അ​ച്ച​ൻ​കോ​വി​ൽ പാ​ത​യി​ൽ മു​ള്ളു​മ​ല​യി​ൽ നി​റ​ഞ്ഞൊ​ഴു​കു​ന്ന തോ​ട്

വനനിയമത്തിൽ കുടുങ്ങി അച്ചന്‍കോവില്‍, ഗവി ടൂറിസം പാക്കേജുകൾ

പത്തനംതിട്ട: വനപാതയില്‍ വികസനം പാടില്ലെന്ന നയം വരുന്നത് ജില്ലയിലെ വനമേഖലകള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള അച്ചന്‍കോവില്‍, ഗവി ടൂറിസം പദ്ധതികള്‍ക്ക് കുടുക്കാവും. പാതയുടെ നല്ലൊരു പങ്കും വനമേഖലയിലൂടെയായതിനാലാണ് അനുമതി പ്രതിസന്ധിയിലാകുന്നത്. അച്ചന്‍കോവില്‍ നിന്നാരംഭിക്കുന്ന കാനനപാത കോന്നി, ചിറ്റാര്‍, ആങ്ങമൂഴി, ഗവി വഴി വണ്ടിപ്പെരിയാറിലെത്തി കൊടൈക്കനാല്‍ വരെ നീളുന്ന ടൂറിസം പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. മലയോര ഹൈവേ എന്ന പേരില്‍ അച്ചന്‍കോവില്‍ - പ്ലാപ്പള്ളി പാതയ്ക്കും നിര്‍ദേശമുണ്ടായി.

ഇതിന് അനുബന്ധമായാണ് അന്തര്‍സംസ്ഥാന പാതയ്ക്കുള്ള നിര്‍ദേശം വന്നത്. ഗവിയിലേക്കുള്ള സഞ്ചാരികളെ നിയന്ത്രിക്കണമെന്ന ആവശ്യം വനംവകുപ്പ് പലതവണ മുന്നോട്ടുവെച്ചിരുന്നു. പ്രതിദിനം കടത്തിവിടുന്ന വാഹനങ്ങളുടെ എണ്ണം ഇപ്പോൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് ബസുകളാണ് ഗവി റൂട്ടിലൂടെയുള്ളത്. ഇതുവഴി കെ.എ.സ്.ആര്‍.ടി.സി പാക്കേജ് ടൂറിസം പദ്ധതിയിട്ടെങ്കിലും വനംവകുപ്പ് അനുമതി നല്‍കിയിട്ടില്ല. അച്ചന്‍കോവില്‍ കാനനപാത കാട്ടാനകളുടെ വിഹാരകേന്ദ്രമാണെന്നും അതുവഴി യാത്ര അപകട സാധ്യതയുള്ളതാണെന്നുമാണ് വകുപ്പിന്റെ നിലപാട്.

തമിഴ്‌നാട്ടിലെ ചെങ്കോട്ട വഴി എത്തുന്നവര്‍ക്ക് സംസ്ഥാനപാതയിലെ തിരക്ക് ഒഴിവാക്കി അച്ചന്‍കോവില്‍, കല്ലേലി, അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്, പ്ലാപ്പള്ളി വഴി പമ്പയിലേക്കു പോകാന്‍ എളുപ്പമാര്‍ഗമായിരുന്നു നിര്‍ദിഷ്ട പാത. അച്ചന്‍കോവില്‍ ക്ഷേത്രത്തിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ ഇപ്പോള്‍തന്നെ കല്ലേലി വഴിയുള്ള കാനനപാത ഉപയോഗിക്കാറുണ്ട്. തീര്‍ഥാടനകാലത്ത് കെ.എ.സ്.ആര്‍.ടി.സി സര്‍വിസുകള്‍ ഇതുവഴി പരിഗണിച്ചിരുന്നെങ്കിലും വനംവകുപ്പ് അനുമതി നല്‍കിയില്ല.

