പുല്ലൂപ്പിക്കടവ്
കണ്ണൂർ: കണ്ടൽക്കാടിനെ അറിയാം, പച്ചപ്പും നുകരാം.....പുല്ലൂപ്പിക്കടവ് ഇനി ടൂറിസം ഭൂപടത്തിലേക്ക്. ടൂറിസം പദ്ധതിക്കായി നാലുകോടി രൂപ അനുവദിച്ചു. മേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി, സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രീതിയിൽ വാക്ക് വേയും ഇരിപ്പിടവും അടക്കം വലിയ സൗന്ദര്യവത്കരണ പദ്ധതിയാണ് യാഥാർഥ്യമാവുക.
ദേശാടനപ്പക്ഷികളാലും വിവിധ തരം മത്സ്യസമ്പത്തുകളാലും സമൃദ്ധമാണ് പ്രദേശം. കണ്ണാടിപ്പറമ്പിനെ കക്കാട് - കണ്ണൂർ ടൗണുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പുല്ലൂപ്പിക്കടവ് പാലവും അനുബന്ധ റോഡിലുമൊക്കെയായി പ്രഭാത സവാരിക്കും കാഴ്ചകാണാനും നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്.
പാലത്തിനും പുഴയോരങ്ങളിലും ഇരിപ്പിടങ്ങൾ, പാലത്തിന് ഇരുവശവും ചിത്രപ്പണികളോടുകൂടിയ വിളക്കുകാലുകൾ, വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ, പാർക്ക്, നടപ്പാതകൾ, ഇരിപ്പിടങ്ങൾ, സൈക്ലിങ് പാത, കഫ്റ്റീരിയ തുടങ്ങിയവ ഉൾപ്പെടെയുള്ള പുഴയോര ടൂറിസം പദ്ധതിക്കാണ് അനുമതി ലഭിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി പദ്ധതി വേഗത്തിൽ ആരംഭിക്കുമെന്ന് കെ.വി. സുമേഷ് എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ മാസം എം.എൽ.എ നാറാത്ത് പഞ്ചായത്തുമായി ചേർന്ന് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ടൂറിസം വകുപ്പിനും സമർപ്പിച്ചിരുന്നു. സായാഹ്നങ്ങളിൽ കുടുംബ സമേതം കാഴ്ചകാണാനെത്തുന്നവർക്ക് ഇവിടെ വേണ്ടത്ര സൗകര്യങ്ങളില്ലായിരുന്നു. വാഹന പാർക്കിങ്ങും കുട്ടികൾക്കുള്ള പാർക്കും അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.
ഒന്നര മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കും. നാറാത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് മുതൽക്കൂട്ടാവുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.