പൗരുഷത്തിന്റെ പ്രകടനാത്മകതകൊണ്ട് സാമ്പ്രദായിക സൗന്ദര്യബോധത്തെ വിജയകരമായി മറികടന്ന നായക നടനാണ് വിജയകാന്ത്. എം.ജി.ആറിനുശേഷം സ്‌ക്രീൻ പരിവേഷം രാഷ്ട്രീയപിന്തുണയാക്കി പരിവർത്തിപ്പിക്കാൻ കഴിഞ്ഞ തമിഴ്‌നാട്ടിലെ ഏക താരവും അദ്ദേഹംതന്നെ. എന്നാൽ, പ്രായോഗിക രാഷ്ട്രീയത്തിലെ പിരിമുറുക്കങ്ങളും പാർട്ടിയിലെ ആഭ്യന്തര സംഘർഷങ്ങളും മുൻ പിൻ നോക്കാതെയുള്ള എടുത്തുചാട്ടങ്ങളും അദ്ദേഹത്തിന് സമ്മാനിച്ചത് കടുത്ത തിരിച്ചടികളാണ്. വിജയകാന്തിന്റെ രാഷ്ട്രീയ-സിനിമ ജീവിതത്തെക്കുറിച്ച് സമഗ്രമായി പറയുകയാണ് ഇത്തവണ.
തമിഴ് സിനിമക്ക് സൗന്ദര്യശാസ്ത്രപരമായ പരിണാമം സംഭവിക്കുന്ന ഒരു കാലഘട്ടത്തിന്റെ രണ്ടു നായകസ്വരൂപങ്ങളാണ് രജനികാന്തും വിജയകാന്തും. സ്റ്റൈലൈസ്ഡ് മാനറിസംകൊണ്ട് രജനിയും പൗരുഷത്തിന്റെ പ്രകടനാത്മകതകൊണ്ട് വിജയകാന്തും സാമ്പ്രദായിക സൗന്ദര്യബോധത്തെ വിജയകരമായി മറികടന്നു. മാസ് സ്‌ക്രീൻ സാന്നിധ്യവും, സംഘട്ടന രംഗങ്ങളിലെ ചടുലതയും മൂർച്ചയുമുള്ള സംഭാഷണശൈലിയും പരുക്കൻ ശരീരഭാഷയും വിജയകാന്തിനെ വേറിട്ട നായകനാക്കി.
എം.ജി.ആർ-ശിവാജി ദ്വന്ദ്വത്തിന്റെ തുടർച്ചയെന്നോണം തമിഴ് സിനിമയുടെ താരകേന്ദ്രങ്ങളായി രജനികാന്തും കമൽഹാസനും ഇരു ധ്രുവങ്ങളിലൂടെ സൂപ്പർതാരങ്ങളായി പരിണമിച്ചപ്പോൾ സമാന്തരമായി സഞ്ചരിച്ച് താരപദവി കൈവരിക്കാൻ വിജയകാന്തിനു സാധിച്ചു. എം.ജി. രാമചന്ദ്രനുശേഷം സ്‌ക്രീൻ പരിവേഷം രാഷ്ട്രീയപിന്തുണയാക്കി പരിവർത്തിപ്പിക്കാൻ കഴിഞ്ഞ തമിഴ്‌നാട്ടിലെ ഏകതാരം വിജയകാന്താണ്. എന്നാൽ, പ്രായോഗിക രാഷ്ട്രീയത്തിലെ പിരിമുറുക്കങ്ങളെയും പാർട്ടിയിലെ ആഭ്യന്തര സംഘർഷങ്ങളെയും മുൻപിൻ നോക്കാതെയുള്ള എടുത്തുചാട്ടങ്ങൾമൂലമുണ്ടായ പ്രത്യാഘാതങ്ങളെയും, എല്ലാറ്റിനുമുപരി സ്വന്തം ആരോഗ്യപ്രശ്നങ്ങളെയും അതിജീവിക്കാൻ അദ്ദേഹത്തിന് സാധിക്കാതെ പോയി.
ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ മുന്നണികൾക്ക് ബദൽ എന്ന അവകാശവാദവുമായി വിജയകാന്ത് രാഷ്ട്രീയത്തിൽ ഉദയംചെയ്തപ്പോൾ ഈ നീക്കത്തെ ആരും ആദ്യം അത്ര ഗൗരവത്തിലെടുത്തിരുന്നില്ല. രജനികാന്തിന്റെ പുറപ്പാടിൽ കുറഞ്ഞ ഒരു രാഷ്ട്രീയ കൊടുങ്കാറ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. രാഷ്ട്രീയത്തിലിറങ്ങാനുള്ള രജനിയുടെ തീരുമാനത്തിൽ പലവട്ടം ചാഞ്ചാട്ടമുണ്ടായതോടെയാണ് വിജയകാന്ത് എന്ന താരോദയം തമിഴ്‌നാട് രാഷ്ട്രീയത്തെ ചടുലമാക്കുന്നത്.
മധുരയിലെ രാമാനുജപുരത്തിൽ തെലുഗു-നാടാർ സമുദായത്തിലാണ് വിജയകാന്തിന്റെ ജനനം. പതിനൊന്നാം ക്ലാസ് തോറ്റതോടെ പഠിപ്പ് നിർത്തി. പിതാവ് അഴഗർ സ്വാമിയുടെ ഉടമസ്ഥതയിലുള്ള അരി മിൽ നടത്തിപ്പ് ഏറ്റെടുത്തു. എം.ജി.ആറിന്റെ കടുത്ത ആരാധകനായിരുന്ന വിജയകാന്തിന് അദ്ദേഹത്തിന്റെ ഓരോ സിനിമയും സീനോട് സീൻ മനഃപാഠമായിരുന്നു. അരിമില്ലു നടത്തിപ്പിൽ വിജയമായിരുന്നെങ്കിലും സിനിമയായിരുന്നു വിജയകാന്തിന്റെ ലക്ഷ്യം. മധുരയിലെ രാസി സ്റ്റുഡിയോയിൽ ഷൂട്ട് നടത്തി വിവിധ സിനിമാ കമ്പനികൾക്കു ഫോട്ടോ അയച്ചുകൊടുക്കൽ പതിവായി.
