത്തിൽ, സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് കമൽ തുറന്ന രാഷ്ട്രീയ വിമർശനങ്ങൾക്കു തുടക്കം കുറിക്കുന്നത്. പ്രത്യക്ഷ പ്രതിഷേധങ്ങൾക്കു മുന്നോടിയായി ഒരു ഡിജിറ്റൽ വിമത സ്വരം എന്നനിലയിൽ കമലിന്റെ രാഷ്ട്രീയശബ്ദം തമിഴ്‌നാട്ടിൽ മുഴങ്ങി. 2017 ആഗസ്റ്റിൽ, എടപ്പാടി പളനിസ്വാമി മന്ത്രിസഭക്കെതിരെയുള്ള അഴിമതികൾ ഇ-മെയിൽ വഴി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളെ ആഹ്വാനം ചെയ്തായിരുന്നു അടുത്തഘട്ടം.

പൗരന്മാരിൽനിന്നും നേരിട്ട് അഴിമതിക്കെതിരായ തെളിവുശേഖരിക്കുന്ന ഈ ആശയം രാഷ്ട്രീയത്തിൽ സുതാര്യമായ ഒരു ബ്രാൻഡ് എന്നനിലയിലുള്ള ഒരു പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടു. 2017 നവംബറിൽ തന്റെ ജന്മദിനത്തിൽ ‘മയ്യം വിസിൽ’ എന്നൊരു പരാതി പരിഹാര ആപ് അവതരിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തി. വ്യവസ്ഥാപിത രാഷ്ട്രീയ നേതൃത്വത്തിൽനിന്ന് വ്യത്യസ്തമായി ടെക്നോക്രാറ്റ് ആയ പൊതുപ്രവർത്തകൻ എന്നൊരു ഇമേജ് സൃഷ്ടിക്കപ്പെടാനും നഗര പ്രദേശങ്ങളിലെ യുവതയെ ഏറെ ആകർഷിക്കാനും ഇതുവഴി കമലിന് സാധിച്ചു. കൂടുതൽ ജനാംഗീകാരം ഉണ്ടാകുന്നു എന്ന് തിരിച്ചറിഞ്ഞതോടെ 2018 ഫെബ്രുവരി 21ന് മധുരയിൽ നടന്ന കൂറ്റൻ സമ്മേളനത്തിൽ വെച്ച് ‘മക്കൾ നീതി മയ്യം’ എന്ന പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. അഴിമതിമുക്ത രാഷ്ട്രീയം എന്നതാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കാൻ അക്കാലത്ത് മികച്ച അഴിമതിരഹിത പ്രതിച്ഛായ ഉണ്ടായിരുന്ന ആം ആദ്മി പാർട്ടിയുമായുള്ള സഹകരണം ഉറപ്പാക്കിക്കൊ ണ്ടായിരുന്നു ആദ്യ ചുവടുവെപ്പുകൾ. ആദ്യ സമ്മേളനത്തിൽതന്നെ അന്നത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്ര​േത്യക ക്ഷണിതാവായിരുന്നു.

