നഗര ജീവിതത്തിന്‍റെ പിരിമുറുക്കങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി പ്രകൃതിയോട് ഇണങ്ങിച്ചേരാൻ അനുയോജ്യമായ സ്ഥലമാണ് മിനി സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ചോപ്ത. ട്രെക്കിങ് ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണിവിടം. തുടക്കക്കാർക്കും പരിചയസമ്പന്നരായവർക്കും ഒരുപോലെ അനുയോജ്യമായ പാതകളാണ് ചോപ്തയുടെ സവിശേഷത. പച്ചപ്പുൽമേടുകളിലൂടെയുള്ള നടത്തവും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിനു കീഴെ ക്യാമ്പ് ചെയ്യുന്നതുമെല്ലാം നവ്യാനുഛവം സമ്മാനിക്കും. നയനമനേഹരമായ മലമ്പാതകൾ താണ്ടിയുള്ള ട്രെക്കിങ് ചോപ്തയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ആവേശകരമായ നിമിഷങ്ങൾ പകർന്നുനൽകുമെന്നുറപ്പ്.
ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ചോപ്തക്ക് ‘ഇന്ത്യയുടെ മിനി സ്വിറ്റ്സർലൻഡ്’ എന്ന് വിളിപ്പേരുണ്ട്. സമൃദ്ധമായ പുൽമേടുകൾ, ഇടതൂർന്ന വനങ്ങൾ, മഞ്ഞുമൂടിയ കൊടുമുടികൾ എന്നിവ കൊണ്ട് സമൃദ്ധമായ ചോപ്ത, പച്ചപ്പിന്റെ രമണീയതക്കൊപ്പം മറക്കാനാവാത്ത സാഹസിക അനുഭവങ്ങൾക്കും പേരുകേട്ട സ്ഥലമാണ്.
പവിത്രമായ അഞ്ച് ശിവക്ഷേത്രങ്ങളായ പഞ്ച കേദാറിന്റെ കേന്ദ്രമാണ് ചോപ്ത. അതിന്റെ ഇടതുവശത്ത് കേദാർനാഥ്, മദ്മഹേശ്വർ ക്ഷേത്രങ്ങളും വലതുവശത്ത് രുദ്രനാഥും കൽപേശ്വറും, തൊട്ടുമുകളിൽ തുങ്നാഥ് ക്ഷേത്രവും സ്ഥിതിചെയ്യുന്നു. ചോപ്ത ഒരു പക്ഷിനിരീക്ഷണ കേന്ദ്രം കൂടിയാണ്. ഹിമാലയൻ മോണൽ, ഹിമാലയൻ സ്വിഫ്റ്റ്ലെറ്റ്, ഹിമാലയൻ ഗ്രിഫൺ, സ്കാർലറ്റ് ഫിഞ്ച്, ഹിൽ പാർട്രിഡ്ജ് തുടങ്ങിയ 240ലധികം ഇനം പക്ഷികളെ ഇവിടെ കാണാൻ കഴിയും. ദുഗൽബിട്ട, മണ്ഡൽ ഗ്രാമം, മക്കുമഠ്, തുങ്നാഥ് ട്രെക്ക് റൂട്ട് തുടങ്ങിയ സമീപ സ്ഥലങ്ങളും ഇവിടെ നിന്ന് കാണാൻ സാധിക്കും.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രവും വിശുദ്ധമായ പഞ്ചകേദാർ തീർഥാടനത്തിന്റെ ഭാഗവുമായ തുംഗനാഥിലേക്കുള്ള ട്രെക്കിങ്ങിന്റെ പ്രവേശന കവാടമാണ് ചോപ്ത. ഇവിടെ നിന്ന് അല്പം കൂടി മുന്നോട്ട് നടന്നാൽ ചന്ദ്രശില കൊടുമുടിയിലെത്താം. നന്ദാദേവി, തൃശൂൽ, ചൗഖംബ തുടങ്ങിയ ഹിമാലയൻ നിരകളുടെ വിസ്മയിപ്പിക്കുന്ന 360-ഡിഗ്രി കാഴ്ചയാണ് ഈ കൊടുമുടി സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.
ശാന്തമായ പ്രകൃതിദൃശ്യങ്ങൾക്കുപുറമെ ആവേശകരമായ വിനോദങ്ങളും ഹിമാലയൻ കൊടുമുടികളിലെ മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും ചോപ്തയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ശൈത്യകാല മഞ്ഞുവീഴ്‌ചയും ശാന്തമായ അന്തരീക്ഷവും അതിന് ആക്കംകൂട്ടുന്നു. ഫോട്ടോഗ്രാഫർമാരും പ്രകൃതിസ്‌നേഹികളും ട്രെക്കർമാരുമെല്ലാം ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാൻ ഇടക്കിടെയെത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.