ഭാഗ്യാന്വേഷണങ്ങൾ
തമിഴ് പ്രേക്ഷകരുടെ നായക സങ്കൽപങ്ങളെ തകിടം മറിച്ചാണ് 1975ൽ രജനികാന്തിന്റെ ആദ്യ സിനിമ ‘അപൂർവ രാഗങ്ങൾ’ റിലീസാകുന്നത്. വിജയകാന്തിനെപ്പോലെ സിനിമാമോഹം കൊണ്ടുനടന്ന അനേകായിരം യുവാക്കളുടെ പ്രതീക്ഷകൾക്ക് ഈ ചിത്രം ചിറകുകൾ നൽകി. രജനിയെ പോലെ ഇരുണ്ട നിറമുള്ളവർക്കും ചലച്ചിത്ര നടനാകാം എന്ന സാധ്യത, നേരത്തേതന്നെ സിനിമാമോഹം കൊണ്ടുനടന്നിരുന്ന വിജയകാന്തിനെയും പ്രചോദിപ്പിച്ചു. അവസരങ്ങൾ തേടി സിനിമാ കമ്പനികൾ തോറുമുള്ള വിജയകാന്തിന്റെ ഭാഗ്യാന്വേഷണങ്ങളെ പറ്റി കമൽ ഹാസൻ ഒരു സന്ദർഭത്തിൽ പറഞ്ഞത്, താനും രജനിയും പ്രൊഡക്ഷൻ കമ്പനികളിൽ ചെല്ലുമ്പോഴെല്ലാം, അവിടങ്ങളിൽ തങ്ങൾക്കു മുമ്പേ വന്നെത്താറുള്ള ഒരു ചെറുപ്പക്കാരന്റെ, കൈവിടപ്പെടാത്ത ശുഭാപ്തിവിശ്വാസത്തെ കുറിച്ചായിരുന്നു.
ഒടുവിൽ ആദ്യ അവസരം 1979ൽ വിജയകാന്തിനെ തേടിയെത്തി. നിർമാതാവുകൂടിയായ എം.എ കാജാ സംവിധാനം ചെയ്ത ‘ഇനിക്കും ഇളമൈ’ എന്ന സിനിമയിലൂടെയാണ് വിജയകാന്തിന്റെ രംഗപ്രവേശം. സുധാകറും രാധികയും നായികാനായകന്മാരായ ഈ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു വിജയകാന്തിന്. ചിത്രം ബോക്സ് ഓഫിസിൽ പരാജയപ്പെട്ടെങ്കിലും വിശാലമായ സൗഹൃദബന്ധങ്ങൾ ഉണ്ടായിരുന്ന പുതുമുഖ നടന് സുഹൃത്തുക്കൾ മുൻകൈയെടുത്ത് രസികർ മൺട്രം (ഫാൻസ് അസോസിയേഷൻ) ഉണ്ടാക്കി.
തെലുഗു-നായിഡു സമുദായത്തിൽപെട്ട മധുരൈ, കോവിൽപട്ടി, ദിണ്ടിഗൽ പ്രദേശങ്ങളിലെ യുവാക്കൾ ആവേശപൂർവം ഇതേറ്റെടുത്തു. സിനിമാരംഗത്തെ വിജയകാന്തിന്റെ ഉയർച്ചക്കനുസരിച്ച് ആരാധക സംഘടന വിപുലീകരിക്കപ്പെട്ടു. എന്തിന്, രജനികാന്തിനും കമൽ ഹാസനും ആരാധക സംഘടനകൾ ഇല്ലാത്ത കുഗ്രാമങ്ങളിൽപോലും വിജയകാന്തിനു ‘രസികർ മൺട്ര’ങ്ങൾ ഉണ്ടായി. ആദ്യകാലത്ത് അഭിനയിച്ച നിരവധി ചിത്രങ്ങൾ പരാജയമേറ്റുവാങ്ങിയെങ്കിലും ഇബ്രാഹിം റാവുത്തറെ പോലുള്ള അടുത്ത സുഹൃത്തുക്കളുടെ പിൻബലത്തിലാണ് വിജയകാന്ത് പിടിച്ചുനിന്നത്.
1981ൽ നടൻ വിജയിയുടെ പിതാവ്, എസ്.എ. ചന്ദ്രശേഖറിന്റെ ‘സട്ടം ഒരു ഇരുട്ടറൈ’ എന്ന ചിത്രത്തിലാണ് ആദ്യമായി വിജയകാന്തിനു നായകവേഷം ലഭിക്കുന്നത്. ‘വൈദേഹി കാത്തിരുന്താൾ’, ‘അമ്മൻ കോയിൽ കിഴക്കാലേ’, ‘ഊമൈവിഴികൾ’, ‘പൂന്തോട്ട കാവൽക്കാരൻ’, മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ‘സെന്തൂര പൂവേ’ അടക്കമുള്ള 80കളിലെ ഹിറ്റ് സിനിമകൾ വിജയകാന്തിന്റെ പ്രേക്ഷകപ്രീതി വർധിപ്പിച്ചു.
’90കളിലെ ‘ചിന്ന കൗണ്ടർ’, ‘ക്യാപ്റ്റൻ പ്രഭാകരൻ’, ‘മാനഗര കാവൽ’, ‘പുലൻ വിസാരണൈ’ എന്നീ ചിത്രങ്ങൾ വിജയകാന്തിനു താരപദവി നൽകി. 2000ങ്ങളുടെ ആദ്യ പകുതിയിൽ റിലീസ് ചെയ്ത ‘രമണ’യും ‘തെന്നവ’നും വിജയകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നൊരുക്കങ്ങളായിരുന്നു.
