വിദേശ യാത്ര വെറുമൊരു ‘ടൂർ’ മാത്രമല്ല; ആളുകളെ കാണിക്കാൻ എയർപോർട്ടിൽ നിന്ന് എടുക്കുന്ന സെൽഫി മുതൽ മടങ്ങിവരും വരെയുള്ള വലിയ ‘സാഹസിക ദൗത്യം’ കൂടിയാണ്! എന്നു വെച്ച് എല്ലാവരും ആളുകളെ കാണിക്കാൻ യാത്ര പോകുന്നവരല്ല താനും. സന്തോഷം കിട്ടാനും വിവിധ സംസ്‌കാരങ്ങളെ അറിയാനും പലതരം ഭക്ഷണം കഴിക്കാൻ വരെ യാത്ര പോകുന്നവരുണ്ട്. പാസ്‌പോർട്ടിൽ ആദ്യമായി വിസ പതിയുമ്പോൾ മനസ്സിൽ സന്തോഷത്തിനൊപ്പം ചെറിയൊരു 'ആംങ്സൈറ്റിയും' കയറിക്കൂടുക സ്വാഭാവികം.
നേരത്തെ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച വ്യക്തികളുമായി ആശയവിനിമയം നടത്താവുന്നതാണ്. അറിയാത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കേണ്ടി വരുമ്പോള്‍ അതെന്താണെന്ന് കൃത്യമായി ചോദിച്ചറിയുക. ഭക്ഷണ സാധനങ്ങളുടെ വില ആദ്യമേ ചോദിച്ചറിഞ്ഞിട്ട് ഓർഡർ ചെയ്യുന്നതും നന്നായിരിക്കും. അലര്‍ജി ഉള്ളവരാണെങ്കില്‍ ചില ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് അസുഖങ്ങളുണ്ടാക്കും.
യു.എ.ഇ : മലയാളികളുടെ രണ്ടാം വീട്. പക്ഷേ ടൂറിസ്റ്റായി പോകുമ്പോൾ നിയമങ്ങൾ കടുപ്പമാണ്...
പൊതുസ്ഥലങ്ങളിലെ ദേഷ്യപ്പെടലുകൾ, ചീത്തവിളികൾ, കൈകൾ കൊണ്ടുള്ള മോശം ആംഗ്യങ്ങൾ എന്നിവ വലിയ കുറ്റകൃത്യമാണ്. സോഷ്യൽ മീഡിയയിൽ ഇടാനായി അനുവാദമില്ലാതെ മറ്റുള്ളവരുടെ (പ്രത്യേകിച്ച് സ്ത്രീകളുടെയോ സ്വദേശികളുടെയോ) ചിത്രങ്ങൾ എടുത്താൽ ജയിലും നാടുകടത്തലും ഉറപ്പ്.
അടയാളപ്പെടുത്താത്ത ഇടങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാൽ പോലും വൻ തുക പിഴ വരും. വണ്ടിയോടിക്കുമ്പോൾ ലെയ്ൻ മാറുമ്പോൾ ഇൻഡിക്കേറ്റർ ഇട്ടില്ലെങ്കിലും കാമറകൾ നിങ്ങളെ പൊക്കും.
തായ്‌ലൻഡ്
തായ്‌ലൻഡിൽ രാജകുടുംബത്തെ ദൈവത്തെപ്പോലെയാണ് കാണുന്നത്. അവിടുത്തെ കറൻസി നോട്ടുകളിൽ രാജാവിന്റെ ചിത്രമുണ്ട്. അതുകൊണ്ട് കറൻസി നോട്ട് അബദ്ധത്തിൽ താഴെപ്പോയാൽ കാൽ വെച്ച് ചവിട്ടി നിർത്താൻ നോക്കരുത് (അത് വലിയ കുറ്റമാണ്). ഇവിടെയും വണ്ടികൾ ഓടിക്കുന്നത് ഇന്ത്യയിലെപ്പോലെ ഇടത് വശത്തുകൂടിയാണ്. സ്കൂട്ടർ വാടകയ്‌ക്കെടുത്ത് ഓടിക്കാൻ എളുപ്പമാണ്, പക്ഷേ ഹെൽമെറ്റ് ഇല്ലെങ്കിൽ കനത്ത പിഴയുണ്ടാകും. അന്താരാഷ്‌ട്ര ഡ്രൈവിങ് ലൈസൻസ് കയ്യിലുണ്ടെന്ന് ഉറപ്പാക്കുക.
സിംഗപ്പൂർ: നിയമങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത 'ഫൈൻ' സിറ്റി...
