ചിത്രീകരണം: സതീഷ് ചളിപ്പാടംമാർക്കറ്റിൽനിന്നും മുകളിലോട്ടുള്ള റോഡ് കയറിവേണം സാമുവൽ ഡോക്ടറുടെ വീടെത്താൻ. ആ കുന്ന് കയറിക്കഴിഞ്ഞാൽ ഏത് രോഗവും പമ്പകടക്കും. അത്രക്കു കൈപുണ്യാ ഡോക്ടർക്ക്. ആവുള്ളക്ക എഴുപതിന്റെ പ്രസരിപ്പിൽ വേച്ച്വേച്ച് കുത്തനെയുള്ള റോഡ് കയറാൻ തുടങ്ങി. പാതിക്കയറ്റത്തിലെത്തിയപ്പോൾ കിതപ്പു വല്ലാതെ കൂടി. ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചുനിന്നു...
ചിത്രീകരണം: സതീഷ് ചളിപ്പാടം
മാർക്കറ്റിൽനിന്നും മുകളിലോട്ടുള്ള റോഡ് കയറിവേണം സാമുവൽ ഡോക്ടറുടെ വീടെത്താൻ. ആ കുന്ന് കയറിക്കഴിഞ്ഞാൽ ഏത് രോഗവും പമ്പകടക്കും. അത്രക്കു കൈപുണ്യാ ഡോക്ടർക്ക്. ആവുള്ളക്ക എഴുപതിന്റെ പ്രസരിപ്പിൽ വേച്ച്വേച്ച് കുത്തനെയുള്ള റോഡ് കയറാൻ തുടങ്ങി. പാതിക്കയറ്റത്തിലെത്തിയപ്പോൾ കിതപ്പു വല്ലാതെ കൂടി. ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചുനിന്നു ശ്വാസം ആറി തണുക്കുന്നതുവരെ കിതച്ചു. അടുത്തുകൂടെ പോയ ലോറിക്ക് കടന്നുപോകാൻ വേണ്ടിയെന്നോണം ചന്തി അൽപം വെട്ടിച്ച് ''ഇനി മുകളിലോട്ടു നോക്കണ്ട'' എന്നു തീരുമാനിച്ചു. താഴേക്കു നോക്കി. ഇത്രയും ദൂരം പിന്നിട്ടിരിക്കുന്നു. ആത്മവിശ്വാസത്തോടെ ചെരുപ്പിൽ മാത്രം നോക്കി, മുണ്ടിന്റെ ഒരു തല ഉയർത്തിപ്പിടിച്ച് കയറ്റം തുടർന്നു.
ഡോക്ടർ പരിശോധിക്കുന്ന വീടിന്റെ മുന്നിലെ പോർച്ചിൽ ഊഴം കാത്തുനിന്ന രോഗികൾക്ക് ഇടയിലൂടെ വിയർപ്പിലൊട്ടി ടിക്കറ്റ് കൗണ്ടറിൽ എത്തി. നേരത്തേ വിളിച്ചു അപ്പോയിന്റ്മെന്റ് എടുത്തതാണെന്ന് പറഞ്ഞപ്പോൾ അറ്റൻഡറായ സ്ത്രീ ടോക്കൺ കൊടുത്തു. എവിടെയൊന്ന് ഇരിക്കും എന്ന് തിരഞ്ഞു. അരമതിലിനോട് ചേർന്ന തിണ്ണയിൽ ഇരിപ്പുറപ്പിച്ചു. ടോക്കണിലേക്കും ആൾക്കൂട്ടത്തിലേക്കും നോക്കി ഏറെ നേരമിരുന്നപ്പോൾ ''അബ്ദുള്ള നെല്യാടി'' എന്ന വിളി. ഡോക്ടറുടെ മുറിയിലേക്ക് കയറി. ശാന്തമായ ചിരിയോടെ ഡോക്ടർ കസേരയിലിരിക്കാൻ ആംഗ്യംകാട്ടി.
''കുറേ ആയല്ലോ കണ്ടിട്ട്, എന്താ ഇക്കാ അസുഖം..?'' ഡോക്ടർ കൈയിലെ ചീട്ട് വാങ്ങി മേശപ്പുറത്തു വെച്ചു. ''വീട്ടീന്ന് ഇറങ്ങീട്ട് വേണ്ടേ, ഡോക്ടറെ കാണാൻ. വല്ലാത്തൊരു കാലം തന്നെ ആയിപ്പോയിത്.'' ആവുള്ളക്ക ഒന്നു ചിരിച്ചു. ഡോക്ടർ സ്റ്റെതസ്കോപ്പുമായി അൽപം അടുത്തേക്ക് ഇരുന്നു. ''ശ്വാസംമുട്ടൽ... കാര്യങ്ങളൊക്കെ ഒന്നു റെഡിയായി വരുന്നുണ്ട്. എനിക്ക് ഒരു രണ്ടുരണ്ടര മണിക്കൂർ ശ്വാസംമുട്ടാതെ സ്റ്റേജിൽ നിൽക്കാൻ പറ്റണം. റിഹേഴ്സൽ അടുത്താഴ്ച തുടങ്ങും.'' ആവുള്ളക്ക ഷർട്ടിന്റെ മേൽബട്ടൺ അഴിച്ചിട്ടു. ഡോക്ടർ സ്റ്റെതസ്കോപ്പ് നെഞ്ചത്തുവെച്ചു. ആവുള്ളക്ക നെഞ്ചു ഉയർത്തിപ്പിടിച്ച് ശ്വാസം ഉള്ളിലോട്ട് വലിച്ചു. ഒട്ടിയ നെഞ്ചിൻകൂടിൽ സ്റ്റെതസ്കോപ്പിന്റെ തണുപ്പരിച്ചു. ''കൊറോണയെങ്ങാൻ വന്നിരുന്നോ...'' ഡോക്ടർ സ്റ്റെതസ്കോപ്പ് ചെവിയിൽനിന്ന് എടുത്ത് മേശപ്പുറത്തു വെച്ച് പേനയെടുത്തു. ''ഇതുവരെ പിടികൊടുത്തിട്ടില്ല. മോനും മരുമോക്കും പേരക്കുട്ടിക്കും വന്നിരുന്നു. അന്നു ഞാൻ പെങ്ങളെ വീട്ടിലേക്ക് മാറിയതുകൊണ്ട് രക്ഷപ്പെട്ടു.'' ആവുള്ളക്ക ഷർട്ടിന്റെ മേൽബട്ടണിട്ടു.
