വിനോദസഞ്ചാരികളുടെ അനുമതിയില്ലാതെ അവർക്കൊപ്പം സെൽഫി എടുക്കരുത്: ഗോവ ടൂറിസം വകുപ്പ്

പനാജി: ഗോവയിലെത്തുന്നവർ വിനോദസഞ്ചാരികളുടെ അനുമതിയില്ലാതെ അവരോടൊപ്പം സെൽഫിയെടുക്കരുതെന്ന് ഗോവ ടൂറിസം വകുപ്പ്. വിനോദസഞ്ചാരികൾക്ക് വേണ്ടി ടൂറിസം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് നിർദേശം.

വിനോദസഞ്ചാരികളുടെ സ്വകാര്യത സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരവ് പുറത്തിറക്കിയത്. സഞ്ചാരികളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് അവർ കടലിൽ കുളിക്കുമ്പോഴോ മറ്റോ അവരുടെ അനുമതിയില്ലാതെ ഫോട്ടോ എടുക്കാനോ സെൽഫി എടുക്കാനോ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.

അപകടങ്ങൾ ഒഴിവാക്കുന്നതിന് കുത്തനെയുള്ള പാറക്കെട്ടുകളും കടൽ പാറകളും പോലുള്ള അപകടകരമായ സ്ഥലങ്ങളിൽ നിന്ന് സെൽഫി എടുക്കുന്നതിൽ നിന്നും സഞ്ചാരികളെ വിലക്കിയിട്ടുണ്ട്. സംസ്ഥാനം സന്ദർശിക്കുന്നവർ പൈതൃക കേന്ദ്രങ്ങളിലെ ചുവരെഴുത്ത് നശിപ്പിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്ത നിയമപരമായ ഹോട്ടലുകളും പാർപ്പിട സൗകര്യങ്ങളും മാത്രം ഉപയോഗിച്ച് താമസം ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബീച്ചുകൾ ഉൾപ്പടെയുള്ള തുറസ്സായ സ്ഥലങ്ങളിൽ മദ്യം കഴിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് ശിക്ഷാർഹമായ കുറ്റമാണ്. എന്നാൽ നിയമപരമായി ലൈസൻസുള്ള റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയിൽ മദ്യം കഴിക്കാമെന്നും ഉത്തരവിൽ പറയുന്നു. തുറസ്സായ സ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്യരുതെന്നും ഇത് ലംഘിച്ചാൽ പാചക വസ്തുക്കൾ പിടിച്ചെടുക്കുകയും 50,000 രൂപ വരെ പിഴ ചുമത്തുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Don't Take Selfies With Tourists Without Permission: Goa Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.