പ്രകൃതിഭംഗിയും പരിസ്ഥിതി സംരക്ഷണവും കൊണ്ട് യാത്രക്കാരുടെ ഇഷ്ടസ്ഥലമായി മാറിയതാണ് മഹാരാഷ്ട്രയിലെ മാതേരൻ ഹിൽസ്റ്റേഷൻ. റോഡിൽ വാഹനങ്ങളുടെ ഹോൺ ശബ്ദമില്ല. പുകപടലമില്ല. തിരക്കേറിയ നഗരങ്ങളുടെ അലയൊലികൾ ഏതുമില്ല. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തതിനാൽ കുതിരകളും കൈവണ്ടികളും പുകയില്ലാത്ത മറ്റു വണ്ടികളും മാത്രമേ ഇവിടെയുള്ളൂ. ചരക്കുകളുടെ പോക്കുവരവുകളും മറ്റും ഇവയെ ആശ്രയിച്ചു മാത്രം! ആ അത്ഭുതഗ്രാമത്തിലേക്കാണ് ഇത്തവണത്തെ യാത്ര.
ആദ്യം കല്യാൺ റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി. അവിടെനിന്ന് മറ്റൊരു െട്രയിനിൽ കയറി നരേലിൽ എത്തണം. അവിടെനിന്ന് അമൻലോഡ്ജ് വരെ ഷെയർ ടാക്സി കിട്ടും. ശരിക്കും പറഞ്ഞാൽ അമൻലോഡ്ജ് മുതലാണ് മാതേരനിലെ കാഴ്ചകളുടെ പൂരം തുടങ്ങുന്നത്. പ്രവേശന ടിക്കറ്റെടുത്ത് കാൽനടയായോ കുതിരപ്പുറത്ത് കയറിയോ കാഴ്ചകൾ കാണാം.
ഞങ്ങൾ 11 പേർ മാതേരൻ വരെ നീണ്ടുകിടക്കുന്ന ഇടുങ്ങിയ റെയിൽപാളത്തിനരികിലൂടെ നടന്നു. വാനരക്കൂട്ടം വഴിയരികിൽ ഇരുന്ന് ഞങ്ങളെ ആർത്തിയോടെ നോക്കുന്നുണ്ട്. കൈയിലെ വെള്ളക്കുപ്പികളും പലഹാരപ്പൊതികളുമാണ് അവരുടെ ലക്ഷ്യം. ഞങ്ങൾ കുറച്ചുകൂടി ജാഗരൂകരായി. മാതേരനിൽ മുപ്പതിലേറെ വ്യൂ പോയന്റുകളുണ്ട്. വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളിൽ ഓരോ പോയന്റിലേക്കുമുള്ള വഴിയും ദൂരവും പ്രദർശിപ്പിച്ചിരിക്കുന്നു. സഞ്ചാരികൾ അതുനോക്കിയാണ് നീങ്ങുന്നത്. ഇതിനിടക്ക് നാരോ ഗേജിലൂടെ ഒരു ടോയ് െട്രയിൻ കടന്നുപോയി. അമൻലോഡ്ജിൽനിന്ന് മാതേരൻ വരെ വെറും രണ്ടു കിലോമീറ്റർ ദൂരത്തേക്കാണ് അതിന്റെ യാത്ര.
ഒടുവിൽ ഞങ്ങൾ മൈറ പോയന്റിലെത്തി. മുന്നിൽ അതിരുകളില്ലാതെ നീണ്ടുപരന്നു കിടക്കുന്ന മലനിരകൾ. താഴെ, ഭൂമിതന്നെ പാളികളായി തുറന്നുകിടക്കുന്നതുപോലെ അഗാധതയിലേക്ക് പതിയുന്ന താഴ് വരകൾ. അവിടെ പച്ചപ്പിന്റെ മഹാസാഗരമാണ്. പെട്ടെന്ന് താഴ്വരയിൽനിന്ന് മേഘക്കൂട്ടങ്ങൾ പറന്നുയർന്ന് കാഴ്ചയെ മുഴുവനായി മറച്ചു. അടുത്തനിമിഷം കാറ്റിന്റെ ഒരു തള്ളലിൽ മേഘം നീങ്ങി താഴെയുള്ള പച്ചപ്പും ചുവന്ന മണ്ണിന്റെ വളവുകളും വീണ്ടും ദൃശ്യമായി.
ഒരു പക്ഷി താഴ്വര ചുറ്റി കൺമുന്നിലൂടെ പറന്നകന്നു. അതിന്റെ സ്വാതന്ത്ര്യത്തെപ്പോലെ എന്റെ മനസ്സും പറന്നുയരാൻ ആഗ്രഹിച്ചു. ഞാൻ കണ്ണുകളടച്ചു. ചുറ്റും കാറ്റിന്റെ മൂളൽ മാത്രം. നഗരജീവിതത്തിന്റെ തിക്കുതിരക്കുകളും ചിന്തകളുമെല്ലാം ആ താഴ്വരയിൽ ലയിച്ചുപോകുന്നതുപോലെ. കാറ്റിന്റെ തണുപ്പ് കൂടിക്കൂടിവരുകയാണ്. കുറച്ചുനേരത്തെ ആ ധ്യാനനിശ്ശബ്ദതക്കുശേഷം ഞാൻ ബോധമണ്ഡലത്തിൽ തിരിച്ചെത്തി.
