പൊഖാറയിലെ കാണാക്കാഴ്ചകൾ

പൊഖാറ എന്ന പേര്​ കേൾക്കുമ്പോൾ പലരുടെയും മനസിൽ തെളിയുന്നത്​ കഴിഞ്ഞ ദിവസമുണ്ടായ വിമാന ദുരന്തമായിരിക്കും. ഇതിനേക്കാൾ ഏറെ മുൻപേ പ്രശസ്തമാണ്​ നേപ്പാളിലെ ഈ നാട്​. നേപ്പാളിനെ കുറിച്ച്​ പഠിച്ച്​ തുടങ്ങിയപ്പോൾ തന്നെ പൊഖാറയും മനസിൽ കയറിക്കൂടിയിരുന്നു. ഷർമാജിക്കൊപ്പമായിരുന്നു പൊഖാറ കാഴ്ചയിലേക്കിറങ്ങിയത്​. പോകേണ്ട സ്ഥലങ്ങൾ ഹോട്ടലിൽ ഇരുന്നു സംസാരിച്ചു ഉറപ്പിച്ചിരുന്നു. ടാക്സി വാടകയും എല്ലാം പറഞ്ഞുറപ്പിച്ചു. രണ്ട്​ ദിവസത്തേക്ക്​ 75 ഡോളറായിരുന്നു വാടക. പൊഖാറ നഗരത്തിലൂടെ, തടാകത്തിന്‍റെ തീരത്തൂടെയുള്ള യാത്ര രസകരമായിരുന്നു. ഇന്ത്യൻ വെജിറ്റേറിയൻ റെസ്റ്റാറ്റാന്‍റിൽ നിന്ന്​ ഭക്ഷണം കഴിച്ച്​ നേരെ ഡേവിസ്‌ ഫാൾ എന്ന വെള്ളചാട്ടം കാണാൻ പോയി. അന്നത്തെ ലക്ഷ്യം പ്രസിദ്ധമായ സമാധാന സ്തൂപം (പീസ് പക്കോഡ) ആയിരുന്നു. അവിടേക്കുള്ള വഴിയിലാണ്​ ഡാവിസ് ഫാൾസ്. ഇത് നേപ്പാളിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്. അടിത്തട്ടിൽ എത്തിയ ശേഷം വെള്ളം തുരങ്കം സൃഷ്ടിക്കുന്നു. ഈ തുരങ്കം ഏകദേശം 500 അടി (150 മീറ്റർ) നീളവും ഭൂനിരപ്പിൽ നിന്ന് 100 അടി (30 മീറ്റർ) താഴെയുമാണ്. 1961ൽ സ്വിസ് ദമ്പതികൾ ഇവിടെ നീന്താൻ പോയെങ്കിലും യുവതി കുഴിയിൽ മുങ്ങിമരിച്ചു. അവരുടെ പിതാവ് ഇതിന്​ ഡേവിഡ്സ് ഫാൾ എന്ന് നാമകരണം ചെയ്യാൻ ആഗ്രഹിച്ചുവെങ്കിലും പിന്നീട് അത് ഡേവി’സ് ഫാൾ എന്നായി മാറുകയായിരുന്നു.