''ഇതിപ്പം ആരുടെയാ...'' ഡോക്ടർ ചീട്ടിൽ എഴുതാൻ തുടങ്ങി. ''സജീവന്റെയാ... പ്രധാന വേഷാ... എനിക്ക് പറ്റൂലെങ്കിൽ വേറെ ആളെ നോക്കൂന്നാ ഭീഷണി. സത്യം പറയാല്ലോ ഇത് ചെയ്തില്ലെങ്കിൽ ഞാൻ ഫീൽഡൗട്ടാകും. മാത്രല്ല, ഇനീം തട്ടിൽ കേറിയില്ലെങ്കിൽ എങ്ങനാ... പെരുന്നാളൊക്കെ വര്യല്ലേ... കയ്യില് അഞ്ചിന്റെ തുട്ടില്ല... കലാകാരന്മാർക്കുള്ള പെൻഷൻകൊണ്ട് എങ്ങനെ ജീവിച്ചുപോകുംന്നാ...'' ആവുള്ളക്ക ഡോക്ടർ എഴുതുന്നതിലേക്ക് കണ്ണയച്ചു. ''ഇത് പ്രായത്തിന്റെയാ... തൽക്കാലം ഞാനൊരു മരുന്ന് എഴുതീട്ടുണ്ട്. സ്റ്റേജിൽ കയറുന്നതിന്റെ രണ്ട് മണിക്കൂർ മുമ്പ് ഇത് കഴിക്കണം.'' ഡോക്ടർ ചീട്ട് നീട്ടി; ആവുള്ളക്ക പോക്കറ്റിൽനിന്നെടുത്ത നോട്ടും. ''ഇപ്പോൾ ഫീസ് വേണ്ട...അതു നാടകം കാണുമ്പോൾ ടിക്കറ്റിൽ ചേർത്താൽമതി.'' ഡോക്ടർ സ്നേഹത്തോടെ മടക്കി. ''എന്നാലും...'' ആവുള്ളക്ക വീണ്ടും പൈസ നീട്ടി. ഡോക്ടർ അതു നിരസിച്ച് അടുത്ത രോഗിക്കായി ബെല്ലിൽ വിരലമർത്തി.
മെഡിക്കൽ ഷോപ്പിൽനിന്നും മരുന്ന് പൊതിഞ്ഞുവാങ്ങി റോഡിലേക്ക് ഇറങ്ങവെ ഫോണടിച്ചു. അൺനോൺ നമ്പർ. ''ആവുള്ളക്കയല്ലേ... ഞാൻ രമേശന്റെ മോൻ അനീഷാ...'' ''എന്താ കുട്ടാ...'' ''അതുപിന്നെ നമ്മുടെ ആ പഴയ പരാതിയില്ലേ... അത് വീണ്ടും വന്നിക്ക്. ഒന്ന് സ്റ്റേഷൻ വരെ വന്നാൽ ഉപകാരമായിരുന്നു...'' ഫോണിൽ ശബ്ദം പെരുത്തു. നെഞ്ചിൽ ഒരു പിടുത്തംപോലെ. ആവുള്ളക്ക ദീർഘനിശ്വാസംവിട്ടു. ''ആ മോനേ... നാളെ വരാംട്ടോ...'' ഹോട്ടലിന്റെ പുകക്കുഴലിലൂടെ ആകാശംതൊടുന്ന ധൂമ പടലങ്ങളിലേക്ക് ആവുള്ളക്കയുടെ കണ്ണുയർന്നു.
കുഞ്ഞിക്കണ്ണന്റെ ചായപ്പീടികയിലെ മരബെഞ്ചിൽ ഇരുന്ന് സ്ട്രോങ് ചായക്ക് പറഞ്ഞു പത്രം നിവർത്തി. തിരക്കൊഴിഞ്ഞ നേരം കുടിച്ച ചായഗ്ലാസ് നീക്കിവെച്ച് ക്യാഷിൽ ഇരിക്കുകയായിരുന്ന കുഞ്ഞിക്കണ്ണന്റെ അടുത്തെത്തി കാര്യം പറഞ്ഞു.
