ബിർ-മനുഷ്യരെ പറവകളാക്കുന്ന ഗ്രാമം

പാറിപ്പറക്കാനുള്ള അതിയായ മോഹവും ആവേശവുമുണ്ടെങ്കിൽ ഹിമാചൽപ്രദേശിലെ ഒരു ചെറുഗ്രാമം നമ്മെ മാടിവിളിച്ചുകൊണ്ടിരിക്കും. കാറ്റിന്റെ ഗതിവിഗതികളിൽ ഓളംതല്ലി ഹിമാലയൻ മലനിരകളുടെ വിരിമാറിൽ വാനോളം ഉയർന്നുപറക്കാൻ അവസര​െമാരുക്കുന്ന ഗ്രാമം. ഇന്ത്യയുടെ പാരാഗ്ലൈഡിങ് തലസ്ഥാനമെന്നറിയപ്പെടുന്ന ബിർ-ബില്ലിങ്ങിലേക്കുള്ള ഒരു യാത്ര...

ഹിമാലയൻ മലനിരകളുടെ സൗന്ദര്യമാസകലം വിണ്ണിലും മണ്ണിലും മഞ്ഞിലും ഒരു മാസ്മരിക മായാജാലമാക്കിത്തീർക്കുന്നൊരു നാടാണ് ഹിമാചൽ പ്രദേശ്. മാനംമുട്ടെ നിവർന്നുനിൽക്കുന്ന അനവധിയായ പർവതങ്ങൾക്കുചാരേ, ചാരുതയാർന്ന പച്ചപ്പിലൂടെ പുഴകളും പച്ചപ്പുൽ നാമ്പുകളുമായി കണ്ണഞ്ചിപ്പിക്കുന്ന മൊഞ്ചാൽ നീണ്ടുനിവർന്നലയുന്ന അനേകം താഴ്‌വരകളുടെ സംഗമലോകം.

സർവത്ര സ്വതന്ത്രരായി പാരിൽ പാറിപ്പറക്കുന്ന പറവകളെക്കണ്ട് മോഹം മൂത്ത് കൊതിവരാത്ത മനുഷ്യരുണ്ടാവില്ല. കാറ്റിന്റെ ഗതിവിഗതികളിൽ ഓളംതല്ലി ഹിമാലയൻ മലനിരകളുടെ വിരിമാറിൽ വാനോളം ഉയർന്നുപറക്കാനായി ഹിമാചൽപ്രദേശിലെ ഒരു ചെറുഗ്രാമം നമ്മെ മാടിവിളിക്കുന്നുണ്ട്.

പാറിപ്പറക്കാനുള്ള അതിയായ മോഹവും ആവേശവുമായാണ് ഞാൻ ഇന്ത്യയുടെ പാരാഗ്ലൈഡിങ് തലസ്ഥാനമെന്നറിയപ്പെടുന്ന ബിർ-ബില്ലിങ്ങിലേക്കുള്ള യാത്രക്ക്​ തയാറെടുക്കുന്നത്. ജോഗീന്ദർ നാഗർ താഴ്‌വരയുടെ പടിഞ്ഞാറേ ഭാഗത്തായി, കാംഗ്ര ജില്ലയുടെ കിഴക്കേ അറ്റത്ത് ബെജിനാഥ്‌ തെഹ്‌സിലിൽ ഉൾപ്പെടുന്ന കൊച്ചുഗ്രാമമാണ് ബിർ.

1960കളിൽ ദലൈലാമ അടക്കം പലായനം ചെയ്യേണ്ടതായി വന്ന തിബത്തൻ ലഹളകളുടെ അനന്തരഫലമായി അഭയാർഥികളാക്കപ്പെട്ട ഒരുപറ്റം ബുദ്ധിസ്റ്റ് ജനതയുടെ ആശ്വാസഗേഹമായി മാറിയ നാട്. ഡൽഹിയിൽനിന്നും രാത്രി ഒമ്പതുമണിയോടെ പുറപ്പെട്ട യാത്ര രാവിലെ എട്ടുമണിയോടെയാണ് ബിർലേക്ക് എത്തിച്ചേർന്നത്.

