ചെറുചക്കി ചോലയിൽ പ്രവേശനവിലക്ക്; വിനോദ സഞ്ചാരികൾ നിരാശയിൽ
എരുമപ്പെട്ടി: വനത്തിനുള്ളിൽ പാറക്കെട്ടുകൾ തഴുകിയൊഴുകുന്ന ചെറുചക്കി ചോലയും വനഭംഗിയും ആസ്വദിക്കാനാകാതെ പ്രകൃതിസ്നേഹികൾ നിരാശയോടെ മടങ്ങുന്നു. എരുമപ്പെട്ടി പഞ്ചായത്തിൽ ഉൾപ്പെട്ട ചിറ്റണ്ട പൂങ്ങോട് കണ്ടംചിറ വനത്തിനുള്ളിലെ കൊച്ചു ജലാശയം ടൂറിസം സാധ്യതകളിൽ ഏറെ മുന്നിലാണെങ്കിലും, വനംവകുപ്പിന്റെ കർശന വിലക്ക് മൂലം സഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശിക്കാനാകുന്നില്ല. നേരത്തെ ചെക്ക് ഡാമിൽ അടിഞ്ഞുകൂടിയ ചളി കാരണം യുവാവ് മരണപ്പെടുകയും വിദ്യാർഥി അപകടത്തിൽപ്പെടുകയും ചെയ്തതിനെ തുടർന്നാണ് അധികൃതർ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഡാമിലെ ചളി നീക്കുകയും പ്രദേശത്ത് വാച്ച് ടവറും വാച്ചർമാരെയും നിയോഗിക്കുകയും ചെയ്താൽ സഞ്ചാരികൾക്ക് സുരക്ഷിതമായി എത്താൻ സാധിക്കുന്ന ഇടമാണിത്.
അഞ്ചുയൂക്കാലി, പാർവതിക്കല്ല്, നരിമട, തട്ടുമട, കാട്ടിലൂടെയുള്ള ട്രക്കിങ് തുടങ്ങി നിരവധി ആകർഷണങ്ങളുള്ള ഇവിടെ വനം-ടൂറിസം വകുപ്പുകൾ ചേർന്ന് വൻ ഇക്കോ ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരുന്നു.
പുതിയ ചെക്ക് ഡാം, തൂക്കുപാലം, റോപ്പ് വേ, കുട്ടികളുടെ പാർക്ക്, ഏറുമാടങ്ങൾ, ഹട്ടുകൾ എന്നിവ ഉൾപ്പെടുന്നതായിരുന്നു പദ്ധതി. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ആരംഭിച്ച വികസന പ്രവർത്തനങ്ങളെല്ലാം പാതിവഴിയിൽ നിലച്ച മട്ടാണ്. സഞ്ചാരികൾക്കായി നിർമിച്ച ശുചിമുറി ബ്ലോക്കുകൾ പണി പൂർത്തിയാക്കാതെ അടച്ചിട്ടിരിക്കുകയാണ്. നടപ്പാതകളിൽ കുറച്ചുഭാഗത്ത് മാത്രമാണ് കട്ടകൾ വിരിച്ചത്. നിർമിച്ച അടിസ്ഥാന സൗകര്യങ്ങളൊന്നും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
ഇക്കഴിഞ്ഞ ഓണാവധിക്കാലത്ത് കുടുംബസമേതം എത്തിയ നൂറുകണക്കിന് സഞ്ചാരികളാണ് പ്രവേശനവിലക്ക് ബോർഡ് കണ്ട് നിരാശരായി മടങ്ങിയത്. സർക്കാറിന്റെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചുണ്ടാക്കിയ സൗകര്യങ്ങൾ നശിച്ചുപോകാതെ, പ്രകൃതിസൗഹൃദപരമായി ചെറുചക്കി ചോല എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് നാട്ടുകാരും ടൂറിസം പ്രേമികളും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.