കോട്ടയം: തായ്ലൻഡ് യാത്രക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ടൂർ ഏജൻസി ലക്ഷങ്ങൾ തട്ടി. ജില്ലയിലെ 32 വയോധികരാണ് തൃശൂർ നായ്ക്കനാലിലെ എക്സലന്‍ഡ് ഇന്ത്യൻ ഹോളിഡെയ്സിന്‍റെ തട്ടിപ്പിൽ കുടുങ്ങിയത്.
പരാതിയിൽ പത്തോളം പൊലീസ് സ്റ്റേഷനുകളിൽ എഫ്.ഐ.ആർ ഇട്ടെങ്കിലും നടപടിയില്ലെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവർ. സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ് സുഹൃത്തുക്കളായ ഇവർ ഏജൻസി ഉടമകളായ ജിന ജെയ്മോനെയും ജെയ്മോനെയും ബന്ധപ്പെട്ടത്. തുടർന്ന് 12,60,700 രൂപ എല്ലാവരും ചേർന്ന് പലതവണയായി ജിന ജെയ്മോന്‍റെ അക്കൗണ്ടിലേക്ക് അയച്ചു. കഴിഞ്ഞ നവംബർ 18ന് പോകാൻ തയാറെടുത്തു. എന്നാൽ, അന്ന് പോകാൻ പറ്റില്ലെന്നും 25ലേക്ക് മാറ്റാമെന്നും ജിന ജെയ്മോൻ അറിയിച്ചു.
തുടർന്ന്, മടങ്ങിവരാനുള്ള ടിക്കറ്റ് ശരിയായില്ലെന്നുപറഞ്ഞ് ഡിസംബർ 14ലേക്ക് യാത്ര മാറ്റി. എട്ടുപേർക്ക് ആ ദിവസം പോകാൻ കഴിയാത്തതിനാൽ പണം തിരികെ ആവശ്യപ്പെട്ടു. ഏഴുദിവസത്തിനകം പണം തിരികെ നൽകുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയില്ല. ഡിസംബർ 14ന് പോകാൻ തയാറെടുക്കുമ്പോൾ വീണ്ടും ജനുവരി 19ലേക്ക് മാറ്റി. ഇതിനിടെ, വ്യാജമായി തയാറാക്കിയ എയർ ഏഷ്യയുടെ ടിക്കറ്റിന്‍റെ സക്രീൻ ഷോട്ട് അയച്ചുകൊടുത്തു. ഇതോടെ തങ്ങളെ ചതിക്കുകയാണെന്ന് ബോധ്യപ്പെട്ട ഇവർ പണം തിരികെ ആവശ്യപ്പെട്ടു.
എന്നാൽ, പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചർച്ചയിൽ പണം നൽകാമെന്ന് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പാലാ, മേലുകാവ്, തിടനാട്, പാമ്പാടി, അയർക്കുന്നം, എറണാകുളം ജില്ലയിലെ മുളന്തുരുത്തി, കൂത്താട്ടുകുളം സ്റ്റേഷനുകളിലും പരാതി നൽകി. ഒമ്പത് കേസിൽ എഫ്.ഐ.ആർ ഇട്ടു. നടപടിയില്ലാത്തതിനാൽ കോട്ടയം ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇദ്ദേഹം പാലാ ഡിവൈ.എസ്.പിക്ക് പരാതി കൈമാറിയെങ്കിലും തുടർനടപടി ഉണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ പലഭാഗത്തും നിരവധിപേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്. കണ്ണൂരിൽ അറുപതിലേറെപ്പേരാണ് കശ്മീർ-തായ്ലൻഡ് യാത്രയുടെ പേരിൽ കബളിപ്പിക്കപ്പെട്ടത്. ഇവരും പൊലീസിൽ പരാതി നൽകി. പണം നഷ്ടപ്പെട്ട കൊല്ലം സ്വദേശി ഉപഭോക്തൃ പരാതി പരിഹാര ഫോറത്തിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.