ഗുപ്തേശ്വര ഗുഹ (Gupteswar Mahadev Cave) ആയിരുന്നു അടുത്തത്. ഡേവിസ് ഫാൾസിലെ വെള്ളം ഈ ഗുഹ വഴി ഒഴുകുന്നുണ്ട്. പൊഖാറയിലെ പ്രധാനപ്പെട്ട വിനോദ കേന്ദ്രമാണ് ഇതും. ഡേവിസ് ഫാൾസിന്‍റെ നേരെ എതിർവശത്താണിത് സ്ഥിതി ചെയ്യുന്നത്. മനോഹരമായ വാസ്തുവിദ്യ! ഗുഹയിലേക്കുള്ള കോണിപ്പടികൾ ശരിക്കും ആകർഷകമാണ്. കുറച്ച് നനഞ്ഞ കോണിപ്പടികൾ താഴേക്ക്​ നടന്നാൽ താഴെ ഹിന്ദു ക്ഷേത്രം കാണാൻ കഴിയും. തുടർന്ന് peace pakoda (ശാന്തി സ്തൂപം) ലക്ഷ്യമിട്ട്​ യാത്ര തുടർന്നു. ബുദ്ധ സ്മാരകമാണ് ഇവിടം. 1100 മീറ്റർ ഉയരത്തിൽ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ അമ്പലമാണ്. ലോകത്തിലെ 80 സമാധാന പഗോഡകളിൽ രണ്ടെണ്ണം നേപ്പാളിലുണ്ട്; ബുദ്ധന്‍റെ ജന്മസ്ഥലമായ ലുംബിനിയിലെ ശാന്തി സ്തൂപവും പൊഖാറയിലെ ശാന്തി സ്തൂപവും. അന്നപൂർണ ശ്രേണി, പൊഖാറ നഗരം, ഫേവ തടാകം എന്നിവയുടെ പനോരമിക് കാഴ്ച ഇത് നൽകുന്നു. കാർ നിറുത്തിയ ഇടത്തു നിന്നും ഒരുപാട് ദൂരം കുന്നു കയറി വേണം ഇവിടെ എത്താൻ. പോകുന്ന വഴികളൊക്കെ മനോഹരങ്ങളാണ്. തെളിഞ്ഞ ആകാശത്തിൽ ഭംഗിയോടെ നിൽക്കുന്ന വെളുത്ത മേഘങ്ങൾ ആ കുന്നുകളിൽ നിന്നുള്ള കാഴ്ചയെ നയന മനോഹരമാക്കി. സന്ദർശകരുടെ ഒരു കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. സ്തൂപത്തിനു ചുറ്റും ഭംഗിയാർന്ന ഉദ്യാനം, അവിടെ നിന്നും താഴേക്കുള്ള കാഴ്ച, എല്ലാം മനോഹരം തന്നെ.

വെളുത്ത നിറമുള്ള ഈ സ്തൂപം വിനോദ സഞ്ചാരികളെയും തീർത്ഥാടകരെയും ആകർഷിക്കുന്നു. ഇവിടേക്കെത്താൻ സാഹസികമായ ഹൈക്കിങ് ട്രാക്കും സൈക്ലിംഗ് ട്രാക്കുകളും സഞ്ചാരികൾ ഉപയോഗിക്കാറുണ്ട്. ട്രിപ്പ് അഡ്വൈസർ പൊഖാറയിലെ രണ്ടാമത്തെ ഏറ്റവും നല്ല ആകർഷണ കേന്ദ്രമായി ഇതിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. പൊഖാറയിലെ മറ്റൊരു ആകർഷണമാണ് പുംടിക്കോട്ട ശിവ സ്‌തൂപം. സമുദ്ര നിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ അമ്പലത്തിലെ ശിവ പ്രതിമ നേപ്പാളിലെ ഉയരം കൂടിയ രണ്ടാമത്തെ പ്രതിമയാണ്. 108 അടി ആണ് ഉയരം. മനോഹരമായ കുന്നിൻ മുകളിലാണ് ഈ അമ്പലം പണിതിരിക്കുന്നത്. വളഞ്ഞു പുളഞ്ഞ മൺറോഡിലൂടെ യാത്രക്ക് ശേഷം കാർ നിർത്തി കുന്നു കയറാൻ തുടങ്ങി. മന്ദ മാരുതൻ ഏറ്റുകൊണ്ടുള്ള നടത്തം. കുന്നിൻ മുകളിൽ നിന്നുള്ള മനോഹരമായ കാഴ്ചകൾ യാത്രയെ ആയാസ രഹിതമാക്കി. ഇവിടെ നിന്നുള്ള പൊഖാറ നഗരത്തിന്‍റെയും ഫേവ തടാകത്തിന്‍റെയും കാഴ്ച പറഞ്ഞറിയിക്കാൻ പറ്റില്ല. നേരം ഇരുട്ടാറായപ്പോൾ ഞങ്ങൾ ഇവിടെ നിന്നും ഹോട്ടലിലേക്ക് മടങ്ങി. ഇവിടെ വച്ച് വേറെയും മലയാളി വിനോദ സഞ്ചാരികളെ കാണാൻ കഴിഞ്ഞു.

