രാഷ്ട്രീയഭിക്ഷാംദേഹിയായി തീർന്ന നവരസ നായകൻ

സൂക്ഷ്മമായ വികാരപ്രകടനങ്ങളെ ജനപ്രിയമായി കൈകാര്യം ചെയ്യാൻ കഴിവുള്ള അഭിനേതാവാണ് കാർത്തിക്. വൈവിധ്യമാർന്ന മനുഷ്യാവസ്ഥകളെ അനായാസമായി അവതരിപ്പിക്കാനുള്ള കാർത്തികിന്റെ സിദ്ധി കാരണം തമിഴ് ചലച്ചിത്രലോകം അദ്ദേഹത്തിന് ചാർത്തിക്കൊടുത്ത പേരാണ് ‘നവരസ നായകൻ’ എന്നത്. സിനിമക്ക് പിന്നാലെ രാഷ്ട്രീയത്തിലും അദ്ദേഹം തന്‍റെ നായകത്വം ഉറപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് അത്രകണ്ട് വിജയകരമായിരുന്നില്ല. കാർത്തികിന്റെ സിനിമ-രാഷ്ട്രീയ നിലപാടുകളും സംഭവവികാസങ്ങളും വിവരിക്കുന്നു ഇത്തവണ. പൗരുഷ പ്രകടനങ്ങളിലോ നായകത്വത്തെ സംബന്ധിച്ച പരമ്പരാഗത കാർക്കശ്യങ്ങളിലോ ഒതുങ്ങാതെ സമകാലിക നായകരിൽനിന്ന് വ്യത്യസ്തത...

സൂക്ഷ്മമായ വികാരപ്രകടനങ്ങളെ ജനപ്രിയമായി കൈകാര്യം ചെയ്യാൻ കഴിവുള്ള അഭിനേതാവാണ് കാർത്തിക്. വൈവിധ്യമാർന്ന മനുഷ്യാവസ്ഥകളെ അനായാസമായി അവതരിപ്പിക്കാനുള്ള കാർത്തികിന്റെ സിദ്ധി കാരണം തമിഴ് ചലച്ചിത്രലോകം അദ്ദേഹത്തിന് ചാർത്തിക്കൊടുത്ത പേരാണ് ‘നവരസ നായകൻ’ എന്നത്. സിനിമക്ക് പിന്നാലെ രാഷ്ട്രീയത്തിലും അദ്ദേഹം തന്‍റെ നായകത്വം ഉറപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് അത്രകണ്ട് വിജയകരമായിരുന്നില്ല. കാർത്തികിന്റെ സിനിമ-രാഷ്ട്രീയ നിലപാടുകളും സംഭവവികാസങ്ങളും വിവരിക്കുന്നു ഇത്തവണ.

പൗരുഷ പ്രകടനങ്ങളിലോ നായകത്വത്തെ സംബന്ധിച്ച പരമ്പരാഗത കാർക്കശ്യങ്ങളിലോ ഒതുങ്ങാതെ സമകാലിക നായകരിൽനിന്ന് വ്യത്യസ്തത പുലർത്തി തമിഴ് പ്രേക്ഷകരെ ആകർഷിച്ച താരമാണ് കാർത്തിക് എന്ന മുരളി കാർത്തികേയൻ മുത്തുരാമൻ. ’70കളിലെ മെലോഡ്രാമക്കും ’90കളിലെ ശൈലീകൃത റിയലിസത്തിനും ഇടയിൽ ചടുലമായ അഭിനയശൈലിയിലൂടെയാണ് ഇത് അദ്ദേഹം സാധിച്ചെടുത്തത്. സാങ്കേതികമായ ക്ലാസിക് അർഥത്തിലല്ലെങ്കിലും വൈവിധ്യമാർന്ന മനുഷ്യാവസ്ഥകളെ അനായാസമായി അവതരിപ്പിക്കാനുള്ള കാർത്തികിന്റെ സിദ്ധി കാരണം ‘നവരസ നായകൻ’ എന്ന വിശേഷണം തമിഴ് പ്രേക്ഷകർ അദ്ദേഹത്തിന് നൽകി.

ശരീരഭാഷയിലെ ചലനാത്മകത, ഊർജസ്വലത, ഭാവപ്രകടനങ്ങളിലെ അനായാസത, സംഭാഷണങ്ങളിലെ ചുറുചുറുക്ക് തുടങ്ങിയവയുടെ സംയോജനം കാർത്തികിന്റെ അഭിനയശൈലിയുടെ സവിശേഷതകളാണ്. ആകർഷകമായ ചോക്ലറ്റ് ബോയ് പ്രതിച്ഛായയും കരുത്തുള്ള വ്യക്തിപ്രകാശനവും യുവത്വത്തിന്റെ പ്രസരിപ്പും 80-90കളിലെ റൊമാന്റിക് നായകരിൽ പ്രമുഖസ്ഥാനം കൈവരിക്കാൻ കാർത്തികിനെ സഹായിച്ച ഘടകങ്ങളാണ്. സംഘട്ടനരംഗങ്ങളിലെ ആയാസരഹിതമായ ഹീറോയിസം, മികവാർന്ന സമയക്രമത്തിൽ ഹാസ്യരംഗങ്ങൾ കൈകാര്യം ചെയ്യുന്ന നായകൻ എന്നീ നിലകളിലുള്ള ഇമേജും കാർത്തികിന്റെ താരവ്യക്തിത്വത്തെ രൂപപ്പെടുത്തിയതിൽ പ്രധാനമാണ്.