ച്യൂയിംഗം ചവയ്ക്കുന്നതും വിൽക്കുന്നതും ഇവിടെ നിരോധിച്ചിരിക്കുന്നു. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ, പുകവലിക്കുകയോ, ചപ്പുചവറുകൾ ഇടുകയോ ചെയ്താൽ നിങ്ങളുടെ കയ്യിലെ കാശ് തീരാൻ അത് മതിയാകും. കാൽനടയാത്രക്കാർക്കാണ് ഇവിടെ റോഡിൽ ഒന്നാം സ്ഥാനം. വണ്ടികൾ സീബ്രാ ക്രോസിങ്ങിന് മുന്നിൽ നിന്നുതരും. എന്നാൽ സിഗ്നലില്ലാത്ത ഇടങ്ങളിൽ റോഡ് മുറിച്ചുകടന്നാൽ വലിയ തുക പിഴയൊടുക്കേണ്ടി വരും.
മലേഷ്യ
ആരെയെങ്കിലും ചൂണ്ടി കാണിക്കണമെങ്കിൽ ചൂണ്ടുവിരൽ ഉപയോഗിക്കുന്നത് മലേഷ്യയിൽ അനാദരവാണ്. അതിനുപകരം വലതു കൈയിലെ തള്ളവിരൽ ഉപയോഗിച്ച് വേണം ദിശ കാണിക്കാൻ. സിഗ്നലുകളിൽ മഞ്ഞ ലൈറ്റ് കത്തുമ്പോൾ നാട്ടിലെപ്പോലെ 'ആക്സിലറേറ്റർ' കൂട്ടി പാഞ്ഞുപോകാൻ നോക്കരുത്. മഞ്ഞ കത്തിയാൽ വണ്ടി നിർത്താൻ തയ്യാറെടുക്കണം എന്നാണ് നിയമം.
വിയറ്റ്നാം
വിയറ്റ്നാമിൽ പരമ്പരാഗതമായി ആളുകൾ സംസാരിക്കുമ്പോൾ വലിയ ശബ്ദമുണ്ടാക്കാറില്ല. പൊതുസ്ഥലങ്ങളിൽ ഒച്ചവെച്ച് സംസാരിക്കുന്നത് വിയറ്റ്നാമികൾക്ക് ഇഷ്ടമല്ല. കൂടാതെ, ആളുകളുടെ തോളിൽ തട്ടി സംസാരിക്കുന്നതും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. വിയറ്റ്നാമിലെ ട്രാഫിക് എന്ന് പറഞ്ഞാൽ ലക്ഷക്കണക്കിന് സ്കൂട്ടറുകളുടെ ഒരു ‘കടലാണ്’. റോഡ് മുറിച്ചുകടക്കുക എന്നത് വലിയൊരു കലയാണ്. ഓടുകയോ പെട്ടെന്ന് നിൽക്കുകയോ ചെയ്യരുത്. ഒരേ വേഗതയിൽ പതുക്കെ മുന്നോട്ട് നടന്നാൽ സ്കൂട്ടറുകൾ നമുക്ക് ചുറ്റും ഒഴിഞ്ഞു മാറിക്കൊള്ളും. വലതുവശം ചേർന്നാണ് ഇവിടെ വണ്ടിയോടിക്കേണ്ടത്.
യൂറോപ്യൻ രാജ്യങ്ങളിൽ ചെന്നാൽ ക്യൂ പാലിക്കുക എന്നത് അവിടുത്തെ ജീവശ്വാസമാണ്. ബസിലോ കടകളിലോ ആളുകളെ തള്ളിമാറ്റി മുന്നിൽ കയറാൻ നോക്കിയാൽ എല്ലാവരും നിങ്ങളെ ഒരു ‘വിചിത്ര ജീവിയെപ്പോലെ’ നോക്കും. റെസ്റ്റാറന്റുകളിൽ ഉറക്കെ കൈയടിച്ചോ വിരൽ ഞൊടിച്ചോ സപ്ലയർമാരെ വിളിക്കുന്നത് അത്യന്തം അപമാനകരമാണ്. വലതുവശം ചേർന്നാണ് ഇവിടെ വണ്ടിയോടിക്കേണ്ടത്. ഇങ്ങനെയുള്ള നിരവധി മര്യാദകൾ പുറം രാജ്യങ്ങളിൽ പാലിക്കേണ്ടതുണ്ട് എന്ന കാര്യം മറക്കാതിരിക്കുക.
യാത്രകൾ നമ്മളെ പുതിയ മനുഷ്യരാക്കാനാണ്, അല്ലാതെ പുതിയ കടബാധ്യതകളിലേക്കോ നിയമക്കുരുക്കുകളിലേക്കോ തള്ളിവിടാനല്ല. നാട്ടിൽ കാണിക്കുന്ന ചെറിയൊരു അശ്രദ്ധ വലിയ കാര്യമായില്ലെന്ന് വരാം, പക്ഷേ വിദേശത്ത് അത് നമ്മുടെ രാജ്യത്തിന്റെ കൂടി പ്രതിച്ഛായയെ ബാധിച്ചേക്കാം. അതുകൊണ്ട് കൃത്യമായ പ്ലാനിങ്ങും അല്പം മുൻകരുതലുമായി യാത്ര പുറപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.