തമിഴ്‌നാട്ടിലെ നാടൻ കലാപാരമ്പര്യത്തോട് താൽപര്യമുണ്ടായി തെരുവുകലാ പ്രകടനങ്ങളിലൂടെ വളർന്നുവന്ന കരുണാസ് സിനിമയിൽ ഹാസ്യനടനായി തിളങ്ങിനിന്ന താരമാണ്. അഭിനയത്തിനൊ പ്പം നാടൻപാട്ടുകാരനായും അദ്ദേഹം കത്തിനിന്നു. പിന്നീട് 2016ൽ എ.ഐ.എ.ഡി.എം.കെ നേതാവ് ജെ. ജയലളിതക്കൊ പ്പം ചേർന്നാണ് അദ്ദേഹം രാഷ്ട്രീയകളത്തിലിറങ്ങുന്നത്. ഒട്ടും ഹാസ്യാത്മകമായിരുന്നില്ല കരുണാസിന്റെ രാഷ്ട്രീയ, സിനിമ ജീവിതം.
നാടൻപാട്ടുകാരനായി തുടങ്ങി തമിഴ് ചലച്ചിത്രരംഗത്തെത്തി, കൊമേഡിയനായും സ്വഭാവനടനായും പ്രശസ്തി നേടിയ അഭിനേതാവാണ് കരുണാസ്. അതിശയോക്തിപരവും ശരീരചേഷ്ടകളിൽ ഊന്നിയുമുള്ള (സ്ലാപ്സ്റ്റിക് കോമഡി) പ്രകടന സാധ്യതകളിൽ സമകാലിക ഹാസ്യതാരങ്ങൾ വിശ്വാസമർപ്പിച്ചപ്പോൾ, ‘ഗാനാ’ എന്ന നാടൻ സംഗീതശാഖയുടെ പശ്ചാത്തലവും തെരുവ് പ്രകടനങ്ങളുടെ ആധികാരികതയും നിറഞ്ഞ അഭിനയശൈലികൊണ്ടാണ് കരുണാസ് വേറിട്ടുനിന്നത്.
ആദ്യകാല ചിത്രങ്ങളിൽ നായകന്റെ, കാര്യഗൗരവം ഇല്ലാത്ത കൂട്ടാളിയായി, വേഷംകൊണ്ടോ രൂപംകൊണ്ടോ പെരുമാറ്റംകൊണ്ടോ പരിഹസിക്കപ്പെടുന്ന യുവാവായാണ് കരുണാസ് പ്രത്യക്ഷപ്പെടുന്നത്. അത്തരം ശാരീരിക, മാനസിക പരിമിതികളും സവിശേഷതകളും ശരാശരി പ്രേക്ഷകന്റെ ഹാസ്യബോധത്തെ തൃപ്തിപ്പെടുത്തുന്നതിനാൽ സമാനമായ വേഷങ്ങളാണ് ആദ്യകാലത്ത് അദ്ദേഹത്തെ തേടിയെത്തിയത്. എന്നാൽ, മറ്റു ഹാസ്യതാരങ്ങളിൽനിന്ന് ഭിന്നമായ യഥാതഥവും അസംസ്കൃതവുമായ പ്രകടനം പിൽക്കാലത്ത് മികച്ച സ്വഭാവ നടനായി മാറാൻ അദ്ദേഹത്തെ സഹായിച്ചു. കൂടുതൽ ശാരീരികോർജം പ്രകടമാക്കുന്ന ഹാസ്യാവതരണത്തിൽനിന്ന് യഥാർഥ അഭിനയരീതിയിലേക്ക് മാറുന്ന ഒരു സ്വാഭാവിക പരിണതി കരുണാസിന്റെ അഭിനയജീവിതത്തിൽ കാണാം.
തഞ്ചാവൂരിലെ കുരുവിക്കരാംബൈ ഗ്രാമത്തിൽ മുക്കുലത്തോർ/ തേവർ വിഭാഗത്തിൽ ജനിച്ച കരുണാസ് ചെറുപ്പം മുതലേ നാടൻപാട്ടുകാരൻ എന്നനിലയിൽ ശ്രദ്ധപിടിച്ചു പറ്റി. തമിഴ്‌നാട്ടിലെ നാടൻ കലാപാരമ്പര്യത്തോട് ആഭിമുഖ്യമുണ്ടായിരുന്ന കരുണാസ് തെരുവുകലാപ്രകടനങ്ങളിലൂടെയാണ് വളർന്നുവന്നത്. ചെന്നൈയിലെ പ്രസിഡൻസി, നന്ദനം കോളജുകളിലെ പഠനകാലത്ത്, മദ്രാസ് തമിഴ് ഭാഷാഭേദത്തിന്റെ താളാത്മകതയും നാടൻ സംഗീതവും ഇഴചേർന്ന ഗാനാപാട്ടുകളോടുള്ള കരുണാസിന്റെ താൽപര്യം വർധിച്ചു. ഗാനാപാട്ടുകൾ ശ്രോതാക്കളെ കൂടുതലായി ആകർഷിച്ചിരുന്ന ആ കാലത്ത് കരുണാസിന് കൂടുതൽ വേദികൾ ലഭിച്ചു.