ദ്രാവിഡ സ്വത്വരാഷ്ട്രീയത്തോടുള്ള ആഭിമുഖ്യത്തിന്റെ പേരിൽ ഇതര ദ്രാവിഡ പാർട്ടികളുമായി കൈകോർക്കുന്നതിലായിരുന്നില്ല, അഴിമതി രഹിത ബ്രാൻഡായി ‘മക്കൾ നീതി മയ്യ’ത്തെ ഉയർത്തിക്കാണിക്കുന്നതിലായിരുന്നു കമലിന്റെ അക്കാലത്തെ ഊന്നൽ. എ.ഐ.എ.ഡി.എം.കെക്കെതിരായ ഭരണവിരുദ്ധ വികാരവും കരുണാനിധിയുടെ മരണശേഷം ദുർബലമായ ഡി.എം.കെയുടെ നേതൃത്വവും തനിക്കനുകൂല ഘടകങ്ങളാണെന്നും അഴിമതിക്കെതിരെയുള്ള ഒറ്റയാൾ സൈന്യം എന്ന ഇമേജ് മധ്യവർത്തി വോട്ടുകൾ സമാഹരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം ധരിച്ചു. മാത്രമല്ല, നിലവിലുള്ള ഇരുമുന്നണികൾക്കും ബദലായി ഒരു മൂന്നാം മുന്നണിക്കായുള്ള അരങ്ങ് ഒരുങ്ങിയതായും കമൽ വിലയിരുത്തി. ഇതേസമയം തന്നെ സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള അതിനിശിതമായ വിമർശനങ്ങൾ രാഷ്ട്രീയ പ്രസ്താവനകളായും സമൂഹമാധ്യമ പോസ്റ്റുകളായും പ്രചരിപ്പിക്കുന്നതുവഴി ബി.ജെ.പി-ഹിന്ദുത്വ വിരുദ്ധരെ ആകർഷിക്കാനും കമലിന് സാധിച്ചു.

തെരഞ്ഞെടുപ്പിൽ ഒറ്റക്കുള്ള പോരാട്ടം

2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കമലിന്‍റെ ലക്ഷ്യത്തിലേക്കുള്ള ഉരകല്ലായിരുന്നു. ഇരുമുന്നണികളുമായും സഖ്യത്തിൽ ഏർപ്പെടാതെ, ബ്രാൻഡ് ബിൽഡിങ് എന്ന ഉദ്ദേശ്യത്തോടെയാണ് പാർട്ടി ഒറ്റക്ക് മത്സരിച്ചത്. പുതിയൊരു രാഷ്ട്രീയ കക്ഷിയെ സംബന്ധിച്ചിടത്തോളം താരതമ്യേന മോശമല്ലാത്ത ഫലമുണ്ടാക്കാനുമായി. സ്ഥാനാർഥിത്വത്തിൽനിന്ന് വിട്ടുനിന്നുകൊണ്ട് കമൽ മുന്നിട്ടിറങ്ങി പ്രചാരണം നയിച്ച ഈ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റിലും വിജയിക്കാൻ സാധിച്ചില്ലെങ്കിലും 3.7 ശതമാനം വോട്ടു സമാഹരിക്കാനായി. ചെന്നൈ, കോയമ്പത്തൂർ നഗരപ്രദേശങ്ങളിൽ ഇതര പാർട്ടികളുടെ ജയപരാജയങ്ങൾ നിർണയിക്കാനും സാധിച്ചു. രണ്ടിടങ്ങളിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾ നേടി.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മറ്റൊരു തന്ത്രമാണ് കമൽ സ്വീകരിച്ചത്. തനിച്ചു നിൽക്കാതെ, ഇന്ത്യ ജനനായക കക്ഷി, ശരത്കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി തുടങ്ങിയ ചെറുപാർട്ടികളുമായി സഖ്യം ചേർന്ന് മൂന്നാം മുന്നണി രൂപവത്കരിച്ചു. താരതമ്യേന മികച്ച ജനസമ്മതി ലഭിച്ച നഗരപ്രദേശങ്ങളിലെ സുരക്ഷിത മണ്ഡലങ്ങൾ ഉപേക്ഷിച്ച് എ.ഐ.എ.ഡി.എം.കെയുടെയും ബി.ജെ.പിയുടെയും ശക്തികേന്ദ്രമായ കോയമ്പത്തൂരിൽ സ്വയം മത്സരിക്കാൻ കമൽ തീരുമാനിച്ചത് നഗരകേന്ദ്രിതമായ രാഷ്ട്രീയ നീക്കങ്ങളെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാനാവില്ല എന്ന തിരിച്ചറിവിലായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവ് വാനതി ശ്രീനിവാസന് അതിശക്തമായ വെല്ലുവിളി ഉയർത്തിയെങ്കിലും 1728 വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെട്ടു. അഭിമാന പ്രശ്നം എന്നനിലയിൽ ഈ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടിവന്നത് കാരണം പാർട്ടിക്ക് മറ്റിടങ്ങളിൽ നല്ല മത്സരം കാഴ്ചവെക്കാനും സാധിച്ചില്ല. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ ആ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുകയും ചെയ്തു.

