നതോന്നതയുടെ താളമേളങ്ങള്‍ മുഴങ്ങാന്‍ ഇനി അധികനാളില്ല. വയലേലകളില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന നെല്‍മണികളുടെ ചന്തം, തുരുത്തുകളില്‍ ഇളംകാറ്റേറ്റ് തലയാട്ടുന്ന തെങ്ങിന്‍തോപ്പുകള്‍, ഇടതോടുകളിലൂടെയും കായല്‍പരപ്പിലൂടെയും കൂട്ടമായി നീങ്ങുന്ന താറാവുകള്‍, ഇടക്കിടക്ക് മുഴങ്ങുന്ന ഗ്രാമീണ നാടന്‍ശീലുകളുടെ ഈരടികള്‍, കൊതുമ്പുവള്ളം മുതല്‍ ഹൗസ്ബോട്ടുവരെ നിറഞ്ഞുനില്‍ക്കുന്ന കായല്‍സൗന്ദര്യത്തിന്‍െറ മുഖഛായ.... ഒരു വിനോദസഞ്ചാര കാലത്തിന്‍െറ വാതില്‍ തുറന്നുകൊണ്ട് കുട്ടനാട് സഞ്ചാരികള്‍ക്ക് വേണ്ടി ഒരുങ്ങി കഴിഞ്ഞു.
നീണ്ടുനിവര്‍ന്ന് കിടക്കുന്ന തുരുത്തുകളുടെ സഞ്ചയമാണ് ഇവിടം. കേരളത്തിന്‍െറ സൗഭാഗ്യമെന്നോണം പ്രകൃതി നല്‍കിയ പച്ചപ്പിന്‍െറ ഈ നാട് എന്നും സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകള്‍ക്ക് ആവേശമാണ്. മണ്ണില്‍ പണിയെടുക്കുന്ന കുട്ടനാട്ടുകാര്‍ മാത്രമല്ല ദൂരസ്ഥലങ്ങളില്‍ നിന്ന് ഇവിടെയത്തെി വിവിധങ്ങളായ തൊഴിലുകളിലേര്‍പ്പെട്ടിരിക്കുന്ന അസംഖ്യം മനുഷ്യര്‍ക്കും കിഴക്കിന്‍െറ വെനീസിന്‍െറ ഈ ഹൃദയഭൂമി പ്രിയപ്പെട്ടതാണ്. അവിടെയാണ് ഇനി ജലമേളകളുടെ പൂരങ്ങള്‍ കായല്‍പരപ്പില്‍ ആഘോഷമായി കൊണ്ടാടാന്‍ പോകുന്നത്.
കേരളത്തിലെ ജലമേളകളിലെ ഈറ്റില്ലമാണ് കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ. ഇവിടെനിന്നാണ് വള്ളംകളിയുടെ ആര്‍പ്പുവിളികളും വഞ്ചിപാട്ടിന്‍െറ ഈണവും താളവും കേരളമാകെ ഏറ്റുവാങ്ങുന്നത്. ഓഗസ്റ്റ് മാസത്തിന്‍െറ രണ്ടാം ശനിയാഴ്ച നടക്കുന്ന വിശ്വപ്രശസ്തി ആര്‍ജിച്ച നെഹ്റു ട്രോഫി ജലമേളയാണ് അതില്‍ പ്രധാനം. ഈ വള്ളംകളി ഉള്‍പ്പെടെ ഡസന്‍ കണക്കിന് ജലമേളകളാണ് ഓണകാലം കഴിയുന്നത് വരെ കുട്ടനാട്ടിലും സമീപദേശങ്ങളിലെ കായല്‍പുറങ്ങളിലും നടക്കുക. അതിന്‍െറ വശ്യതയും ചാരുതയും മറ്റൊരു ജലകായിക മേളക്കുമില്ല. കായല്‍പരപ്പിലെ ഓളങ്ങളെ കീറിമുറിച്ച് മിന്നല്‍പിണര്‍പോലെ ചീറിപായുന്ന ചുണ്ടന്‍ വള്ളങ്ങളും അതിന് സമാനമായ മറ്റിനം വള്ളങ്ങളും ഈ മേളകളുടെ സവിശേഷതയാണ്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ജലമാമാങ്കം കാണാന്‍ ഇത്തവണയും വലിയ സംഘം സഞ്ചാരികളെയാണ് കുട്ടനാട് കാത്തിരിക്കുന്നത്. ഇടവപാതിയുടെ തകര്‍പ്പന്‍ മഴയില്‍ നിറഞ്ഞുകവിയുന്ന ജലാശയങ്ങള്‍ക്ക് മേല്‍ ഹര്‍ഷോന്മാദത്തോടെ നയമ്പെറിയാനുള്ള കാത്തിരിപ്പിലാണ് കുട്ടനാട്ടിലെ തുഴച്ചില്‍കാര്‍. ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ചുള്ള ബുക്കിങ്ങും ആരംഭിച്ചു.