പാട്ടിനോടൊപ്പം മിമിക്രിയിലും നാടൻനൃത്തത്തിലുമുള്ള പ്രാവീണ്യം വിവിധ ടി.വി ഷോകളിലേക്കുള്ള അദ്ദേഹത്തിന്റെ വഴി എളുപ്പമാക്കി. 1990കളുടെ അവസാനത്തിൽ യൂഹി സേതുവിന്റെ ‘നെയ്യാണ്ടി ദർബാർ’ എന്ന ചാനൽ ഷോയിൽ പ്രത്യക്ഷപ്പെട്ട കരുണാസ് വൻതോതിൽ പ്രേക്ഷക പ്രീതി നേടി. 1992ൽ കരുണാസ് പുറത്തിറക്കിയ ‘‘ഐസാ ലക്കിടി മേട്ടു താനുങ്കാ’’ എന്ന ഗാനാ ആൽബം ചൂടപ്പംപോലെ വിറ്റഴിഞ്ഞു. ഗാനാ കരുണാസ് എന്ന പേരിലാണ് ഇക്കാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ആകസ്മിക സിനിമാ പ്രവേശം
സിനിമാഭിനയത്തോട് അത്ര പ്രതിപത്തി ഇല്ലാതിരുന്ന കരുണാസ് ആകസ്മികമായാണ് വെള്ളിത്തിരയിലെത്തുന്നത്. സംവിധായകൻ ബാല ഒരു സന്ദർഭത്തിൽ, അദ്ദേഹത്തിന്റെ ഓഫിസിലെ വാച്ച്മാനുമായി നർമസംഭാഷണത്തിൽ ഏർപ്പെട്ട കരുണാസിനെ കാണാനിടയായി. ഇതാണ് കരുണാസിന് ആദ്യചിത്രമായ ‘നന്ദ’യിലേക്കുള്ള വഴിയൊരുക്കിയത്. കരുണാസിന്റെ തമാശകളിലെ സ്വാഭാവികമായ ടൈമിങ്ങും നർമബോധമുള്ള വ്യക്തിത്വപ്രകാശനവും ബാലയെ ആകർഷിച്ചു.
‘നന്ദ’യിലെ അതിസാമർഥ്യമുള്ള, അംഗപരിമിതനായ തെരുവുമോഷ്ടാവിന്റെ വേഷം കരുണാസിന്റെ കൈയിലെത്തുന്നത് അങ്ങനെയാണ്. മജിസ്‌ട്രേറ്റിന്റെ വീട്ടിൽ, അയൽക്കാരായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ഒറ്റക്ക് കവർച്ച നടത്തുന്ന സീൻ മാത്രം മതി കരുണാസിലെ പെർഫോമറെ മനസ്സിലാക്കാൻ. പുതുമുഖ നടനിൽനിന്ന് ഏറ്റവും മികച്ച പ്രകടനംതന്നെ പുറത്തെടുക്കാൻ ബാലക്ക് സാധിച്ചു. ‘നന്ദ’യിലെ ലൊട്ടുലൊടുക്ക് പാണ്ടി ഒരു ഐക്കൺ കഥാപാത്രമായി മാറുകയും ചെയ്തു. കരുണാസിനെ നായകനായി പിന്നീട് ‘ലൊട്ടു ലൊടുക്ക് പാണ്ടി’ എന്ന സിനിമയെടുക്കാൻ നിർമാതാക്കളെ പ്രേരിപ്പിച്ചതും ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ മാനറിസത്തിനു ലഭിച്ച ജനപ്രീതിയായിരുന്നു.