ആങ്ങമൂഴി - ഗവി - വണ്ടിപ്പെരിയാര്‍ പാത വികസിപ്പിച്ചാലും തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടും. എന്നാല്‍, കാനനമധ്യത്തിലൂടെയുള്ള പാതയിലൂടെ യാത്ര നിയന്ത്രിക്കണമെന്ന് തന്നെയാണ് വനംവകുപ്പിന്‍റെ അഭിപ്രായം. രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയാൽ മതിയെന്നും പകൽ യാത്ര അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കോന്നി, കല്ലേലിവഴി അച്ചന്‍കോവില്‍ ക്ഷേത്രവും കോട്ടവാസല്‍ മലനിരകളും കടന്ന് കേരള അതിര്‍ത്തി പിന്നിട്ട് തിരുമല കോവിലില്‍ തീര്‍ഥാടനം നടത്തുന്ന മലയാളികൾ ഏറെയുണ്ട്. കല്ലേലി, ഊരാളി, അപ്പൂപ്പന്‍കാവ് ഉള്‍പ്പെടെ ആരാധനാലയങ്ങള്‍ ഈ പാതയോരത്താണ്.

• ഇക്കോ ടൂറിസം പദ്ധതികളുടെ വികസനവും ഇല്ലാതാക്കും

പരിസ്ഥിതിയെ സംരക്ഷിച്ച് വനംവകുപ്പ് തന്നെ മുന്‍കൈയെടുത്തു നടത്തുന്ന ഇക്കോ ടൂറിസം പദ്ധതിയുടെ വികസനവും വനനിയമങ്ങളിൽ കുടുങ്ങും. കോന്നി ആനത്താവളവും അടവിയിലെ ഇക്കോ ടൂറിസവും ഗവി ടൂറിസവുമെല്ലാം കോര്‍ത്തിണക്കിയാണ് കോന്നി ഇക്കോ ടൂറിസം പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി അച്ചന്‍കോവില്‍ വനയാത്രയും ഉള്‍പ്പെടുന്നു. വനപാതയുടെ ശോച്യാവസ്ഥ കാരണം ഈവഴി എത്താൻ സഞ്ചാരികൾ മടിക്കുന്നുണ്ട്. പുതിയ ക്രമീകരണങ്ങള്‍ വരുന്നതോടെ വികസന പദ്ധതികള്‍ ഒന്നും ഈ മേഖലയില്‍ വേണ്ടെന്ന നിലപാടിലേക്കാണ് വകുപ്പ് നീങ്ങുന്നത്.

അച്ചന്‍കോവില്‍ പാതയിലെ കുംഭാവുരുട്ടി ടൂറിസം കേന്ദ്രം അടച്ചിട്ട് മൂന്നുവര്‍ഷമായി. കോവിഡിനു മുമ്പേ ഇത് അടച്ചതാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അടച്ചിട്ടിരിക്കുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. മലമുകളില്‍ നിന്നും പാറക്കെട്ടുകളിലൂടെയുള്ള വെള്ളച്ചാട്ടത്തിന്‍റെ താഴെ കുളിക്കാനാണ് ആളുകളധികവും എത്തിയിരുന്നത്. വെള്ളച്ചാട്ടത്തില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ടതോടെയാണ് അടച്ചത്. വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളെ കടത്തിവിടാന്‍ വനംവകുപ്പിന് താൽപര്യമില്ല. ഇക്കോ ടൂറിസം മേഖലയിലെ പ്രധാന സഞ്ചാരകേന്ദ്രമാണ് അടച്ചുപൂട്ടിയത്.

സംരക്ഷിത വനപ്രദേശത്ത് ഒരിഞ്ച് ഭൂമി പോലും വികസന ആവശ്യത്തിന് വിട്ടുനല്‍കണമെങ്കില്‍ കേന്ദ്രാനുമതി വേണം. വനസംരക്ഷണത്തിന് പ്രാധാന്യം നല്‍കിയുള്ള നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് കാട്ടിലൂടെയുള്ള ഹൈവേ വികസനം അടഞ്ഞ അധ്യായമെന്നാണ് വനംവകുപ്പ് ഉന്നതര്‍ പറയുന്നത്. ആന, കടുവ എന്നിവയുടെ സംരക്ഷണമേഖലയിലാണ് നിര്‍ദിഷ്ട വനപ്രദേശം. കാനനപാതകളുടെ വികസനം അതുകൊണ്ടുതന്നെ അവയുടെ സഞ്ചാരപഥത്തെ ബാധിക്കുമെന്നും വനം അധികൃതർ പറയുന്നു.

Tags:    
News Summary - Achankovil, Gavi tourism packages stuck in forest law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.