സൂക്ഷ്മാഭിനയത്തിലെ റൊമാന്റിക് മുഖം

ഗ്രാമീണ പശ്ചാത്തലത്തിൽ ദുരന്ത പ്രണയം ആവിഷ്കരിക്കുന്ന ‘വർഷം പതിനാറു’, നഗരകേന്ദ്രിത ക്ഷുഭിത യുവാക്കളുടെ ജീവിതം പറയുന്ന ‘അഗ്നി നക്ഷത്രം’, മുഴുനീള ലഘുഹാസ്യ റൊമാന്റിക് ചിത്രമായ ‘ഉള്ളത്തൈ അള്ളിത്താ’ പോലുള്ള വ്യത്യസ്‍തങ്ങളായ സിനിമകളിലൂടെ കാർത്തിക് സൃഷ്ടിച്ച ഓളം തമിഴ് വാണിജ്യ സിനിമകൾക്ക് നൽകിയ ഊർജം ചെറുതല്ല. ഹ്രസ്വവേഷമാണെങ്കിൽപോലും ചിത്രത്തെ മുഴുവൻ സ്വാധീനിക്കുന്ന സ്‌ക്രീൻ സാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിനായി. ഏകദേശം അര മണിക്കൂർ മാത്രം സ്‌ക്രീനിലെത്തുന്ന ‘മൗനരാഗ’ത്തിലെ മനോഹർ എന്ന വിമത യുവകാമുകന്റെ റോളും മണിരത്നം തന്നെ സംവിധാനം ചെയ്ത ‘അഗ്നിനക്ഷത്രം’ എന്നചിത്രത്തിലെ അശോക് എന്ന ക്ഷുഭിത യുവാവിന്റെ വേഷവും കാർത്തികിന്റെ തിളക്കമേറിയ പ്രകടനങ്ങളായി.

സൂക്ഷ്മമായ വികാരപ്രകടനങ്ങളെ ജനപ്രിയമായി കൈകാര്യം ചെയ്യാനുള്ള കാർത്തികിന്റെ മികവിന് മറ്റൊരു ഉദാഹരണമാണ് ഗ്രാമീണ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ‘കിഴക്കു വാസൽ’. നൂറാമത്തെ ചിത്രമായ ‘ഉന്നിടത്തിൽ എന്നൈ കൊടുത്തേ’നിലെ മോഷ്ടാവായ കാമുകനും ജനപ്രീതി പിടിച്ചുപറ്റി. സമകാലികരിലെ ഇടുങ്ങിയ മെത്തേഡ് അഭിനയരീതിയിൽനിന്ന് ഭിന്നമായി സ്വതസിദ്ധതയിലാണ് കാർത്തികിലെ അഭിനേതാവ് വിജയം കണ്ടത്.

അസ്വസ്ഥരായ, ഊർജസ്വലതയുള്ള, അലസരായ എന്നിങ്ങനെ വൈവിധ്യമാർന്ന യുവത്വത്തെ പ്രതിനിധാനം ചെയ്യുന്ന നിരവധി കഥാപാത്രങ്ങളെ അനായാസതയോടെ കാർത്തിക് അവതരിപ്പിച്ചു. എൺപതുകളിലെ യുവത്വത്തിന്റെ ജീവിതവീക്ഷണത്തെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ കാർത്തികിന്റെ അഭിനയശൈലി പ്രയോജനപ്പെട്ടു. ചുണ്ടുകോട്ടിയുള്ള മന്ദഹാസവും ചുമലുകൾ ചലിപ്പിച്ചുകൊണ്ടുള്ള അശ്രദ്ധ മനോഭാവപ്രകടനവും അഹങ്കാരിയോ വൈകാരിക ദുർബലരോ ആയ കഥാപാത്രങ്ങൾക്ക് ‘കാർത്തിക് സ്റ്റൈൽ’ നൽകി. യുവ പ്രേക്ഷകർക്ക് തന്മയീഭാവം തോന്നുന്ന രീതിയിലുള്ള ശരീരഭാഷയും അദ്ദേഹത്തിന്റെ അധിക സവിശേഷതയായി.

‘അലൈകൾ ഓയ്‌വതില്ലൈ’ തൊട്ട് ‘മൗനരാഗം’ വരെയുള്ള റൊമാന്റിക് ഴോണറിലുള്ള ചിത്രങ്ങളിൽ ധീരനും പ്രണയാതുരനുമായ കാമുക വേഷങ്ങളിലാണ് കാർത്തിക് പ്രത്യക്ഷപ്പെട്ടത്. ധീരകാമുകഭാവത്തിൽനിന്ന് കുസൃതിത്തരവും നർമവും കലർന്ന പ്രണയനായകനായി മാറുന്ന കാർത്തികിനെയാണ് പിന്നീട് കാണുന്നത്. ഡയലോഗ് ഡെലിവറിയിലുള്ള താളാത്മകതയും ചടുലവേഗവും ഈ മാറ്റത്തിനു കൂടുതൽ മിഴിവ് നൽകി.

