ശ്രീനഗറിന്റെ ആകാശ കാഴ്ചകൾ നുകരാം; ഭൂമിയിലെ സ്വർഗത്തിൽ ഇനി ഹോട്ട് എയർ ബലൂൺ സവാരിയും

യാത്രക്കാരുടെ പറുദീസയായ കശ്മീരിൽ ഹോട്ട് എയർ ബലൂൺ സർവിസ് ആരംഭിക്കുന്നു. ശ്രീനഗറിലെ സബർവാൻ പാർക്കിലാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്. ഇതോടെ പാർക്കിലെത്തുന്ന യാത്രാ മോഹികൾക്കിനി ശ്രീനഗറിന്റെ ആകാശ കാഴ്ച്ചകളും ആസ്വദിക്കാം.

പ്രദേശവാസികളേയും വിനോദസഞ്ചാരികളേയും ഒരുപോലെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ദാൽ തടാകത്തിന് കുറുകെയുള്ള ആകാശ യാത്രയിൽ തടാകത്തിന്‍റെ അതിശയകരമായ കാഴ്ചകളും യാത്രികർക്ക് ആസ്വദിക്കാം.

ഓരോ ബലൂണിലും ക്യാപ്റ്റൻ കൂടാതെ ഒരേ സമയം നാല് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയും. കൃത്യമായ സുരക്ഷാ നിർദേശങ്ങൾ പാലിച്ചായിരിക്കും യാത്ര.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കശ്മീരിൽ വിനോദസഞ്ചാരികളുടെ വരവിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. മാർച്ച് 28ന് 15,000 യാത്രക്കാരാണ് ശ്രീനഗർ വിമാനത്താവളത്തിൽ എത്തിയത്. ഇത് വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ്.

തുലിപ് ഗാർഡനിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ചിലെ ആദ്യ പത്ത് ദിവസങ്ങളിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകരാണ് തുലിപ് ഗാർഡനിലെത്തിയത്.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഹോട്ട് എയർ ബലൂൺ സർവിസ് ആരംഭിച്ചിട്ടുണ്ട്. സർവിസ് വിലയിരുത്തി പദ്ധതി മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.  

Tags:    
News Summary - Srinagar to begin hot air balloon service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.