റോബർട്ട് ക്ലൈവ് കൊൽക്കത്തയെ വിശേഷിപ്പിച്ചത് ലോകത്തിലെ ഏറ്റവും മോശപ്പെട്ട സ്ഥലങ്ങളിൽ ഒന്നെന്നാണ്. നെഹ്റു പേടിസ്വപ്നങ്ങളുടെ നഗരമായാണ് കൊൽക്കത്തയെ കണ്ടത്. തീർച്ചയായും അതിന് കാരണങ്ങളുണ്ടാവാം. വൃത്തിഹീനമായ, ഇടിഞ്ഞു പൊളിഞ്ഞ് ഇപ്പോൾ വീഴുമെന്ന കണക്ക് പഴകിത്തൂങ്ങിയ കെട്ടിടങ്ങളുള്ള, ചെറിയ ദൂരം സഞ്ചരിക്കാൻപോലും നീണ്ട സമയം കെട്ടിക്കിടക്കേണ്ട വിധം ഗതാഗതക്കുരുക്കുള്ള, ഒറ്റ മഴക്ക് വൃത്തികേടിന്റെ അങ്ങേയറ്റം കാണുന്ന നഗരങ്ങളുള്ള ഈ ഇടം എങ്ങനെയാണ് ആനന്ദത്തിന്റെ നഗരമാവുന്നത് എന്ന് ഒരു കാഴ്ചക്കാരനെ എപ്പോഴും സംശയത്തിലാക്കും. ആദ്യ കാഴ്ചയിലോ ആദ്യാനുഭവത്തിലോ നിങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഇടംപിടിക്കാൻ സാധ്യതയുള്ള സ്ഥലമല്ല കൊൽക്കത്ത.
കൊൽക്കത്ത പലരെയും മോഹിപ്പിക്കുന്നുണ്ട്. വായനയിൽ മതിമറന്ന മനുഷ്യരെ, സിനിമ കമ്പക്കാരെ, സഞ്ചാരികളെ, ഭക്ഷണപ്രിയരെ അങ്ങനെ എത്രയോ മനുഷ്യർ ഒരിക്കലെങ്കിലും ആ മഹാനഗരത്തിൽ എത്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നു. സോഷ്യൽവർക്ക് പഠനത്തിന്റെ ഭാഗമായാണ് വീണ്ടും കൊൽക്കത്ത നഗരത്തിലേക്ക് പോവാൻ ഒരുങ്ങുന്നത്. ഷാലിമാർ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയെങ്കിലും ഹൗറയിലെത്തുന്നതു മുതലാണ് കൊൽക്കത്ത യാത്ര തുടങ്ങുന്നതെന്ന് തോന്നാറുണ്ട്.
ഇത്തവണ സാമാന്യം തണുപ്പുള്ള അവസ്ഥയിലാണ് കൊൽക്കത്തയിൽ എത്തിയത്. അത് യാത്രയെ കൂടുതൽ മനോഹരമാക്കി. മഞ്ഞ ടാക്സികളും ബസുകളും തന്നെയാണ് എളുപ്പത്തിൽ നമുക്ക് ലഭ്യമാകുന്ന ഗതാഗത മാർഗമെങ്കിലും ഇന്ത്യയിലെ എല്ലാ നഗരങ്ങളെയും പോലെ ഇവിടെയും ചെറിയ ദൂരം താണ്ടാൻ വലിയ സമയം കാത്തുനിൽക്കണം.
ഇന്ത്യയിലെ ഏറ്റവും പുരാതനമായ െറയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഹൗറ. സമാന്തരമായി കിടക്കുന്ന ഇരുപത്തിമൂന്നോളം പ്ലാറ്റ്ഫോമുകളും ദിവസവും ലക്ഷക്കണക്കിന് ആളുകളും യാത്ര ചെയ്യുന്ന ഈ സ്റ്റേഷൻ ആദ്യമായി വരുന്നൊരു മനുഷ്യനെ അമ്പരപ്പിക്കും. ബേലൂർ മഠത്തിലേക്ക് അധികം ദൂരമില്ലാത്തതിനാൽ അങ്ങോട്ടാണ് ആദ്യം. കൊൽക്കത്ത മലയാളിക്ക് അന്യമായ സ്ഥലമല്ല.
