ട്രെയിൻ യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം; മാവേലി, മലബാർ, രാജ്യറാണി, അമൃത എക്സ്പ്രസുകൾ എൽഎച്ച്ബി കോച്ചുകളിൽ
കൊല്ലം: തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം–രാമേശ്വരം അമൃത, തിരുവനന്തപുരം–മംഗളൂരു മാവേലി, തിരുവനന്തപുരം–മംഗളൂരു മലബാർ എക്സ്പ്രസുകൾക്ക് ആധുനിക എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി.
പുതിയ കോച്ചുകളിലെ സീറ്റുകളുടെ ലേഔട്ടിലും കോച്ചുകളുടെ എണ്ണത്തിലും വ്യത്യാസമുള്ളതിനാൽ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയാണ് മാറ്റം നടപ്പാക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ നാല് ട്രെയിനുകളും പുതിയ എൽ.എച്ച്.ബി കോച്ചുകളോടെ സർവിസ് നടത്തുമെന്നാണ് പ്രതീക്ഷ.
രാജ്യറാണി എക്സ്പ്രസിന് ഷൊർണൂർ–നിലമ്പൂർ പാതയിലെ പ്ലാറ്റ്ഫോമുകളുടെ നീളപരിമിതി കണക്കിലെടുത്ത് ആദ്യഘട്ടത്തിൽ 15 എൽ.എച്ച്.ബി കോച്ചുകളാണ് അനുവദിച്ചിട്ടുള്ളത്.
പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ രാജ്യറാണി എക്സ്പ്രസിലും 22 കോച്ചുകൾ അനുവദിക്കും. അമൃത, മാവേലി, മലബാർ എക്സ്പ്രസുകൾക്ക് 22 എൽ.എച്ച്.ബി കോച്ചുകൾ വീതമാണ് ലഭിക്കുക.
കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലയളവിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഈ ട്രെയിനുകളിലെ നിലവിലുള്ള കോച്ചുകളുടെ ശോചനീയാവസ്ഥയും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും കൊടിക്കുന്നിൽ സുരേഷ് എം.പി വിശദമായി അവതരിപ്പിച്ചിരുന്നു.
കോച്ചുകളുടെ മോശം അവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾ സഹിതം റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡ് ചെയർമാന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിരുന്നു. ഇതേത്തുടർന്ന് പുതിയ കോച്ചുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയിരുന്നു.
രാജ്യറാണി എക്സ്പ്രസിൽ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി അധികമായി ഒരു ഫസ്റ്റ് എ.സി കോച്ച് കൂടി അനുവദിക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
അതേസമയം, കേരളത്തിലെ സ്ഥിരം റെയിൽവേ യാത്രക്കാർക്കായി റെയിൽവേ വികസന വിഷയങ്ങളിൽ നടത്തുന്ന ഇടപെടലുകളുടെ പേരിൽ തനിക്കെതിരെ അനാവശ്യമായ സൈബർ ആക്രമണങ്ങൾ നടക്കുകയാണെന്ന് കൊടിക്കുന്നിൽ പറഞ്ഞു.
തന്റെ ഇടപെടലുകളെക്കുറിച്ച് ആർക്കെങ്കിലും സംശയങ്ങളുണ്ടെങ്കിൽ വിവരാവകാശ നിയമപ്രകാരം റെയിൽവേ ബോർഡിൽ നിന്ന് ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കാവുന്നതാണ്. താൻ നടത്തിയ ഇടപെടലുകളുടെ രേഖകൾ പരിശോധിച്ച് വസ്തുതകൾ മനസ്സിലാക്കുന്നതിനു പകരം വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളാണ് ചിലർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ദീർഘദൂര ട്രെയിനുകളിൽ മികച്ച യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും നിലവിലുള്ള കോച്ചുകളുടെ അപര്യാപ്തതയും ശോചനീയാവസ്ഥയും പരിഹരിക്കുന്നതിനുമായി റെയിൽവേ മന്ത്രാലയത്തിലും റെയിൽവേ ബോർഡിലും തുടർച്ചയായി ഇടപെടൽ നടത്തിവരുമെന്നും എം.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.