താമരക്കുളം ഗ്രാമത്തിലെ വയ്യാങ്കര ചിറ
ചാരുംമൂട്: നഗരജീവിതത്തിന്റെ തിരക്കുകളിൽനിന്ന് ഒഴിഞ്ഞ് ഒഴിവുദിവസങ്ങൾ യാത്രക്ക് തെരഞ്ഞെടുക്കുന്നവർക്ക് പ്രകൃതിരമണീയമായ സ്ഥലമാണ് ജില്ലയിലെ താമരക്കുളം ഗ്രാമത്തിലെ വയ്യാങ്കര ചിറ. മനസ്സിനൊപ്പം കണ്ണുകളെയും കുളിരണിയിക്കുന്നുവെന്നത് വയ്യാങ്കര ചിറയുടെ പ്രത്യേകതയാണ്.
കൊല്ലം-തേനി ദേശീയപാതയുടെ സമീപം 110 ഏക്കറിലാണ് വയ്യാങ്കര എന്ന മനോഹരമായ ചിറ. ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ ചാരുംമൂടിന് സമീപം, ജില്ലയുടെ തെക്ക് കിഴക്ക് കൊല്ലം ജില്ലയോട് അതിർത്തി പങ്കിടുന്ന വയ്യാങ്കര ചിറ മൂന്നു വശങ്ങളിൽ കുന്നുകൾക്കുള്ളിൽ രൂപപ്പെട്ട ജലാശയമാണ്. ശാസ്താംകോട്ട കായൽ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം കൂടിയാണിത്. അപൂർവ ജീവജാലങ്ങൾകൊണ്ട് പ്രത്യേക പരിസ്ഥിതി പരിഗണന ഉണ്ടാകേണ്ട പ്രദേശമായ ഇവിടെ വിവിധ ഇനം പക്ഷികൾ വിരുന്നെത്തുന്നത് കൗതുകക്കാഴ്ചയാണ്. 2002ൽ ആലപ്പുഴ മെഗാ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി തുടക്കമിട്ട പദ്ധതിയാണ് വയ്യാങ്കര ചിറ ടൂറിസം പദ്ധതി. അന്നത്തെ ടൂറിസം മന്ത്രി കെ.സി. വേണുഗോപാലാണ് പദ്ധതിക്കു തുടക്കം കുറിച്ചത്.
ചെറിയരീതിയിൽ ലേക്ക് വ്യൂ പാലം, ശുചിമുറി, പവർഹൗസ്, വിശ്രമ ബഞ്ചുകൾ, പ്രവേശന കവാടം, മണ്ഡപം, കുട്ടികളുടെ പാർക്ക്, വിളക്കുകൾ എന്നിവ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പൂർത്തിയായിട്ടുണ്ട്. കുട്ടികളുടെ പാർക്കും വിശ്രമസ്ഥലങ്ങളും പൂർത്തിയായതിനാൽ അവധി ദിനങ്ങളിലും ഞായറാഴ്ചകളിലും ഏറെപ്പേർ എത്താറുണ്ട്. എന്നാൽ, ഇവിടെ എത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന പരാതിയുണ്ട്.
പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന തട്ടുകടകൾ, കുട്ടികൾക്കുള്ള വിവിധ ഷോപ്പിങ് സെന്ററുകൾ, ടൂറിസ്റ്റുകൾക്ക് തങ്ങാനുള്ള സൗകര്യം എന്നിവ പൂർത്തിയാകുന്നതോടെ ഈ പരാതികൾക്ക് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.