പാർട്ടിയിൽനിന്നുള്ള കൊഴിഞ്ഞുപോക്കുകൾ

തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം പാർട്ടിയെ മൊത്തത്തിൽ ഒന്നുലച്ചു. കമൽഹാസന്റെ നേതൃശൈലിയുടെ ഏകാധിപത്യ സ്വഭാവത്തിനെതിരെ മുൻനിര നേതാക്കൾ രംഗത്തുവരുകയുംചെയ്തു. എം.എൻ.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ രൂപപ്പെടുത്താൻ ചുമതലപ്പെട്ട സാംഖ്യാ സൊലൂഷൻസ് എന്ന കൺസൾട്ടൻസി മേധാവി സുരേഷ് അയ്യരുടെ ഇടപെടലുകളും കമലിന്റെ സ്വേച്ഛാധിപത്യ തീരുമാനങ്ങളും ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലാതാക്കി എന്നാരോപിച്ചുകൊണ്ട് ജനറൽ സെക്രട്ടറി മുരുഗാനന്ദം, വൈസ് പ്രസിഡന്റ് ഡോ. ആർ. മഹേന്ദ്രൻ എന്നിവർ പാർട്ടി വിട്ടു. ഇത്തരം കൊഴിഞ്ഞുപോക്കുകളും പാർട്ടിയെ ക്ഷീണിപ്പിച്ചു. ഇതേതുടർന്ന് പാർട്ടി നയരൂപവത്കരണത്തിൽ ബാഹ്യ ഏജൻസികളെ ഒഴിവാക്കിക്കൊണ്ട് നേരിട്ടുള്ള മേൽനോട്ടം കമൽഹാസൻ ഏറ്റെടുത്തു.

രണ്ടു മുഖ്യകക്ഷികളിൽ ധ്രുവീകരിച്ചിരിക്കുന്ന സംസ്ഥാന രാഷ്ട്രീയത്തെ ഒറ്റക്ക് നേരിടുന്നത് എളുപ്പമല്ല എന്ന തിരിച്ചറിവ് ഉണ്ടായതിന്റെ ഭാഗമാണ് ഈറോഡ് ഈസ്റ്റിൽ ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ ഡി.എം.കെ സ്ഥാനാർഥിക്ക് പിന്തുണകൊടുത്തുകൊണ്ടു മത്സരത്തിൽനിന്ന് മാറിനിന്നത്. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയോട് ഒരു നയപരമായ ഐക്യം പ്രകടിപ്പിക്കുന്ന തന്ത്രമാണ് പിന്നീട് കമൽ കൈയാളുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഒറ്റക്ക് നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവോടെ, ദേശീയ രാഷ്ട്രീയത്തിലേക്ക്, പ്രത്യേകിച്ചു ഇൻഡ്യാ മുന്നണിയുടെ രൂപവത്കരണത്തിനുശേഷം ആ രാഷ്ട്രീയചേരിയുമായി ഐക്യം പ്രകടിപ്പിക്കാൻ കിട്ടുന്ന സന്ദർഭങ്ങളെല്ലാം അദ്ദേഹം ഉപയോഗിച്ചു.

രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ ഡൽഹിയിലെത്തിയപ്പോൾ അതിൽ പങ്കുചേരാനും സംസ്ഥാനരാഷ്ട്രീയത്തിൽനിന്ന് അൽപം അകന്നു ദേശീയതലത്തിൽ സജീവമാക്കാനും അദ്ദേഹം തീരുമാനിച്ചു. ‘സേവ് ഡെമോക്രസി’, ‘ഭരണഘടനാ സംരക്ഷണം’ പോലുള്ള ജനകീയ മുന്നേറ്റങ്ങളിൽ പങ്കാളിയായി. ഇതിനായി എം.എൻ.എം ഇൻഡ്യാ സഖ്യത്തിൽ അംഗത്വം സ്വീകരിച്ചു. ഇൻഡ്യാ മുന്നണിയിലെ അംഗങ്ങൾ തമ്മിലുള്ള മത്സരം ഒഴിവാക്കാനായി 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽനിന്ന് ഒഴിഞ്ഞു നിന്ന് സഖ്യത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങി. ഇതിനിടെ മുന്നണിധാരണയുടെ അടിസ്ഥാനത്തിൽ ഒഴിവുവരുന്ന രാജ്യസഭ സീറ്റ് ഉറപ്പിക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിൽ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം മുഴുവൻ സീറ്റുകളും തൂത്തുവാരി. കമൽ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു.

വാസ്തവത്തിൽ, ‘തമിഴ് വെട്രി കഴകം’ എന്ന പുതിയ രാഷ്ട്രീയ കക്ഷി രൂപവത്കരിച്ചുകൊണ്ടുള്ള നടൻ വിജയിയുടെ വരവാണ് കമൽഹാസന്റെ രാഷ്‌ട്രീയ നയപരിപാടികളിൽ അടിസ്ഥാനപരമായ മാറ്റം വരുത്താൻ ഇടയാക്കിയത്. 2024നു മുമ്പുവരെ ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ വിരുദ്ധ മൂന്നാം മുന്നണി എന്ന ആശയത്തോട് ഏറെ പ്രതിപത്തി കാണിച്ചിരുന്ന കമൽ, ഡി.എം.കെ മുന്നണിയുടെ മുതിർന്ന വക്താവായി മാറിയതിന്റെ അടിയന്തര രാഷ്ട്രീയ കാരണം വിജയ് ഉയർത്തിയ വെല്ലുവിളിയാണ്. മക്കൾ നീതി മയ്യം ലക്ഷ്യംവെച്ചിരുന്ന നഗര കേന്ദ്രിത യുവാക്കളിലേക്കു വിജയിയുടെ പ്രചാരണതന്ത്രങ്ങൾ കടന്നുകയറുന്നു എന്ന് മനസ്സിലാക്കിയതോടെ ഡി.എം.കെക്കെതിരെ നടത്തിയിരുന്ന മുൻകാല വിമർശനങ്ങളിൽനിന്ന് കമൽ പിൻവാങ്ങി.

എം.കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെയെയാണ് വിജയ് പ്രധാന രാഷ്ട്രീയ എതിരാളിയായി ആവർത്തിച്ച് പ്രഖ്യാപിക്കുന്നത്. എന്നാൽ, ഇവിടെയും തന്ത്രപരമായ ഒരു നിലപാടാണ് കമൽ കൈക്കൊണ്ടത്. വിജയിയുടെ റാലികളിലും പൊതുയോഗങ്ങളിലും കാണുന്ന ആൾക്കൂട്ടത്തിന്റെ വലിപ്പം ജനസമ്മതിയുടെ അടയാളമായി ധരിക്കരുതെന്നും ആഴമുള്ള സംഘടനാ സംവിധാനങ്ങളില്ലാതെ ജനപ്രിയതയും താരപരിവേഷവും വോട്ടായി മാറില്ലെന്നുംപോലുള്ള പ്രതികരണങ്ങളിൽ അദ്ദേഹം ഒതുങ്ങി.

