സ്റ്റോപ്പില്ല, ആളും കയറുന്നില്ല; പ്രീമിയം സൂപ്പർ ഫാസ്റ്റുകൾ നിർത്തലാക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ​കെ.എസ്.ആർ.ടി.സിക്ക് കനത്ത ബാധ്യതയും യാത്രക്കാർക്ക് പ്രയോജനരഹിതവുമായ പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവിസുകൾക്ക് ഒടുവിൽ ഔദ്യോഗിക അന്ത്യം.

സ്റ്റോപ്പുകളും വെട്ടിക്കുറച്ചും നിരക്കുയർത്തിയും മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ മുൻകൈയെടുത്ത് തുടങ്ങിയ സ്പെഷൽ ക്ലാസ് സർവിസുകൾ അവസാനിപ്പിച്ചാണ് ഉത്തരവിറക്കിയത്.

യാത്രക്കാരെ വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രീമിയം സർവിസുകൾ ആരംഭിച്ചതെങ്കിലും സ്റ്റോപ്പുകൾ ഇല്ലാത്തത് തിരിച്ചടിയായിരുന്നു.

ദേശീയപാതയിലെ സ്റ്റോപ്പുകൾ 107 എന്നതിൽ നിന്ന് 44 ലേക്കും എം.സി റോഡിലെ സ്റ്റോപ്പുകൾ 108 എന്നത് 46 ലേക്കും വെട്ടിക്കുറച്ചാണ് സർവിസുകൾ ക്രമീകരിച്ചത്. ഒപ്പം സാധാരണ സൂപ്പർ ഫാസ്റ്റുകളെക്കാൾ അഞ്ച് ശതമാനം നിരക്ക് വർധനയും വരുത്തിയിരുന്നു.

സ്റ്റോപ്പുകൾ കുറഞ്ഞതോടെ ആളുകൾ കയറാതായി. നേരത്തെ സൂപ്പർ ഫാസ്റ്റുകൾ ഓടിയിരുന്ന അതേ പെർമിറ്റുകളാണ് പുതിയ ബസുകൾ വിന്യസിച്ച് പ്രീമിയം സർവിസുകളാക്കിയത്. ദീർഘദൂര ബസുകളായതിനാൽ രാത്രി കാലത്തായിരുന്നു അധികവും ഓടിയിരുന്നത്.

ഓർഡിനറികളോ ഫാസ്റ്റ് പാസഞ്ചറുകളോ ഇല്ലാത്ത രാത്രികാലങ്ങളിൽ ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യാൻ ആളുകൾ തയാറായിരുന്നെങ്കിലും സ്റ്റോപ്പുകളില്ലാത്തത് തിരിച്ചടിയായിരുന്നു.

സൂപ്പർ ഫാസ്റ്റുകളാണെന്ന ധാരണയിൽ കയറിയവർ രാത്രികാലങ്ങളിൽ ജീവനക്കാരുമായി തർക്കമുണ്ടാവുന്നതും പതിവായി. നേരത്തെ പ്രതി ദിനം 50,000 രൂപ വരെ ലഭിച്ചിരുന്ന ദീർഘദൂര സർവിസുകളുടെ വരുമാനം പല ഡിപ്പോകളിലും നേരെ പകുതിയായി.

മറുഭാഗത്ത് ദീർഘദൂര സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിക്ക് കിട്ടുമായിരുന്ന യാത്രക്കാരെ കൈയടക്കാനും തുടങ്ങി. ​ഈ സാഹചര്യത്തിലാണ് പ്രീമിയം സൂപ്പർ ഫാസ്റ്റുകൾ അവസാനിപ്പിക്കുന്നത്.

ഈ ബസുകൾ ദേശീയ പാതയിലെയും എം.സി റോഡിലെയും എല്ലാ അംഗീകൃത സൂപ്പർ ഫാസ്റ്റ് സ്റ്റോപ്പുകളിലും നിർത്തും വിധം പുനർ വിന്യസിക്കണമെന്നാണ് ഉത്തരവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.