തിബത്തൻ കോളനികളും പലവിധ പാരമ്പര്യങ്ങളിലുള്ള മൊണാസ്ട്രികളും നിറഞ്ഞ ഈ ചെറു ഹിമാലയൻ ഗ്രാമം കേരളീയ ജനതക്ക് തികച്ചും വ്യത്യസ്തമായ അനുഭവലോകം തന്നെയാണ്.


ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരമുള്ളതും ഏഷ്യയിലെ ഏറ്റവും വലിയ ഒന്നാമത്തേതുമായ പാരാഗ്ലൈഡിങ് ടേക്ക് ഓഫ് പോയന്റ് തന്നെയാണ് ബിർ-ബില്ലിങ് സാഹസികതയുടെ മർമപ്രധാനം. ബിർ എന്ന ഗ്രാമത്തിൽനിന്ന് ചുരം കണക്കെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡുകളിലൂടെ 15 കി.മീ സഞ്ചരിച്ചുവേണം ബില്ലിങ് പർവതനിരകളിലേക്ക് എത്തിച്ചേരാൻ.

ബിർ-ബില്ലിങ്​ പാരാഗ്ലൈഡിങ് സാഹസിക വിനോദം ആസ്വദിക്കുന്നതിനായി പലരീതികളിലുള്ള സംവിധാനങ്ങൾ ഇവിടെ സജ്ജമാണ്. ബിറിലെ നിരവധിയായ ഏജൻസികൾവഴി സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ അനുമതിയോടെ ഒരു പാരാപൈലറ്റിനോടൊപ്പം നമുക്ക് പാരാഗ്ലൈഡിങ് നിർവഹിക്കാം. ബില്ലിങ്ങിലേക്കുള്ള വാഹനസൗകര്യമടക്കം 3000 രൂപയാണ് ഇതിനായി നിജപ്പെടുത്തിയിട്ടുള്ള നിരക്ക്.

ഉദ്വേഗജനകവും ഉത്സാഹഭരിതവുമായ നിമിഷങ്ങളിൽ ശ്വാസമടക്കിപ്പിടിച്ച് ഓടിച്ചാടി വായുവിലേക്ക് ചിറകുകൾ വിരിയിക്കപ്പെടുന്ന ഈ ബില്ലിങ് മലനിരകളുടെ ഉയരം സമുദ്ര നിരപ്പിൽ നിന്നും 8000 അടിയാണ്. ഏഴു ദിവസം മുതൽ മാസങ്ങൾ വരെ നീളുന്ന പല തലങ്ങളിലുള്ള പാരാഗ്ലൈഡിങ് പരിശീലന പദ്ധതികൾക്ക് ഇവിടെ അവസരങ്ങളുണ്ട്.

പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പാരച്യൂട്ട് ഉപയോഗിച്ച് തനിയെ പറന്നുയരാനും ആവോളം ആകാശത്ത് പറന്നലയാനും സാധിക്കും. ഇതുപ്രകാരം ലഭ്യമാകുന്ന ലൈസൻസുകൾ അന്തർദേശീയ നിലവാരം പുലർത്തുന്നവയാണെന്ന് പറയപ്പെടുന്നു.

പൊതുവിൽ 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ നീളുന്ന ദൈർഘ്യമാണ് ലാൻഡിങ് വരെ ഫ്ലയിങ് സാധ്യമാകുന്നത്. Monkey Mud House ബേസ് ക്യാമ്പിൽ നിന്നാണ് ലക്കി എന്ന് പേരുള്ള പാരാപൈലറ്റുമായി വൈകീട്ട് അഞ്ചു മണിയോടെ പാരാപറക്കലിനായി യാത്ര തിരിച്ചത്.

ചുറ്റിലും പറക്കുന്ന അനേകം പാരാ പറവകൾ കണ്ടതും ഉള്ളിലെ ആവേശം പതുക്കെ ആശങ്ക നിറഞ്ഞതായി. പക്ഷേ നിമിഷങ്ങൾ പോകുന്നതറിയാതെ ആകാംക്ഷ നിറഞ്ഞ ആകാശക്കാഴ്ചകളിൽ ഞാൻ വ്യാപൃതനായി.