ഒരു യാത്ര കേവലം വള്ളംകളിയില്‍ മാത്രം ഒതുങ്ങുന്നില്ല അത് ദിവസങ്ങളോളം ഹൗസ് ബോട്ടുകളില്‍ താമസിച്ച് പുന്നമടയുടെയും വേമ്പനാടിന്‍െറയും കുമരകത്തിന്‍െറയുമൊക്കെ ജീവിതം കണ്ടറിഞ്ഞ് മാത്രമേ മടങ്ങാന്‍ കഴിയൂ.
ഓരോ വര്‍ഷവും കുട്ടനാടിന്‍െറ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചുവരുന്നു. ആലപ്പുഴയുടെ പാരമ്പര്യവും പുരാതനവുമായ സ്ഥലങ്ങളും ചരിത്രശേഷിപ്പുകളും കാണുന്നതോടൊപ്പം കുട്ടനാട്ടിലൂടെ ഒരു യാത്രയും ടൂറിസ്റ്റുകള്‍ക്ക് ഏറെ പഥ്യമാണ്. എല്ലാ ദേശക്കാരും ഇവിടെ സമന്വയിക്കുന്നു. ആഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെയാണ് ടൂറിസം വകുപ്പ് കൂടുതല്‍ സഞ്ചാരികളെ പ്രതീക്ഷിക്കുന്ന മാസങ്ങളെങ്കിലും കാര്‍മേഘം ഉരുണ്ടുകൂടിയ ജൂണില്‍ തന്നെ സഞ്ചാരികളുടെ വരവ് തുടങ്ങികഴിഞ്ഞു. ഏറ്റവും കൂടുതല്‍ വിദേശികളത്തെുന്നത് ഫ്രാന്‍സില്‍ നിന്നാണ്. സ്പെയിന്‍, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആലപ്പുഴയിലേക്ക് ടൂറിസ്റ്റുകള്‍ ഏറെ എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.07 ശതമാനം വര്‍ധനയുണ്ടായി. ഒൗദ്യോഗികമായി 2013ല്‍ ഒരു വര്‍ഷം വന്നുപോയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 60,000ത്തിനടുത്ത് വരും. സ്വദേശികളായ സഞ്ചാരികളുടെ എണ്ണവും ആലപ്പുഴയില്‍ വര്‍ധിച്ചുവരുന്നു. 2013ല്‍ രണ്ടേകാല്‍ ലക്ഷത്തോളം സ്വദേശി ടൂറിസ്റ്റുകളാണ് ഒരു വര്‍ഷം ആലപ്പുഴയിലത്തെിയതായി ഒൗദ്യോഗിക കണക്ക്. എന്നാല്‍, ഈ രണ്ടുതരത്തിലും കണക്കില്‍പെടാത്തതും രജിസ്ട്രേഷന്‍ നടത്താതെയും എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഡെല്‍ഹി എന്നീ സംസ്ഥനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇവിടം ഏറെ പ്രിയപ്പെട്ടതാണ്.
