അധിനിവേശത്തിന് പുതിയ രാജ്യങ്ങൾ തേടി അഭിനവ കൊളംബസ്. വെനിസ്വേല, കൊളംബിയ, ക്യൂബ, ഇറാൻ... ട്രംപിന്റെ എണ്ണപര്യവേക്ഷണങ്ങളെപ്പറ്റി കാർലോസ് ലാതുഫിന്റെ കാർട്ടൂൺ

അവശ്യവിവരങ്ങൾ ചോരുമ്പോൾ

ഒരു കേസിൽ വിധി വരുന്നു. രണ്ടാംപ്രതിയായ എം.എൽ.എ കുറ്റവാളിയാണെന്ന് കോടതി. എം.എൽ.എക്ക് സ്ഥാനം നഷ്ടപ്പെടുന്നു. ആറുവർഷത്തേക്ക് സ്ഥാനാർഥിയാകാനും അയോഗ്യത. ഈ വാർത്ത ‘ബ്രേക്ക്’ ചെയ്യുന്ന ഉടനെ പ്രേക്ഷകരും വായനക്കാരും പരതുക, ശിക്ഷിക്കപ്പെട്ട എം.എൽ.എയുടെ പാർട്ടിയും മുന്നണിയുമാകും. രണ്ടു മുന്നണികൾ പരസ്പരം കൊമ്പുകോർക്കുന്ന സമയമാണല്ലോ.

പക്ഷേ, ‘‘തൊണ്ടിമുതൽ തിരിമറി’’ക്കേസിന്റെ ആദ്യവാർത്തകളിൽ, ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിന്റെ പാർട്ടിയോ മുന്നണിയോ മിക്കവാറും പരാമർശിക്കപ്പെടാതെ പോയി. വാർത്തയുടെ ‘‘ഇൻട്രോ’’യിൽതന്നെ വരേണ്ട വസ്തുത എന്തുകൊണ്ട് വാർത്തക്ക് പുറത്തായി?

‘‘മുൻമന്ത്രി, എം.എൽ.എ’’ എന്നെല്ലാമാണ് മാധ്യമം (ജനു. 4) ആന്റണി രാജുവിനെ വിശേഷിപ്പിച്ചത്. എം.എൽ.എയുടെ രാഷ്ട്രീയച്ചായ്‍വിന്റെ ഏകസൂചന, കോൺഗ്രസുകാർ ആന്റണി രാജുവിനെതിരെ പ്രകടനം നടത്തിയത് മാത്രം.

റിപ്പോർട്ടിങ്ങിലെ ഈ അപൂർണതയുടെ വിപരീതമാണ് ദ ഹിന്ദു വാർത്ത. തുടക്കം ഇങ്ങനെ (വിവർത്തനം): ‘‘കേരളത്തിലെ മുൻ ഗതാഗതമന്ത്രിയും ഭരണത്തിലുള്ള ഇടതു ജനാധിപത്യ മുന്നണിയുടെ സാമാജികനുമായ ആന്റണി രാജുവിന് തിരിച്ചടിയായി, അദ്ദേഹത്തെ മയക്കുമരുന്നു കേസിൽ തെളിവിൽ കൃത്രിമം കാട്ടിയതിന് മൂന്നു വർഷം തടവിന് ശിക്ഷിച്ചുകൊണ്ട് കോടതി ശനിയാഴ്ച വിധിച്ചു...’’

ദ ന്യൂ സൺഡേ എക്സ്പ്രസിലെ തലക്കെട്ടിൽതന്നെ എം.എൽ.എയുടെ രാഷ്ട്രീയപക്ഷം എടുത്തുപറഞ്ഞു (വിവർത്തനം): ‘‘ആന്റണി രാജു കുറ്റക്കാരനെന്ന് വിധി; തെരഞ്ഞെടുപ്പിനു മുമ്പ് എൽ.ഡി.എഫിന് പ്രഹരം.’’