അജിത്ത് നായകനായ 2002ലെ ‘വില്ലൻ’ സിനിമയിൽ ഒഴുക്കോടെയുള്ള ദ്രുത സംഭാഷണശൈലിയും ശരീരത്തിന്റെ അസാധാരണ ചലനങ്ങളുംകൊണ്ടുള്ള ഹാസ്യപ്രകടനങ്ങളിലൂടെയാണ് കരുണാസ് പ്രേക്ഷകരെ കൈയിലെടുത്തത്. തുടർന്ന് ‘ബാബ’, ‘പിതാമഹൻ’, ‘വസൂൽ രാജ എം.ബി.ബി.എസ്’, ‘തിരുടാ തിരുടി’ പോലുള്ള സിനിമകളിലെ ഹാസ്യവേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. സംഭാഷണ പ്രധാനമായ ഹാസ്യത്തിൽ മാത്രമല്ല, സന്ദർഭാനുസാരിയായ ശരീരഭാഷയിലും മുഖഭാവത്തിലും അതിശയോക്തി/ന്യൂനോക്തി സൃഷ്ടിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാൻ കരുണാസിന് സാധിച്ചു.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കൊപ്പം കരുണാസ്
ആദ്യ നായകവേഷം
2008ൽ ആദ്യമായി നായകവേഷം ലഭിച്ച ‘ഡിണ്ടിഗൽ സാരഥി’ എന്ന ചിത്രത്തിൽ അപകർഷബോധമുള്ള, സ്വാഭിമാനം കുറഞ്ഞ നായകേതര സ്വഭാവത്തെയാണ് ആവിഷ്‍കരിച്ചത്. മലയാളത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ചു വിജയിച്ച ഈ ശൈലി ഏറിയും കുറഞ്ഞും കരുണാസിൽ കാണാം. അതുകൊണ്ടാവണം ‘വടക്കുനോക്കിയന്ത്ര’ത്തിന്റെ റീമേക്കായ ഈ ചിത്രത്തിലെ നായക കഥാപാത്രം കരുണാസിനെ തേടിയെത്തിയത്.
ആന്തരിക ഉത്കണ്ഠകളും ആശയക്കുഴപ്പങ്ങളും കൊണ്ടുനടക്കുന്ന, ഇരുണ്ട നിറമുള്ള വ്യക്തിയുടെ സങ്കീർണമായ അപകർഷാവസ്ഥയെ തമിഴ് പ്രേക്ഷകരുടെ ആസ്വാദനശീലത്തെ തൃപ്തിപ്പെടുത്തുന്ന മട്ടിൽ അവതരിപ്പിച്ച് ജയിപ്പിക്കാൻ കരുണാസിന് സാധിച്ചു. സൂക്ഷ്മമായ ഭാവപ്രകടനം, അസ്വസ്ഥമായ ചലനം, കൂനിക്കൂടിയുള്ള നിൽപ് -എല്ലാം ഒത്തിണങ്ങിയതോടെ കഥാപാത്രത്തിന്റെ അന്തർഭാവങ്ങളെ പൂർണമായി ഉൾക്കൊണ്ട് അവതരിപ്പിക്കാൻ കരുണാസിന് സാധിച്ചു. 2010ൽ ‘അംബാസമുദ്രം അംബാനി’ എന്ന സിനിമയിലെ നായകവേഷത്തിലും പരമ്പരാഗത നായക സങ്കൽപങ്ങളെ പുറംതള്ളുന്ന, കോമഡി ട്രാക്ക് കൈവിടാതെയുള്ള മികച്ച പ്രകടനമായിരുന്നു കരുണാസിന്റേത്.
അഭിനയത്തിന്റെ പരിണാമഘട്ടങ്ങൾ
ശബ്ദായമാനമായ കോമഡി പ്രകടനം എന്നതിനേക്കാൾ ആഴത്തിലുള്ള നിരീക്ഷണങ്ങൾകൊണ്ടുമാത്രം സാധ്യമാകുന്ന ഇരുണ്ട ഹാസ്യം, സൂക്ഷ്മമായ ശരീരഭാഷയിലൂടെ പ്രകടമാക്കുന്ന വൈകാരിക ദുർബലത, സംഭാഷണഭേദങ്ങളിലൂടെയുള്ള വികാര പ്രകടനങ്ങൾ -ഇങ്ങനെ സന്ദേഹശീലമുള്ള ഒരു സാധാരണ മനുഷ്യന്റെ ഭാവ വൈവിധ്യങ്ങളിലാണ് കരുണാസ് പിന്നീട് കൂടുതൽ ശ്രദ്ധിച്ചത്.
