കേരളം പോലൊരു നാട്

ആന്ധ്രാ പ്രദേശിലെ കൊണസീമയെക്കുറിച്ച്

ആന്ധ്രാ തീരത്തെ കൊണസീമയിലൂടെ യാത്ര ചെയ്യുമ്പോള്‍ കേരളമാണോയെന്ന് ഒരു നിമിഷം സംശയിച്ചുപോയാല്‍ കുറ്റപ്പെടുത്താനാകില്ല. അവിടത്തെ ഭൂപ്രകൃതി നമ്മെക്കൊണ്ട് അങ്ങനെ പറയിക്കും. വിശാലമായ നെല്‍പാടങ്ങള്‍, അവക്ക് നടുവിലായി ചക്രവാളത്തിന്‍െറ നീലിമയിലേക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന പനമരങ്ങള്‍, കേരവൃക്ഷങ്ങള്‍ നിരനിരയായി നില്‍ക്കുന്ന കരഭൂമി, ഓടും ഓലയും പാകിയ ചെറുവീടുകള്‍, പാടങ്ങള്‍ക്ക് നടുവിലൂടെ ഒഴുകുന്ന കുഞ്ഞ് കനാലുകളും കുളങ്ങളും, പുല്‍ത്തകിടിയില്‍ മേഞ്ഞ് നടക്കുന്ന കന്നുകാലികള്‍, നെല്‍പ്പാടങ്ങളില്‍ കൂട്ടത്തോടെ പറന്നിറങ്ങുന്ന കൊറ്റികള്‍, കുളക്കടവിലെ നിത്യസാന്നിധ്യമായ മീന്‍കൊത്തികള്‍, ചിറകുണക്കാനായി തോട്ടരുകിലെ തെങ്ങോലയില്‍ ചിറക് വിടത്തിയിരിക്കുന്ന നീര്‍പറവകള്‍..... ഗ്രാമങ്ങളിലെ സമൃദ്ധമായ വാഴകൃഷി, വീട്പരിസരത്തും വഴിയോരങ്ങളിലുള്ള മാവ്, പ്ളാവ് മരങ്ങള്‍... ഒറ്റനോട്ടത്തില്‍ പാലക്കാടന്‍ ഗ്രാമങ്ങളെ ഓര്‍മപ്പെടുത്തുന്ന ദൃശ്യങ്ങള്‍. നെല്ല്, നാളികേരം വാഴ തുടങ്ങിയ കൃഷികളുടെ സമൃദ്ധിയും ജലലഭ്യതയും പ്രകൃതിയുടെ പച്ചപ്പും കൊണസീമയെ കേരളത്തിന് സമാനമാക്കുന്നു. ആന്ധ്രയിലെ ഏറ്റവും കൂടുതല്‍ നാളികേരം ഉല്‍പാദിപ്പിക്കുന്ന മേഖലയാണ് കൊണസീമ. ഇവിടത്തെ തദ്ദേശിയരുടെ പ്രധാന വരുമാന ശ്രേതാസ്സ് നാളികേരമാണ്.

തെലുങ്ക് ഭാഷയില്‍ കൊണ എന്ന വാക്കിന് മൂല എന്നാണ് അര്‍ഥം. ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടാണ് കൊണസീമ എന്നപേര്. കോറമണ്ടല്‍ തീരത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ ഡെല്‍റ്റാ പ്രദേശമാണിത്. കാവേരി നദിയും ബംഗാള്‍ ഉള്‍ക്കടലുമായും ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശം ഈസ്റ്റ് ഗോദാവരി ജില്ലക്കും വെസ്റ്റ് ഗോദാവരി ജില്ലക്കുമിടയിലാണ്. ഈസ്റ്റ് ഗോദാവരി ജില്ലയുടെ ആസ്ഥാനമായ കക്കിനാട് താലൂക്കിനടുത്ത്. കൊണസീമ എന്നത് ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഒരു താലൂക്കിന്‍േറയോ ഗ്രാമത്തിന്‍െറയോ സ്ഥലത്തിന്‍െറയോ പെരല്ല. സാങ്കല്‍പ്പിക അതിര്‍ത്തി മാത്രമുള്ള ഡെല്‍റ്റാ മേഖലയാണ് കൊണസീമ.