സിനിമയുടെ നിറങ്ങളിലേക്ക്

പിന്നാക്ക വിഭാഗമായ കള്ളർ സമുദായത്തിൽ ജനിച്ച്, തമിഴ് സിനിമയിൽ ‘നവരസ തിലക’മായി വളർന്ന നായക നടൻ ആർ. മുത്തുരാമന്റെ മകനായി മദ്രാസിലാണ് കാർത്തികിന്റെ ജനനം. പിതാവിന്റെ സിനിമാരംഗത്തെ സ്വാധീനം കാർത്തികിന് ഈ മേഖലയിലേക്കുള്ള വഴി എളുപ്പമാക്കി. ‘നിഴലുകൾ’ എന്ന ചിത്രത്തിന്റെ സാമ്പത്തിക പരാജയത്തെ തുടർന്ന്, കരിയർ ഗ്രാഫ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഒരു ചിത്രത്തിന്റെ ആലോചനക്കിടയിലാണ് സംവിധായകൻ ഭാരതിരാജയുടെ ശ്രദ്ധ കാർത്തികിൽ പതിയുന്നത്. ഇക്കാലത്ത് തന്റെ കാറിടിച്ചു പരിക്കേറ്റ വിദ്യാർഥിയെ ചികിത്സിക്കാൻ ഭാരതിരാജ, നടൻ മുത്തുരാമന്റെ സഹായം തേടി. മുത്തുരാമന്റെ വീട്ടിൽ, ബാഡ്മിന്റൺ കളിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മകൻ കാർത്തികിന്റെ മാനറിസത്തിൽ ആകൃഷ്ടനായ ഭാരതിരാജ പുതിയ ചിത്രത്തിലെ നായകനെ അപ്പോൾതന്നെ തീരുമാനിക്കുകയും ചെയ്തു. കാർത്തികിനും രണ്ടാമതൊന്നു ആലോചിക്കാനുണ്ടായിരുന്നില്ല.

പ്രണയത്തെ, മതയാഥാസ്ഥിതികതക്ക് ഉപരിയായി പ്രതിഷ്ഠിക്കുന്ന ‘അലൈകൾ ഓയ്‌വതില്ലൈ’ എന്ന പ്രസ്തുത ചിത്രത്തിൽ ഹിന്ദു യുവാവായ വിച്ചു ആയാണ് കാർത്തികിന്റെ തുടക്കം. രാധ ആയിരുന്നു നായിക. ആ വർഷത്തെ മികച്ച യുവനായക നടനുള്ള തമിഴ്നാട് സർക്കാർ അവാർഡ് ആദ്യ കഥാപാത്രത്തിലൂടെ അദ്ദേഹം സ്വന്തമാക്കി. ഈ ചിത്രം ‘സീതാകോക്ക ചിലകാ’ എന്ന പേരിൽ തെലുഗുവിലും ഒരേസമയം ചിത്രീകരിച്ചു. തുടർന്നുവന്ന ചിത്രങ്ങൾ മിക്കവയും കോളജ് വിദ്യാർഥികളെയും യുവാക്കളെയും ആകർഷിക്കുന്ന റൊമാന്റിക് നായകവേഷങ്ങളായിരുന്നു.

ഹിറ്റുകൾ തുടരെ

മണിരത്നത്തിന്റെ 1986ൽ ഇറങ്ങിയ ‘മൗനരാഗം’ എന്ന ചിത്രമാണ് കാർത്തികിലെ റൊമാന്റിക് ആക്ഷൻ ഹീറോയെ പുറത്തുകൊണ്ടുവരുന്നത്. ആകർഷകമായ ഡയലോഗ് ഡെലിവറിയും അടങ്ങിയിരിക്കാത്ത ശരീരഭാഷയും വിമതസ്വഭാവവുമുള്ള ഒരു കാമുകനെയാണ് ഈ ചിത്രത്തിലൂടെ കാർത്തിക് അവതരിപ്പിക്കുന്നത്. ‘അഗ്നിനക്ഷത്ര’ത്തിലെ അശോക് എന്ന കഥാപാത്രത്തിലും അസ്വസ്ഥനായ യുവാവിനെ കാണാം. മൂർച്ചയുള്ള ക്ഷുഭിതനീക്കങ്ങളും കത്തിക്കയറുന്ന നോട്ടങ്ങളുംകൊണ്ട് ഈ കഥാപാത്രം വേറിട്ടുനിന്നു. ഈ ചിത്രത്തിലെ ‘‘രാജ രാജാധി...’’ എന്ന് തുടങ്ങുന്ന ഗാനചിത്രീകരണത്തിൽ യുവത്വത്തിന്റെ ഉണർവും ഈഗോയുമുള്ള ഒരു യുവനായകനെ പാരമ്പര്യേതരമായ കൊറിയോഗ്രഫിയിലൂടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

‘വർഷം പതിനാറു’ ഈ ഴോണറുകളിൽനിന്ന് ഭിന്നമായി, കുടുംബത്തിന്റെ പേരും പെരുമയും നിലനിർത്താൻ സ്വയം വേദനിച്ച് ത്യാഗംചെയ്യുന്ന ഒരു ഗ്രാമീണ യുവാവിലേക്കുള്ള പകർച്ചയായിരുന്നു. മുൻ ചിത്രങ്ങളിലെ ബാഹ്യ പ്രകടനങ്ങളിൽനിന്നു മാറി ആന്തരിക വേദനക്ക് ഊന്നൽ നൽകുന്ന അഭിനയരീതിയാണ് ഇ ചിത്രത്തിൽ അവലംബിച്ചത്. ‘ഉള്ളത്തൈ അള്ളിത്താ’യിൽ ഉരുളക്കുപ്പേരി ശൈലിയിലുള്ള ഹാസ്യരംഗങ്ങളിൽ ഗൗണ്ടമണിക്കൊപ്പം കാർത്തിക് തിളങ്ങി. ടൈമിങ്ങിലുള്ള അസാമാന്യമായ കൈയടക്കവും കോമഡിരംഗങ്ങളിൽ കാർത്തികിനു തുണയായി. വൈകാരികമായി തളരുമ്പോഴോ ഉത്തേജിപ്പിക്കപ്പെടുമ്പോഴോ ഒരാളിൽ ഉണ്ടാകുന്ന സംഭാഷണഭേദങ്ങളെ തനതു ശൈലിയായി കാർത്തിക് രൂപപ്പെടുത്തി.