2007ൽ വെട്രിമാരൻ സംവിധാനം ചെയ്ത ‘പൊല്ലാതവനി’ൽ (2007) തന്നെ ഇതിനു തുടക്കംകുറിച്ചിരുന്നു. മകൻകൂടിയായ സംവിധായകൻ കെൻ കരുണാസിന്റെ ‘അസുരനി’ലെത്തുമ്പോൾ (2019) കരുണാസിൽ ഈ പരിണാമം ഏതാണ് പൂർണമാകുന്നുണ്ട്. ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത കെൻ കരുണാസിന്റെ മെന്റർ വേഷത്തിൽ ആത്മസംയമനത്തിന്റെ മിനിമലിസ്റ്റ് ശൈലി പഴയ കരുണാസിന്റെ കൊമേഡിയൻ പ്രതിഛായയെ വിദൂര ഓർമയാക്കുന്നതാണ്. പരുക്കനും ക്ഷീണിതവും താഴ്ന്ന സ്ഥായിയിലുമുള്ള ശബ്ദക്രമീകരണം ഈ കഥാപാത്രത്തെ ഉയർന്ന വിതാനത്തിലെത്തിച്ചു.
2015ൽ ഇറങ്ങിയ കമേഴ്‌സ്യൽ വിജയം കൈവരിച്ച ഹൊറർ കോമഡി ചിത്രമായ ‘ഡാർലിങ്ങി’ൽ ആത്മഹത്യ അവസാന അഭയമായി കരുതുന്ന വ്യക്തിയായി നൈരാശ്യത്തിന്റെ ആഴം വെളിപ്പെടുത്തുന്ന രംഗങ്ങളിൽ പൊള്ളയായ നോട്ടവും ക്ഷീണിതമായ മന്ദചലനങ്ങളുംകൊണ്ട് കരുണാസ് കാണിക്കുന്ന വേഷപ്പകർച്ച ശ്രദ്ധാർഹമാണ്. എന്നാൽ, ചിത്രത്തിലെ അസ്ഥാനത്തുള്ള കോമഡി രംഗങ്ങൾ ഈ മികവിന്റെ നിറം കെടുത്തി. സ്വഭാവ നടനായുള്ള വളർച്ചക്കിടെ ഈ പരീക്ഷണം ഒഴിവാക്കാമായിരുന്നു എന്ന് സിനിമാനിരൂപകരിൽ പലരും അഭിപ്രായപ്പെടുകയുമുണ്ടായി.
തുടർന്നുള്ള ചിത്രങ്ങളിൽ യാഥാർഥ്യത്തിന്റെ പ്രതിഫലനമെന്ന നിലയിലുള്ള കരുണാസിന്റെ അഭിനയശൈലി -അനാകർഷക വ്യക്തിയായി, ദരിദ്ര ഗ്രാമീണനായി, ദുഃഖിതനായ പിതാവായി -ഇത്തരം കഥാപാത്രങ്ങളെ വളരെ സ്വാഭാവികമായും മിനുക്കപ്പെടാതെയും തന്മയീഭാവത്തോടെ അവതരിപ്പിക്കുന്നതിൽ വിജയം കണ്ടു. ഈ പട്ടികയിൽ ‘സൂരരെ പോറ്റ്റു’, ‘ഗാട്ടാ ഗുസ്തി’ പോലുള്ള ചിത്രങ്ങളിലെ സ്വാഭാവികാഭിനയം എടുത്തുപറയേണ്ടതാണ്.
നാടൻ സംഗീതത്തിലുള്ള, കലർപ്പില്ലാത്ത താളജ്ഞാനവും വഴക്കവും തമിഴ് വാണിജ്യ സിനിമക്കുമുമ്പ് അത്രകണ്ട് പരിചിതമല്ല. തമിഴ് സിനിമയിൽ ഗാനാ ഉപസംസ്കാരത്തെ പരിപോഷിപ്പിക്കുന്നതിൽ കരുണാസിന്റെ സംഭാവനയും ചെറുതല്ല. തമിഴ് സിനിമയിൽ നാടൻസംഗീതത്തിന്, അതിനു മുമ്പുണ്ടായിരുന്ന കാരിക്കേച്ചർ സ്വഭാവം മാറ്റിയെടുത്തതിൽ കരുണാസിന്റെ പ്രകടനങ്ങൾക്കും പങ്കുണ്ട്. ‘അംബാസമുദ്രം അംബാനി’, ‘കാസേ താൻ കടവുളേടാ’ എന്നീ ചിത്രങ്ങളിൽ സംഗീതമൊരുക്കിയത് കരുണാസാണ്. ‘‘ഒത്തക്കല്ല്... ഒത്തക്കല്ല്’’, ‘‘സുട്ട പഴം’’, ‘‘ആദിസിവനേ’’, ‘‘യേണ്ടി യെന്ന’’, ‘‘ഒബാമാവും...’’, അഭിനേതാവും ഗായികയുമായ ജീവിതപങ്കാളി ഗ്രേസ് കരുണാസിനോടൊപ്പം പാടിയ ‘‘ആലങ്കുടി... വേലങ്കുടി’’ തുടങ്ങി നിരവധി ആൽബം/ ചലച്ചിത്രഗാനാലാപനങ്ങളിലൂടെ ഗാനാ/നടൻ പാട്ടുകളുടെ പ്രചാരത്തിൽ കരുണാസും നിർണായക സ്വാധീനം ചെലുത്തി.