വായനയിലൂടെയും മറ്റും പരിചിതമായ ഇടം. മറ്റൊരു നഗരത്തിന്റെയും മനോഹാരിത കൊൽക്കത്തയിൽ നമുക്ക് കാണാൻ കഴിഞ്ഞെന്ന് വരില്ല. പുറമെ നിന്ന് നോക്കുമ്പോൾ ഒരു പരുക്കൻ നഗരം. അങ്ങനെ ചിന്തിച്ചു ചിന്തിച്ച് മഠത്തിലെത്തി. തിരക്ക് കുറവാണ്. മുമ്പ് വന്നപ്പോൾ നല്ല ആൾക്കൂട്ടമുണ്ടായിരുന്നു. കുറച്ചു സമയം വെറുതെ നടന്നു വിവേകാനന്ദന്റെ ഓർമകൾ ഉറങ്ങുന്ന ബേലൂർ മഠവും കൊൽക്കത്തയെ ഹൃദയത്തിൽ വഹിക്കുന്ന ഹൂഗ്ലിയെയും കുറച്ചു സമയം കൂടി കണ്ട ശേഷം റൂമിലേക്ക് യാത്ര തിരിച്ചു.
കൊൽക്കത്തയിലെ പ്രിയപ്പെട്ട കാര്യങ്ങളിലൊന്ന് മഡ്കാ ചായയാണ്. എങ്ങനെയാണ് ഇത്ര മനോഹരമായ ചായ ഇവരുണ്ടാക്കുന്നതെന്ന് അത്ഭുതപ്പെട്ടു പോകും. എവിടെനിന്നും ധൈര്യമായി നമുക്ക് ചായ കുടിക്കാം. വിക്ടോറിയ മെമ്മോറിയൽ ഒരു നിർബന്ധ കാഴ്ചയാണ്. പിറ്റേന്ന് നേരെ പോയത് വിക്ടോറിയ മെമ്മോറിയലിലേക്കാണ്.
വിശാലമായ പൂന്തോട്ടങ്ങൾക്ക് നടുവിൽ വെള്ള മാർബിൾകൊണ്ടൊരു കൊട്ടാരം. ബ്രിട്ടീഷുകാരുടെ തലസ്ഥാന നഗരിയായതിനാലാവാം ഇവിടെ വിക്ടോറിയ രാജ്ഞിക്ക് ഒരു സ്മാരകം പണി കഴിപ്പിച്ചത്. പ്രധാന ഹാളിൽ വിക്ടോറിയ രാജ്ഞിയുടെ മനോഹരമായ ശിൽപവുമുണ്ട്.
കൊൽക്കത്തയിലേക്ക് ആകർഷിക്കുന്ന മറ്റൊരു കാരണമാണ് ടാഗോർ. അടുത്തതായി പോകാൻ കരുതിയത് ടാഗോറിന്റെ ജന്മഗൃഹത്തിലാണ്. നടന്നു നടന്ന് ജൊരോഷൊങ്കോ ഠാകുർ ബാടിയുടെ മുന്നിലെത്തി. ബംഗാളിന്റെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ചുവന്ന മന്ദിരം കണ്ടപ്പോൾ എന്തോ ഒരു ഉൾക്കുളിർ അനുഭവപ്പെട്ടു. ഉള്ളിലൂടെ നടക്കുന്ന ഓരോ സമയവും സ്വപ്നത്തിലെന്ന പോലെ തോന്നി.
കൊൽക്കത്തയിലെ ഹൗറ പാലത്തിനു താഴെയുള്ള പൂ മാർക്കറ്റ് (mullick ghat) ഏഷ്യയിലെ ഏറ്റവും വലിയ പൂ മാർക്കറ്റാണ്. അതിരാവിലെ എണീറ്റ് അങ്ങോട്ട് നടന്നു. ഏകദേശം കച്ചവടം അവസാനിക്കാറാകുമ്പോഴാണ് അവിടെയെത്തുന്നത്. ഇങ്ങനെയും പൂക്കളുണ്ട് എന്ന് മനസ്സിലാവുന്നത് അവ കാണുമ്പോഴാണ്. പലരും പൂക്കൾ വാങ്ങുന്നുണ്ട് പക്ഷേ, എനിക്ക് അതിനിടയിലൂടെ വെറുതെ നടന്നാൽ മതിയായിരുന്നു.
ആരോ ഒരു സൂര്യകാന്തി നീട്ടിയപ്പോഴാണ് അതിരാവിലെ ഒരു പൂവ് കിട്ടുന്നതിന്റെയും ആ പൂ നോക്കി ഒരു ചായ കുടിക്കുന്നതിന്റെയുമൊക്കെ രസം അനുഭവിക്കുന്നത്. കുട്ടിക്കാലത്ത് പറഞ്ഞിരുന്ന പോലെ ഈ ജീവിതം രസകരമാക്കാനുള്ള ഗുട്ടൻസ് ഇതൊക്കെയാണ് എന്ന് മനസ്സിലാവുന്ന നിമിഷങ്ങൾ. ഹൗറ പാലത്തിനു മുകളിൽനിന്ന് ഈ പൂതെരുവ് കാണുന്നത് വല്ലാത്തൊരു അനുഭൂതിയാണ്.