പരമ്പരാഗത നായകത്വത്തിന്റെ സംഭാഷണ-താള സങ്കൽപങ്ങളിൽനിന്നുള്ള വ്യതിരിക്തതയായി അതുമാറി. പ്രത്യേകശൈലിയിലും താളത്തിലും വാക്കുകൾ വേർതിരിച്ചുച്ചരിക്കുന്ന കാർത്തികിന്റെ സംഭാഷണരീതി പിൽക്കാല നായകന്മാരെപ്പോലും സ്വാധീനിച്ചതായി കാണാം. സൂര്യ, ധനുഷ്, കാർത്തി എന്നീ പിൽക്കാല നടന്മാരിലെ ആദ്യകാല അഭിനയ പ്രകടനങ്ങളിൽ കാർത്തികിന്റെ സ്വാധീനം കാണാം. ധനുഷിന്റെ ‘യാരടീ നീ മോഹിനി’, ‘തിരുടാ തിരുടി’ പോലുള്ള ഹൈപ്പർ ആക്ടിവ് കഥാപാത്രങ്ങളിൽ കാർത്തികിന്റെ കാമുകഭാവമുള്ള വിമത യുവത്വം കാണാം. ‘അനേഗ’നിലെ അസ്വസ്ഥ താളമുള്ള ധനുഷിന്റെ ഡയലോഗ് ഡെലിവറിയിലും ഇതുണ്ട്. ‘പരുത്തിവീര’നിലെ കാർത്തിയുടെയും ‘മൗനം പേശിയതേ’യിലെ സൂര്യയുടെയും നായകകഥാപാത്രങ്ങളിലും ഈ പ്രതിഫലനം ദൃശ്യമാണ്. സിലമ്പരശന്റെ ഡയലോഗ് ഡെലിവറിയിൽ കാണുന്ന തിടുക്കം കലർന്ന താളവും ഈ സ്വാധീനത്തിന്റെ തുടർച്ചയായി കാണാം.

രജനികാന്തിനോടൊപ്പം അഭിനയിച്ച ‘നല്ലവനുക്ക് നല്ലവൻ’, ഇളയരാജയുടെ സംഗീതംകൊണ്ടു ഹിറ്റായ ‘വണ്ണകനവുകൾ’, ലഘുഹാസ്യത്തിന്റെ മേമ്പൊടിയുള്ള ‘മേട്ടുക്കുടി’, ‘പിസ്ത’, റൊമാന്റിക് നാടകീയത നിറഞ്ഞ ‘ആകായ ഗംഗൈ’, ‘പൂവിളി’, ‘റോജാ വനം’ തുടങ്ങിയ ചിത്രങ്ങൾ കമേഴ്‌സ്യൽ ഹിറ്റുകളായി. ‘അമരൻ’ (1992) എന്ന ആക്ഷൻ ഗ്യാങ്സ്റ്റർ സിനിമയിൽ ചേരിവാസികളായ അതിസാധാരണക്കാരുടെ സമരനായകനായി മാറിയ അനാഥ യുവാവിനെയും ‘പൊന്നുമണി’യിലെ (1993) ഗ്രാമീണനും നിഷ്കളങ്കനുമായ ചെറുപ്പക്കാരനെയും ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. ‘അമരനി’ലെ ‘‘വെത്തല പോട്ട സോക്കിലെ’’ എന്ന അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്ന ജനപ്രിയ ഗാനം പാടി അഭിനയിക്കാൻ അവസരം ലഭിച്ചത് കാർത്തികിന്റെ ഉച്ചാരണത്തിലെ, നേരത്തേ പറഞ്ഞ താളാത്മകഭംഗികൊണ്ടുകൂടിയാണ്.

 

കാർത്തിക് മനിത ഉരിമൈ കാക്കും കക്ഷിയുടെ പ്രഖ്യാപനം നടത്തുന്നു

രാഷ്ട്രീയ പരീക്ഷണം

’90കളുടെ മധ്യംതൊട്ടു കോമഡി രംഗങ്ങളിലെ ഉജ്ജ്വല പ്രകടനം കൊണ്ടാണ് കാർത്തികിലെ നായകൻ കരിയറിന്റെ മറ്റൊരു ഘട്ടത്തിലെത്തുന്നത്. ഹാസ്യനടനായ ഗൗണ്ടമണിയുമായി ചേർന്നുള്ള കൂട്ടുകെട്ട് അക്കാലത്തെ വൻ ഹിറ്റുകളായിരുന്നു. 1996ൽ സുന്ദർ സി സംവിധാനം ചെയ്ത ‘ഉള്ളത്തൈ അള്ളിത്താ’ എന്ന കമേഴ്‌സ്യൽ ഹിറ്റാണ് ഇതിനു തുടക്കം കുറിക്കുന്നത്. മനസാന്തരപ്പെട്ട ക്രൂരനും മദ്യപനുമായ പ്ലേബോയ് ആയി അഭിനയിച്ച ‘ഗോകുലത്തിൽ സീതൈ’ എന്ന ചിത്രത്തിലെ നെഗറ്റിവ് ഛായയുള്ള വേഷത്തിലും കാർത്തിക് തിളങ്ങി.

2000-2009 കാലത്ത് വ്യക്തിപരമായ പ്രശ്നങ്ങൾ, പ്രഫഷനൽ അച്ചടക്കമില്ലായ്മ പോലുള്ള കാരണങ്ങളാൽ കാർത്തികിന് അവസരങ്ങൾ കുറഞ്ഞുതുടങ്ങി. പുതിയ അഭിനേതാക്കൾ ഉയർന്നുവന്നതോടെ നായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഡിമാൻഡിനും കോട്ടം തട്ടി. നിരവധി ചിത്രങ്ങൾ നിർമാണത്തിലിരിക്കെ ഉപേക്ഷിക്കപ്പെട്ടു. കാർത്തിക് സ്വന്തം പാർട്ടി രൂപവത്കരിക്കാനുള്ള ശ്രമം ആരംഭിക്കുന്നതും ഇക്കാലത്താണ്.