36 വർഷം മുമ്പ്, ആന്റണി രാജു രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനു മുമ്പ്, ജൂനിയർ അഭിഭാഷകനായിരിക്കെ ചെയ്ത ഒരു കുറ്റത്തിൽ ശിക്ഷ വിധിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പാർട്ടിയും മുന്നണിയും പ്രസക്തമാണോ? ആണ്. കാരണം, അദ്ദേഹം ഈ വിധിയോടെ പദവി നഷ്ടപ്പെട്ട എം.എൽ.എയാണ്. ഏത് പാർട്ടിക്ക്, ഏത് മുന്നണിക്ക്, വന്നുചേർന്ന നഷ്ടമാണിത് എന്നത് പ്രാഥമിക വിവരമാണ്.

പക്ഷേ, മലയാള പത്രങ്ങളിൽ ഭൂരിപക്ഷവും ഈ പ്രാഥമിക വിവരം വാർത്തയിൽ ഉൾപ്പെടുത്തിയില്ല. ‘‘മുൻമന്ത്രി, എം.എൽ.എ’’ എന്നുമാത്രം പറഞ്ഞ്, പ്രസക്തമായ മറ്റു വിവരങ്ങൾ വായനക്കാരന്റെ പൊതുവിജ്ഞാനത്തിന് വിട്ടുകൊടുക്കുകയാണ് മാധ്യമം, കേരളകൗമുദി, സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങൾ ചെയ്തത്. ‘‘എം.എൽ.എ’’ എന്നു പരിചയപ്പെടുത്തി ദേശാഭിമാനിയും ജനയുഗവും ദീപികയും മംഗളവും. അതേസമയം, ‘‘മുൻമന്ത്രിയും എൽ.ഡി.എഫ് നേതാവും എംഎൽഎ’’യുമെന്ന് ചന്ദ്രിക വിശദമാക്കി. ‘‘ജനാധിപത്യ കേരള കോൺഗ്രസ് നേതാവും എംഎൽഎയും’’ എന്ന് മലയാള മനോരമ. ‘‘എൽഡിഎഫിന് ആഘാതം’’ എന്ന വിശകലന റിപ്പോർട്ടും മനോരമ ചേർത്തു. മുഖ്യവാർത്തയിൽ പറഞ്ഞില്ലെങ്കിലും മാതൃഭൂമി അകത്തുചേർത്ത അനുബന്ധ കുറിപ്പിൽ ആന്റണി രാജുവിനെ ‘‘എൽഡിഎഫിലെ ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിന്റെ സ്ഥാപകനായ നേതാവ്’’ എന്ന് വിശേഷിപ്പിച്ചു.

വാർത്തയെഴുത്തി​ൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഇങ്ങനെ അടിസ്ഥാന വിവരങ്ങൾ ചോർന്നുപോകാൻ കാരണമെന്ന് തോന്നുന്നു. ‘തലതിരിച്ച പിരമിഡും’ Wകളും Hഉം എല്ലാം പുതിയതരം സമൂഹമാധ്യമ രചനാരീതിക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു. വസ്തുതകളെല്ലാം വായനക്കാർ നേരത്തേ അറിഞ്ഞതിനാൽ വിശകലനമാണ് അവർക്ക് കിട്ടേണ്ടതെന്ന ന്യൂസ് ഡെസ്ക് തീരുമാനത്തിൽ, പ്രാഥമിക വസ്തുതകൾ രക്തസാക്ഷിയാവുകയാണ്.

വാക്കുകൾക്ക് വിലക്ക്

ആന്റണി രാജു വാർത്തകളിൽ അവശ്യവസ്തുത ചോർന്നുപോയത് കരുതിക്കൂട്ടിയല്ലായിരിക്കാം. പക്ഷേ, നികളസ് മദൂറോയെ അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുപോയപ്പോൾ പടിഞ്ഞാറൻഡെസ്കുകൾ ജാഗ്രതയിലായി –ഈ അധിനിവേശത്തെ ഫ്രെയിം ചെയ്യേണ്ട വാക്കുകൾ എന്തെന്ന് അവർ പരതി.

