അച്ഛന്റെ ഒരു ചോദ്യം, 28 വർഷം കാൽനടയായി ലോകം ചുറ്റിക്കറങ്ങി സ്വന്തം നാട്ടിൽ തിരിച്ചെത്തി ബ്രിട്ടീഷ് സഞ്ചാരി
ലണ്ടൻ: "ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് നടക്കാൻ കഴിയുമോ?" 29കാരനായ മകനോട് അച്ഛൻ ഒരിക്കൽ തമാശയായി ചോദിച്ച ഒരു ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ബ്രിട്ടീഷ് സാഹസികൻ കാൾ ബുഷ്ബിൻ ലോകം ചുറ്റാൻ ഇറങ്ങിയത്. ഇപ്പോൾ 28 വർഷങ്ങൾക്ക് ശേഷം തന്റെ കാൽനടയാത്ര പൂർത്തിയാക്കി കാൾ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഏകദേശം 49,900 കിലോമീറ്റർ നീണ്ട യാത്രക്കൊടുവിൽ തിങ്കളാഴ്ചയാണ് 57കാരൻ ഇംഗ്ലണ്ടിലെ ജന്മനാടായ ഹളിലെ കുടുംബവീട്ടിലെത്തിയത്. നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തെ വരവേൽക്കാൻ നഗരത്തിലെത്തിയത്.
1998ൽ ചിലിയിൽനിന്നാണ് ബുഷ്ബി യാത്ര ആരംഭിച്ചത്. ഒരു ടെന്റും ഏതാനും ഡോളറും വിലകുറഞ്ഞ പ്ലാസ്റ്റിക് കാമറയുമായിരുന്നു തുടക്കത്തിലെ കൈമുതൽ. അമേരിക്കയിലെ കാടുകൾ താണ്ടിയും അലാസ്കക്കും റഷ്യക്കുമിടയിലെ മഞ്ഞുപാളികളിലൂടെ നടന്നും കാസ്പിയൻ കടൽ നീന്തിക്കടന്നുമായിരുന്നു യാത്ര. സ്വന്തം ശാരീരികശേഷി മാത്രം ആശ്രയിച്ച് ലോകം ചുറ്റുകയായിരുന്നു ലക്ഷ്യം.
അമേരിക്കൻ ഭൂഖണ്ഡങ്ങളിലൂടെ വടക്കോട്ട് സഞ്ചരിച്ച് അലാസ്കയിൽനിന്ന് റഷ്യയിലെത്തി. പിന്നീട് മംഗോളിയയും ചൈനയും കടന്ന് യൂറോപ്പിലേക്കു നീങ്ങി. യാത്രയുടെ അവസാനഘട്ടത്തിൽ കഴിഞ്ഞ മാസമാണ് ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നത്. കാസ്പിയൻ കടലും നീന്തിയാണ് മറികടന്നത്.
തിങ്കളാഴ്ച രാവിലെ ഹളിലെ നഗരചതുരത്തിൽ നൂറുകണക്കിന് പേരാണ് കൈയടികളോടെയും ആഹ്ലാദാരവങ്ങളോടെയും ബുഷ്ബിയെ സ്വീകരിച്ചത്. 28 വർഷത്തിനുശേഷം ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. യാത്രയിൽ ഒപ്പമുണ്ടായിരുന്ന കുറച്ച് സാധനങ്ങൾ ഒരു ട്രോളിയിൽ വെച്ചാണ് അദ്ദേഹം കുടുംബവീട്ടിലേക്ക് നീങ്ങിയത്. ഇനി ഒരിക്കലും ആവശ്യം വരില്ലാത്ത ഒരു സ്പെയർ ടയറും ട്രോളിക്ക് മുകളിൽ കെട്ടിവെച്ചിരുന്നു. അമ്മയും 36കാരനായ മകനും 12കാരിയായ കൊച്ചുമകളും വീട്ടിൽ അദ്ദേഹത്തെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ഇരുപതുകളിൽ ബ്രിട്ടീഷ് സൈന്യത്തിലെ പാരച്യൂട്ട് റെജിമെന്റിൽ സേവനമനുഷ്ഠിച്ചയാളാണ് ബുഷ്ബി. വിവാഹബന്ധം തകർന്നതിനു പിന്നാലെയാണ് ലോകം ചുറ്റാനുള്ള യാത്രയെക്കുറിച്ച് ആലോചിച്ചത്. ലണ്ടനിൽനിന്ന് ന്യൂയോർക്കിലേക്ക് നടന്നുപോകാൻ കഴിയുമോയെന്ന് പിതാവ് ഒരിക്കൽ ഉന്നയിച്ച സംശയമാണ് അദ്ദേഹത്തിന് പ്രചോദനമായത്. പിന്നീട് ലോകഭൂപടത്തിൽ ഒരു രേഖ വരച്ച് യാത്ര തുടങ്ങുകയായിരുന്നു.
യാത്ര പത്തുവർഷംകൊണ്ട് പൂർത്തിയാക്കാമെന്നായിരുന്നു ആദ്യം കണക്കുകൂട്ടിയത്. എന്നാൽ പ്രതീക്ഷിക്കാത്ത നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവന്നു. പനാമയിൽ ഹ്രസ്വകാലം ജയിലിലായി. മെക്സിക്കോയിൽ തോക്കുചൂണ്ടി ഭീഷണി നേരിട്ടു. അനധികൃതമായി അതിർത്തി കടന്നതിന് റഷ്യൻ അധികൃതർ കസ്റ്റഡിയിലെടുത്തു. 2008ലെ സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും യാത്ര വൈകിപ്പിച്ചു.
28 വർഷവും തുടർച്ചയായി നടന്നല്ല യാത്ര പൂർത്തിയാക്കിയത്. വിസ, യാത്രാസൗകര്യങ്ങൾ, സ്പോൺസർഷിപ്പ് തുടങ്ങിയ കാര്യങ്ങൾ ശരിയാക്കാൻ ഇടക്കിടെ മെക്സിക്കോയിലേക്ക് മടങ്ങേണ്ടിവന്നു. ആകെ 15 വർഷത്തോളം മാത്രമാണ് അദ്ദേഹം നടന്നതെന്ന് ബി.ബി.സിയോട് വെളിപ്പെടുത്തിയിരുന്നു. യാത്രയെക്കുറിച്ചുള്ള ഫീച്ചർ ദൈർഘ്യമുള്ള ഡോക്യുമെന്ററി അണിയറയിൽ ഒരുങ്ങുന്നുണ്ട്. വരും ആഴ്ചകളിൽ ഇംഗ്ലണ്ടിലുടനീളം പ്രഭാഷണ പര്യടനം നടത്താനും ബുഷ്ബി പദ്ധതിയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.