2010 മുതൽ സമകാലികരായ പ്രഭുവിനെയും സത്യരാജിനെയുംപോലെ സപ്പോർട്ടിങ്, നെഗറ്റിവ് റോളുകൾ തിരഞ്ഞെടുത്ത് കാർത്തിക് സിനിമാജീവിതത്തിൽ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. മണിരത്നത്തിന്റെ ‘രാവണൻ’ (2010) എന്ന ചിത്രത്തിലെ ഫോറസ്റ്റ് ഗാർഡ് ജ്ഞാനപ്രകാശത്തിന്റെ വേഷം അഭിനയകമികവുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘അനേഗ’നിലും (2015) മികച്ച പ്രകടനമാണദ്ദേഹം കാഴ്ചവെച്ചത്. മകൻ ഗൗതം കാർത്തികിനൊപ്പം അഭിനയിച്ച ‘താനാ സേർന്ത കൂട്ടം’ (2018), ‘മിസ്റ്റർ ചന്ദ്രമൗലി’ (2018) തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനവും പഴയ കരിസ്മയുടെ മിന്നലാട്ടങ്ങൾ നിറഞ്ഞതായിരുന്നു. 2023ലെ ‘തീ-ഇവൻ’, 2024ൽ പ്രശാന്തിനോടൊപ്പം അഭിനയിച്ച ‘അന്തകൻ’ എന്നിവയാണ് ഏറ്റവും ഒടുവിലത്തെ ചിത്രങ്ങൾ.

കാർത്തികിന്റെ അഭിനയരീതി സ്റ്റാറ്റിക് റൊമാന്റിസിസത്തിൽനിന്നാരംഭിച്ച് തീവ്രമായ നാടകീയ പ്രകടനത്തിലേക്കും പിന്നീട് സ്ലാപ്സ്റ്റിക് കോമഡിയിലേക്കും കടന്നു ഒരു ഇടവേളക്കുശേഷം പാകതയാർന്ന നെഗറ്റിവ് / സ്വഭാവ റോളുകളിലേക്ക് പരിണമിക്കുകയാണുണ്ടായത്.

സിനിമയിൽ അംഗീകാരം ലഭിച്ചതിനുശേഷം രാഷ്ട്രീയത്തിലും ഒരു കൈ നോക്കാമെന്നാഗ്രഹിച്ചവരുടെ കൂട്ടത്തിൽ ചേരാൻ കാർത്തികിനും മടിയുണ്ടായില്ല. ആ രാഷ്ട്രീയയാത്ര ഏറെ സങ്കീർണവും ആശയക്കുഴപ്പം നിറഞ്ഞവയുമായിരുന്നു. ’90കളിൽതന്നെ പ്രേക്ഷകപ്രീതി മുൻനിർത്തി കാർത്തികിനെ തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കാൻ ദ്രാവിഡ കക്ഷികളടക്കം തീവ്രശ്രമങ്ങൾ നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2006ലാണ് അദ്ദേഹം ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിൽ ചേരുന്നത്. അതിനു മുമ്പുതന്നെ കാർത്തിക് ‘ശരണാലയം’ എന്ന പേരിൽ സംഘടന ആരംഭിക്കുകയും തന്റെ ആരാധകരെ അതിൽ അംഗങ്ങളാക്കുകയും ചെയ്തു. ഫോർവേഡ് ബ്ലോക്കിനെ തന്റെ രാഷ്ട്രീയ തട്ടകമാക്കാൻ കാർത്തിക് തീരുമാനിച്ചതിനു പിന്നിലും ഒരു കാരണമുണ്ട്.

തെക്കൻ തമിഴ്നാട്ടിൽ സ്വസമുദായമായ കള്ളർ ഉൾപ്പെട്ട മുക്കുലത്തോർ അഥവാ തേവർ വിഭാഗത്തിൽനിന്ന് ലഭിച്ച ശക്തമായ ആരാധക പിന്തുണ കണ്ടാണ് 2006ൽ കാർത്തിക് രാഷ്ട്രീയത്തിലിറങ്ങുന്നത്‌. നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ തമിഴ്‍നാട് ഘടകത്തിന്റെ സ്ഥാപക നേതൃത്വം തേവർ സമുദായത്തിന്റെ ആചാര്യസ്ഥാനീയനായ മുത്തുരാമലിംഗ തേവർക്കായിരുന്നു. ഈ പാരമ്പര്യത്തിന്റെ തുടർച്ച ഏറ്റെടുക്കുന്നത് രാഷ്ട്രീയ വളർച്ചക്ക് ഉതകുമെന്ന് കാർത്തിക് കരുതി. എന്നാൽ, സ്വതന്ത്ര നേതൃത്വം ആഗ്രഹിച്ചിരുന്ന കാർത്തികിനു ഒരു രാഷ്ട്രീയ സംഘടനയുടെ കാർക്കശ്യവും ഘടനാപരവുമായ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിനിന്ന് പ്രവർത്തിക്കാനാവുമായിരുന്നില്ല.