''ഞാൻ കരുതിയത് ഇനി പ്രശ്നമുണ്ടാകില്ലാ എന്നായിരുന്നു. നീ ആലുവ പരീക്ഷിച്ചോ...'' കുഞ്ഞിക്കണ്ണൻ മേശപ്പുറത്തു നിന്നും ചില്ലറതുട്ടെടുത്ത് വലിപ്പിലേക്കിട്ടു. ''ഉം... അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. വെറുതെ ആ വകയിൽ പത്തുപതിനഞ്ചുപോയീന്ന് പറഞ്ഞാൽ മതിയല്ലോ...'' ആവുള്ളക്ക താടിക്കു കൈകൊടുത്തു. ''തീയുണ്ടേൽ പൊകയുണ്ടാകും. നീ ധൈര്യായിട്ടിരിക്ക് ചങ്ങായി...'' കുഞ്ഞിക്കണ്ണൻ വീണ്ടും പൈസ വാങ്ങിയിടുന്ന തിരക്കിലായി. പേരക്കുട്ടിക്ക് രണ്ട് പഴംപൊരിയും പൊതിഞ്ഞുവാങ്ങി ആവുള്ളക്ക പൊരിവെയിലിലേക്ക് ഇറങ്ങി. ഇനിയിപ്പോൾ എന്താ ചെയ്യുക? നാളെ പൊലീസിൽ പോയിട്ട് എന്തു പറയും? ആലോചനയുടെ കുട നിവർത്തി വീട്ടിലേക്ക് നടന്നു.
''നസീമ വൈകിട്ട് വിളിച്ചപ്പോഴാ ഞാൻ കാര്യം അറിഞ്ഞത്. പോയി രണ്ട് പൊട്ടിച്ചാലോ...'' വീട്ടിലേക്ക് ധൃതിയിൽ കയറിവന്ന മജീദ് ചെരുപ്പഴിച്ചിട്ടു. ''നീ ഇനിയിപ്പോൾ വഴക്കിനൊന്നും പോണ്ട. തല്ലിനും വഴക്കിനും പോയിട്ട് ആ കടയിലെ ജോലി കൂടി കളയണ്ട...'' ആവുള്ളക്ക കസേരയിൽനിന്ന് എഴുന്നേറ്റു. ''എല്ലാത്തിനും മാറിനിന്നിട്ട്, എല്ലാവർക്കും ഒഴിഞ്ഞുകൊടുത്തിട്ട് എന്തുനേടി ബാപ്പ?'' മജീദ് തിളച്ചു. ''എടാ മിണ്ടാണ്ടിരി...'' ആരെങ്കിലും കേൾക്കുന്നുണ്ടോയെന്ന ഭയപ്പാടോടെ ആവുള്ളക്ക അടുത്ത വീട്ടിലേക്ക് നോക്കി. ''ബാപ്പ എന്താ നേടിയത്? അവസാനകാലത്ത് ഉമ്മയെ ഏതേലും നല്ല ഡോക്ടറെ കാണിക്കാൻ പറ്റിയോ? അവാർഡുകൾ എന്നു പറഞ്ഞ് കുറേ ഷീൽഡുകളും ട്രോഫികളും അല്ലാതെ എന്താ ബാപ്പ ജീവിതത്തിൽ നേടിയത്?'' അതു കേട്ടതും ആവുള്ളക്ക ദയനീയമായി അവനെ നോക്കി. ''ഇങ്ങള് ഇങ്ങ് വാ ഇക്കാ... ഇതാ ഞാൻ രാവിലെ ബാപ്പ പറഞ്ഞപ്പോൾതന്നെ ഇങ്ങളെ വിളിച്ചറിയിക്കാഞ്ഞത്. നാളെ പൊലീസ് സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞതല്ലേ... വഴക്കിനൊന്നും പോണ്ട.'' അടുത്ത വീട്ടിന്റെ മതിലിൽനിന്നുയർന്ന തലകളിൽനോക്കി നസീമ മജീദിനെ അകത്തേക്ക് പിടിച്ചുവലിച്ചു. ആവുള്ളക്ക തിണ്ണയിൽ ചാരിയിരുന്ന് ഡൈനിങ് ഹാളിലെ ഷോകേസിലും മേശപ്പുറത്തുംവെച്ച അംഗീകാരങ്ങളിലേക്ക് നോക്കി ഉറവപൊട്ടിയ കണ്ണുതുടച്ച് എഴുന്നേറ്റ് വീടിനു ചുറ്റും നടന്നു. ആകെയുള്ള എട്ടു സെന്റിൽനിന്നും പെങ്ങളുടെ വിഹിതമായ നാലു സെന്റ് മുറിച്ചുവിറ്റപ്പോൾ ഇത്രയും വലിയ ഒരു പ്രശ്നം അഭിമുഖീകരിക്കേണ്ടിവരുമെന്ന് കരുതിയതല്ല. അത് വാങ്ങാൻ ഉമ്മ കുറേ പറഞ്ഞതാ...