ഒരർഥത്തിൽ സ്വയം വിമർശനവും കൂടിയായിരുന്നു, തത്ത്വത്തിൽ. ഡി.എം.കെക്കെതിരെയും സ്റ്റാലിനെതിരെയുമുള്ള വിജയിയുടെ തുറന്ന വിമർശനങ്ങളെ സഖ്യകക്ഷി നേതാവെന്ന നിലയിൽ നേരിട്ട് പ്രതിരോധിക്കുന്നതിനു പകരം ജാതിഘടന പോലുള്ള പ്രത്യയശാസ്ത്ര വിഷയങ്ങളിലേക്ക് കടക്കാനും നേരിട്ടുള്ള എതിരാളി വ്യക്തികളോ പാർട്ടികളോ അല്ല ജാതി സമ്പ്രദായമാണെന്നും ചൂണ്ടിക്കാട്ടുന്നതിലുമായിരുന്നു കമലിന്റെ താൽപര്യം. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ, സഖ്യകക്ഷിയെന്ന നിലയിൽ സീറ്റുകൾ ആവശ്യപ്പെടാനോ ഡി.എം.കെ മുന്നണിക്ക് ഏതെങ്കിലും നിലയിൽ സമ്മർദം സൃഷ്ടിക്കാനോ കമൽ തയാറല്ലായിരുന്നു. മത്സരത്തിൽനിന്ന് മാറിനിന്നു പ്രചാരണപ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാകുകയും ചെയ്തു.

രണ്ട് അതികായ രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ കാലവിയോഗം ഉണ്ടാക്കിയ ഇടക്കാല ശൂന്യതയിലേക്കാണ് തന്റെ താരപരിവേഷത്തെ ഇന്ധനമാക്കി കമൽ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ജയലളിതയുടെയും കരുണാനിധിയുടെയും പകരംവെക്കാനാവാത്ത വിയോഗങ്ങൾക്കും ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ എന്നീ രണ്ടു രാഷ്ട്രീയ ധ്രുവങ്ങളെ ആശ്രയിച്ച്, യാഥാസ്ഥിതിക അധികാരവ്യവസ്ഥയിൽ തളച്ചിടപ്പെട്ട സമകാലിക രാഷ്ട്രീയത്തോടു സ്വാഭാവികമായി മുളയിടുന്ന ചെടിപ്പുകൾക്കും അസംതൃപ്തിക്കും ഒറ്റമൂലിയാകും തന്റെ താരത്തിളക്കം എന്നായിരുന്നു കമലിന്റെ വിശ്വാസം. അതിനായി ആരാധക സംഘങ്ങളെ ഏകോപിപ്പിക്കാനും അവയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം ചെയ്യാനും നിർണായക അവസരങ്ങളിൽ രാഷ്ട്രീയ നിലപാടുകൾ ശക്തമായി പ്രകടിപ്പിക്കാനും കമൽ ജാഗ്രത കാട്ടി.

എന്നാൽ, ‘മക്കൾ നീതി മയ്യ’ത്തെ പ്രായോഗിക രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിൽ കൊണ്ടുവരാനോ അണികളെ പ്രത്യയശാസ്ത്ര ബദ്ധമായി രാഷ്ട്രീയവത്കരിക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. സിനിമയിൽ, അതിന്റെ വ്യാകരണം സമഗ്രമായി ഗ്രഹിച്ചുകൊണ്ടു നടത്തിയ പരീക്ഷണങ്ങൾക്ക് സമാനമായി രാഷ്ട്രീയ മണ്ഡലത്തിൽ, സാഹചര്യങ്ങൾ അനുകൂലമാക്കാനുള്ള തന്ത്രങ്ങൾ മെനയാനോ പ്രയോഗിക്കാനോ കമലിന് സാധിച്ചില്ല. സിനിമാപ്രേക്ഷകരുടെ ‘ഉലകനായകന്’ ഡി.എം.കെ മുന്നണിയുടെ ഒരു ഛിന്നഗ്രഹമായി പരിണമിക്കാൻ മാത്രമേ സാധിച്ചുള്ളൂ.

(തുടരും)

Tags:    
News Summary - Defeated figures in Tamil politics-Kamal Haasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.