വെട്രിമാരനെപ്പോലുള്ള സംവിധായകർ കരുണാസിലെ അസംസ്കൃത അഭിനയോർജത്തെ കണ്ടെത്തി അവയെ ആധുനിക ചലച്ചിത്രത്തിന് അനുരൂപമായി പരിവർത്തിപ്പിച്ചവരാണ്. ഒരു മുഴുനീള എന്‍റർടെയ്നർ എന്നതിൽനിന്ന് ഭിന്നമായി കരുണാസ് പരിപാകപ്പെട്ട സ്വഭാവ നടനായി മാറുന്നത് ഇത്തരം സംവിധായകരുടെ കരങ്ങളിലൂടെയാണ്. 2024ലെ കംഗുവാ, പോകുമിടം ബഹുദൂരമില്ലൈ, സൊർഗവാസൽ എന്നീ ചിത്രങ്ങളിലെത്തുമ്പോൾ തിയറ്ററിക്കൽ അതിശയോക്തിപരതയോ ബഹളമയമായ ഹാസ്യപ്രകടനങ്ങളോ ഉപേക്ഷിച്ചു, സൂക്ഷ്മമായ സ്വാഭാവികാഭിനയത്തിനു പ്രാധാന്യം നൽകുന്ന ഇരുത്തം വന്ന നടനായി കരുണാസ് പരിണമിക്കുന്നുണ്ട്.
സാമുദായിക രാഷ്ട്രീയക്കാരനിലേക്ക്
സിനിമയും ജാതിയും തമിഴ്നാട് രാഷ്ട്രീയത്തിന്റെ അധികാര ഘടനയിൽ നിർണായക ഘടകമാണെന്ന തിരിച്ചറിവിലാണ് കരുണാസിന്റെ രാഷ്ട്രീയപ്രവേശം. ഇരു ദ്രാവിഡ മുന്നണി സംവിധാനങ്ങളിൽ ചെറിയൊരു സാമുദായിക സംഘടനക്കുപോലും സ്ഥാനമുണ്ടാകും എന്ന നില തമിഴ്നാട്ടിലുണ്ട്. സിനിമയിൽ ഹാസ്യതാരം എന്ന തന്റെ ജനപ്രീതിയെ മൂലധനമാക്കി 2009ൽ ‘മുക്കുലത്തോർ പുലിപ്പൈട’ എന്ന സാമുദായിക സംഘടന രൂപവത്കരിച്ച് പ്രവർത്തനം ആരംഭിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. സമുദായത്തിലെ യുവാക്കളെ സംഘടിപ്പിച്ച് തെക്കൻ തമിഴ്‌നാട്ടിൽ സ്വാധീനമുള്ള തേവർ വിഭാഗത്തിന്റെ അവകാശങ്ങൾക്കായി പോരാടുന്നതുവഴി ഈ നേട്ടം കൈവരിക്കാനാവുമെന്നു കരുണാസ് കരുതി.
ജാത്യാടിസ്ഥാനത്തിലുള്ള, തമിഴ്നാടിന്‍റെ സങ്കീർണ രാഷ്ട്രീയ ഭൂപടത്തിൽ സ്വത്വവാദത്തെ മുൻനിർത്തിയുള്ള ഈ നീക്കം കള്ളർ, മറവർ, അഗമുടയാർ എന്നീ മൂന്നു തേവർ ജാതി ഉൾപ്പിരിവുകളുടെ ഏകോപനംകൂടി ലക്ഷ്യമാക്കിയുള്ളതായിരുന്നു. തെക്കൻ തമിഴ്‌നാട്ടിലെ ദലിത് സമൂഹങ്ങളുടെ വർധിച്ചുവരുന്ന സാമൂഹിക-സാമ്പത്തിക അവകാശവാദങ്ങളെ ചെറുക്കുക എന്നൊരു അജണ്ടയും ഈ സംഘടനയുടെ രൂപവത്കരണത്തിന് പിന്നിലുണ്ടായിരുന്നു. മുത്തുരാമലിംഗ തേവർ, മരുത് സഹോദരന്മാർ, പുലിതേവർ തുടങ്ങിയ തേവർ സമുദായത്തിൽനിന്നുള്ള ചരിത്രപുരുഷന്മാരുടെ സ്മരണകളിലൂടെ ജാത്യാഭിമാനം വളർത്തി അവയെ വോട്ടുബാങ്കായി രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് പുലിപ്പടൈ നേതൃത്വം നൽകി.
