എങ്ങോട്ട് പോകണം, എങ്ങനെ? സംശയങ്ങൾക്ക് ഉത്തരവുമായി എ.ഐ; യാത്രാ പ്ലാനിങ്ങിൽ പുതിയ തരംഗം

കോഴിക്കോട്: യാത്രാ പ്ലാനിങ് രംഗത്ത് കൃത്രിമ ബുദ്ധി (എ.ഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതായി റിപ്പോർട്ട്. സോഷ്യൽ ട്രാവൽ പ്ലാറ്റ്‌ഫോമായ ‘അലൈക്കി’ന്റെ എ.ഐ യാത്രാ സഹായിയായ ‘ഇയ’ നടത്തിയ പഠനത്തിലാണ് യാത്രാ പ്ലാനിങ്ങിൽ കുടുംബങ്ങൾ എ.ഐയെ ആശ്രയിക്കുന്ന പ്രവണത വർധിക്കുന്നതായി വ്യക്തമായത്.

പഴയതുപോലെ കേവലം സ്ഥലങ്ങൾ തിരയുന്നതിന് അപ്പുറം, തങ്ങളുടെ കുടുംബത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തികശേഷി, താൽപര്യങ്ങൾ എന്നിവയ്ക്കനുസരിച്ചുള്ള യാത്രാ നിർദേശങ്ങൾക്കായി സഞ്ചാരികൾ എ.ഐയെ സമീപിക്കുന്നു. കേവലം ഒരു സെർച്ച് എൻജിൻ എന്നതിലുപരി, ഒരു വ്യക്തിഗത യാത്രാ ഉപദേശകന്റെ സ്ഥാനത്താണ് സഞ്ചാരികൾ എ.ഐയെ കാണുന്നതെന്ന് ‘അലൈക്’ ചൂണ്ടിക്കാട്ടുന്നു.

വിശ്വാസമർപ്പിച്ച് സഞ്ചാരികൾ

‘ഇയ’യുമായുള്ള 10,000 ആശയവിനിമയങ്ങൾ വിശകലനം ചെയ്തതിൽനിന്നാണ് ഈ നിഗമനത്തിലെത്തിയത്. ഇതിൽ 90 ശതമാനം സേർച്ചുകളും ഇന്ത്യയിൽ നിന്നാണ്, പ്രധാനമായും നഗരപ്രദേശങ്ങളിൽനിന്ന്. ബാക്കിയുള്ളവ യു.എ.ഇ, യൂറോപ്പ്, യു.എസ് തുടങ്ങിയ ആഗോള കേന്ദ്രങ്ങളിൽനിന്നുള്ളവയാണ്. മില്ലേനിയൽസ് വിഭാഗമാണ് ഇതിൽ ഏറ്റവും കൂടുതൽ ഇടപെടുന്നത്.

മാതൃദിനത്തിൽ 59 വയസ്സുകാരിയായ അമ്മയ്ക്ക് വേണ്ടി തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുക, ഗർഭിണിയായ ഭാര്യയ്ക്കൊപ്പം റോഡ് ട്രിപ്പ് പ്ലാൻ ചെയ്യുക, ചെറിയ കുട്ടികളുമായി കടുത്ത ചൂട് ഒഴിവാക്കി യാത്ര ചെയ്യുക തുടങ്ങി വളരെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ആളുകൾ എ.ഐയോട് സഹായം തേടുന്നു.

മെയ് മാസത്തിൽ വലിയ കുതിപ്പ്

മെയ് 2026-ൽ എ.ഐ യാത്രാ പ്ലാനിങ് ക്വറികളുടെ എണ്ണത്തിൽ 100 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്. ഇതിൽ 42 ശതമാനം യാത്രകൾ ആസൂത്രണം ചെയ്യുന്നവരും, 35 ശതമാനം എവിടേക്ക് പോകണം എന്ന് തീരുമാനിക്കാത്തവരുമാണ്. ‘എന്നെ പ്രചോദിപ്പിക്കൂ’, ‘യാത്ര ചെയ്യാൻ ആഗ്രഹമുണ്ട്, പക്ഷെ എവിടേക്കാണെന്ന് അറിയില്ല’ തുടങ്ങിയ അന്വേഷണങ്ങൾ വർധിക്കുന്നത്, യാത്രാ ആസൂത്രണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ എ.ഐ നിർണായക പങ്കുവഹിക്കുന്നുവെന്ന് തെളിയിക്കുന്നു.

ഇന്ത്യയ്ക്ക് പുറമെ ഇറ്റലി, സൗത്ത് കൊറിയ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലും തദ്ദേശീയ ഭാഷകളിൽ സഞ്ചാരികൾ ‘ഇയ’ ഉപയോഗിക്കുന്നുണ്ട്. ഭാഷാപരമായ പരിമിതികളില്ലാതെ, പ്രായമായവർക്ക് യാത്ര ചെയ്യാൻ അനുയോജ്യമായ രീതിയിൽ യാത്രാപദ്ധതികൾ തയ്യാറാക്കാൻ എ.ഐ സഹായിക്കുന്നു എന്നത് വലിയൊരു നേട്ടമായി  വിലയിരുത്തുന്നു.

Tags:    
News Summary - Where to go and how? AI answers all travel-related queries; a new trend in travel planning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.