റൂമിലേക്ക് പോകുന്നതിനിടയിൽ ഇപ്പോൾ നമ്മുടെ നാട്ടിൽ ഇല്ലാത്ത ഒരു തരം കെട്ട് ലോട്ടറി എന്ന് വിളിക്കുന്ന (പണം പോലെ കെട്ടിയ) ലോട്ടറി കണ്ടു. ഞാനും സുഹൃത്തും തീയതി അവസാനിച്ച കുറച്ചു കെട്ടുകൾ വാങ്ങി ഞങ്ങളുടെ ഗൃഹാതുരതയെ സമാധാനിപ്പിച്ചു. കൊൽക്കത്ത ഇങ്ങനെ എപ്പോഴും നൊസ്റ്റാൾജിയയിൽ കുടുങ്ങിപ്പോകുന്ന നഗരങ്ങളിൽ ഒന്നാണ് എന്ന് തോന്നാറുണ്ട്. ബസ് ടിക്കറ്റിൽ, ചായ ഗ്ലാസിൽ, ഇങ്ങനെ ചെറിയ സാധനങ്ങളിൽ തുടങ്ങി കൊൽക്കത്തയോളം പ്രായമുള്ള കെട്ടിടങ്ങൾ വരെ അതിനെ ശരി വെക്കുന്നു.
ഏറ്റവും വലിയ കൊൽക്കത്തൻ അനുഭവങ്ങളിൽ ഒന്ന് സോനാഗച്ചിയിലേക്കുള്ള യാത്രയാണ്. സോനാഗച്ചി ലോകത്തിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളിൽ ഒന്നാണ്. ബംഗാളിയിൽ സോനാ ഗച്ചി എന്നാൽ ‘സ്വർണത്തിന്റെ മരം’ എന്നർഥം. ഐതിഹ്യം അനുസരിച്ച്, കൊൽക്കത്തയുടെ ആദ്യ കാലത്ത് ഈ പ്രദേശം തന്റെ മാതാവിനൊപ്പം ഇവിടെ താമസിച്ചിരുന്ന സനാഉല്ല എന്ന കുപ്രസിദ്ധനായ ഒരു കള്ളന്റെ ഗുഹയായിരുന്നു.
അദ്ദേഹത്തിന്റെ മരണത്തിൽ, ദുഃഖിതയായ സ്ത്രീ അവരുടെ കുടിലിൽനിന്ന് ഒരു ശബ്ദം കേട്ടതായി പറയപ്പെടുന്നു, ‘അമ്മേ, കരയരുത്. ഞാൻ ഒരു ഗാസിയായി’, അങ്ങനെ സോനാ ഗാസിയുടെ ഇതിഹാസം ആരംഭിച്ചു. ജീർണാവസ്ഥയിലായെങ്കിലും മകന്റെ ഓർമക്കായി അമ്മ ഒരു പള്ളി പണിതു. സോനാ ഗാസിയെ സോനാഗച്ചിയാക്കി മാറ്റി. സോനാഗച്ചി ഇപ്പോഴും നിഗൂഢമായ ഒരു കള്ളന്റെ ഗുഹപോലെ നമ്മെ പേടിപ്പെടുത്തുകയും അതേ സമയം കൗതുകപ്പെടുത്തുകയും ചെയ്യുന്നു.
രാജ്ഭവനിൽ പോയതും വെസ്റ്റ് ബംഗാൾ ഗവർണർ ആനന്ദ് ബോസിനെ കണ്ടതും യാത്രയിലെ അപൂർവം മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു. രാജ്ഭവനിലെ ചരിത്രപ്രാധാന്യമുള്ള കാഴ്ചകൾ യാത്രയെ അപൂർവ മനോഹരമായൊരു യാത്രയാക്കി മാറ്റി. മടങ്ങുമ്പോൾ ഹൗറ സ്റ്റേഷനിൽ ഇരിക്കുന്ന സമയം കുറെ മുഖങ്ങൾ ഓർമയിലേക്ക് വന്നു.
ടാഗോറും നേതാജിയും ദാദയും പോലെ എല്ലാർക്കും പരിചിതമായ മുഖങ്ങൾ. കോടാനുകോടി മനുഷ്യരിൽനിന്ന് എത്ര കുറച്ചു മനുഷ്യരാണ് ചരിത്രത്തിൽ ബാക്കിയാവുന്നത് എന്ന് വെറുതെയോർത്തു. ചരിത്രത്തിൽ ഓർമിക്കപ്പെടാൻ സാധ്യതയില്ലാതെ എത്രയോ മനുഷ്യരെപ്പോലെ ഞാനും എന്റെ ട്രെയിൻ കാത്തിരുന്നു...
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.