കൈമലർത്തിയപ്പോൾ, മാസത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രം വീട്ടിലെത്തുന്ന താൻ സമ്പാദിക്കുന്ന കായ് എന്താക്കുകയാണെന്നാ ഉമ്മ ചോദിച്ചത്. നാടകം എന്നു പറഞ്ഞാൽ സമ്പാദിക്കാൻ പറ്റുന്ന ഒരു ഏർപ്പാടല്ലെന്ന് പറയാൻ ഓങ്ങിയെങ്കിലും മകൻ ധൂർത്തടിക്കുകയാണെന്ന് തന്നെ ഉമ്മ. മാസത്തിൽ വരുമ്പോൾ ഒഴിഞ്ഞ കീശ പരതുന്ന ഭാര്യക്ക് അറിയാമായിരുന്നു അരങ്ങ് മുക്കുപണ്ടമാണെന്ന്. അവൾ അപ്പോഴും കുടുംബംപോറ്റാൻ ഹോട്ടലുകളിൽ വെള്ളം കോരി. തനിക്ക് അവാർഡ് കിട്ടുന്ന പേപ്പർതുണ്ടുകളിൽ പലഹാരംപൊതിഞ്ഞ് വീട്ടിൽ കൊണ്ടുവന്നു അവൾ പ്രതികാരംവീട്ടി. നാടകക്കാരന് കിട്ടുന്ന അവാർഡുകളിൽ ഏറിയ പങ്കും കാശില്ലാത്ത അവാർഡുകളാണെന്ന് ഞാൻ പറഞ്ഞപ്പോഴെല്ലാം അവൾ വിശ്വസിച്ചിരുന്നുവോ? പക്ഷേ ഒരിക്കൽപോലും അവൾ ചോദിച്ചിരുന്നില്ല. എന്തു നേടിയെന്ന്. നാടകം എന്നു പറഞ്ഞാൽ എനിക്ക് ജീവിതമാണെന്ന് അവൾക്ക് അറിയാമായിരുന്നു. എത്ര ചെറുതിൽ തുടങ്ങിയതാ... പള്ളിയും പള്ളിക്കൂടവും എല്ലാം സ്റ്റേജായിരുന്നു. ബാപ്പ മരിച്ചപ്പോൾ കല്ലോട്ടെ ചായപ്പീടികയിൽ ഗ്ലാസ് കഴുകാൻ പോയതാ. കടയുടെ മുകളിലെ സുഗന്ധി തിയേറ്റേഴ്സിൽനിന്നുള്ള റിഹേഴ്സലിൽ ചെവിയിട്ടാണ് ഗ്ലാസുകൾ കഴുകിയത്. രാവിലെയും ഉച്ചക്കും വൈകീട്ടും അവർക്കുള്ള ഭക്ഷണം എത്തിക്കുന്ന ജോലിയും സ്വയം ഏറ്റെടുത്തു. റിഹേഴ്സൽ ക്യാമ്പിൽ കാണുന്ന രംഗങ്ങൾ കടയുടമ സുലൈമാനിക്ക പുറത്തുപോകുമ്പോൾ, ചായപ്പീടികയുടെ കുശിനിയിൽ അനുകരിച്ചു. സംഗതി കയ്യോടെ പൊക്കിയന്ന് സുലൈമാനിക്കതന്നെ സുഗന്ധിക്കാരോട് റക്കമന്റ് ചെയ്തു. അന്നുമുതൽ എത്രയെത്ര വേഷങ്ങൾ, സ്റ്റേജുകൾ, സ്ഥലങ്ങൾ... ഗുരുക്കന്മാർ, സഹപ്രവർത്തകർ... വീടിനു ചുറ്റുമുള്ള വീടുകളിൽനിന്ന് സന്ധ്യാനാമം ഉയർന്നപ്പോൾ ആവുള്ളക്ക കൈകാലുകൾ വൃത്തിയാക്കാൻ പൈപ്പിനടുത്തേക്ക് നടന്നു.
നിസ്കാരം കഴിഞ്ഞ്, പേരക്കുട്ടി ഓൺലൈൻ ക്ലാസിൽ ഇരിക്കുന്നതിന് സമീപമുള്ള തിണ്ണയിൽ കയറിക്കിടന്നു. പുറത്തെ ഇരുട്ടിൽ തട്ടി ചിന്തകൾ വഴിതെറ്റി. ''ബാപ്പ എണീച്ച് കഴിക്ക്... ബാക്കി നാളെ നമ്മക്ക് സ്റ്റേഷനിൽ പറയാം...'' കുളികഴിഞ്ഞ് തണുത്ത മജീദ് ഉമ്മറത്തെത്തി തലതുവർത്തി. ആവുള്ളക്ക എഴുന്നേറ്റ് നസീമ എടുത്തുവെച്ച ചക്കപ്പുഴുക്ക് കഴിക്കാൻ തുടങ്ങി.
രാത്രി ഉറക്കം വന്നില്ല. ചുവരിൽതൂക്കിയ മജീദിന്റെ നിക്കാഹിന്റെ ഫോട്ടോയിൽ ചിരിതൂകി നിൽക്കുന്ന ഐച്ചുമ്മ. ആവുള്ളക്ക അതെടുത്ത് പൊടിതുടച്ചു. നനവുണ്ട കവിളിലൂടെ ഫോട്ടോയിൽ വീണു ചിതറി. കരളിലും വൻകുടലിലും കാൻസറാണെന്ന് അവസാന ഘട്ടത്തിലാണ് അറിഞ്ഞത്. പിന്നീടൊന്നും ചെയ്യാനില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു. പക്ഷേ എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നു... ആവുള്ളക്ക ഒന്നുവിങ്ങി. അവസാന നാളുകളിൽ കുറച്ചുദിവസം കൂടെ നിൽക്കാമോയെന്ന് അവൾ ചോദിച്ചപ്പോഴും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരുദിവസം ഒഴിവില്ലാതെ നാടകം കളിച്ചുകൊണ്ടിരുന്ന കാലം. മരണവിവരം അറിയുമ്പോൾ ആലപ്പുഴയിലെ സ്റ്റേജിലായിരുന്നു.
