ജിയോളജിക്കൽ പാർക്കിന്റെ ഭാഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിന്റെ പ്രകൃതിസൗന്ദര്യവും ഭൂമിശാസ്ത്രപരമായ പൈതൃകവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച് 'ജിയോ പാർക്ക്' ഒരുങ്ങി. കുവൈത്ത് ബേയുടെ വടക്ക് ഭാഗത്ത് പദ്ധതി ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി ഉദ്ഘാടനം ചെയ്തു.കുവൈത്ത് ബേയുടെ വടക്ക് ഭാഗത്തുള്ള ഉൾക്കടലിലെ ചരിത്രപരവും പാരിസ്ഥിതികവുമായ മേഖലയിലാണ് പദ്ധതി.
കുവൈത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയെ അടുത്തറിയാൻ സന്ദർശകർക്ക് ഇത് അവസരം നൽകും. ശാസ്ത്രീയപഠനം, ഗവേഷണം, പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരം എന്നിവയുടെ ഒരു സംയോജിത കേന്ദ്രമായിട്ടാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ സുസ്ഥിര വിനോദസഞ്ചാര കാഴ്ചപ്പാടിനും പാരിസ്ഥിതിക വൈവിധ്യ അവബോധം വർധിപ്പിക്കുന്നതിനും പാർക്ക് പ്രാധാന്യം നൽകും. സന്ദർശകർക്കായി റെസ്റ്റോറന്റുകൾ, കഫേകൾ, കടകൾ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവും പ്രകൃതിദത്തവുമായ പൈതൃകം ഉയർത്തിക്കാട്ടൽ, വിദ്യാഭ്യാസ, സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കൽ എന്നിവയുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി പറഞ്ഞു. മനുഷ്യചരിത്രം, പ്രകൃതിയുടെയും ഭൂമിയുടെയും വ്യത്യസ്ത വിവരങ്ങൾ എന്നിവ നൽകുന്നതിന് ജിയോപാർക്ക് പദ്ധതി സംഭാവന നൽകും. കുവൈത്തിന്റെ ഐഡന്റിറ്റിയും വിവരങ്ങളും കൈമാറുകയും വിനോദസഞ്ചാരത്തെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
രണ്ട് ഘട്ടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ജിയോപാർക്ക് ഒരു ചെറിയ മേഖലയെയും വളരെ വലിയ മേഖലയെയും ഉൾക്കൊള്ളുന്നു.
മൊത്തം വിസ്തീർണം ഏകദേശം 1000 ചതുരശ്ര കിലോമീറ്ററാണ്. ആദ്യ ഘട്ടം 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ്. ബാക്കി വരുന്ന വലിയ മേഖലയിൽ 300ലധികം വിവിധതരം തദ്ദേശീയ സസ്യ ഇനങ്ങൾ ഉണ്ടാകും. പാരിസ്ഥിതിക പുനഃസ്ഥാപനം, മരുഭൂമിയിലെ ഭൂപ്രകൃതി ഹരിതാഭമാക്കൽ, ജൈവവൈവിധ്യ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് ഇത്.
ജിയോ പാർക്ക് സന്ദർശകർ കുവൈത്ത് വിസിറ്റ് പ്ലാറ്റ്ഫോം ബുക്ക് ചെയ്യണം. ഞായറാഴ്ച മുതൽ ബുക്കിങ് ലഭ്യമാകും.ബുധനാഴ്ച മുതലാകും സന്ദർശകർക്ക് പ്രവേശനം. ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻ.സി.സി.എ.എൽ), കുവൈത്ത് ജിയോസയൻസസ് സൊസൈറ്റി എന്നിവയുടെ പങ്കാളിത്തത്തോടെ കുവൈത്ത് ഓയിൽ കമ്പനിയാണ് പദ്ധതി പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.