സാരങ്കോട്ടിലെ സൂര്യോദയം

അടുത്ത ദിവസം പുലർച്ച സാരങ്കോട്ട് എന്ന കുന്നിൻ മുകളിലെ സൂര്യോദയം കാണിക്കാൻ കൊണ്ടുപോകാൻ കാർ എത്തി. അതി രാവിലെ എത്തിയാലെ മനോഹരമായ കാഴ്ച കിട്ടുകയുള്ളൂ എന്ന് ഡ്രൈവർ കൂടെ കൂടെ ഓർമിപ്പിച്ചു. ഒരു പാട് ദൂരം കൂനിൻ മുകളിലെ തണുപ്പിലേക്ക് കാർ ഓടി കയറി. കാർ നിർത്തിയ ശേഷം വ്യൂ പോയിന്‍റിലേക്കു നടക്കുന്ന മറ്റു വിനോദ സഞ്ചാരികളുടെ കൂട്ടത്തിലേക്കു ഞങ്ങളും ചേർന്നു. നൂറുകണക്കിന് പടികൾ നിറഞ്ഞ കയറ്റം അത്ര എളുപ്പമല്ലെങ്കിലും അധികം പ്രയാസപ്പെടാതെ അവിടെ എത്തി. മനോരഹമായിരുന്നു കുന്നിൻ മുകളിലെ കാഴ്ച്ച. കോടമഞ്ഞൊഴുകുന്ന താഴ്വാരങ്ങളും പച്ച പുതച്ച കുന്നിൻ ചെരിവുകളിലെ വിവിധ നിറങ്ങളിലുള്ള കൊച്ചു വീടുകളും എത്ര കണ്ടാലും മതിവരില്ല. ഇവിടുന്നു നോക്കിയാൽ തൊട്ടുമുൻപത്തെ ദിവസം സന്ദർശിച്ച ബുദ്ധ സ്തൂപവും (പീസ് പഗോഡ) കാണാൻ കഴിയും.

തലേദിവസം പെയ്ത മഴ കാരണം സൂര്യോദയത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും സാരങ്കോട്ട് മറക്കാനാവാത്ത പ്രകൃതി ഭംഗികൾ നിറഞ്ഞ കാഴ്ചകളാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. കുന്നിൻ മുകളിലെ ഹോട്ടലിലിരുന്ന്​ പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കുറെ നേരം കഴിച്ചു കൂട്ടി. അന്ന് തന്നെ മക്കളെയും കൂട്ടി സാരങ്കോട്ട് മലയിൽ പാരാ ഗ്ലൈഡിങ് ചെയ്യുകയും രാവിലെ കയറിയ മലയുടെ ഉയരത്തിലൂടെ പറക്കുകയും ചെയ്തു. ഉയരത്തിൽ നിന്നും പൊഖാറയെ കാണാനും അതിന്‍റെ താടാകങ്ങളുടെ സൗന്ദര്യത്തെ വർണിക്കാനും വാക്കുകൾ മതിയാവില്ല.

പാരാ​ൈഗ്ലഡിങിന്‍റെ ചാർജ് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്​ ഇവിടെ കുറവാണ്​. മാത്രമല്ല, ഇന്ത്യയിൽ നിന്നും പരിശീലനം നേടിയ പൈലറ്റുമാരാണ് അധികവും. അങ്ങനെ അപ്പൂർവങ്ങളായ കാഴ്ചകളും അനുഭവങ്ങളും ഓർമയിൽ നിറച്ച്​ പൊഖാറയിൽ നിന്നും പിറ്റേന്ന് കാഠ്​മണ്ടുവിലേക്കും അവിടുന്ന് നാട്ടിലേക്കും വിമാനം കയറി.

Tags:    
News Summary - Pokhara vist- o k ismail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.