പള്ളിയിൽ പുലർച്ചെ മൂന്നരക്കുള്ള ബാങ്ക് വിളി ഉയർന്നു. രാവിലെ പൊലീസ് സ്റ്റേഷനിലെത്തണം. ലൈറ്റണച്ചു ആവുള്ളക്ക കണ്ണുകൾ മുറുക്കിയടച്ചു.
പൊലീസ് സ്റ്റേഷന്റെ വരാന്തയിൽ മൂന്ന് അയൽക്കാരെയും ഒരുമിച്ച് കണ്ടതോടെ ആവുള്ളക്കക്ക് എന്തോ പന്തിക്കേട് മണത്തു. മൂന്നുപേരും മുഖം തിരിച്ച് അനിഷ്ടം രേഖപ്പെടുത്തി. എസ്.ഐ വരുന്നതും കാത്ത്, മജീദിനും നസീമക്കുമൊപ്പം വരാന്തയുടെ എതിർഭാഗത്തെ ബെഞ്ചിൽ ഇരുന്നു. കയ്യിൽ കരുതിയ പത്രം എടുത്തു വായന തുടങ്ങി. ''ഞാൻ വൈകിയോ ആവുള്ളാ...'' മുറ്റത്ത് വന്നുനിന്ന ഓട്ടോയിൽനിന്ന് കുഞ്ഞിക്കണ്ണൻ ചാടിയിറങ്ങി. ''എസ്.ഐ വിളിക്കുന്നുണ്ട്. വന്നേ...'' സി.പി.ഒ അനീഷ് ആവുള്ളക്കയെയും മജീദിനെയും കുഞ്ഞിക്കണ്ണനെയും എസ്.ഐയുടെ മുറിയിലേക്ക് വിളിപ്പിച്ചു. ''അതേ ഇപ്പോൾ പരാതിക്കാർ മൂന്നായി. നേരത്തെ വിനോദൻ നമ്പൂതിരിക്ക് മാത്രമേ പരാതി ഉണ്ടായുള്ളൂ. ഇന്നലെ വൈകിട്ട് കുഞ്ഞിരാമൻ നായരും നാരായണനും കൂടി പരാതിയുമായി എത്തി. മൂന്നാൾക്കും ഒരേ വിഷയം.'' എസ്.ഐ പരാതി നിവർത്തി. ''ലോകത്ത് എവിടെയെങ്കിലും കേട്ടുകേൾവിയുണ്ടോ സാറേ ഇത്തരത്തിലൊരു പരാതി. അടുപ്പിലെ പുക തങ്ങളുടെ വീട്ടിലേക്ക് വരുന്നുവെന്ന് പറഞ്ഞ് പരാതി. പുകയെ പിടിച്ചുനിർത്താൻ പറ്റ്വോ...'' കുഞ്ഞിക്കണ്ണൻ എസ്.ഐ നോക്കി. ''അല്ലേ എന്താണിത്ര പുകയ്ക്കാൻ. ചോറുവയ്ക്കാൻ മാത്രാ അടുപ്പ് ഉപയോഗിക്കുന്നത്. അതിനുംകൂടി ഗ്യാസ് ഉപയോഗിക്കാൻ പറ്റുമോ? ഗ്യാസിനൊക്കെ അന്നന്ന് വില കൂടുകയാണെന്ന് സാറിന് അറിയാലോ.'' മജീദ് വിഷമവൃത്തം വരച്ചു. ''സംഭവം ശരിതന്നെ, പക്ഷേ ഇവിടെ ഒരു പരാതി വരുമ്പോൾ പരിഹരിക്കണമല്ലോ... അതാണല്ലോ ഞങ്ങളുടെ ജോലി... മാത്രമല്ല മോളീന്ന് വിളിയും വന്നിട്ടുണ്ട്.'' എസ്.ഐ പേപ്പർ വെയ്റ്റ് കറക്കി. ''സാറ് പറഞ്ഞതുപോലയൊക്കെ ചെയ്തു. ആലുവ അടുപ്പിലാ ഇപ്പം കത്തിക്കുന്നത്. പുകക്കുഴൽ ഉയർത്തിവെച്ചു. എന്നിട്ടും... ഇനീപ്പം ഞങ്ങൾ പട്ടിണി കിടക്കണോ സാറേ...'' ആവുള്ളക്കയുടെ തൊണ്ടയിടറി. ''അബ്ദുള്ള നെല്യാടി, നിങ്ങളിങ്ങനെ നെർവസ് ആകരുത്. എന്തിനും പരിഹാരം ഉണ്ട്.'' എസ്.ഐ സമാധാനിപ്പിച്ചു. ''പരിഹാരം അറിയാം സാറേ... അവർ ആഗ്രഹിക്കുന്നത് ഞങ്ങള് ചെയ്യാം... ഒരു മൂന്നുമാസം സമയം തരണം.'' മജീദ് കൈകൂപ്പി. ''കുഞ്ഞിക്കണ്ണേട്ടാ... ഇങ്ങളാ ബ്രോക്കറ് ഷാജിയോട് ഒന്നു എന്നെ വിളിക്കാൻ പറയണേ...'' മജീദ് എഴുന്നേറ്റു. ആവുള്ളക്ക വഴിതെറ്റിയതുപോലെ മജീദിന്റെ കയ്യിൽ മുറുകെ പിടിച്ചു പുറത്തേക്ക് നടന്നു.
