കൊൽക്കത്ത: സിലിഗുരിയിലെ വിനോദസഞ്ചാരത്തിന് കൂടുതൽ പ്രാധാന്യം നൽകി വടക്കുകിഴക്കൻ ഫ്രോണ്ടിയർ റെയിൽവേ 'ജംഗിൾ ടീ സഫാരി' ടോയ് ട്രെയിൻ സർവിസ് പുനരാരംഭിച്ചു. സിലിഗുരിയിൽനിന്ന് റോങ്ടോങ്ങിലേക്കാണ് സർവിസ്. തിങ്കളാഴ്ച ആരംഭിച്ച സർവിസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
'ടൂറിസം മെച്ചപ്പെടുത്താൻ ഡാർജിലീങ് ഹിമാലയൻ റെയിൽവേയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മികച്ച പ്രതികരണമാണ് യാത്രക്കാരിൽനിന്ന് ലഭിക്കുന്നത്. യാത്രക്കാർക്ക് കോംപ്ലിമെന്‍ററിയായി ലഘുഭക്ഷണങ്ങൾ നൽകും' -കതിഹാർ ഡിവിഷൻ റെയിൽവേ ഉദ്യോഗസ്ഥൻ സഞ്ജയ് ചിൽവാർവാർ പറഞ്ഞു.
പൈതൃക ആവിയന്ത്രവും കാഴ്ചകൾ കാണാൻ ഉതകുന്ന തരത്തിലുള്ള വിസ്റ്റാഡോം ബോഗിയുമാണ് ഈ ടോയ് ട്രെയിനിന്‍റെ പ്രത്യേകത. സിലിഗുരി ജംഗ്ഷൻ മുതൽ റോങ്‌ടോങ് ഹിൽ സ്റ്റേഷൻ വരെ ട്രെയിൻ പതിവായി സർവിസ് നടത്തും. മഹാനന്ദ വന്യജീവി സങ്കേതത്തിന്‍റെയും മലനിരകളുടെയും മനോഹാരിത യാത്രക്കിടെ സഞ്ചാരികൾക്ക് ആസ്വദിക്കാം.
മൂന്ന് മണിക്കൂർ കൊണ്ടാണ് ട്രെയിൻ സിലിഗുരിയിൽനിന്ന് റോങ്‌ടോങ് എത്തുക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒന്നര വർഷമായി സർവിസ് നിർത്തിവെച്ചിരിക്കുകയായിരുന്നു.
സിലിഗുരിയിൽനിന്ന് ഡാർജലീങ് വരെയുള്ള ടോയ് ട്രെയിൻ സർവിസും ഏറെ ആകർഷകമാണ്. റോങ്ടോങ്ങും ഡാർജലീങ്ങും വ്യത്യസ്ത റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്കൻ ഫ്രോണ്ടിയർ റെയിൽവേ അരുണാചൽ പ്രദേശിലെ തവാങ്ങിലും ടോയ് ട്രെയിൻ സർവിസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
#WATCH | West Bengal: Northeast Frontier Railway (NFR) introduced a regular basis 'Jungle Tea Safari' toy train yesterday to boost tourism in Siliguri. pic.twitter.com/bb4WR2dg9W
— ANI (@ANI) August 31, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.