അഭിനയ വ്യക്തിത്വം
ആകാര സവിശേഷത കാരണം ചോക്ലറ്റ് ബോയ് മാതൃകകളിൽനിന്ന് മാറി, അസംസ്കൃത ശാരീരികതയെ ആഴത്തിൽ വെളിപ്പെടുത്താൻ കിട്ടിയ സന്ദർഭങ്ങൾ ഫലപ്രദമായി ഈ യുവനടൻ ഉപയോഗിച്ചു. ‘വൈദേഹി കാത്തിരുന്താ’ളിൽ സാമ്പ്രദായിക ഗ്രാമീണ ജീവിതാവസ്ഥയിൽ ഞെരിഞ്ഞമരുന്ന വ്യക്ത്യാഭിലാഷങ്ങളെ അലിവോടെ ചേർത്തുപിടിക്കുന്ന വിരഹിയായ ഏകാകിയുടെ വേഷം വിജയകാന്തിന്റെ കൈയിൽ ഭദ്രമായിരുന്നു. നൃത്തരംഗങ്ങളിൽ ക്ലാസിക്-സാങ്കേതിക തികവ് ഇല്ലെങ്കിലും ചടുലമായ ചലനങ്ങളും ചുവടുകളുംകൊണ്ട് ആ പരിമിതികളെ അതിജീവിക്കാൻ വിജയകാന്തിനു സാധിച്ചു. ഭാനുപ്രിയക്കൊപ്പം ‘ഭരതൻ’ എന്ന സിനിമയിൽ അദ്ദേഹം ചുവടുവെച്ച ‘പുന്നഗൈയിൽ മിൻസാരം’ പ്രേക്ഷക ശ്രദ്ധനേടിയ നൃത്തരംഗങ്ങളിൽ ഒന്നാണ്. സംഘട്ടനരംഗങ്ങളിൽ ഉയർന്നു ചാടി ചവിട്ടുന്ന, ഡ്യൂപ്പുകളെ ആശ്രയിക്കാത്ത വിജയകാന്ത് ആക്ഷൻ പ്രേമികളെയും കൈയിലെടുത്തു.
’90കളിലെ വിജയകാന്തിന്റെ പൊലീസ് വേഷങ്ങൾ ധാർമികതയുടെയും ആത്മസംയമനത്തിന്റെയും പ്രതിരൂപങ്ങളായിരുന്നു. ക്ഷുഭിത യൗവനത്തിന്റെ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട്, നിയന്ത്രിത തീവ്രതയോടെ, എന്നാൽ തുളച്ചുകയറുന്ന ഭാവങ്ങളിലൂടെ അഴിമതി സംവിധാനത്തിനെതിരെ പൊരുതുന്ന ‘സത്യ’യിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആക്ഷൻ സീക്വൻസുകൾ കൂടുതൽ താളാത്മകമായി തുടങ്ങുന്നത് ഇക്കാലത്താണ്. ‘പുലൻ വിസാരണൈ’, ‘മാനഗരകാവൽ’, ‘ക്യാപ്റ്റൻ പ്രഭാകര’നൊക്കെ ഈ ഘട്ടത്തിലെ വൻ ഹിറ്റുകളാണ്.
’90കളുടെ അവസാനത്തോടെ വിജയകാന്തിന്റെ സംഭാഷണരീതിയിൽ മാറ്റം വരുന്നുണ്ട്. ദേശസ്നേഹത്തിന്റെ പ്രമേയങ്ങൾക്ക് പ്രാധാന്യം നൽകിയ ഈ കാലത്ത് ദൈർഘ്യമേറിയതും ദ്രുതഗതിയിലുള്ളതുമായ സംഭാഷണങ്ങൾ അവതരിപ്പിക്കാൻ വ്യതിരിക്തവും പരുക്കനുമായ ഒരു മോഡുലേഷൻ സ്വീകരിച്ചുതുടങ്ങി. രണ്ടായിരത്തോടെ വിജയകാന്തിന്റെ അഭിനയശൈലി അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിലാഷങ്ങളോട് ചേർന്നുനിൽക്കുന്ന പ്രമേയങ്ങൾ സ്വീകരിച്ചുതുടങ്ങി.
ശാന്തമായ കൊടുങ്കാറ്റ് ശൈലിയിൽ രൂപപ്പെടുത്തിയ ‘രമണ’ ഈ ശ്രേണിയിൽ വൻ വിജയമായി. ‘വല്ലരസ്’, ‘സിമ്മാസനം’, ‘നരസിംഹ’ പോലുള്ള ചിത്രങ്ങൾ വിജയകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ഊർജിതപ്പെടുത്തുന്ന സീനുകൾകൊണ്ട് സമ്പന്നമായിരുന്നു.
’80കളിലെ സൂക്ഷ്മാഭിനയം ഇക്കാലത്ത് ഹൈപ്പർ-മസ്കുലിനിറ്റിയായി പരിണമിച്ചു. ‘ചിന്ന കൗണ്ടർ’പോലുള്ള സിനിമകളുടെ കാലം തൊട്ടേ ധാർമികതയുടെ ഒരു പാഠമായി പ്രമേയങ്ങളെ രൂപപ്പെടുത്തുന്നതിൽ വിജയകാന്ത് ശ്രദ്ധ ചെലുത്തിയിരുന്നു. പഞ്ച് ലൈനുകളിൽ ക്ലിപ് ചെയ്യാൻ പാകത്തിൽ രൂപകൽപന ചെയ്ത ഡയലോഗ് ഡെലിവറി കൂടുതൽ ആക്രമണാത്മകവും സമകാലിക രാഷ്ട്രീയ വിമർശനങ്ങളുമായി മാറുന്നത് 2000ങ്ങളോടെയാണ്.