പാരച്യൂട്ട് പറന്നുതുടങ്ങുന്നതുമുതൽ പാരാപൈലറ്റ് നൽകുന്ന go pro കാമറ ഉപയോഗിച്ച് പറക്കുന്ന സമയം മുഴുവനും റെക്കോഡ് ചെയ്യാവുന്നതാണ്. ലക്കി ഭായ് തന്ന കാമറ ഹാൻഡിൽ ഞാൻ മുറുകെപ്പിടിച്ച് വായുവിലിരുന്ന് കാഴ്ചകൾ ആകമാനം ശേഖരിക്കാൻ തുടങ്ങി.

ബില്ലിങ്ങിലെ സദൃഢം സ്ഥിതിചെയ്യുന്ന പർവതനിരകളിൽനിന്നും ഓരോ പാരച്യൂട്ട് പറവകളും പറന്നിറങ്ങുന്നത് ചൗഗാൻ എന്ന തിബത്തൻ കോളനികളുടെ താഴ്‌വരയിലേക്കാണ്. ചിറകുവിടർത്തി കൺകുളിർക്കെക്കണ്ട് കൊതിതീരാത്ത കാഴ്ചകളെ അനുഭവവേദ്യമാക്കുന്ന അതുല്യമായ പ്രകൃതിവൈഭവങ്ങളുടെ വിരുന്നിന് വിരാമം കുറിക്കുന്നതിവിടെയാണ്.

എസ്​.എൽ.ആർ കാമറയുമായി നമ്മളറിയാതെ നമ്മുടെ നല്ല ആകാശയാത്ര ചിത്രങ്ങൾ പകർത്താനായി പാരച്യൂട്ട് ഏജൻസിയുടെ ആളുകൾ താഴെ റെഡിയായി നിന്നിരുന്നു. 200 രൂപ കൊടുക്കേണ്ടി വന്നെങ്കിലും ഒറ്റയാനായുള്ള യാത്രയിൽ ഇത്തരം ചിത്രങ്ങൾ വിലമതിക്കാനാവാത്തതാണ്.

ബിർ ബില്ലിങ് പാരച്യൂട്ട് പറക്കലുകൾക്ക് എല്ലായ്പോഴും ഏറെ ആസ്വാദ്യകരമായ സമയം സൂര്യന്റെ ഉദയാസ്തമയങ്ങളാണ്. ഈ സമയം ആകാശലോകത്തെ കണ്ണുകൾക്ക് ഭൂമിയിലെ സർവതിനും ഭയങ്കരമാന അഴകേൽകുന്ന സൂര്യവെളിച്ചം അവിസ്മരണീയമാണ്.

ബിർ ബില്ലിങ്ങിലെ പാരാഗ്ലൈഡിങ്ങിന് ഏറ്റവും അനുയോജ്യവും ആസ്വാദ്യകരവുമായ സീസൺ ഒക്ടോബർ, നവംബർ മാസങ്ങളാണ്. ശൈത്യകാലത്തെ നിയന്ത്രണവിധേയമായി തഴുകിത്തലോടുന്ന കാറ്റും വെട്ടിത്തിളങ്ങി ത്തെളിയുന്ന ആകാശവും മഞ്ഞിനാൽ അണിഞ്ഞൊരുങ്ങിയ മണ്ണും കൂടെ ബിർ പറപറക്കലുകളെ ഒരു ഹിമാലയൻ അനുഭവമാക്കി മാറ്റുന്നു.

മാത്രമല്ല, ബില്ലിങ്ങിൽനിന്നും അനേകം കിലോമീറ്ററുകൾ ദൂരം അകലെയുള്ള ധരംശാല വരെ നീളുന്ന ഉഗ്രൻ പാരാപറക്കലുകൾ സാധ്യമാകുന്ന സമയവും ഇതാണ്. ഞാൻ ബിറിൽ എത്തിച്ചേർന്ന ഫെബ്രുവരി അവസാനം വരെ ഈ സീസൺ നീണ്ടുനിൽക്കുന്നുണ്ട്.

മാർച്ച് മുതൽ ജൂൺ വരെ ഉൾപ്പെടുന്ന വേനൽക്കാല സീസണും പറക്കാൻ കൊള്ളാവുന്നതാണ്. എന്നാൽ, ജൂലൈ മുതൽ തുടക്കം കുറിക്കുന്ന മഴക്കാല സീസണിൽ പാരാഗ്ലൈഡിങ് അതീവ ദുസ്സഹമായതിനാൽ പൊതുവേ നടത്തപ്പെടാറില്ല.