വള്ളങ്ങളുടെ നാടായ കുട്ടനാട്ടില്‍ ഹൗസ്ബോട്ട് ടൂറിസവും ശക്തിപ്രാപിച്ച് കഴിഞ്ഞു. ഏകദേശം 1500ഓളം ഹൗസ് ബോട്ടുകളാണ് കുട്ടനാടിന്‍െറ പല ഭാഗങ്ങളിലും സഞ്ചാരികളെ കാത്തുകിടക്കുന്നത്. അതില്‍ രജിസ്ട്രേഷനുള്ളവ 750ഓളം മാത്രമേയുള്ളൂ. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ മേല്‍നോട്ടത്തില്‍ ടൂറിസ്റ്റുകളെ ചൂഷണംചെയ്യാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എങ്കിലും പലപ്പോഴും വിദേശ ടൂറിസ്റ്റുകള്‍ അമിത നിരക്ക് നല്‍കി ഹൗസ്ബോട്ടുകള്‍ വാടകക്കെടുക്കേണ്ട അവസ്ഥയുണ്ട്. വിവിധ തരത്തിലുള്ള ഹൗസ്ബോട്ടുകളുണ്ട്. കൂടാതെ ശിക്കാര്‍ വള്ളങ്ങളും. മൂന്നോ നാലോ പേര്‍ക്ക് കയറിപോകാവുന്ന ചെറിയമേല്‍കൂരയും പരിമിതമായ സൗകര്യങ്ങളുമുള്ള വള്ളങ്ങളാണിത്. ടൂറിസം സീസണില്‍ അഥവാ ഇപ്പോഴത്തെ മണ്‍സൂണ്‍ സീസണില്‍ ഹോം സ്റ്റേകള്‍ക്കും കൊയ്ത്തുകാലമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 200ഓളം ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡയമണ്ട്, സില്‍വര്‍, ഗോള്‍ഡ് എന്നിങ്ങനെ തിരിച്ചാണ് ഇവയുടെ നിലവാരം ക്രമപ്പെടുത്തിയിരിക്കുന്നത്. ഡി.ടി.പി.സിയുടെ മേല്‍നോട്ടത്തില്‍ ടൂറിസ്റ്റുകള്‍ക്കാവശ്യമായ ഹോം സ്റ്റേ സൗകര്യം ഏര്‍പ്പെടുത്തികൊടുക്കും. അതോടൊപ്പം ഹൗസ്ബോട്ടുകളും മിതമായ നിരക്കില്‍ ലഭിക്കുന്നതിനും ഡി.ടി.പി.സിയുടെ സഹായമുണ്ട്. ആയുര്‍വേദ ചികിത്സയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകള്‍ ടൂറിസ്റ്റ് വകുപ്പിന്‍െറ സഹായങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
എന്തായാലും കുറവുകളും പോരായ്മകളുമുണ്ടെങ്കിലും വള്ളങ്ങളും ഹൗസ്ബോട്ടുകളും തുരുത്തുകളും നിറഞ്ഞ കുട്ടനാടും അവിടുത്തെ ആര്‍പ്പുവിളികളും കിഴക്കിന്‍െറ വെനീസിലെ കൗതുകകാഴ്ചകളും ആലപ്പുഴയുടെ തനതായ സൗകുമാര്യവും അനുഭവിച്ചറിയാനുള്ള ലോകത്തിന്‍െറ വിവിധ കോണുകളില്‍ നിന്നുള്ള മനുഷ്യരുടെ വരവിന് കുറവില്ല. ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്ന വള്ളംകളികാലം മഴത്തുള്ളികളുടെ തണുപ്പ് ആസ്വദിച്ച് കാണുകയെന്നത് സഞ്ചാരിയുടെ മനസിലെ ആഗ്രഹമാണ്. സ്വദേശിയെന്നോ വിദേശിയെന്നോ ഭേദമില്ലാതെ ഈ നാട് സഞ്ചാരികള്‍ക്കായി ഒരു സീസണ്‍കാലത്തിനായി ഒരുങ്ങി കഴിഞ്ഞു.
Contact:
DTPC alappuzha - 0477 2251796
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.