കളമൊരുക്കൽ
എന്നാൽ, ഇതിനെല്ലാം മുമ്പേതന്നെ വിജയകാന്തിന്റെ രാഷ്ട്രീയ ഇടപെടലുകൾ ആരംഭിക്കുന്നുണ്ട്. ശ്രീലങ്കയിൽ തമിഴ്‌വംശജർക്കെതിരെ നടന്ന വംശീയാക്രമണങ്ങളിൽ പ്രതിഷേധിച്ച് 1984ൽ ആരാധകരെ വിളിച്ചുകൂട്ടി വിജയകാന്ത് ചെന്നൈയിൽ നടത്തിയ നിരാഹാര സമരമാണ് ഇവയിൽ പ്രധാനം. കമൽഹാസനും സമാനമായ സമരം സംഘടിപ്പിച്ചിരുന്നുവെങ്കിലും വിജയകാന്തിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനാണ് ജനശ്രദ്ധ ലഭിച്ചത്. ഈറോഡിൽ ഒരു സൗജന്യ പ്രാഥമിക ചികിത്സാ കേന്ദ്രം സ്ഥാപിച്ചതുപോലുള്ള കാരുണ്യ പ്രവർത്തനങ്ങൾ തമിഴ്‍നാട്ടിലെ വിവിധ ഇടങ്ങളിൽ വ്യാപിപ്പിച്ചതും സഹായം അഭ്യർഥിച്ചു വരുന്നവരോടുള്ള അനുഭാവ പൂർണമായ പെരുമാറ്റവുമെല്ലാം സാധാരണ ജനങ്ങളിൽ വിജയകാന്തിനോടുള്ള ആദരം വർധിപ്പിച്ചു.
1991-96 കാലഘട്ടത്തിലെ തമിഴ്‌നാട് രാഷ്ട്രീയം മുഖ്യമന്ത്രി ജയലളിതയുടെ അധികാര മുഷ്‌ക്കുകൊണ്ടു കലുഷിതമായിരുന്നു. ജയലളിതയും കരുണാനിധിയും തമ്മിലുള്ള വാക് പോർ വ്യക്തിപരമായ ശത്രുതയോളം വളർന്നു. കരുണാനിധിയുടെ, സിനിമാപ്രവേശനത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മുൻകൈയെടുക്കാൻ ചലച്ചിത്ര പ്രവർത്തകരാരും ധൈര്യപ്പെട്ടില്ല. എന്നാൽ, ഈ വെല്ലുവിളി വിജയകാന്ത് ഏറ്റെടുത്തു. കരുണാനിധിയെ സമുചിതമായി ആദരിക്കും വിധം വിജയകാന്ത് ഒരു സമ്മേളനം വിളിച്ചുകൂട്ടി. വിജയകാന്ത് സിനിമകളുടെ ടൈറ്റിൽ കാർഡുകളിലെ ‘പുരട്ചി കലൈജ്ഞർ’ എന്ന വിശേഷണം ‘കലൈജ്ഞർ’ കരുണാനിധിയോടുള്ള ആദരവിന്റെ സാക്ഷ്യപത്രമായിരുന്നു. എം.ജി.ആറിന്റെ തീവ്ര ആരാധകനായിരുന്ന വിജയകാന്ത് കരുണാനിധിക്കും സമാനമായ ബഹുമാനം നൽകി.
1996ലെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ‘രസികർ മൺട്ര നിർവാഹികൾ’ വ്യക്തിപരമായി മത്സരിച്ച് വിജയിച്ചത് വിജയകാന്തിന്റെ രാഷ്ട്രീയ പ്രതീക്ഷകളെ ഉദ്ദീപിപ്പിച്ചു. 2001ൽ ജയലളിത അധികാരത്തിൽ എത്തിയ ശേഷമുള്ള പഞ്ചായത്ത്-മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിലും ‘രസികർ മൺട്രം’ നേതാക്കൾ മത്സരിച്ചു വിജയിക്കുകയുണ്ടായി. ഈ രണ്ടു കാലഘട്ടത്തിലും രജനികാന്ത് ഫാൻസ് അസോസിയേഷൻ ഭാരവാഹികളും മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും അവർക്കാർക്കും വിജയം കണ്ടെത്താനായില്ല. മധുരയിൽ മാത്രം 18 വിജയകാന്ത് ആരാധകർ ജയിച്ചുകയറി. അവരെ ചെന്നൈയിലേക്ക് ക്ഷണിച്ചുവരുത്തി മാധ്യമശ്രദ്ധ ആകർഷിക്കാനും വിജയകാന്ത് മറന്നില്ല.
2000ൽ രസികർ മൺട്രത്തിന് ഒരു പതാക രൂപകൽപന ചെയ്ത് വിജയകാന്ത് പുറത്തിറക്കി; കറുപ്പും ചുവപ്പും മഞ്ഞയും നിറത്തിൽ, മധ്യത്തിൽ ദീപശിഖയടങ്ങിയ പതാക! ‘രാജ്യം’ എന്ന ചിത്രത്തിലുടനീളം ഈ പതാക പ്രദർശിപ്പിച്ചുകൊണ്ട് വിജയകാന്ത് തന്റെ രാഷ്ട്രീയോദ്ദേശ്യം വ്യക്തമാക്കി. ഇക്കാലത്തുള്ള മിക്ക ചിത്രങ്ങളിലും ‘രസികർ മൺട്ര’ പതാക പ്രദർശിപ്പിക്കാനും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്താനും വിജയകാന്ത് ശ്രദ്ധപുലർത്തി. ഇതിനിടെ, സിനിമാതാരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ വൻ കടബാധ്യത തീർക്കാൻ അധ്യക്ഷൻ എന്ന നിലയിൽ കാണിച്ച നേതൃശേഷി വിജയകാന്തിന്റെ ഈ രംഗത്തും സമാദരണീയനാക്കി മാറ്റി.
രാഷ്ട്രീയ ഇടപെടലുകൾ
ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയെയും പ്രതിപക്ഷത്തെ ഡി.എം.കെയെയും അതിരൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള തുടർച്ചയായ പത്രപ്രസ്താവനകളായിരുന്നു വിജയകാന്തിന്റെ അടുത്ത നീക്കം. എ.ഐ.എ.ഡി.എം.കെയെയും ജയലളിതയെയും വിമർശിക്കുന്നതിലും വിജയകാന്ത് ഏറെ ശ്രദ്ധചെലുത്തിയത് ഡി.എം.കെക്കെതിരെയുള്ള ആരോപണങ്ങൾ കടുപ്പിക്കുന്നതിലായിരുന്നു. കുടുംബാധിപത്യവും ദ്രാവിഡ പ്രത്യയശാസ്ത്ര ചോർച്ചയും ഡി.എം.കെയെ ജീർണിപ്പിച്ചു എന്ന ആവർത്തിച്ചുള്ള വിമർശനം ഡി.എം.കെ പ്രവർത്തകർക്കും വിജയകാന്ത് ആരാധകർക്കും ഇടയിൽ സംഘർഷാവസ്ഥയുണ്ടാക്കി. പ്രതിപക്ഷത്തിരിക്കുന്ന ഡി.എം.കെക്കെതിരെ കാണിക്കുന്ന ഈ ആവേശം അധികാരത്തിലിരിക്കുന്ന ജയലളിതക്കു നേരെ പ്രകടിപ്പിക്കാൻ ധൈര്യമുണ്ടോ എന്ന് വിജയകാന്തിനെ അവർ വെല്ലുവിളിച്ചു.