പാർട്ടിയിൽ അംഗത്വം, ലഭിച്ച ഉടനെ തമിഴ്‌നാട് ഘടകം സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. തന്റെ താരപരിവേഷത്തെ മുൻനിർത്തി പാർട്ടിയിലേക്ക് കൂടുതൽ ആളുകളെ, പ്രത്യേകിച്ചു തേവർ സമുദായാംഗങ്ങളെ ആകർഷിക്കാനുള്ള പരിപാടികൾ കാർത്തിക് തയാറാക്കി. സംസ്ഥാനത്തിന്റെ പരമ്പരാഗത അധികാര ഘടനയെ സ്വാധീനിക്കാൻ കഴിവുള്ള തേവർ സമുദായത്തിന്റെ പിൻബലം കേന്ദ്രീകരിക്കപ്പെടുന്നത് പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുമെന്ന് കാർത്തിക് കരുതി. ഈ ഒരു ഉദ്ദേശ്യത്തോടെയാവണം 2005ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കാർത്തിക് മുന്നണി സംവിധാനങ്ങളെ ആശ്രയിക്കാതെ തനിച്ചുനിന്ന് ശക്തി തെളിയിക്കാൻ തീരുമാനിച്ചു. എന്നാൽ, കാർത്തികിന്റെ ഈ നീക്കം വൻ പരാജയമായി. എല്ലാ സീറ്റുകളിലും പാർട്ടി പരാജയമടഞ്ഞു.

തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കാർത്തികിന്റെ നീക്കങ്ങൾ പാർട്ടിക്കുള്ളിൽ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ അഭിപ്രായ ഭിന്നത വർധിപ്പിച്ചു. മുതിർന്ന പാർട്ടി നേതാക്കൾക്ക് കാർത്തികിന്റെ സ്വേച്ഛാപരവും പാർട്ടി പരിപാടികളെ മറികടന്നുമുള്ള നിലപാടുകളോട് യോജിച്ച് പോകാനാവുമായിരുന്നില്ല. സംസ്ഥാനത്ത് ഒരു പ്രവർത്തക സമിതി രൂപവത്കരിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ നിർദേശം മാസങ്ങൾ കഴിഞ്ഞും നടപ്പാക്കാൻ കാർത്തിക് തയാറായില്ല. പാർട്ടി അംഗങ്ങൾക്ക് കാർത്തിക് അപ്രാപ്യനായിരുന്നു. പ്രാദേശികമായി പാർട്ടിക്ക് ഉണ്ടായിരുന്ന പ്രതിച്ഛായയും മങ്ങാൻ തുടങ്ങി.

മാത്രമല്ല, സംസ്ഥാന നേതൃത്വത്തിന്റെ തലപ്പത്ത് കാർത്തിക് നിയമിക്കപ്പെട്ടതിൽ മുതിർന്ന നേതാക്കളിൽ പലർക്കും അതൃപ്തിയുമുണ്ടായിരുന്നു. അനുഭവ പരിചയവും ജനങ്ങളുമായി അടുത്തിടപഴകുന്ന സംഘടനാരീതിയും അന്യമായ ഒരാളെ കെട്ടിയിറക്കിയതിലുള്ള അമർഷവും പ്രകടമായി. തനിച്ച് മത്സരിക്കാനുള്ള കാർത്തികിന്റെ തീരുമാനത്തെ ചോദ്യംചെയ്ത്, എ.ഐ.എ.ഡി.എം.കെയുമായി മുന്നണിബന്ധം ഉണ്ടാക്കണമെന്ന് താൽപര്യപ്പെട്ട മുൻ എം.എൽ.എ എൽ. സന്താനം പാർട്ടിയിൽനിന്ന് രാജിവെക്കുകയും ചെയ്തു. കാർത്തികിന്റെ കടന്നുവരവോടെ, പാർട്ടിയിൽ അക്കാലത്ത് സന്താനത്തിനുണ്ടായിരുന്ന അനിഷേധ്യത ചോദ്യംചെയ്യപ്പെട്ടതും പുറത്തുപോകലിന് പ്രധാന കാരണമായിരുന്നു.

ഇതര നേതാക്കളിൽ വലിയൊരു വിഭാഗം കാർത്തികിന്റെ നീക്കങ്ങളെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നതോടെ ഉൾപാർട്ടി പോരാട്ടം കനത്തു. ദേശീയ നേതൃത്വം വിളിച്ചുകൂട്ടുന്ന അടിയന്തര സ്വഭാവമുള്ള പ്രത്യേക യോഗങ്ങളിൽനിന്നുപോലും കാർത്തിക് വിട്ടുനിന്നത് മേൽഘടകത്തിന്റെ അപ്രീതിക്കും കാരണമായി.

 

പാർട്ടിയിൽനിന്ന് പുറത്ത്; പുതിയ പാർട്ടി വരുന്നു

2008 മേയിൽ നടന്ന ഫോർവേഡ് ബ്ലോക്കിന്റെ പ്രത്യേക സമ്മേളനത്തിൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കാർത്തികിനെ പുറത്താക്കാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടു. ഇതോടെ, സ്വന്തം ആശയങ്ങൾ നടപ്പാക്കാനാവുന്ന ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കാനായിരുന്നു കാർത്തികിന്റെ നീക്കം. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പായി പുതിയൊരു രാഷ്ട്രീയ കക്ഷി തമിഴ്‌നാട്ടിൽ ഉദയംകൊണ്ടു -അഖിലേന്ത്യാ നാടാളും മക്കൾ കക്ഷി.