അടുത്ത ലക്ഷ്യം ഷാർലറ്റ് തടാകമായിരുന്നു. കാടുകളുടെ നിഴലും മലകളുടെ കരുതലും ചുറ്റിപ്പിടിച്ച ആ ജലാശയം ദൂരത്ത് നിന്നുതന്നെ കണ്ടു. അടുത്ത് എത്തിയപ്പോൾ തടാകം ഒരു സാന്ത്വന ദൃശ്യം പോലെ തോന്നി. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തടാകം മാതേരന്റെ മുഖ്യ ജലേസ്രാതസ്സുകൂടിയാണ്. ഷാർലറ്റ് തടാകത്തോടുള്ള സ്നേഹാദരവുകൾ വർധിക്കാൻ അതുമാത്രം മതി. മാതേരന്റെ ഹൃദയത്തിൽ പതിഞ്ഞു നിൽക്കുന്ന ശാന്തസൗന്ദര്യമാണ് ഷാർലറ്റ് തടാകം. നഗരശബ്്ദങ്ങളില്ലാത്ത ഒരു സമാധാന അന്തരീക്ഷം അവിടെയും നിറഞ്ഞുനിന്നു.
എക്കോ പോയന്റിലേക്കാണ് ഇനി യാത്ര. സഞ്ചാരികൾ ചുറ്റുമുള്ള പാറച്ചരിവുകൾ ലക്ഷ്യമിട്ട് കൂവിവിളിച്ചും ആർത്തുചിരിച്ചും കാതോർത്തുനിൽക്കുന്നു. അവർ എയ്തുവിട്ട ശബ്ദവീചികൾ പാറമതിലുകളിൽ തട്ടി പലവട്ടം കാതുകളിൽ പ്രതിധ്വനിക്കുന്നതാണ് അവിടത്തെ രസം. ആ ശബ്ദവീചികളുടെ ഗമനാഗമനങ്ങളിൽ താഴ്വരയിൽ പതുങ്ങിയിരിക്കുന്ന കാറ്റും കളിക്കുന്നുണ്ട്.
അസ്തമയ സൂര്യൻ ആകാശത്ത് ചെങ്കതിരുകൾ വാരിവിതറിത്തുടങ്ങി. ചുറ്റുമുള്ള മലനിരകൾ അതിനനുസരിച്ച് കറുത്ത ശിൽപങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. കാറ്റിന്റെ സുഖവും ആ കാഴ്ചയുടെ മഹിമയും ഒത്തുചേർന്നപ്പോൾ സമയം നിശ്ചലമായതുപോലെ.
എല്ലാവരും മടക്കയാത്രക്കുള്ള തയാറെടുപ്പിലാണ്. ഞങ്ങളും എഴുന്നേറ്റു. സന്ധ്യക്കുമുമ്പ് മാതേരനിൽ ഇത്രയേ കാണാൻ സാധിച്ചുള്ളൂ എന്ന നിരാശ ഞങ്ങളിലുണ്ട്. ബാക്കിവെച്ച കാഴ്ചകൾ ഇനി മറ്റൊരിക്കലാവാം എന്ന ചിന്തയോടെ ഞങ്ങൾ മടങ്ങി. മാതേരനിലെ ചെറിയ ഹോട്ടലുകളും ലോഡ്ജുകളും പ്രകാശമണിഞ്ഞു തുടങ്ങിയിരുന്നു. തിരക്കൊഴിത്ത വഴികളിലൂടെ നടക്കുമ്പോൾ ഒരു പഴയകാല ബ്രിട്ടീഷ് ഹിൽ സ്റ്റേഷന്റെ മണം മനസ്സിൽ നിറഞ്ഞു. ഭക്ഷണശാലകളിൽനിന്ന് ഉയരുന്ന വിവിധ രുചിക്കൂട്ടുകളുടെ സുഗന്ധം മൂക്കിലൂടെ അരിച്ചുകയറി. മാതേരൻ വെറുമൊരു ഹിൽ സ്റ്റേഷനല്ല. ശരിക്കും ഒരു അനുഭവമാണ്. പ്രകൃതിയോട് ചേർന്ന്, ശാന്തതയെ അനുഭവിച്ചറിയിക്കുന്ന ഇടം.
മാതേരനിൽനിന്ന് അമൻലോഡ്ജിലേക്കുള്ള ടോയ് െട്രയിൻ ചലിച്ചുതുടങ്ങി. ചെമ്മൺ പാതക്കരികിലൂടെ, കാടുകളുടെ നിഴലിലൂടെ, വളവുകളെ ചുംബിച്ചുകൊണ്ടുള്ള യാത്ര. െട്രയിൻ പതുക്കെയാണ് നീങ്ങുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ചില പഴഞ്ചൻ കെട്ടിടങ്ങൾ പാളത്തിന് ഇരുവശത്തും തലയുയർത്തി നിൽപുണ്ട്. ആ കാഴ്ചകൾ കാണുമ്പോൾ സമയം കുറച്ച് വർഷങ്ങൾ പിറകോട്ടു പോയതുപോലെ...
െട്രയിൻ അമൻലോഡ്ജിലേക്ക് എത്തുകയാണ്. യാത്ര അവസാനിക്കുകയാണ് എന്ന സങ്കടം മനസ്സിൽ തോന്നിയതും ജനലിലൂടെ വീശിയെത്തിയ തണുത്ത കാറ്റ് മനസ്സിൽ നിശ്ശബ്ദമായി ഓർമിപ്പിച്ചു, ‘ഇനിയും വരണം.’ അതെ, ബാക്കിവെച്ച കാഴ്ചകൾ കാണാനായി ഞങ്ങൾ വീണ്ടും മാതേരനിലേക്ക് വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.