ഡി.എം.കെയുമായുള്ള തുറന്ന പോര് തുടരുന്ന കാലത്താണ് 2004ലെ ലോക്സഭ തെരഞ്ഞെടുപ്പ്. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ ഡി.എം.കെ ഉൾപ്പെട്ട യു.പി.എ മുന്നണി സർക്കാർ രൂപവത്കരിക്കുന്നു. ഡി.എം.കെയിലെ ടി.ആർ. ബാലു കപ്പൽ-ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്തു. ദേശീയപാതകളുടെ വികസനത്തിന്റെ ഭാഗമായി മുൻ സർക്കാർ മുന്നോട്ടുവെച്ച നിരവധി പദ്ധതികൾ ഏറ്റെടുത്തു ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ ടി.ആർ. ബാലു നീക്കമാരംഭിച്ചു.
ചെന്നൈ കോയമ്പേട്ടിൽ ദേശീയപാതക്കുള്ള സ്ഥലമേറ്റെടുക്കലിൽ വിജയകാന്തിന്റെ ഉടമസ്ഥതയിലുള്ള ‘ആണ്ടാൾ അഴകർ’ കല്യാണ മണ്ഡപം സ്ഥിതിചെയ്യുന്ന ഭൂമിയും ഉൾപ്പെട്ടിരുന്നു. ഡി.എം.കെയുടെ പ്രതികാര നടപടിയുടെ ഭാഗമാണ് ഇതെന്ന് വിജയകാന്ത് വിശ്വസിച്ചു. വിദഗ്ധ എൻജിനീയർമാരുള്ള സംഘത്തോടൊപ്പം ബദൽ മാർഗം നിർദേശിച്ച്, ഉപരിതല ഗതാഗത വകുപ്പ് അധികൃതരെയും മന്ത്രി ബാലുവിനെയും ചെന്ന് കണ്ടിട്ടും നിരാശയായിരുന്നു ഫലം. കോടതി നടപടികളിലും പരാജയപ്പെട്ടു. 16ലധികം സെന്റ് സ്ഥലം വിജയകാന്തിനു വിട്ടുകൊടുക്കേണ്ടിവന്നു. കല്യാണ മണ്ഡപത്തിന്റെ ഒരു ഭാഗം ഇടിച്ച് മാറ്റപ്പെട്ടു. ഇതിൽ നിരാശനും ക്ഷുഭിതനുമായ വിജയകാന്ത് രാഷ്ട്രീയാധികാരം കൈയിലെടുക്കാതെ നിവൃത്തിയില്ല എന്ന തീരുമാനത്തിലെത്തി. പ്രസ്താവനയുദ്ധങ്ങൾക്ക് പകരം രാഷ്ട്രീയത്തിൽ നേരിട്ട് ഇറങ്ങാൻ ഈ സംഭവം വലിയൊരു പ്രേരണയായി.
ഇക്കാലത്ത് ഡോ. രാമദാസിന്റെ നേതൃത്വത്തിലുള്ള പാട്ടാളി മക്കൾ കക്ഷി പ്രവർത്തകരും വിജയകാന്തിന്റെ ആരാധകരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. 1998ലെ ‘മറുമലർച്ചി’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുക്കുന്നത്. മമ്മൂട്ടി നായകനായ ഈ സിനിമയിൽ ആദ്യം പരിഗണിച്ചിരുന്നത് വിജയകാന്തിനെയാണ്. അതിലെ നായകൻ രാസു പടയാട്ച്ചി വണ്ണിയർ സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രമാണ്. ജാതിപ്പേരുള്ള നായകവേഷത്തിൽ അഭിനയിക്കാൻ താൽപര്യമില്ലെന്ന വിജയകാന്തിന്റെ ശാഠ്യം പി.എം. കെ നേതൃത്വത്തെയും പ്രവർത്തകരെയും ചൊടിപ്പിച്ചു. ‘സക്കരൈ തേവൻ’, ‘ചിന്ന കൗണ്ടർ’ പോലുള്ള ജാതിപ്പേരുള്ള നായക കഥാപാത്രങ്ങളായി മുമ്പ് അഭിനയിച്ച വിജയകാന്തിന്റെ നിർബന്ധബുദ്ധി സമുദായത്തോടുള്ള അധിക്ഷേപമാണെന്നവർ ആരോപിച്ചു. വിജയകാന്തിനെ പരിഹസിച്ച് പി.എം.കെ പ്രവർത്തകർ മുന്നിട്ടിറങ്ങിയതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളും തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽ ഏറ്റുമുട്ടി.
പലകോണുകളിൽനിന്ന് തന്നെ ഒതുക്കാനുള്ള നീക്കങ്ങൾക്കൊപ്പം ആരാധകരിൽനിന്നുള്ള സമ്മർദങ്ങളും കൂടി ഉണ്ടായതോടെ 2005ൽ പാർട്ടി രൂപവത്കരിക്കാൻ അന്തിമ തീരുമാനമായി. തിരുവണ്ണാമലൈയിൽ ആരാധകരുടെ യോഗത്തിൽ വിജയകാന്ത് ഇക്കാര്യം പ്രഖ്യാപിച്ചു. മധുരയിൽ കൂറ്റൻ ജനാവലിയെ മുൻനിർത്തി വിജയകാന്ത് പുതിയ രാഷ്ട്രീയകക്ഷിക്കു രൂപംനൽകി -‘ദേശീയ മുർപോക്ക് ദ്രാവിഡ കഴകം’ എന്ന ഡി.എം.ഡി.കെ.