തെക്കൻ തമിഴ്നാട്ടിലെ തേവർ (മുക്കുലത്തോർ) സമുദായത്തെ കേന്ദ്രീകരിച്ചുള്ള ജാതി അധിഷ്ഠിത രാഷ്ട്രീയ സംഘടന എന്ന നിലയിലാണ് അഖിലേന്ത്യാ നാടാളും മക്കൾ കക്ഷിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. ഫോർവേഡ് ബ്ലോക്കിന് ഈ സമുദായത്തിലുള്ള സ്വാധീനത്തെ സ്വന്തം പാർട്ടിയിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. മധുര, തേനി, വിരുദുനഗർ തുടങ്ങിയ ജില്ലകളിൽ ചരിത്രപരമായി സ്വാധീനമുള്ള തേവർ സമുദായത്തിന്റെ സാമൂഹിക-രാഷ്ട്രീയ താൽപര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പാർട്ടി പരിപാടികൾ ആസൂത്രണം ചെയ്തത്.

2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ, തനിച്ചു മത്സരിക്കുന്നതുകൊണ്ടു ഫലമില്ലെന്ന് മനസ്സിലാക്കിയ കാർത്തിക്, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള, ശരത്കുമാറിന്റെ അഖിലേന്ത്യാ സമത്വ മക്കൾ കക്ഷി ഉൾപ്പെട്ട മൂന്നാം മുന്നണിയിൽ ചേർന്നു. വിരുദുനഗർ മണ്ഡലത്തിൽ മത്സരിച്ച കാർത്തികിന് കെട്ടിവെച്ച തുകപോലും തിരിച്ചുകിട്ടിയില്ല. ഏകദേശം 15,000 വോട്ടുകൾ (രണ്ടു ശതാനം) മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. കോൺഗ്രസ് സ്ഥാനാർഥി മാണിക്കം ടാഗോറാണ് ഈ മണ്ഡലത്തിൽ ജയിച്ചുകയറിയത്.

2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കാർത്തിക് എ.ഐ.എ.ഡി.എം.കെ മുന്നണിയുമായി സഖ്യം ചേർന്നു. എന്നാൽ, ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ ജയലളിത വിസമ്മതിച്ചതിനാൽ ആ ബന്ധത്തിന് അൽപായുസ്സായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ സമുദായ സ്വാധീനമുള്ള ഏതാനും സീറ്റുകളിൽ തനിച്ചു മത്സരിക്കാനും മറ്റിടങ്ങളിൽ ഡി.എം.കെ മുന്നണിക്ക് അനുകൂലമായി വോട്ടുചെയ്യാനുമായിരുന്നു കാർത്തികിന്റെ തീരുമാനം. എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയും ഇന്നത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ നൈനാർ നാഗേന്ദ്രൻ അന്ന് തിരുനെൽവേലിയിൽ 2000ത്തോളം വോട്ടുകൾക്ക് പരാജയപ്പെട്ടത് അഖിലേന്ത്യാ നാടാളും മക്കൾ കക്ഷിയുടെ മത്സര സാന്നിധ്യംകൊണ്ടായിരുന്നു. 2011ൽ മധുരൈ വിമാനത്താവളത്തിനു മുത്തുരാമലിംഗ തേവരുടെ പേര് നൽകണമെന്നാവശ്യപ്പെട്ട് കീഴക്കുയിൽകുടിയിൽ നടത്തിയ ഒരുനാൾ നിരാഹാര സമരം, തേവർ സമുദായവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാദേശിക സമരങ്ങളൊന്നും എന്നാൽ, തെരഞ്ഞെടുപ്പുകളിൽ നേട്ടങ്ങളായി മാറിയില്ല.

കോൺഗ്രസിൽ ലയനം

2014ലാണ് മൂപ്പനാരുടെ മകനും മുൻ ടി.എൻ.സി.സി പ്രസിഡന്റുമായിരുന്ന ജി.കെ. വാസൻ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് തമിഴ് മാനില കോൺഗ്രസ് (ടി.എം.സി) എന്ന പുതിയൊരു പാർട്ടി രൂപവത്കരിക്കുന്നത്. ഈ സന്ദർഭത്തിലാണ് അന്നത്തെ ടി.എൻ.സി.സി പ്രസിഡന്റ് ഇ.വി.കെ.എസ്. ഇളങ്കോവനെ സന്ദർശിച്ച് പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാനൊരുക്കമാണെന്നു കാർത്തിക് താൽപര്യമറിയിക്കുന്നത്. സ്വന്തം പാർട്ടിക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു ചലനവും സൃഷ്ടിക്കാനായില്ലെന്നും താരപ്രതിച്ഛായ ജനസമ്മതിയാകില്ലെന്നും തിരിച്ചറിഞ്ഞ കാർത്തിക് രാഷ്ട്രീയ അഭയം എന്നനിലയിലാണ് കോൺഗ്രസിൽ ലയിക്കുന്നത്.

ഔദ്യോഗികമായി ചേരും മുമ്പുതന്നെ ആ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ മധുര മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപര്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നെങ്കിലും നിലവിലുള്ള സ്ഥാനാർഥിയെ മാറ്റാൻ നേതൃത്വം തയാറായിരുന്നില്ല. 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സീറ്റ് അനുവദിച്ചില്ല. എങ്കിലും കാർത്തിക് കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, ജി.കെ. വാസനെപോലുള്ള മുതിർന്ന നേതാക്കളുടെ അഭാവം നികത്താൻ താൽക്കാലികമായി കാർത്തികിന്റെ താരപ്രഭയെ പ്രയോജനപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. അതിനാൽ, അദ്ദേഹത്തിന് കൂടുതൽ സ്ഥാനമാനങ്ങൾ നൽകാൻ പാർട്ടി വിസമ്മതിച്ചു. 2014ൽ ഔപചാരികമായ ലയനം സംഭവിച്ചെങ്കിലും അവഗണ തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസ് വിടാൻ കാർത്തിക് തീരുമാനിച്ചു.