കൊണസീമയിലെ പ്രഭാതം

ഈസ്റ് ഗോദാവരി ജില്ലയുടെ ഒരു താലൂക്കായ രാജമുണ്ട്രി മുതല്‍ അന്തര്‍വേദി പാലീം എന്ന സ്ഥലംവരെ ഏകദേശം 100 കി. മീറ്റര്‍ ദൂരമുണ്ടാകും. അമലാപുരം, റാവുലപാലിം, റാസോള്‍, മമ്മുദിവാരം, നഗുലങ്ക, കൊദ്ദപേട്ട തുടങ്ങിയ ചെറു പട്ടണങ്ങളുടെ ഭൂപ്രദേശങ്ങളും ബനുവോ മുരലങ്ക, ഗണവാരം, മുഗുണ്ട തുടങ്ങിയ സ്ഥലങ്ങളും കൂടിചേര്‍ന്നതാണ് കൊണസീമ. 1996ലെ ചുഴലിക്കാറ്റ് പ്രദേശത്ത് കനത്ത നാശനഷ്ടങ്ങള്‍ വിതച്ചെങ്കിലും കൃഷിയില്‍ ആത്മവിശ്വാസമര്‍പ്പിച്ച ഗ്രാമീണ ജനതയുടെ കഠിനാധ്വാനംകൊണ്ട് നഷ്ടപ്പെട്ട പച്ചപ്പ് വീണ്ടെടുക്കാനായി.
ആന്ധ്രയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നായ കൊണസീമയില്‍ സംക്രാന്തി സമയത്തും ജനുവരി-ഫെബ്രുവരി മാസങ്ങള്‍ക്കിടയിലുമാണ് യാത്ര ചെയ്യേണ്ടത്. ഈ സമയത്ത് ആന്ധ്രയുടെ കത്തുന്ന ചൂടിന് ശമനമുള്ള നല്ല തണുത്ത കാലാവസ്ഥയായിരിക്കും.
കേരളത്തിലെ ഓണം പോലെയാണ് സംക്രാന്തി. സംക്രാന്തി കാര്‍ഷിക വിളവെടുപ്പിന്‍െറ ഉത്സവമാണ്. ജനുവരി 13 മുതല്‍ 16 വരെയായിരിക്കുന്നു ഇത്തവണ സംക്രാന്തി ഉത്സവം. ഹൈന്ദവ കലണ്ടര്‍ അനുസരിച്ച് ദിവസങ്ങളില്‍ മാറ്റമുണ്ടാകാം. ഓരോ ദിവസങ്ങളും പ്രത്യേക വിശേഷങ്ങളായാണ് ആഘോഷിക്കുന്നത്. ബോഗിദിവസ്, മകസംക്രാന്തി, കനുമദിവസ്, മുക്കനുമദിവസ് എന്നിങ്ങനെയാണ് ഓരോ ദിവസവും അറിയപ്പെടുന്നത്.

കൊണസീമയിലെ സംക്രാന്തി സമയത്തെ സായാഹ്നം

രണ്ടാം ദിവസത്തെ ഉല്‍സവത്തെ മകര സംക്രാന്തി അല്ളെങ്കല്‍ പെദ്ദ പണ്‍ഡുഗ (Pedda Panduga) എന്നറിയപ്പെടുന്നു. പെദ്ദ പണ്‍ഡുഗ എന്നാല്‍ വലിയ ഉത്സവം എന്നാണ്. ഓണനാളുകളില്‍ കേരള വീടുകള്‍ക്ക് മുന്നില്‍ അത്തപൂക്കളങ്ങള്‍ ഇടുന്ന പോലെ പൂക്കള്‍, നിറപ്പൊടി, ചോക്ക് എന്നിവകൊണ്ട് വീട്ട് മുറ്റങ്ങളിലും പാതയോരങ്ങളിലും വര്‍ണാഭമായ കളങ്ങള്‍ വരക്കുന്നു.
അലങ്കരിച്ചത്തെിക്കുന്ന പ്രഭകളാണ് സംക്രാന്തിയുടെ അവസാന ദിവസത്തെ ആകര്‍ഷണം. വിവിധ ഗ്രാമങ്ങളില്‍നിന്ന് ഘോഷയാത്രയുടെ അകമ്പടിയോടെയത്തെുന്ന പ്രഭകള്‍ കൊയ്തൊഴിഞ്ഞ ഏതെങ്കിലും പാടത്ത് ഒത്തുചേരുന്നു. ഇവ ഒത്തുചേരുന്നിടത്തെ വാണിജ്യ വിനോദമേളകള്‍ ഈ ദിവസത്തെ ആഘോഷഭരിതമാക്കുന്നു.

കോഴിപ്പോരാണ് മറ്റൊരു ആവേശകരമായ കാഴ്ച. കോടതി ഉത്തരവുകളിലൂടെ ഈ വിനോദം നിരോധിച്ചിട്ടുണ്ടെങ്കിലും ഗ്രാമങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ വിപുലമായി ഈ ക്രൂരവിനോദം അരങ്ങേറാറുണ്ട്. ലക്ഷകണക്കിന് രൂപയുടെ വാതുവെപ്പും ഇടപാടുമാണ് ഇതിലൂടെ നടക്കുന്നത്.


photo: Wikimedia Commons

സംക്രാന്തി ദിനങ്ങളില്‍ കൊണസീമയിലെ കാര്‍ഷിക കുഗ്രാമങ്ങളിലൂടെ ബെന്‍സും സ്കോഡയുമെല്ലാം ചീറിപാഞ്ഞുപോകുമ്പോള്‍ അത് ഗ്രാമവാസികളോ ഗ്രാമം കാണാനത്തെിയ ടൂറിസ്റ്റുകളോ ആണെന്ന് കരുതേണ്ട. പിന്‍സീറ്റില്‍ ശൗര്യമേറിയ കോഴികളെയുമിരുത്തി അങ്കക്കളങ്ങളിലേക്ക് പായുന്ന നഗരങ്ങളിലെ വമ്പന്‍ മുതലാളിമാരുടെ വരവാണത്. രാത്രിയില്‍ ആവേശകരമായ നൃത്തപരിപാടികളുമുണ്ടാകും.
കേരളീയരെപോലെ അരിവിഭവങ്ങളാണ് കൊണസീമയിലും പ്രധാന ഭക്ഷണം. രുചികള്‍ക്കും മസാലകൂട്ടുകള്‍ക്കും അല്‍പം വ്യത്യാസമുണ്ടെന്ന് മാത്രം. എന്നാല്‍ വസ്ത്രരീതി തെലുങ്കരുടേത് തന്നെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.