''വീടും സ്ഥലവും വിൽക്കുകയോ? ഉപ്പൂപ്പാന്റെ ഉപ്പൂപ്പാന്റെ ഉപ്പൂപ്പമാർ ജനിച്ചുകളിച്ചുവളർന്ന് മരിച്ച മണ്ണാണത്. ഏക്കറിൽനിന്നും നാലുസെന്റിലെത്തിയ മണ്ണ്.'' കുഞ്ഞിക്കണ്ണന്റെ ഹോട്ടലിൽ മജീദിനും നസീമക്കും ഒപ്പമിരിക്കുമ്പോൾ ആവുള്ളക്ക പൊള്ളി. ''അതാണ് ആവുള്ളാ നല്ലത്. നടൻ അബ്ദുള്ളക്ക് വെലയൊക്കെയുള്ളതാ നാട്ടില്. ഈ കേസും പുകിലുമൊക്കെ വലിയ പ്രയാസമുണ്ടാക്കും. ഇനീപ്പം സീസൺ തുടങ്ങിയാ അനക്ക് നിൽക്കാൻ സമയമുണ്ടാകില്ല. അപ്പോഴാ കേസും വക്കാണവും. മാത്രമല്ല ഇതിനൊക്കെ പണവും വേണ്ടേ... ഷാജി പറഞ്ഞ വിലയ്ക്ക് അതങ്ങ് കൊടുത്ത് മനസ്സമാധാനമുള്ളിടത്ത് സ്ഥലം വാങ്ങാം.'' കുഞ്ഞിക്കണ്ണൻ ചൂടു പഴംപൊരി കൊണ്ടുനിരത്തി.
''ബാപ്പ എണീക്ക് ബാപ്പ... ഇങ്ങള് അറിഞ്ഞോ... മ്മടെ വനജേച്ചി...'' പിറ്റേദിവസം പുലർച്ചെ മജീദ് വാട്സ്ആപ്പ് സന്ദേശവുമായി ആവുള്ളക്കയുടെ മുറിയിലെത്തി. ''ഓക്ക് എന്ത് പറ്റി.'' ആവുള്ള ഞെട്ടിയെഴുന്നേറ്റു. മജീദിന്റെ ഫോണിൽ നടി വനജ പൊയിലൂറക്ക് ആദരാഞ്ജലികൾ എന്നെഴുതിയ ഫോട്ടോ കണ്ടപ്പോൾ ഒന്നുപതറി. മജീദ് മുറിവിട്ട് പോയി ഏറെനേരം ആവുള്ള ഒന്നും മിണ്ടാതെ കട്ടിലിൽ ഇരുന്നു. ''ആത്മഹത്യ ആയിരുന്നു. ജീവിക്കാൻ ഗതിയില്ലാതായപ്പോൾ കടുംകൈ ചെയ്തതാ.'' അടുക്കളയിൽ മജീദും നസീമയും തമ്മിൽ സംസാരം. തലപെരുക്കുംപോലെ. പത്ത് നൂറ് നാടകങ്ങളിൽ ഒരുമിച്ച് അഭിനയിച്ചതാണ്. കുറച്ചായി കണ്ടിട്ട്. അടുത്തിടെ വിളിച്ചിട്ട് പ്രാരബ്ധങ്ങൾ നിരത്തിയിരുന്നു. കാൽമുട്ടിലെ വേദന മാറുന്നില്ലാന്നും എഴുന്നേറ്റ് നടക്കാൻ വലിയ ബുദ്ധിമുട്ടാണ് എന്നും മറ്റും. നമ്മളെ ആരു സഹായിക്കാൻ എന്നു പറഞ്ഞാണ് അന്നു ഫോൺ കട്ടാക്കിയത്. പ്രതീക്ഷയുടെ ഒരു തിരി കൊടുക്കാൻ തനിക്കും കഴിഞ്ഞില്ലല്ലോ... എല്ലാം ദുരന്ത കഥാപാത്രങ്ങൾ... ആവുള്ളക്ക നെടുവീർപ്പിട്ടു. നസീമ കൊണ്ടുവെച്ച ചായ ആറിത്തണുത്തു.
മജീദിന്റെ ബൈക്കിൽ വനജയുടെ വീട്ടിലെത്തുമ്പോൾ മുറ്റം നിറഞ്ഞ് ആളുകൾ. പലരും വന്ന് കൈ പിടിച്ചു. പോസ്റ്റ്മോർട്ടംകഴിഞ്ഞ് കൊണ്ടു കിടത്തിയ അവളുടെ മുഖത്ത് നോക്കാൻ കഴിഞ്ഞില്ല. അവളെന്നും തനിച്ചായിരുന്നു. ഒരുതുള്ളി കണ്ണീരു വീഴ്ത്താൻപോലും ആരുമില്ലാത്തവൾ. മുറ്റത്തെ കസേരയിൽ വന്നിരുന്നു. പഴയ നാടകപ്രവർത്തകരാണ് ഏറെയും. പോയ ഏതോ കാലത്തുനിന്നും ഇറങ്ങിവന്നവരാണെന്നു തോന്നി. കറുപ്പുകയറിയ കൺത്തടങ്ങളുമായി അവർ കുശലം പറയുന്നു. പഴകിയ വസ്ത്രങ്ങൾ, പാറിപ്പറക്കുന്ന മുടിയും താടിയും. ആകെ ക്ലീൻ ഷേവുള്ളത് താൻ മാത്രമാണ്. ആവുള്ള മുഖത്തൂടെ വിരലോടിച്ചു. സംസ്കാരവും അനുസ്മരണ യോഗവും കഴിഞ്ഞ് എല്ലാവരും മുറ്റത്ത് ഒത്തുകൂടി. നാടകപ്രവർത്തകരുടെ പെൻഷൻ വർധിപ്പിക്കണമെന്നും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള നിവേദനം വകുപ്പ് മന്ത്രിക്ക് നൽകണമെന്ന് തീരുമാനിച്ച് ഓരോരുത്തരായി അവിടംവിട്ടു.