മദൂറോയുടേത് ദുർഭരണമായിരിക്കാം. മയക്കുമരുന്ന് ‘കാർട്ടലു’കളെ നിയന്ത്രിക്കാൻ അദ്ദേഹം തയാറായില്ല എന്ന ആരോപണത്തിൽ ശരിയുണ്ടാകാം. പക്ഷേ, അദ്ദേഹം ഒരു പരമാധികാര രാഷ്ട്രത്തിലെ പ്രസിഡന്റാണ്. ആ രാജ്യത്തിലേക്ക് സൈനിക അധിനിവേശം നടത്തി, അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി, അമേരിക്കൻ കോടതിയിൽ വിചാരണ ചെയ്യുന്നത് നിയമാനുസൃതമല്ല. കുറ്റക്കാരനെന്ന് വിധിക്കപ്പെട്ടിട്ടും ശിക്ഷയിൽനിന്ന് സ്വയം രക്ഷപ്പെടുന്ന ഡോണൾഡ് ട്രംപാണ്, ഒരു വിദേശ ഭരണാധികാരിയെ റാഞ്ചി അമേരിക്കയിൽ യു.എസ് നിയമപ്രകാരം വിചാരണ ചെയ്യുന്നത്!

നിയമലംഘനം, യു​േദ്ധാത്സുകത, തനി കാപട്യം തുടങ്ങി ട്രംപിന്റെ ചെയ്തിയെ വിവരിക്കാൻ പലതുമുണ്ട്. മദൂറോയെ അമേരിക്ക ‘‘റാഞ്ചി’’ (Kidnapped, abducted) എന്നത് നന്നേ കുറഞ്ഞത്. പക്ഷേ, ‘‘തട്ടിക്കൊണ്ടുപോകൽ’’ വാർത്ത പുറത്തുവന്ന ഉടനെ ബി.ബി.സി ലേഖകർക്ക് ഉന്നതന്റെ ഉത്തരവെത്തി: വെനിസ്വേല വാർത്തകളിൽ, റാഞ്ചി എന്ന വാക്ക് ഉപയോഗിച്ചുപോകരുതെന്ന് (‘‘Avoid using ‘kidnapped.’ ’’

ബി.ബി.സി അമേരിക്കക്കനുകൂലമായ ഫ്രെയ്മിങ് ഉടനെ തുടങ്ങി എന്നർഥം. ഒരാളെ അയാളുടെ സമ്മതമില്ലാതെ ബലമായി പിടിച്ചുകൊണ്ടുപോയി തടവിലിട്ടതിനെപ്പറ്റിയുള്ള വാർത്തകളിൽ ‘‘റാഞ്ചി’’, ‘‘തട്ടിക്കൊണ്ടുപോയി’’ എന്നിവ പറ്റില്ലെങ്കിൽ അതെന്തു തരം വാർത്തയെഴുത്താണ്? ‘‘ഫലസ്തീനി തടവുകാർ, ഇസ്രായേലി ബന്ദികൾ’’ എന്നൊക്കെ വേർതിരിവു കാട്ടുന്ന പദാവലി ബി.ബി.സിക്ക് മുമ്പേയുണ്ട്. ഗസ്സയിൽ ഇ​സ്രായേൽ ചെയ്യുന്നതിനെപ്പറ്റി വാർത്തയെഴുതുമ്പോൾ ‘‘വംശഹത്യ’’ (genocide) എന്ന വാക്ക് ഉപയോഗിച്ചുപോകരുതെന്ന തിട്ടൂരം മറ്റു പടിഞ്ഞാറൻ മാധ്യമസ്ഥാപനങ്ങളിലെന്നപോലെ ബി.ബി.സിയിലുമുണ്ട്.

ഇറാൻ –ഏകപക്ഷീയ റിപ്പോർട്ടുകൾ

ആഗോള മാധ്യമങ്ങളിലെ പടിഞ്ഞാറൻ ചായ്‍വ് കൃത്യമായി വെളിപ്പെടുത്തുന്നു ഇറാനിലെ പ്രക്ഷോഭത്തെപ്പറ്റിയുള്ള റിപ്പോർട്ടുകൾ. അവിടത്തെ സർക്കാറിനെതിരായ പ്രക്ഷോഭത്തെ വിസ്തരിച്ച് റിപ്പോർട്ട് ചെയ്യുന്ന പാശ്ചാത്യ മാധ്യമങ്ങൾ സർക്കാറിനനുകൂലമായി ജനുവരി 12ന് വിവിധ നഗരങ്ങളിൽ നടന്ന വൻ പ്രകടനങ്ങൾ നിസ്സാരമാക്കി. റിപ്പോർട്ടുകളിൽ ഇറാൻപക്ഷം അവഗണിക്കപ്പെട്ടു.