‘മുക്കുലത്തോർ പുലിപ്പടൈ’ എന്ന പേര് സ്വീകരിക്കുന്നതുതന്നെ മേൽപറഞ്ഞ മൂന്നു ഉപജാതികൾ ഉൾപ്പെട്ട സമുദായത്തിന്റെ ക്ഷത്രിയവീര്യത്തെയും ജാത്യാഭിമാനത്തെയും പ്രതിനിധാനം ചെയ്യാനാണ്. പുലിപ്പടൈ പൂർണമായും ജാതീയതക്കല്ല, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്ന് കരുണാസ് അവകാശപ്പെടുന്നുണ്ടെങ്കിലും രാമനാഥപുരം, ശിവഗംഗൈ, മധുര തുടങ്ങിയ ജില്ലകളിലെ തേവർ വോട്ടുകളെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.
പ്രാദേശികമായി പ്രവർത്തിക്കുന്ന സംഘടന എന്നനിലയിൽ തെക്കൻ ജില്ലകളിലെ തേവർ വോട്ടുകൾ ആകർഷിക്കാനുള്ള സമ്മർദഗ്രൂപ് എന്ന നിലയിലായിരുന്നു വിവിധ തെരഞ്ഞെടുപ്പുകളിലെ പുലിപ്പടൈയുടെ നിലപാടുകൾ. തെരഞ്ഞെടുപ്പുകളിൽ ദ്രാവിഡ മുന്നണികളിലൊന്നിന് പിന്തുണ പ്രഖ്യാപിക്കുകവഴി അവരുടെ ചിഹ്നങ്ങളിൽ മത്സരിച്ച് പ്രാദേശിക സ്വാധീനം വർധിപ്പിക്കാനും സംഘടനയുടെ ശക്തി തെളിയിച്ചു മുന്നണിയിൽ വിലപേശൽ ശേഷി വർധിപ്പിക്കാനും കരുണാസ് ശ്രമിച്ചുപോന്നു. നിലവിലുള്ള സംവരണ സംവിധാനത്തിനുള്ളിൽ സമുദായത്തിന് ഉപസംവരണം ലഭ്യമാക്കുക, മധുര വിമാനത്താവളത്തിനു മുത്തുരാമലിംഗ തേവരുടെ പേര് നൽകുക തുടങ്ങിയ ആവശ്യങ്ങളും കാലാകാലങ്ങളിൽ സംഘടന ഉന്നയിച്ചുവന്നു. 2021ൽ പൊലീസിനെയും പ്രത്യേക സമുദായത്തെയും അപമാനിക്കുന്നു എന്നാരോപിച്ച് ‘കർണൻ’ എന്ന സിനിമ നിരോധിക്കണമെന്നാവശ്യവുമായി പുലിപ്പടൈ രംഗത്തുവന്നിരുന്നു.
എ.ഐ.എ.ഡി.എം.കെ മുന്നണിയിലേക്ക്
2016ൽ എ.ഐ.എ.ഡി.എം.കെ നേതാവ് ജെ. ജയലളിതക്കൊപ്പം ചേർന്നുകൊണ്ടാണ് കരുണാസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ഈ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ചിഹ്നമായ ‘രണ്ടില’യിൽ തിരുവാടണൈ മണ്ഡലത്തിൽ മത്സരിച്ച കരുണാസ് ഡി.എം.കെ സ്ഥാനാർഥിക്കെതിരെ വിജയം നേടി. ജയലളിത വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ, ആരോഗ്യനില വഷളായതിനെ തുടർന്ന് ആ വർഷം ഡിസംബർ ആറിന് ജയലളിത മരണമടഞ്ഞു. തുടർന്ന് രൂപപ്പെട്ട പാർട്ടിയിലെ ഗ്രൂപ് മത്സരങ്ങളിൽ ജയയുടെ തോഴി വി.കെ. ശശികല പക്ഷത്തോടായിരുന്നു കരുണാസിനു കൂറ്. എന്നാൽ, അഴിമതി കേസിൽ ശശികല ജയിലിലടക്കപ്പെടുകയും പാർട്ടി നേതൃത്വം എടപ്പാടി പഴനിസ്വാമിയുടെ കൈയിലെത്തുകയും ചെയ്തതോടെ കരുണാസ് മുന്നണി വിടാൻ തീരുമാനിച്ചു.