''ബാപ്പ ഒന്നും പറഞ്ഞില്ല. തൽക്കാലം നമുക്ക് വാടകവീട്ടിലേക്ക് മാറാം. ഇതിലും കൂടുതൽ തുക ഇനി ആരും പറയാൻ സാധ്യതയില്ല.'' മജീദ് ചെടിക്കു നനക്കുകയായിരുന്ന ആവുള്ളക്കക്ക് അടുത്തെത്തി. ചെടികൾക്കിടയിൽനിന്നും പുണ്യാഹച്ചുണ്ടയുടെ ഇളംവയലറ്റ് നിറമുള്ള പൂവ് ഞെട്ട് പോകാതെ ഇറുത്തെടുത്ത് വലതു ഉള്ളംകൈയിൽവെച്ച് ഇടതു ചൂണ്ടാണിവിരൽകൊണ്ട് പതുക്കെ തിരുമ്മി ഒന്നും മിണ്ടാതെ ആവുള്ള ഉമ്മറ കസേരയിൽ ചെന്നിരുന്നു. ''ഞാനായി തടസ്സം നിൽക്കുന്നില്ല. കുറച്ച് ഉള്ളിലേക്കാണെങ്കിലും ഒരു പത്തുസെന്റ് സ്ഥലമെങ്കിലും വാങ്ങിക്കണം. ഇനി എന്റെ പേരക്കുട്ടിക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകരുത്.'' ആവുള്ള തിണ്ണയിൽ പാതി വായിച്ചുവെച്ച 'ആടുജീവിതം' എടുത്തു നിവർത്തി.
വീട്ടിൽനിന്നും അവസാനത്തെ പാത്രവും എടുത്ത് ലോറിയിലേക്ക് കയറ്റി മജീദ് ബാപ്പയെ തെരഞ്ഞു. ആവുള്ള വീടിന്റെ അകങ്ങളിൽ എന്തോ തെരഞ്ഞു നടന്നു. എവിടെ പോയാലും എത്ര കൂരിരുട്ടിലും പരിചിതമായ ഇടം. ഏതു പ്രതിസന്ധിയിലും താങ്ങായ വീട്. ആ അഭയം നഷ്ടപ്പെടുകയാണ്. യാത്ര പറഞ്ഞിറങ്ങിയാൽപോലും എന്നെ വിളിച്ചുകൊണ്ടിരുന്നു. ഇനി... ജാലക കമ്പിയിലെ തുരുമ്പുകളിലൂടെ വിരലോടിച്ചു. ചുവരിലെ തയമ്പുകളിൽ പൂർവചിത്രങ്ങൾ തെളിയുന്നു. എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണ്. ഐച്ചുമ്മയുടെ വിയർപ്പ് മണക്കുന്ന അടുക്കളയിൽ കയറി അടുപ്പിന് കീഴിൽ കൽദ്വാരത്തിനുള്ളിൽ ഐച്ചുമ്മ ചില്ലറപൈസയും മറ്റും ഇട്ടുവെക്കാറുള്ള കടുകിന്റെ കുപ്പിയെടുത്ത് കയ്യിൽ മുറുകെ പിടിച്ചു.
''വാ ബാപ്പാ...'' മജീദ് ആവുള്ളാക്കാന്റെ കയ്യിൽ പിടിച്ചു. ഒരു പിടച്ചിലോടെ വീടിനെ തിരിഞ്ഞുനോക്കി ആവുള്ളക്ക മുറ്റത്തേക്ക് നടന്നു. പുണ്യാഹച്ചുണ്ടയുടെ ഒരു തൈ പൊരിച്ചെടുത്ത് കയ്യിൽപിടിച്ചു, ലോറിയുടെ മുൻസീറ്റിൽ നസീമക്കൊപ്പമിരുന്നു. വിറച്ചിലോടെ ലോറി ആ മുറ്റം കടക്കുമ്പോൾ അയൽവീടുകളിൽനിന്ന് ഏതോ മസാല പാട്ട് ഉച്ചത്തിലായി.
