മംഗളാദേവി ഒരു വനസ്ഥലമാണ്. കാടിന്റെ വിജനതയില്‍ മലയുടെ നെറുകയില്‍ ഒരു ശിലാസ്മാരകം. തമിഴ്‌നാടും കേരളവുമായി അതിര്‍ത്തിപങ്കിടുന്ന സഹ്യപര്‍വ്വത നിരകളില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കുമളിയില്‍ നിന്ന് തേക്കടി വനത്തിലൂടെ പതിമൂന്ന് കിലോമീറ്റര്‍ മലകയറിയാല്‍ മംഗളാ ദേവിയിലെത്താം. 777 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പെരിയാര്‍ വനം. മലമുകളില്‍ തമിഴ്‌നാട് അതിര്‍ത്തിയിലാണ് മംഗളാദേവി. ശിലകളര്‍ന്ന ഒരാദിഗ്രാവിഡ കോവില്‍. ഹൈറേഞ്ചിലെ ഗോത്രങ്ങളിലും തമിഴകത്തെ ദ്രാവിഡ വിശ്വാങ്ങളിലും ആഴത്തില്‍ വേരാഴ്ത്തിയ കണ്ണകിയാണ് മൂര്‍ത്തി.
മംഗളാ ദേവി ക്ഷേത്രത്തില്‍ ആണ്ടിലൊരിക്കല്‍ ചിത്തിരമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് ഉല്‍സവം. ഏതാണ്ട് ഏപ്രില്‍ പകുതിക്ക് മുമ്പ്. കനത്ത സുരക്ഷാ സംവിധാനത്തിനുകീഴില്‍ ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം. നേരം ഇരുളുംമുമ്പ് ഉല്‍സവാഘോഷങ്ങള്‍ നിര്‍ത്തി തീര്‍ത്ഥാടകര്‍ മലയിറങ്ങും. മംഗളാ ദേവി ക്ഷേത്രത്തിന്റെ അവകാശത്തെ ചൊല്ലി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴുതിപ്പോയ നാളുകളിലാണ് ക്ഷേത്രത്തിലേക്കുള്ള മലമ്പാതകള്‍ എന്നേക്കുമായി അടച്ചിട്ടത്. ഒടുവില്‍ ഇരു സംസ്ഥാനങ്ങളിലെയും വിശ്വാസികളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നുണ്ടാക്കിയ ഉടമ്പടി പ്രകാരം വര്‍ഷത്തിലൊരിക്കല്‍ ചിത്രാ പൗര്‍ണ്ണമി ദിനത്തില്‍ ഒരു പകല്‍ നീളുന്ന ആഘോഷങ്ങള്‍ക്കായി കാട്ടുപാതകള്‍ തുറന്നുകൊടുക്കും.
ചിത്രാ പൗര്‍ണ്ണമി ദിവസം അതീവ രാവിലെ തമിഴകത്തുനിന്നും കണ്ണകി ഭക്തര്‍ മലങ്കോട്ട കയറി സംഘം സംഘമായി മംഗളാ ദേവിയിലെത്തും. കേരളത്തില്‍ നിന്നുള്ള യാത്ര കുറച്ചുകൂടി അനായാസമാണ്. കുമളിയില്‍ ബസ്സിറങ്ങിയാല്‍ മംഗളാദേവി മലമുകലിലേക്കുള്ള ജീപ്പുകളുടെ നീണ്ട നിര. കുമളിയില്‍ നിന്ന് പുറപ്പെട്ട് തേക്കടി കവലയില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് കാട്ടുപാതയിലൂടെ മലമുകളിലേക്കെത്താം. കാല്‍ നടയായി മല കയറുന്നവരുടെയും ഇറങ്ങുന്നവരുടെയും സംഘങ്ങള്‍ വന്നും പോയുമിരിക്കും. ദുര്‍ഘടമായ വഴിയിലൂടെ കുത്തനെയുള്ള കയറ്റം. പൊടിപടലങ്ങള്‍ പറത്തിയാണ് ജീപ്പുകല്‍ കിതച്ചു കയറുന്നത്. കാല്‍നടയാത്ര രസകരമാവാമെങ്കിലും സുരക്ഷിതമല്ലെന്നാണ് വനപാലകര്‍ പറയുന്നത്. പെരിയാര്‍ വനത്തിന്റെ ഉള്‍മേഖലയിലൂടെയാണ് കുന്നുകയറേണ്ടത്. വാഹനങ്ങളുടെയും ജനങ്ങളുടെയും ബഹളത്തില്‍ അരക്ഷിതരും അസ്വസ്ഥരുമായ വന്യമൃഗങ്ങള്‍ ചിലപ്പോള്‍ ആക്രമിച്ചേക്കാം.
