കോഴിക്കോട്: വിനോദസഞ്ചാരികൾക്ക് ഏറെ ആശ്വാസം പകർന്ന് ലക്ഷദ്വീപ് സന്ദർശനത്തിനുള്ള നിബന്ധനകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു. ദ്വീപ് സന്ദർശിക്കാൻ ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (പി.സി.സി) പ്രാദേശിക സ്പോൺസറും ആവശ്യമില്ല. 1967 മുതലുള്ള വ്യവസ്ഥകളാണ് അഡ്മിനിസ്‌ട്രേഷൻ ഇപ്പോൾ എടുത്തുകളഞ്ഞത്.
ലക്ഷദ്വീപിലേക്ക് പോകുന്നതിന് ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും വലിയ കടമ്പയായിരുന്നു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് സ്വന്തം നാട്ടിലെ പൊലീസ് സ്റ്റേഷനിൽനിന്ന് സാക്ഷ്യപ്പെടുത്തിയ രേഖ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കണമായിരുന്നു. ഇതിനൊപ്പം ദ്വീപിലെ താമസക്കാരനോ സ്‌പോർട്‌സ് (സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് നേച്ചർ ടൂറിസം ആൻഡ് സ്‌പോർട്‌സ്) പോലെയുള്ള അംഗീകൃത സംഘടനയോ അല്ലെങ്കിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററോ സ്‌പോൺസർ ചെയ്താൽ മാത്രമേ പെർമിറ്റ് അനുവദിച്ചിരുന്നുള്ളൂ. ഈ രണ്ട് നിബന്ധനകളും ഒഴിവാക്കിയതോടെ ലക്ഷദ്വീപ് യാത്ര കൂടുതൽ ലളിതമായി.
പുതിയ പരിഷ്കാരം അനുസരിച്ച് ടൂറിസ്റ്റ് കാറ്റഗറിയിൽ വരുന്നവർക്ക് ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് പെർമിറ്റിന് അപേക്ഷിക്കാം. ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകളും താമസ സൗകര്യം ബുക്ക് ചെയ്തതിന്റെ വിവരങ്ങളും നൽകിയാൽ പെർമിറ്റ് ലഭിക്കും. ഒരു അപേക്ഷയിൽ പരമാവധി ആറു പേരെ വരെ ഉൾപ്പെടുത്താൻ സാധിക്കും. അപേക്ഷാ ഫീസായി ഒരാൾക്ക് 50 രൂപയും, മുതിർന്നവർക്ക് 200 രൂപ വീതം ഹെറിറ്റേജ് ഫീസും നൽകണം.12 മുതൽ 18 വരെ വയസ്സുകൾക്ക് 100 രൂപയാണ് ഹെറിറ്റേജ് ഫീസ്
ദ്വീപിലെ വിനോദസഞ്ചാര മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. ബംഗാരം, അഗത്തി, കവരത്തി തുടങ്ങിയ പ്രധാന ദ്വീപുകളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഈ തീരുമാനം സഹായിക്കും. കപ്പൽ മാർഗമോ വിമാനം വഴിയോ ദ്വീപിലെത്തുന്നവർ യാത്രക്ക് മുമ്പ് ഓൺലൈൻ വഴി പെർമിറ്റ് ഉറപ്പാക്കണം. വിദേശ വിനോദസഞ്ചാരികൾക്ക് ഇപ്പോഴും പാസ്പോർട്ടും വിസയും നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.