10 മണിക്കൂർ കൊണ്ട്​ ലണ്ടനിലെത്താം; കൊച്ചി - ലണ്ടൻ വിമാന സർവിസ്​ ആഗസ്​റ്റ്​ 18ന് തുടങ്ങും

നെടുമ്പാശ്ശേരി: കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക്​ നേരിട്ട് വിമാന സർവിസ് ആരംഭിക്കുന്നു. ആഗസ്റ്റ് 18ന് കൊച്ചിയിൽനിന്ന് എയർ ഇന്ത്യയുടെ ഹീത്രു-കൊച്ചി-ഹീത്രു പ്രതിവാര സർവിസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേക്ക്​ നേരിട്ട് വിമാനം പറക്കുക.

യൂറോപ്പിലേക്കുള്ള നേരിട്ടുള്ള സർവിസുകൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പാർക്കിങ്, ലാൻഡിങ് ചാർജുകൾ സിയാൽ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയെ റെഡ് പട്ടികയിൽനിന്ന് ആമ്പർ പട്ടികയിലേക്ക്​ ബ്രിട്ടൻ മാറ്റിയതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്ര സുഗമമാകുന്നത്. ഈ തീരുമാനം വന്നയുടനെ തന്നെ കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക്​ നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കാൻ എയർ ഇന്ത്യയും സിയാലും യോജിച്ച് പരിശ്രമിക്കുകയായിരുന്നു.

കേരളത്തിൽനിന്ന് ലണ്ടനിലേക്ക്​ നേരിട്ട് സർവിസുള്ള ഏക വിമാനത്താവളമാണ് കൊച്ചി. ഡ്രീംലൈനർ ശ്രേണിയിലുള്ള വിമാനമാണ് സർവിസിന് ഉപയോഗിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 03.45ന് കൊച്ചിയിലെത്തുന്ന വിമാനം 05.50ന് ലണ്ടനിലെ ഹീത്രൂവിലേക്ക്​ മടങ്ങും.

സിയാലിന്‍റെയും എയർ ഇന്ത്യയുടേയും യോജിച്ചുള്ള പ്രവർത്തനഫലമായാണ് ലണ്ടനിലേക്ക്​ നേരിട്ട് വിമാനസർവിസ് തുടങ്ങാനായതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് അറിയിച്ചു. പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് യൂറോപ്പിലേക്കുള്ള നേരിട്ടുള്ള സർവിസ് വേണമെന്നത്. പാർക്കിങ്, ലാൻഡിങ് ഫീസ് ഒഴിവാക്കിയതോടെ കൂടുതൽ വിമാനക്കമ്പനികൾ ഇത്തരം സർവിസുകൾ തുടങ്ങിയേക്കും.

കൊച്ചി-ലണ്ടൻ യാത്രാസമയം 10 മണിക്കൂർ ആണ്. ആമ്പർ വിഭാഗത്തിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങൾ യു.കെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പും എത്തിച്ചേരുന്ന ദിനവും കോവിഡ് പരിശോധിക്കണം. യു.കെയിൽ എത്തി എട്ടാംദിനവും പരിശോധന നടത്തണം.

Tags:    
News Summary - Get to London in 10 hours; The Kochi-London flight will start on August 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.