തേക്കും ചന്ദനവും മരുതും വേങ്ങയും ഈട്ടിയും വെള്ളിലവും പിന്നെ പേരറിയാത്ത അനവധി വന്‍മരങ്ങളും നിബിഢമാക്കിയ വനത്തിലൂടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുല്‍മേട്ടിലേക്ക് വളഞ്ഞുതിരിഞ്ഞ് കയറിപ്പോകുന്ന ചെമ്മണ്‍ പാത. കാട് ഏപ്രിലിന്റെ ലാവണ്യമത്രയും പേറി നില്‍പ്പാണ്. പച്ചിലക്കാടുകള്‍ക്ക് നടുവില്‍ അഗ്‌നിനാളങ്ങള്‍ പോലെ ഇലവുകള്‍ പൂത്ത താഴ്‌വരകള്‍. അകലെ കുന്നിന്‍ ചരിവുകളില്‍ പൂത്തുനിറഞ്ഞ കണിക്കൊന്നകളുടെ സ്വര്‍ണ്ണച്ചാമരം. കാടിന്റെ കടും പച്ചക്കുമേല്‍ മഞ്ഞയുടെ കുടമാറ്റം.
വനപാതയുടെ അവസാനം പുല്‍മേടാണ്. അതിവിശാലമായ പുല്‍പ്പരപ്പ്. കാട്ടാനകള്‍ മേയാനിറങ്ങുന്നിടം. ആള്‍ബഹളങ്ങളില്ലെങ്കില്‍ പുല്‍മേടുകളില്‍ തെന്നിമറയുന്ന മാന്‍കൂങ്ങളെ കാണാമെന്ന് വനപാലകര്‍. മൂന്നാര്‍ മലനിരകളിലെ മഞ്ഞുമൂടിയ ഇരവികുളത്തെ മലമടക്കുകളില്‍മാത്രം കണാറുള്ള വരയാടിന്‍ കൂട്ടങ്ങള്‍ മംഗളാദേവിയുടെ പുല്‍മേടുകളിലും കാണാമെത്രെ. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ ഭയചകിതരായി അവരെല്ലാം എങ്ങോ മറഞ്ഞിരിക്കുകയാവണം.
പൊക്കം കുറഞ്ഞ ഹരിതാഭമായ മഴക്കാടുകളോട് ചേര്‍ന്നാണ് ക്ഷേത്രം. പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ചത്. പാളികള്‍ ഇളകിയും കല്‍ബന്ധങ്ങളഴിഞ്ഞും ശിഥിലമായിരിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ നിന്നും വലിയൊരു തുരങ്കം ആരംഭിക്കുന്നു. മധുരവരെ നീളുമെന്നാണ് കഥ. ഇപ്പോഴത് കല്ലും മണ്ണും വീണ് അടഞ്ഞുപോയിരിക്കുന്നു. എല്ലാ പ്രാചീന ക്ഷേത്രങ്ങളെയും കുറിച്ചെന്നപോലെ വിശ്വാസവും വിസ്മയവും നിറച്ച ഒരു ഗുഹാപുരാണം. മിത്തും ചരിത്രവും ഇടകലര്‍ന്ന ഇരുളടഞ്ഞ ഗുഹകള്‍.
നിത്യഹരിത മഴക്കാടിന്റെ ഈ വിജനസ്ഥലിയില്‍ നിതാന്തമൗനമാണ്ടിരിക്കുന്ന മംഗളാദേവിക്കും ഒരുപാട് കഥകളുണ്ട്. മിത്തും ചരിത്രവും ഭാവനയും ഇഴപാകിയ ദ്രാവിഡ ഗോത്രപ്പഴമകള്‍. ദ്രാവിഡ പഴമകള്‍ തോറ്റിയുണര്‍ത്തിയ പെണ്‍ സങ്കല്‍പ്പമാണ് കണ്ണകി. കാടിനുള്ളില്‍ ചിതറിക്കിടക്കുന്ന ഈ ശിലകളില്‍ കണ്ണകിയും കോവലനുമുണ്ട്. ഒരു ജനതയുടെ മുഴുവന്‍ ഗോത്രസ്മൃതികളുണ്ട്. ഇളങ്കോവടികളുടെ ചിലപ്പതികാരം ഈ ഗോത്രസ്മരണകളുടെ കഥയാണ്. മന്നാന്‍ ഗോത്രത്തിന്റെ കൂത്തുപാട്ടില്‍ നിന്നുമാണ് ഇളങ്കോവടികള്‍ ചിലപ്പതികാര കഥ കണ്ടെത്തുന്നത്.
യാത്ര
ഏപ്രില്‍ മാസത്തില്‍ചിത്രാ പൗര്‍ണമി ദിവസം മാത്രമാണ് മംഗളാദേവിയിലേക്ക് പ്രവേശനം. രാവിലെ ആറ് മുതല്‍ ഉച്ചതിരിഞ്ഞ് നാല് മണി വരെ യാത്ര അനുവദിക്കും. എറണാകുളത്തുനിന്നോ കോട്ടയത്തുനിന്നോ തൃശൂര്‍ പെരുമ്പാവൂര്‍ വഴിയോ കുമളിയില്‍ എത്തിയാല്‍ അവിടെ നിന്ന് ജീപ്പില്‍ മംഗളാദേവിയില്‍ എത്താം.
താമസം
തേക്കടിവന്യജീവി സങ്കേതത്തിനോട് ചേര്‍ന്ന പട്ടണമാണ് കുമളി താമസത്തിനും ഭക്ഷണവും യഥേക്ഷ്ടം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.