120ലേറെ രാജ്യങ്ങളിൽ സഞ്ചരിച്ച അനുഭവ പരിചയമുള്ള അമേരിക്കൻ ട്രാവൽ വ്ലോഗറാണ് നിക്ക് മഡോക്ക്. ലോകമാകമാനം സബ്സ്ക്രൈബർമാരുള്ള മഡോക്ക്, തന്റെ യാത്രാനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഏതാനും ദിവസങ്ങൾക്കുമുമ്പ് ഇന്ത്യയിലെ ട്രെയിൻ യാത്രയിലെ ദുരിതം വിവരിച്ച് അദ്ദേഹം പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. വാരണാസിയിൽനിന്ന് ന്യൂ ജയ്പാൽഗുഡിയിലേക്കുള്ള 15 മണിക്കൂർ ട്രെയിൻ യാത്രക്കു പിന്നാലെ ശ്വാസകോശത്തിൽ അണുബാധയുണ്ടായി ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യമുണ്ടായെന്ന് മഡോക്ക് പറയുന്നു.
നിലവിൽ ഭൂട്ടാനിൽ ചികിത്സയിലുള്ള മഡോക്ക് ആശുപത്രി കിടക്കയിൽനിന്നാണ് യാത്രാദുരിതം വിവരിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തത്. ആറു വർഷമായുള്ള തന്റെ ലോകസഞ്ചാരത്തിനിടെ ഏറ്റവും വൃത്തിഹീനമായ അനുഭവമായിരുന്നു തേർഡ് എ.സി കോച്ചിലെ യാത്ര. ആളുകളുടെ പെരുമാറ്റംകൊണ്ടും സാംസ്കാരിക വൈവിധ്യംകൊണ്ടും ഇന്ത്യ സമ്പന്നമാണ്. എന്നാൽ വൃത്തിഹീനമായ ട്രെയിനിലെ അവസ്ഥയിൽ നിരാശയുണ്ട്. ഹയർ ക്ലാസ് ടിക്കറ്റുകൾ ലഭിക്കാഞ്ഞതിനാലാണ് തേർഡ് എ.സി ടിക്കറ്റെടുത്തത്. എന്നാൽ ഇത്രയും മോശം അനുഭവമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇനി ട്രെയിൻ യാത്രക്കില്ലെന്നും മഡോക്ക് പറയുന്നു.
തന്റെ അനുഭവങ്ങൾ വിവരിച്ചതിനൊപ്പം, ട്രെയിനിലെ വൃത്തിഹീനമായ ശുചിമുറിയിൽനിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളും മഡോക്ക് പങ്കുവെച്ചിട്ടുണ്ട്. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളുമായി നിരവധിപേരെത്തി. മോശം അനുഭവത്തെ ചിലർ ശരിയാണെന്ന് വിലയിരുത്തിയപ്പോൾ, മറ്റു ചിലർ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ കാണിച്ച് ഇന്ത്യ മോശമാണെന്ന് കാണിച്ച് കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കാനുള്ള ശ്രമമാണെന്ന് വിമർശിച്ചു. അമേരിക്കയിലും യൂറോപ്പിലും ഉൾപ്പെടെ ഇതിലും മോശം സാഹചര്യമുള്ള സ്ഥലങ്ങളുണ്ടെന്ന് അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.