ഇതിനിടെ, 2016ൽ എ.ഐ.എ.ഡി.എം.കെ ടിക്കറ്റിൽ എം.എൽ.എ ആയ ശേഷം കരുണാസിന്റെ നടപടികളെയും ഏകാധിപത്യ പ്രവണതയെയും ചൊല്ലി പുലിപ്പടൈയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. സമുദായ താൽപര്യങ്ങൾ കണക്കിലെടുക്കാതെ കരുണാസ് തന്നിഷ്ടത്തിനു പ്രവർത്തിക്കുന്നു എന്ന വിമതരുടെ ആക്ഷേപം ശക്തിപ്രാപിച്ച്, സംഘടനയിൽ പിളർപ്പിനുള്ള വഴിയൊരുങ്ങി. ജനറൽ സെക്രട്ടറി പാണ്ടിദുരൈയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം കരുണാസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കംചെയ്തതായി പ്രഖ്യാപിച്ചു. പാർട്ടിയുടെ മുഴുവൻ നിർവാഹകസമിതി അംഗങ്ങളെയും പുറത്താക്കി കരുണാസും തിരിച്ചടിച്ചു. പാർട്ടിയുടെ നിയന്ത്രണം സംബന്ധിച്ച തർക്കം നിയമ നടപടികളിലേക്ക് കടന്നെങ്കിലും, കരുണാസ് പക്ഷത്തിന് അവയെ മറികടക്കാനായി. ഇക്കാലത്ത് കരുണാസ് നടത്തിയ പല പരാമർശങ്ങളും വലിയ വിവാദങ്ങളിലേക്കും അറസ്റ്റിലേക്കും നയിച്ചു.
വിവാദനായകൻ
2018ൽ ചെന്നൈയിലെ വള്ളുവർ കോട്ടത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട്, നിങ്ങൾക്ക് എന്നെ അറിയിച്ചുകൊണ്ട് കൊലപാതകംപോലും ചെയ്യാം; അതിന് തക്ക ന്യായീകരണം ഉണ്ടായാൽ മതി എന്ന വിവാദ പ്രസ്‍താവന നടത്തിയത് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിക്കെതിരെയുള്ള വെല്ലുവിളിയായിട്ടായിരുന്നു. പ്രതിഷേധ സമര പന്തലിൽ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനെ പരാമർശിച്ച്, താൻ വഴി തടയുകയും മർദിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് കരുണാസ് പരിഹസിച്ചു.
2017ൽ എ.ഐ.എ.ഡി.എം.കെയിൽ ഗ്രൂപ് പോര് മൂർച്ഛിച്ച ഘട്ടത്തിൽ, എം.എൽ.എമാരുടെ കൂറുമാറ്റം തടയാനും ഒ. പന്നീർസെൽവം വിഭാഗത്തിനെതിരെ, ശശികലയുടെ പിന്തുണയോടെ എടപ്പാടി പഴനിസ്വാമിക്ക് സർക്കാർ രൂപവത്കരിക്കാനും ഉതകുംവിധം അവരെ കൂട്ടത്തോടെ കൂവത്തൂരിലെ റിസോർട്ടിലേക്കു മാറ്റാനുള്ള വഴി നിർദേശിച്ചത് താനാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
പൊലീസ് ഉദ്യോഗസ്ഥരെ കണക്കറ്റ് വിമർശിച്ച കരുണാസ് ഈ പ്രസംഗത്തിൽ നടത്തിയ ജാതീയ പരാമർശങ്ങളും വലിയ കോലാഹലം സൃഷ്ടിച്ചു. ക്രിമിനൽ ഗൂഢാലോചന അടക്കം നിരവധി കേസുകൾ ചുമത്തി പൊലീസ് കരുണാസിനെ അറസ്റ്റുചെയ്തു. ആറു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷമാണ് അദ്ദേഹത്തെ വിട്ടയക്കുന്നത്. തന്റെ പരാമർശങ്ങൾ സമുദായാംഗങ്ങളുടെ സ്വയം പ്രതിരോധത്തിലൂന്നിയായിരുന്നു എന്ന വിശദീകരണം കരുണാസ് പിന്നീട് നൽകുകയുണ്ടായി.