ബിർ വില്ലേജിലെ മലഞ്ചെരിവുകളിൽ രാപ്പാർക്കുന്നതിനായി നിരവധി ഹോംസ്റ്റേകളും ടെന്റുകൾ അടക്കം സജ്ജീകരിച്ച ഒരുപാട് ബേസ് ക്യാമ്പുകളും ഇവിടെ ലഭ്യമാണ്. മാത്രമല്ല, ബാക്ക് പാക്കേഴ്സിന്റെ പ്രധാന വിഹാരകേന്ദ്രമായ zostel ന്റെ ഒന്നാന്തരം താമസയിടം കൂടിയാണ് ബിർ. ആയിരത്തിൽ താഴെമാത്രം ജനസംഖ്യയുള്ള ബിർലെ പ്രധാന വരുമാന മാർഗം ടൂറിസവും കൃഷിയും തന്നെയാണ്.

അരി, ഗോതമ്പ്, ചോളം, ബാർളി എന്നീ പ്രധാനവിളകൾക്കുപുറമെ തേയിലയും ഇവിടെ കൃഷിചെയ്യുന്നുണ്ട്. പച്ചപ്പു നിറഞ്ഞ വയലുകൾക്കുചാരേ സുന്ദരമായ ചെറിയ ചെറിയ വീടുകളിൽ പശുക്കളെയും ചെമ്മരിയാടുകളെയും മറ്റു കന്നുകാലികളെയും ധാരാളം വളർത്തുന്നുണ്ട്. ഗ്രാമീണതയുടെ മൗലികമായ കാഴ്ചകൾക്കുമുകളിൽ മാനം നിറയുന്ന പാരച്യൂട്ടുകൾ എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി.

ഇന്ത്യയിലെവിടെനിന്നും വിമാനം, ട്രെയിൻ, റോഡ് മാർഗങ്ങളിലൂടെയെല്ലാം ബിറിൽ എത്തിച്ചേരാൻ സാധിക്കും. കാഗ്ര വിമാനത്താവളത്തിൽ നിന്നും 67 കിലോമീറ്റർ ദൂരം മാത്രമാണ് ബിർലേക്കുള്ളത്. പ്രധാന റെയിൽവേ സ്റ്റേഷനായ പത്താൻകോട്ടിലേക്കുള്ള അകലം 140 കിലോമീറ്ററാണ്.

ഡൽഹിയിലെ കശ്മീരി ഗേറ്റ് ബസ് ടെർമിനലിൽനിന്നും എല്ലാ ദിവസവും ബിർലേക്ക് പുറപ്പെടുന്ന volvo-A/C-sleeper ബസുകൾ ലഭ്യമാണ്. ഒരു രാത്രിയാത്രയിലൂടെ സുഗമമായി 500 കിലോമീറ്റർ താണ്ടി നമുക്ക് ബിർ ഗ്രാമത്തിൽ എത്തിച്ചേരാൻ സാധിക്കും.

ബിറിലെ കാഴ്ചകൾക്കും കാമ്പുള്ള അനുഭവങ്ങൾക്കും കൂടെക്കൂട്ടാൻ പറ്റിയ അനവധിയായ ലക്ഷ്യസ്ഥാനങ്ങൾ അടുത്തുതന്നെയുണ്ട്. കുളു, മണാലി, കസോൾ, സ്പിറ്റി, മഗ്ളോഡ്ഗഞ്ച്, ധരംശാല, ഡൽഹൗസി... തുടങ്ങി അനേകം പ്രശസ്തമായ വിനോദ സഞ്ചാരസ്ഥലങ്ങൾ ചേർത്ത് ഒരുഗ്രൻ യാത്ര തന്നെ പ്ലാൻ ചെയ്യാവുന്നതാണ്.

മലയാളികൾ അധികമായി എത്തിപ്പെടാത്ത ഈ ബിർ എന്ന കൊച്ചു ഹിമാലയൻ ഗ്രാമം ആകാശക്കാഴ്ചകളാലും കോരിത്തരിപ്പിക്കുന്ന അനുഭവ സൗന്ദര്യത്താലും തീർച്ചയായും സംതൃപ്തി സമ്മാനിക്കുന്ന നന്മകളുള്ളൊരു നാടാണ്.

Tags:    
News Summary - Bir-the village where people become birds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.