ഇറാൻ റിയാലിന്റെ മൂല്യമിടിഞ്ഞതും വിലക്കയറ്റവുമാണ് പ്രക്ഷോഭത്തിന് കാരണം. ഡിസംബർ 28ന് തെഹ്റാനിലെ ​ഗ്രാൻഡ് ബസാറിൽ വ്യാപാരികൾ കടകളടച്ച് പ്രകടനം നടത്തിയത് അതുകൊണ്ടുതന്നെ. യു.എസ്, യൂറോപ്യൻ ഉപരോധമാണ് ഇറാന്റെ സാമ്പത്തിക ദുഃസ്ഥിതിക്ക് കാരണമെന്നതിനാൽ അത് ഇറാൻ ഭരണത്തിനെതിരായ പ്രക്ഷോഭമായിരുന്നില്ല.

എന്നാൽ, മൂന്നാം ദിവസം മുതൽ പ്രകടനങ്ങളിൽ ഇസ്രായേലി മൊസാദിന്റെ ആളുകൾ നുഴഞ്ഞുകയറിയതായി ഇറാൻ ആരോപിക്കുന്നു. അവരാണ് പ്രക്ഷോഭത്തെ കലാപമാക്കി മാറ്റിയതും വ്യാപിപ്പിച്ചതും. വിദേശ ഇടപെടലിനെപ്പറ്റി ഇറാൻ മന്ത്രി പറഞ്ഞത് റിപ്പോർട്ട് ചെയ്ത എ.പി (ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ജനു. 13) ആരോപണത്തിന് മന്ത്രി ‘‘തെളിവൊന്നും നൽകിയില്ലെ’’ന്ന് എടുത്തുപറഞ്ഞു. അമേരിക്കൻ വാദങ്ങൾക്ക് തെളിവില്ലെങ്കിലും അക്കാര്യം എടുത്തുപറയാത്ത എ.പി, പക്ഷേ ഇറാൻ വാദത്തിന് നിലവിലുള്ള തെളിവുകൾപോലും അവഗണിച്ചു.

‘‘ഇറാനിൽ പ്രതിഷേധങ്ങൾക്ക് മൊസാദ് പ്രേരിപ്പിക്കുന്നതായി പ്രകടനക്കാർക്കൊപ്പമുള്ള മൊസാദ് ചാരന്മാർ പാർസി ഭാഷയിലയച്ച സന്ദേശം പറയുന്നു’’ എന്ന് റിപ്പോർട്ട് ചെയ്തത് ഇസ്രായേലിലെ ജറൂസലം പോസ്റ്റ് പത്രമാണ്. ‘‘നമ്മുടെ ചില ആൾക്കാർ അവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ്’’ എന്ന് ഇസ്രായേലിലെ ഹെറിറ്റേജ് മന്ത്രി അമിഷായ് എലിയാഹു പറഞ്ഞത് ഇസ്രായേൽ ഹായോം എന്ന ഹീബ്രു പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ട്രംപിന്റെ മുൻ വിദേശകാര്യമന്ത്രി മൈക് പോംപെയോയുടെ പുതുവർഷ ട്വീറ്റിൽ ഇങ്ങനെ പറഞ്ഞു: ‘‘...തെരുവിലിറങ്ങിയ ഓരോ ഇറാനിക്കും പുതുവർഷാശംസകൾ. അവർക്കൊപ്പം പ്രകടനത്തിൽ ചേർന്നിട്ടുള്ള ഓരോ മൊസാദ് ഏജന്റിനും ജന്മദിനാശംസകൾ.’’ പാശ്ചാത്യ വാർത്ത ഏജൻസികൾ ഇതുവരെ ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തതായി കണ്ടിട്ടില്ല. എന്നിട്ട് പറയുന്നു, ഇറാൻ വാദങ്ങൾക്ക് തെളിവില്ലെന്ന്.

Tags:    
News Summary - court found the second accused MLA guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.