എ.ഐ.എ.ഡി.എം.കെ നേതൃത്വവുമായി ഏറ്റുമുട്ടിയതോടെ കരുണാസിനു മുന്നണിയിൽ തുടരുക അസാധ്യമായി. ഡി.എം.കെ മുന്നണിയിൽ ചേരാനുള്ള അരങ്ങൊരുക്കത്തിന്റെ ഭാഗമായി എ.ഐ.എ.ഡി.എം.കെക്കും ബി.ജെ.പിക്കുമെതിരെ വിമർശനം ഉന്നയിച്ചും സാമൂഹികനീതിക്കും മത സാഹോദര്യത്തിനും വേണ്ടി ഫാഷിസ്റ്റ് ശക്തികൾക്കെതിരെ പോരാടണമെന്നാവശ്യപ്പെട്ടും കരുണാസ് പ്രസ്താവനകളിറക്കി. എന്നാൽ, മുന്നണി പ്രവേശം സംബന്ധിച്ച അനുകൂല മറുപടി ഡി.എം.കെയിൽനിന്ന് ലഭിച്ചില്ല. ഇതിനാൽ, 2021ലെ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്ന് മാറിനിന്നു, എ.ഐ.എ.ഡി.എം.കെക്ക് എതിരായി സമ്മതിദാനം നിർവഹിക്കാൻ അനുയായികളോട് കരുണാസ് ആഹ്വാനംചെയ്തു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ, ‘ഫാഷിസ്റ്റ് ശക്തികളെ താഴെയിറക്കുക’ എന്ന മുദ്രാവാക്യത്തോടെ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ഇൻഡ്യാ സഖ്യത്തിനുവേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി.
തെരഞ്ഞെടുപ്പ് പരാജയം
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് കരുണാസിന് ഡി.എം.കെ മുന്നണിയിലേക്ക് പ്രവേശനം ലഭിച്ചത്. തെക്കൻ ജില്ലകളിലെ എ.ഐ.എ.ഡി.എം.കെ അനുകൂല പരമ്പരാഗത തേവർ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാനും നടൻ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെക്ക് പുതുതലമുറ യുവാക്കളിലുള്ള സ്വാധീനം കുറക്കാനും പുലിപ്പടൈക്കു സാധിക്കുമെന്ന കണക്കുകൂട്ടലായിരുന്നു ഡി.എം.കെക്ക്. എന്നാൽ, ഫലം വന്നപ്പോൾ ശിവഗംഗ മണ്ഡലത്തിൽ ഡി.എം.കെ ചിഹ്നമായ ഉദയസൂര്യനിൽ മത്സരിച്ച കരുണാസിന് ടി.വി.കെ സ്ഥാനാർഥി കുഴന്തൈ റാണിക്കും എ.ഐ.എ.ഡി.എം.കെയിൽ സെന്തിൽ നാഥനും പിന്നിൽ മൂന്നാമതായി എത്താനേ കഴിഞ്ഞുള്ളൂ.
ചുരുക്കത്തിൽ, കരുണാസിന് മുഖ്യ രാഷ്ട്രീയ മുന്നണിയുമായി സഖ്യം ചേർന്നു ജനപ്രാതിനിധ്യം ലഭിക്കാനുള്ള ഒരു ഉപായം എന്നനിലയിലാണ് നിലവിൽ മുക്കുലത്തോർ പുലിപ്പടൈയുടെ രാഷ്ട്രീയ പ്രസക്തി. ഇത്തവണ അത് ടി.വി.കെയുടെ തരംഗത്തിൽ ഇല്ലാതായി എന്നുപറയാം. പാട്ടാളി മക്കൾ കക്ഷിയെയോ വിടുതലൈ സിറുത്തൈ കക്ഷിയെയോ പോലെ സ്വസമുദായത്തിന്റെ വലിയൊരു വിഭാഗം പിന്തുണ നേടാൻ പുലിപ്പടൈക്ക് സാധിച്ചില്ല. സിനിമയിൽ നിന്നെത്തി രാഷ്ട്രീയത്തിൽ പ്രവേശിച്ചെങ്കിലും, ഇതര നേതാക്കളെപ്പോലെ രാഷ്ട്രീയ നായകൻ എന്നനിലയിലല്ല സാമുദായിക നേതാവായാണ് കരുണാസ് സ്വയം അടയാളപ്പെടുത്തിയത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.