ചരിത്ര സ്മാരകങ്ങളും ആധുനിക നഗരങ്ങളും ഒരുപോലെ സംഗമിക്കുന്ന ചൈനയിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ പൗരന്മാർക്ക് വിസ നടപടികൾ ഇപ്പോൾ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. ടൂറിസം, ബിസിനസ്സ്, പഠനം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ചൈനയിലേക്ക് പോകുന്നവർ കൃത്യമായ വിസ മുൻകൂട്ടി കരസ്ഥമാക്കിയിരിക്കണം. ചൈനീസ് വിസ അപ്ലിക്കേഷൻ സർവീസ് സെന്റർ മുഖേന ഓൺലൈനായാണ് ഇതിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയും രണ്ട് പേജുകളും ബാക്കിയുള്ള ഒറിജിനൽ പാസ്‌പോർട്ട്, വെള്ള പശ്ചാത്തലത്തിലുള്ള രണ്ട് കളർ ഫോട്ടോകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കൺഫേം ചെയ്ത റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗുകൾ, യാത്രാവിവരണം എന്നിവയാണ് പ്രധാനമായും ആവശ്യമായ രേഖകൾ.
ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്ന ഓരോ വ്യക്തിയും ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണമെന്ന് ചൈനീസ് വിസ സെന്റർ നിർദ്ദേശിക്കുന്നുണ്ട്. കുടുംബമായി അപേക്ഷിക്കുമ്പോൾ സ്പോൺസർ ചെയ്യുന്നയാൾ എല്ലാ അംഗങ്ങൾക്കുമുള്ള തുക അക്കൗണ്ടിൽ കാണിക്കേണ്ടതുണ്ട്. ഔദ്യോഗിക സി.വി.എ.എസ്.സി വെബ്‌സൈറ്റ് വഴി അക്കൗണ്ട് തുറന്ന് ഫോം പൂരിപ്പിച്ച് രേഖകൾ ഡിജിറ്റലായി അപ്‌ലോഡ് ചെയ്ത് പ്രിലിമിനറി പരിശോധനയ്ക്കായി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ അംഗീകരിച്ചതിന് ശേഷം പ്രിന്റൗട്ടും ഒറിജിനൽ പാസ്‌പോർട്ടും സഹിതം ന്യൂഡൽഹി, മുംബൈ അല്ലെങ്കിൽ കൊൽക്കത്തയിലുള്ള വിസ കേന്ദ്രം നേരിട്ട് സന്ദർശിച്ച് ഫീസ് അടയ്ക്കണം.
180 ദിവസത്തിൽ താഴെ മാത്രം കാലാവധ്യമുള്ള ഷോർട്ട് ടേം വിസകൾക്ക് അപേക്ഷിക്കുന്നവർക്ക് നിലവിൽ ബയോമെട്രിക് നൽകുന്നതിൽ നിന്നും ഇളവ് അനുവദിച്ചിട്ടുണ്ട്. സിംഗിൾ എൻട്രി വിസയ്ക്ക് 2,900 രൂപയും ഡബിൾ എൻട്രിക്ക് 4,400 രൂപയും ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രിക്ക് 8,800 രൂപയുമാണ് ഫീസ്. ഇതിനുപുറമെ സാധാരണ സർവീസ് ഫീസായി നികുതി ഉൾപ്പെടെ 2,107 രൂപയും ഈടാക്കും. സാധാരണയായി വിസ നടപടികൾ പൂർത്തിയാക്കാൻ നാല് മുതൽ ഏഴ് പ്രവൃത്തി ദിവസങ്ങൾ വരെ വേണ്ടിവരുമെന്നതിനാൽ യാത്രയ്ക്ക് കുറഞ്ഞത് ഏതാനും ആഴ്ചകൾക്ക് മുൻപ് തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.