തെരഞ്ഞെടുപ്പിലേക്ക്
ഡി.എം.ഡി.കെ രൂപവത്കരിക്കപ്പെട്ട ഒരു വർഷത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പ് വന്നു. ഇരു ദ്രാവിഡ കക്ഷികളോടും സഖ്യമില്ലെന്നും പാർട്ടി വ്യക്തമാക്കി. ‘ജനങ്ങളോടും ദൈവത്തോടുമാണ് സഖ്യം’ എന്ന വിജയകാന്തിന്റെ പ്രശസ്തമായ പഞ്ച് ഡയലോഗോടുകൂടി 234 നിയോജക മണ്ഡലങ്ങളിലും പാർട്ടി തനിച്ച് മത്സരിച്ചു. പി.എം.കെയുമായുള്ള ശത്രുത മനസ്സിൽ കണ്ടു, ആ പാർട്ടിയുടെ ശക്തിദുർഗമായ വിരുതാചലത്തിൽതന്നെ വിജയകാന്ത് നേരിട്ട് കളത്തിലിറങ്ങി.
ചെന്നൈയോ സ്വദേശമായ മധുരയോ പോലുള്ള സുരക്ഷിത മണ്ഡലത്തിൽ മത്സരിക്കാതെ പി.എം.കെയുടെ സ്വാധീന കേന്ദ്രത്തിൽ പോയി ഏറ്റുമുട്ടാനുള്ള വിജയകാന്തിന്റെ നീക്കത്തെ ആത്മഹത്യാപരമായാണ് രാഷ്ട്രീയ നിരീക്ഷകർ കണ്ടത്. എന്നാൽ, പി.എം.കെയുടെ വണ്ണിയ വോട്ടുബാങ്കിൽ വലിയ വിള്ളൽ വീഴ്ത്തി വിജയകാന്ത് 14,000ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഡി.എം.ഡി.കെയുടെ മറ്റെല്ലാം സ്ഥാനാർഥികളും പരാജയമടഞ്ഞെങ്കിലും എട്ട് ശതമാനത്തിലധികം വോട്ടുകൾ സമാഹരിക്കാൻ പാർട്ടിക്ക് സാധിച്ചു. ഡി.എം.ഡി.കെക്ക് ലഭിച്ച വോട്ടുകളായിരുന്നു 128 മണ്ഡലങ്ങളിലെ വിജയികളെ നിർണയിച്ചത് എന്നതും പ്രസക്തി വർധിപ്പിച്ചു.
ഈ വിജയത്തോടെ വണ്ണിയർ സമുദായത്തിനിടയിൽ പി.എം.കെക്കുണ്ടായിരുന്ന അപ്രമാദിത്വത്തിനാണ് വിജയകാന്ത് ആഘാതമേൽപിച്ചത്. ഒരുകാലത്ത് പിന്നാക്ക വിഭാഗങ്ങളുടെ വിശാല താൽപര്യങ്ങൾക്കായി പോരാടിയിരുന്ന പി.എം.കെ, സമുദായ സംഘടനയായി ചുരുങ്ങിപ്പോയതിന് പിന്നിൽ വിജയകാന്ത് നൽകിയ അപ്രതീക്ഷിത തിരിച്ചടി പ്രധാനകാരണമായി. സമുദായ താൽപര്യ സംരക്ഷണത്തിൽ ഊന്നിയില്ലെങ്കിൽ പാർട്ടിക്ക് നിലനിൽക്കാനാവില്ലെന്ന തിരിച്ചറിവിൽ കൂടുതൽ കടുത്ത വർഗീയ നിലപാടുകളിലേക്ക് ആ പാർട്ടി കൂപ്പുകുത്തി.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പിലും തനിച്ചു മത്സരിക്കാനുള്ള തീരുമാനമെടുക്കുന്ന ഡി.എം.ഡി.കെക്ക് സീറ്റുകൾ ഒന്നും കിട്ടിയില്ലെങ്കിലും വോട്ടുവിഹിതം 11 ശതമാനത്തോളം ഉയർത്താനായി. ഇതോടെ, തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയ പരാജയങ്ങൾ ഇനി നിർണയിക്കുക ഡി.എം.ഡി.കെയാണെന്ന തിരിച്ചറിവ് ഇരുമുന്നണികൾക്കും ഉണ്ടായി.
2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.ഡി.കെയെ കൂടെ ചേർക്കാനുള്ള ശ്രമം ഇരു മുന്നണികളും ആരംഭിച്ചു. പൊലീസ്-ഇന്റലിജൻസ് വിഭാഗം വിജയകാന്തിന്റെ സ്വാധീനത്തെക്കുറിച്ച് അനുകൂല റിപ്പോർട്ട് നൽകിയതോടെ സഖ്യ ചർച്ചകൾക്കായി ജയലളിത, ഉറ്റതോഴി ശശികലയെ രംഗത്തിറക്കി. വിജയകാന്തിന്റെ ഭാര്യ പ്രേമലതയെ സ്വാധീനിച്ച്, ശശികല കാര്യങ്ങൾ അനുകൂലമാക്കി. നേരത്തേ രണ്ടു തെരഞ്ഞെടുപ്പിലും വോട്ടു വിഹിതം വർധിപ്പിക്കാനായെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല എന്ന വീണ്ടുവിചാരത്തോടെ എ.ഐ.എ.ഡി.എം.കെയുടെ സഖ്യകക്ഷിയാകാൻ വിജയകാന്ത് തീരുമാനിച്ചു. മാത്രമല്ല, ആകെയുള്ള 234 സീറ്റുകളിലും മത്സരിക്കുക എന്നത് വലിയൊരു സാമ്പത്തിക ബാധ്യതയാകുമെന്നും വിജയകാന്ത് മനസ്സിലാക്കിയിരുന്നു.