വാടകവീടിന്റെ വരാന്തയിൽ മകനെയും കാത്ത് ആവുള്ള ഇരുന്നു. ''ഉപ്പൂപ്പാ ഫോണടിക്കുന്നു..!'' അകത്തുനിന്നും പേരക്കുട്ടി ഫോണുമായെത്തി. ''ഇക്കാ ഞാൻ സജീവനാ... റിഹേഴ്സൽ ക്യാമ്പിലേക്ക് വരണം. അത്യാവശ്യമാണ്.'' ''വൈകിട്ട് എത്താം... ഇപ്പോൾ പേരക്കുട്ടി മാത്രേ ഇവിടുള്ളൂ...'' ആവുള്ളക്ക ഫോൺ കട്ടാക്കി. എന്താണാവോ ഇത്ര അത്യാവശ്യം. ഇനിയിപ്പോൾ റിഹേഴ്സൽ ഇന്നുതന്നെ തുടങ്ങാനാണോ പരിപാടി. അകത്തുപോയി രണ്ടുദിവസത്തേക്കുള്ള ഷർട്ടും മുണ്ടും എടുത്തുവെച്ചു. പേഴ്സിൽ പരതി. എല്ലാം ചേർത്ത് എഴുപത് രൂപ കാണും. വണ്ടിക്കൂലിക്ക് അതു മതിയാകുമല്ലോ എന്നാശ്വസിച്ച് കണ്ണട എടുത്ത് മുഖത്ത് വെച്ചു കണ്ണാടിയിലേക്ക് നോക്കി. പഞ്ചസാര വിതറിയപോലെ രോമക്കുറ്റികൾ. ഷേവിങ് സെറ്റ് എടുത്ത് ബാഗിൽവെച്ചു. ഡോക്ടർ അവസാനമായി കുറിച്ചു കൊടുത്ത മരുന്നും.
രാത്രിയോടെ ബസിറങ്ങി ക്യാമ്പ് നടക്കുന്ന പാരലൽ കോളേജിലേക്ക് നടക്കുമ്പോൾ സംഭാഷണങ്ങളും ഹാർമോണിയത്തിന്റെ ശബ്ദവും. റിഹേഴ്സൽ തുടങ്ങിയോ..? ശങ്കിച്ച് ബാഗും തൂക്കിപ്പിടിച്ച് ക്യാമ്പിനകത്തേക്ക് പ്രവേശിച്ചു. അവസാന നാടകം കളിച്ചതിൽ വനജയൊഴിച്ച് ബാക്കി എല്ലാവരുമുണ്ട്. ആവുള്ളക്കയെ കണ്ടയുടനെ സംവിധായകൻ സജീവൻ ഓടിയെത്തി. ''നേരിട്ട് പറയാം എന്നു കരുതിയാ ഞാൻ വരാൻ പറഞ്ഞത്. ഇങ്ങള് പെട്ടിയും പ്രമാണവുമൊക്കെ ആയാണോ വന്നത്. ഒരു പ്രശ്നമുണ്ട് ഇക്ക.'' സജീവൻ കസേര വലിച്ചിട്ട് ആവുള്ളക്കയോട് ഇരിക്കാൻ പറഞ്ഞു. ''എന്തുപ്രശ്നം? നീ തെളിച്ചു പറ സജീവാ...'' ആവുള്ള സജീവനടുത്തേക്ക് കസേര മാറ്റിയിട്ട് ഇരുന്നു. ''തൽക്കാലം ഈ നാടകത്തിൽനിന്ന് ഇക്ക ഒന്നു മാറിനിൽക്കണം. ആ അമ്പലക്കമ്മിറ്റിക്കാർ വഴങ്ങുന്നില്ല.'' ''നീയെന്താടാ പറയുന്നേ...'' ആവുള്ള ഞെട്ടിയെഴുന്നേറ്റു. ''ഇക്ക ഞാൻ പറയുന്നത് സാവകാശത്തോടെ കേൾക്കണം. ഏറെക്കാലത്തിനുശേഷം കിട്ടുന്ന സ്റ്റേജാ... പ്ലീസ്... പട്ടാളക്കാരന്റെ വേഷം ചെയ്യുന്ന റിയാസിനോടും കാര്യം പറഞ്ഞു. അവൻ മാറിനിൽക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. ഇക്കകൂടി സഹകരിക്കണം.'' സജീവൻ നെറ്റി തുടച്ചു. ''അതെന്താടാ അങ്ങനെ... ഞാൻ എത്ര നാടകം കളിച്ച അമ്പലമുറ്റമാണത്. അന്നൊന്നും ഇല്ലാത്ത പ്രശ്നമെന്താ ഇപ്പോൾ.'' ആവുള്ളയുടെ ഞരമ്പുകൾ ത്രസിച്ചു. ''പുതിയ ചിലരാ കമ്മിറ്റിയിൽ, അവർക്കാ പ്രശ്നം... തൽക്കാലം ആവുള്ളക്കയൊന്നു മാറിനിൽക്കണം പ്ലീസ്. നമ്മളാരെയും വ്രണപ്പെടുത്തേണ്ട...'' ആവുള്ളക്കയുടെ മറുപടിക്ക് കാത്തുനിൽക്കാതെ സജീവൻ എഴുന്നേറ്റു റിഹേഴ്സൽ നടക്കുന്ന സ്റ്റേജിനടുത്തേക്ക് നടന്നു. ആവുള്ളക്ക തളർച്ചയോടെ ചാരുകസേരയിലേക്ക് വീണു. ശ്വാസം മുട്ടുന്നതുപോലെ... സ്റ്റേജിൽ മഞ്ഞിച്ച വെളിച്ചം അട്ടഹസിക്കുമ്പോൾ ആവുള്ളക്ക ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിനായി ബാഗിൽ പരതി.
l
*പുണ്യാഹച്ചുണ്ട: നാടകത്തിൽ കണ്ണു ചുവപ്പിക്കാനുപയോഗിക്കുന്ന പൂവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.