ലോകത്തെ മികച്ച യാത്രാകേന്ദ്രങ്ങളിൽ ജയ്പൂരും; 2027ലെ പട്ടിക പുറത്തുവിട്ട് നാഷനൽ ജ്യോഗ്രഫി

ജയ്പൂർ: 2027-ൽ 300-ാം വാർഷികാഘോഷത്തിലേക്ക് കടക്കുന്ന രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂർ, നാഷണൽ ജ്യോഗ്രഫിയുടെ അഭിമാനകരമായ 'ബെസ്റ്റ് ഓഫ് ദി വേൾഡ് 2027' പട്ടികയിൽ ഇടംനേടി. ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 25 പ്രധാനപ്പെട്ട യാത്രാകേന്ദ്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിലാണ് ജയ്പൂർ ഇടംപിടിച്ചിരിക്കുന്നത്.

വരുംവർഷം സന്ദർശിക്കേണ്ട സവിശേഷമായ ഇടങ്ങളെയാണ് ഈ വാർഷിക പട്ടികയിലൂടെ പരിചയപ്പെടുത്തുന്നത്. പ്രധാന സാംസ്കാരിക ഇവന്റുകൾ, ചരിത്രപ്രധാനമായ വാർഷികങ്ങൾ, പുതിയ യാത്രാനുഭവങ്ങൾ എന്നിവയെല്ലാം ഇതിൽ പരിഗണിക്കാറുണ്ട്. വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യാ പൈതൃകം, പരമ്പരാഗത കൈത്തൊഴിലുകൾ, ലോകപ്രശസ്തമായ ജയ്പൂർ സാഹിത്യോത്സവത്തിന്റെ ഇരുപതാം പതിപ്പ് എന്നിവയാണ് ജയ്പൂരിന്റെ കാര്യത്തിൽ പ്രധാന ആകർഷണങ്ങളായി എടുത്തുപറഞ്ഞിരിക്കുന്നത്.

ജയ്പൂരിന്റെ സവിശേഷതകൾ:

2027 ജനുവരി 14 മുതൽ 18 വരെ നടക്കുന്ന ജയ്പൂർ സാഹിത്യോത്സവത്തിന്റെ 20-ാം പതിപ്പാണ് അടുത്ത വർഷത്തെ പ്രധാന ഹൈലൈറ്റ്. സാഹിത്യം, ചരിത്രം, രാഷ്ട്രീയം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കായി ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും ഒത്തുകൂടുന്ന ഈ മേളയിലേക്ക് പ്രതിവർഷം നാല് ലക്ഷത്തോളം ആളുകളാണ് എത്താറുള്ളത്.

ചരിത്രസ്മാരകങ്ങളുടെയും വർണാഭമായ വിപണികളുടെയും കേന്ദ്രമായ ജയ്പൂരിൽ ആംബർ കോട്ട, ഹവാ മഹൽ, യുനെസ്കോ പൈതൃക പട്ടികയിലുള്ള ജന്തർ മന്ദർ എന്നിവ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. പരമ്പരാഗത ആഭരണങ്ങൾ ലഭിക്കുന്ന ജോഹാരി ബസാർ, കൈത്തറി വസ്ത്രങ്ങൾ, 'മീനാകാരി' തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളും നഗരത്തിന്റെ പ്രത്യേകതകളാണ്.

പട്ടികയിലെ മറ്റ് പ്രധാന ഇടങ്ങൾ:

ഈജിപ്തിലെ ലക്സോർ, മലേഷ്യയിലെ പീനാംങ്, ജപ്പാനിലെ നീഗറ്റ, അമേരിക്കയിലെ പസഫിക് കോസ്റ്റ് ഹൈവേ, നോർവേയിലെ വെസ്റ്റ്‌ലാൻഡ്, സ്പെയിനിലെ സാന്റണ്ടർ, ജർമ്മനിയിലെ ലെയ്പ്സിഗ്, ഓസ്ട്രേലിയയിലെ മെൽബൺ തുടങ്ങി ലോകമെമ്പാടുമുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും നാഷണൽ ജ്യോഗ്രഫിയുടെ 2027 പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.

Tags:    
News Summary - Jaipur Named in National Geographic's Top 25 Places to Travel in 2027

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.