2007 മുതലേ വ്യക്തിപരമായി തർക്കങ്ങളുടെ പേരിൽ നിരവധി തവണ വിജയകാന്തുമായി ഉടക്കിയ, നടൻ വടിവേലു ഈ തെരഞ്ഞെടുപ്പു കാലത്ത് ഡി.എം.കെയുടെ പ്രധാന പ്രചാരകനായിരുന്നു. വിജയകാന്തിനെ പരിഹസിക്കാനും അധിക്ഷേപിക്കാനുമാണ് പ്രചാരണത്തിൽ വടിവേലു അധിക സമയവും ചെലവഴിച്ചത്. ജയലളിതക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനങ്ങൾ നടത്തി.
ഈ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണി അമ്പേ പരാജയപ്പെട്ടു. ജയലളിത മുഖ്യമന്ത്രിയായതോടെ വടിവേലുവിനെ സിനിമാലോകവും കൈവെടിഞ്ഞു. വർഷങ്ങളോളം ഒരു അവസരവും അദ്ദേഹത്തെ തേടിയെത്തിയില്ല. വൻ ജനപ്രീതിയുണ്ടായിരുന്ന ഹാസ്യതാരം ജനമനസ്സിൽനിന്ന് മായാൻ തുടങ്ങിയ കാലത്ത്, അദ്ദേഹം തമിഴ് സിനിമയുടെ അവിഭാജ്യഘടകമാണെന്നും ഇങ്ങനെ അകറ്റിനിർത്തരുതെന്നും വിജയകാന്ത് നിർമാതാക്കളോട് ആവശ്യപ്പെടുകയുണ്ടായി. വിജയകാന്തിന്റെ മനസ്സലിവുള്ള ഇത്തരം സവിശേഷ നിലപാടുകൾ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷ നേതൃസ്ഥാനം
മത്സരിച്ച 41ൽ 29 സീറ്റുകളിൽ ഡി.എം.ഡി.കെക്ക് വിജയിക്കാനായി, ഋഷിവന്ദ്യത്തിൽനിന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയകാന്തും സഭയിൽ എത്തി. സാമാജികരുടെ എണ്ണത്തിൽ ഡി.എം.കെ, ഡി.എം.ഡി.കെക്കു പിറകിൽ മൂന്നാം സ്ഥാനത്തായി. പ്രതിപക്ഷ നേതൃസ്ഥാനം വിജയകാന്തിനു ലഭിച്ചു. ഇക്കാലത്ത് ഭരണ നേതൃത്വത്തിനെതിരെ ക്രിയാത്മക പ്രതിപക്ഷമായി മാറാൻ ഡി.എം.ഡി.കെക്കു സാധിച്ചു. ഡി.എം.ഡി.കെ എം.എൽ.എമാരുടെ മികച്ച പ്രകടനം ജയലളിതയുടെ പോലും അഭിനന്ദനം പിടിച്ചുപറ്റി. പാർട്ടി അധ്യക്ഷൻ എം. കരുണാനിധി എം.എൽ.എ ആയിരുന്നുവെങ്കിലും നിയമസഭയിലെ തുച്ഛമായ പ്രാതിനിധ്യത്തെ തുടർന്ന് ഉത്തരവാദിത്തം മകൻ സ്റ്റാലിനെ ഏൽപിച്ച് മാറിനിന്നു. സഭയിലെ ഡി.എം.ഡി.കെയുടെ പ്രകടനത്തിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ അക്ഷരാർഥത്തിൽ നിഷ്പ്രഭമായി. എന്നാൽ, നാൾക്കുനാൾ ഡി.എം.ഡി.കെയുടെ വിമർശനങ്ങൾ കൂടുതൽ അക്രാമകമായതോടെ എ.ഐ.എ.ഡി എം.കെ-ഡി.എം.ഡി.കെ ബന്ധം വഷളായി തുടങ്ങി.
ഇക്കാലത്ത് ശങ്കരൻ കോവിലിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുന്നണിബന്ധം മറന്ന് എ.ഐ.എ.ഡി.എം.കെക്കെതിരെ ഡി.എം.ഡി.കെ, സ്ഥാനാർഥിയെ മത്സരിപ്പിച്ചു. എന്നാൽ, ഈ നീക്കം ദയനീയ പരാജയമായി. നിയമസഭയിലും ഇത് ചർച്ചാവിഷയമായി. ഡിപോസിറ്റ് തുകപോലും നഷ്ടപ്പെട്ടവരാണ് നിങ്ങൾ എന്ന് ഡി.എം.ഡി.കെയെ ജയലളിത അധിക്ഷേപിച്ചത് ഇരുവിഭാഗങ്ങളും തമ്മിലുള്ള വാഗ്വാദത്തിന് ഇടയാക്കി. എ.ഐ.എ.ഡി.എം.കെയുടെ മുൻകാല പരാജയങ്ങളുടെ പട്ടിക നിരത്താൻ ശ്രമിച്ച വിജയകാന്തിനെ മന്ത്രിമാർ തടസ്സപ്പെടുത്തി.
നാക്ക് കടിച്ചുപിടിച്ചുള്ള വിജയകാന്തിന്റെ രോഷപ്രകടനം അക്കാലത്തെ വലിയ വിവാദങ്ങളിലൊന്നായിരുന്നു. തുടർന്ന് ജയലളിതയും വിജയകാന്തും തമ്മിൽ നേരിട്ട് വാക്കേറ്റം ഉണ്ടായി. സ്പീക്കർ ഡി.എം.ഡി.കെ എം.എൽ.എമാരെ സഭയിൽനിന്ന് പുറത്താക്കി. ഡി.എം.ഡി.കെയുടെ നാളുകൾ എണ്ണപ്പെട്ടെന്നു ജയലളിത രൂക്ഷഭാഷയിൽ പ്രഖ്യാപിച്ചു. ജയ സഭക്ക് പുറത്തുപോയപ്പോൾ ഒ. പന്നീർസെൽവമടക്കമുള്ള മന്ത്രിമാരുടെ അടുക്കൽ ചെന്ന് ഡി.എം.കെയുടെ മുതിർന്ന എം.എൽ.എമാർ വിജയകാന്തിന്റെ അഹംഭാവത്തെ കുറിച്ച് ഏഷണി കൂട്ടുകയുമുണ്ടായി.