2016ൽ പാർട്ടി തേവർ, ഗൗണ്ടർ, ദലിത്, വണ്ണിയർ സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്ന ആറോളം സംഘടനകളെ സംയോജിപ്പിച്ചു ‘വിടിയൽ’ (ഉദയം) എന്ന പേരിൽ ഒരു രാഷ്ട്രീയസഖ്യം ഉണ്ടാക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ കാർത്തിക് നേരിട്ട് മത്സരത്തിനിറങ്ങിയില്ലെങ്കിലും സഖ്യത്തിന്റെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി. ഫലം വന്നപ്പോൾ ഈ സാഹസവും വലിയ പരാജയമായി.

 

ജി.കെ. വാസൻ,ഇ.വി.കെ.എസ്. ഇളങ്കോവൻ

2018 ഡിസംബറോടെ അദ്ദേഹം ‘മനിത ഉരിമൈ കാക്കും കച്ചി’ എന്ന പുതിയ സംഘടന രൂപവത്കരിക്കുകയും തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ എ.ഐ.എഡി.എം.കെ സഖ്യത്തെ പിന്തുണക്കുന്ന സഖ്യകക്ഷിയായി മാറുകയും ചെയ്തു. തന്നോടും പാർട്ടിയോടുമുള്ള രാഷ്ട്രീയമായ അവഗണനയെ ചൊല്ലി ജയലളിതക്കെതിരെയുള്ള കടുത്ത വിമർശനങ്ങൾ പലപ്പോഴും പരസ്യപ്പെടുത്തിയെങ്കിലും അവരുടെ രോഗാതുര കാലത്തും മരണശേഷവും, ആണാധിക്യ രാഷ്ട്രീയസാഹചര്യങ്ങളിൽ ജയയെ പോലൊരു സ്ത്രീ മറികടന്ന ദുർഘട സന്ധികളെ ആദരപൂർവം അഭിസംബോധന ചെയ്യാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങിയ കാർത്തികിന് രാജ്യസഭാ സീറ്റിൽ കണ്ണുണ്ടായിരുന്നു. എന്നാൽ, അതും ഫലവത്തായില്ല. 2024 ലോക്സഭ തെരഞ്ഞെടുപ്പിലും ഇതേ സഖ്യത്തിന് കാർത്തിക് പിന്തുണ നൽകി. തെരഞ്ഞെടുപ്പ് കാലത്ത് സാന്നിധ്യം അറിയിക്കുന്നതിലേക്കു മാത്രമായി ചുരുങ്ങി കാർത്തികിന്റെ രാഷ്ട്രീയ പ്രവർത്തനം.

വ്യത്യസ്‍തമായ ചേരിയിൽ നിൽക്കുമ്പോഴും തമിഴക വെട്രി കഴകം എന്ന പാർട്ടി രൂപവത്കരിച്ച്, നടൻ വിജയ് രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ സ്വാഗതം ചെയ്യാനും പിന്തുണ പ്രഖ്യാപിക്കാനും അദ്ദേഹം സന്നദ്ധത കാണിച്ചു. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെയുടെ നില ദുർബലവും സങ്കീർണവുമായ സാഹചര്യത്തിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാർത്തിക് രാഷ്ട്രീയ പിന്തുണയിൽ മാറ്റം വരുത്തി. പാട്ടാളി മക്കൾ കക്ഷി രാംദാസ് വിഭാഗവുമായി കൈകോർത്ത് മത്സരിച്ച വി.കെ. ശശികലയുടെ (ജയലളിതയുടെ തോഴി) ‘അഖിലേന്ത്യാ പുരട്ചി തലൈവർ മക്കൾ’ മുന്നേറ്റ കഴകത്തിനുവേണ്ടിയാണ് കാർത്തിക് പ്രചാരണത്തിനിറങ്ങിയത്. വണ്ണിയ-മുക്കുലത്തോർ സമുദായങ്ങളുടെ വോട്ടുകളിൽ കണ്ണുവെച്ചുകൊണ്ടുള്ള ഈ നീക്കത്തിന് ടി.വി.കെ തരംഗം അലയടിച്ച തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് പ്രയോജനമൊന്നും ലഭിച്ചില്ല.

വലിയ രാഷ്ട്രീയാഭിലാഷങ്ങൾ മുൻനിർത്തി കളത്തിലിറങ്ങിയ കാർത്തികിനെ തന്നിഷ്ടങ്ങളും നിക്ഷിപ്ത താൽപര്യങ്ങളുമാണ് നയിച്ചത്. ജനാധിപത്യപരമായ സംഘടന ചട്ടക്കൂടുകളോ ആസൂത്രിതമായ പാർട്ടി പദ്ധതികളോ കാർത്തികിന് അന്യമായിരുന്നു. സാമുദായിക വിഷയങ്ങളോടുള്ള പ്രതികരണങ്ങളിൽ കവിഞ്ഞ് രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ പൊതു ആവശ്യങ്ങളുമായി സംവദിക്കാനോ തെരഞ്ഞെടുപ്പിതര വിഷയങ്ങളിൽ നിലപാട് സ്വീകരിക്കാനോ അണികളെ സജ്ജമാക്കാനോ കാർത്തിക് തുനിഞ്ഞില്ല. സമുദായ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു കടലാസ് സംഘടന എന്ന പരിമിതികളോടെ ‘മനിത ഉരിമൈകൾ കാക്കും കക്ഷി’യുടെ പ്രവർത്തനങ്ങളും ഇന്ന് പരിമിതപ്പെട്ടുകിടക്കുന്നു.

(തുടരും)

Tags:    
News Summary - Karthik Turbulent Political Journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.