ബാങ്കോക്ക്: വിദേശികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വിസ രഹിത എൻട്രി നയത്തിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് തായ്‌ലൻഡ്. ഇന്ത്യ ഉൾപ്പെടെയുള്ള തൊണ്ണൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ രാജ്യത്തെ താമസ കാലാവധിയാണ് തായ് സർക്കാർ വെട്ടിക്കുറച്ചത്. വിദേശികൾ നടത്തുന്ന സാമ്പത്തിക ചൂഷണങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടി.
2024 ജൂലൈയിൽ നിലവിൽ വന്ന നിയമപ്രകാരം ഇന്ത്യ, യുകെ, യു.എസ്, ആസ്‌ട്രേലിയ, കൺട്രി ഓഫ് ഷെങ്കൻ മേഖലകൾ തുടങ്ങി 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് മുൻകൂട്ടി വിസയില്ലാതെ 60 ദിവസം വരെ തായ്‌ലൻഡിൽ തങ്ങാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ പുതിയ മന്ത്രിസഭാ തീരുമാനപ്രകാരം ഈ ഇളവ് റദ്ദാക്കി. ഇനി മുതൽ ഭൂരിഭാഗം രാജ്യങ്ങളിൽ നിന്നുള്ളവർക്കും 30 ദിവസം മാത്രമായിരിക്കും വിസ രഹിത അനുമതി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകൾ അടിസ്ഥാനമാക്കി ചില രാജ്യക്കാർക്ക് ഇത് 15 ദിവസമായി ചുരുങ്ങും.
മയക്കുമരുന്ന് കടത്ത്, പെൺവാണിഭം, ആവശ്യമായ പെർമിറ്റുകളില്ലാതെ വിദേശികൾ അനധികൃതമായി സ്കൂളുകളും ഹോട്ടലുകളും നടത്തുന്നത് എന്നിവ വർധിച്ചതാണ് കർശന നടപടിയിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പല വിദേശികളും ലളിതമായ വിസ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
പുതിയ പോളിസി ഓരോ രാജ്യത്തെയും അടിസ്ഥാനമാക്കി വ്യത്യസ്തമായ രീതിയിലായിരിക്കും നടപ്പിലാക്കുക എന്ന് തായ്‌ലൻഡ് ടൂറിസം മന്ത്രി സുരസാക് ഫഞ്ചാരോൻവൊരാകുൽ വ്യക്തമാക്കി. മുമ്പ് 60 ദിവസത്തെ താമസം സ്വയമേവ ലഭിച്ചിരുന്ന സ്ഥാനത്ത്, ഇനി മുതൽ അനുവദിച്ച കാലാവധിക്കപ്പുറം രാജ്യത്ത് തുടരണമെങ്കിൽ ഇമിഗ്രേഷൻ ഓഫീസുകളിൽ നേരിട്ടെത്തി അപേക്ഷിക്കണം. കൂടുതൽ ദിവസം തങ്ങേണ്ടതിന്റെ കാരണം കൃത്യമായി ബോധിപ്പിച്ചാൽ മാത്രമേ ഓഫീസർമാർക്ക് വ്യക്തിഗതമായി അനുമതി നൽകാൻ സാധിക്കൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും ദേശീയ സുരക്ഷയും മുൻനിർത്തിയാണ് ഈ പരിഷ്കരണമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി അനുതിൻ ചാർൺവിരാകുൽ അറിയിച്ചു. നിലവിലെ വിസ ഇളവുകൾ വലിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ഈ നീക്കം ഏതെങ്കിലും പ്രത്യേക രാജ്യത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമാണെന്നും വിദേശകാര്യ മന്ത്രി സിഹാസക് ഫുവാങ്‌കേത്‌കിയോ വ്യക്തമാക്കി.
തായ്‌ലൻഡിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ടൂറിസം മേഖലയാണ്. കോവിഡിന് മുമ്പ് പ്രതിവർഷം 40 ദശലക്ഷത്തോളം സഞ്ചാരികൾ എത്തിയിരുന്ന രാജ്യം ഇപ്പോഴും ആ പഴയ പ്രതാപത്തിലേക്ക് പൂർണ്ണമായി തിരിച്ചെത്തിയിട്ടില്ല. ഈ വർഷം 33.5 ദശലക്ഷം വിദേശ വിനോദസഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. പുതിയ വിസ നിയന്ത്രണങ്ങൾ ടൂറിസം മേഖലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. തായ്‌ലൻഡിന്റെ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം വന്ന് 15 ദിവസത്തിനകം പുതിയ വിസ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.