വിജയകാന്തിനോടുള്ള ഡി.എം.കെ നേതൃത്വത്തിന്റെ വിരോധം മറനീക്കി പുറത്തുവന്ന സന്ദർഭമായിരുന്നു അത്. ഇരു ഭാഗത്തുനിന്നുമുള്ള ആക്രമണങ്ങളുടെ മൂർച്ചക്ക് ഇതോടെ മുന കൂർത്തു. ഒരു ഘട്ടത്തിൽ കരുണാനിധിയെ വിമർശിച്ചുകൊണ്ടുള്ള വിജയകാന്തിന്റെ പ്രസ്താവനക്ക് അദ്ദേഹത്തിന്റെ ബദ്ധശത്രുവായ ജയലളിത മറുപടി പറഞ്ഞതും രാഷ്ട്രീയകൗതുകങ്ങളിലൊന്നായി.
ജയയുടെ പ്രതികാരം
വിജയകാന്തിനെ ഒതുക്കാനുള്ള കൊണ്ടുപിടിച്ച നീക്കമാണ് ജയലളിതയുടെ ഭാഗത്തുനിന്ന് പിന്നീടുണ്ടാകുന്നത്. ഡി.എം.ഡി.കെയിലെ പ്രഗല്ഭരായ നേതാക്കളെ അടർത്തിമാറ്റുകയായിരുന്നു ആദ്യഘട്ടം. പാണ്ഡ്യരാജൻ, ചന്ദ്രകുമാർ, അരുൺ പാണ്ഡ്യൻ തുടങ്ങിയവർ ഉൾപ്പെടെ 10 എം.എൽ.എമാരെ ജയ, എ.ഡി.എം.കെ പാളയത്തിലെത്തിച്ചു. അംഗബലം കുറഞ്ഞതോടെ വിജയകാന്തിനു പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായി. ജയലളിതയുടെ പ്രതികാര ദാഹം അടങ്ങിയില്ല. ജയലളിതയെയോ എ.ഐ.എ.ഡി.എം.കെയെയോ കുറിച്ച് വിജയകാന്ത് എവിടെ വിമർശനം ഉന്നയിച്ചാലും ആ പ്രദേശത്തിന്റെ പരിധിയിൽ കേസ് നൽകി, അതതിടത്തെ കോടതികളിൽ കയറിയിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി. തമിഴ്‌നാട്ടിലെ മിക്കവാറും ജില്ലകളിൽ അക്കാലത്ത് വിജയകാന്തിനെതിരെ അപകീർത്തികേസ് നിലവിലുണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ 2014ൽ ബി.ജെ.പിയുമായി ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യം ചേർന്നെങ്കിലും സമ്പൂർണ പരാജയമായിരുന്നു ഫലം. 2016ലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ ഇരു മുന്നണികൾക്കും ബദലായി രൂപപ്പെട്ട ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി, ഇടതുപക്ഷത്തിന്റെയും വി.സി.കെ, എം.ഡി.എം.കെ എന്നീ പാർട്ടികളുടെയും പിന്തുണയോടെ മത്സരിച്ച് പരാജയപ്പെട്ടത് വിജയകാന്തിന്റെ രാഷ്ട്രീയ ഭാവിക്കുതന്നെ തിരിച്ചടിയായി. ഈ തെരഞ്ഞെടുപ്പിനു മുമ്പ് കരുണാനിധിയെ സന്ദർശിച്ച് ഡി.എം.കെ മുന്നണിയിൽ ചേരാൻ സമ്മതം മൂളിയശേഷമാണ് ജനപക്ഷ മുന്നണിയുടെ ‘മുഖ്യമന്ത്രി സ്ഥാനാർഥി’ പ്രലോഭനത്തിൽ വിജയകാന്ത് വീണതെന്നതും പ്രത്യേകം പറയേണ്ടതുണ്ട്.
ദുരന്തനായകത്വം
2015ഓടെ തന്നെ വിജയകാന്തിന്റെ ആരോഗ്യനില വഷളായി തുടങ്ങി. പൊതുവേദികളിൽ നാക്കുപിഴവ് സംഭവിക്കുന്നതും സമനില തെറ്റിയപോലെ സംസാരിക്കുന്നതും പതിവായി. ഇതോടെ, നേതൃത്വം പൂർണമായും ഭാര്യ പ്രേമലതയുടെയും ഭാര്യാ സഹോദരൻ എൽ.കെ. സുധീഷിന്റെയും കൈയിലായി. ഡി.എം.ഡി.കെയുടെ രാഷ്ട്രീയ നിലപാടുകൾക്ക് രൂപംനൽകാനും അവയെ വിജയപ്രദമായി നടപ്പാക്കാനും അണിയറയിൽ സഹായിച്ചിരുന്ന പൺറുട്ടി രാമചന്ദ്രനെപ്പോലുള്ള തലമുതിർന്ന നേതാക്കൾ പാർട്ടിയിൽനിന്ന് ഇതിനിടെ പുറത്തുപോയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, നിസ്സാരകാര്യങ്ങൾക്കു സ്വന്തം സ്ഥാനാർഥികളോട് കയർത്തു സംസാരിക്കുന്നതും മർദിക്കുന്നതും മാധ്യമപ്രവർത്തകരോട് കലഹിക്കുന്നതും പോലുള്ള സ്വഭാവവിശേഷങ്ങൾ വിജയകാന്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുന്നതായി.
തുടർന്നുവന്ന തെരഞ്ഞെടുപ്പ് കാലങ്ങളിൽ പാർട്ടിയുടെ പ്രചാരണ യോഗങ്ങളിൽ നോക്കുകുത്തിയായി ഇരുത്തപ്പെട്ട വിജയകാന്തിന്റെ രൂപം എതിരാളികളിൽപോലും സഹതാപം ഉണർത്തും വിധമായിരുന്നു. 2023 ഡിസംബർ 28ന് 71ാം വയസ്സിൽ വിജയകാന്ത് മരണമടയുമ്പോൾ പഴയപ്രതാപത്തിന്റെ നിഴലിലായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.